
സോളാര്‍ പീഡനക്കേസ്: കെബി ഗണേഷ് കുമാര്‍ എംഎല്‍എയെ സിബിഐ ചോദ്യം ചെയ്തു
തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ കെബി ഗണേഷ് കുമാര്‍ എംഎല്‍എയെ സിബിഐ ചോദ്യം ചെയ്തു. തിരുവനന്തപുരത്ത് വെച്ചാണ് കേസ് അന്വേഷിക്കുന്ന സിബിഐ സംഘം എംഎല്‍എയില്‍ നിന്നും വിവരങ്ങള്‍ തേടിയത്. പരാതിക്കാരിയുമായി ഗണേഷ് കുമാര്‍ എംഎല്‍എയ്ക്കുളള ബന്ധത്തെ കുറിച്ചാണ് അന്വേഷണ സംഘം വിശദമായി ചോദിച്ചറിഞ്ഞത്. മാത്രമല്ല മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുളള രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങളെ കുറിച്ചും ഗണേഷ് കുമാറില്‍ നിന്ന് സിബിഐ വിവരങ്ങള്‍ തേടി.
ഗണേഷ് കുമാറിന്റെ മുന്‍ പിഎ ആയ പ്രദീപ് കോട്ടത്തലയേയും സിബിഐ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് പ്രദീപ് കോട്ടത്തലയ്ക്ക് സിബിഐ നോട്ടീസ് നല്‍കിയിട്ടുണ്ട്. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി അടക്കമുളള നേതാക്കളെ കുടുക്കിയതിന് പിന്നില്‍ കെബി ഗണേഷ് കുമാര്‍ ആണെന്ന് ആരോപണമുണ്ടായിരുന്നു. പരാതിക്കാരിയുടെ കത്തില്‍ ഉമ്മന്‍ചാണ്ടി അടക്കമുളളവരുടെ പേരുകള്‍ ഗണേഷ് കുമാര്‍ ഇടപെട്ട് കൂട്ടിച്ചേര്‍ത്തതാണ് എന്ന്ാണ് ആരോപണം.
പരാതിക്കാരി എഴുതിയ 21 പേജുളള കത്തില്‍ ഉമ്മന്‍ചാണ്ടിയുടേയും മറ്റ് യുഡിഎഫ് നേതാക്കളുടേയും പേരുകള്‍ പറയുന്ന മൂന്ന് പേജുകള്‍ ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തത് ആണെന്നും മന്ത്രിസ്ഥാനം ലഭിക്കാത്തതിലുളള വൈരാഗ്യം മൂലമാണ് എന്നുമാണ് ഉമ്മന്‍ചാണ്ടി മൊഴി നല്‍കിയത്. കേരള കോണ്‍ഗ്രസ് ബി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ മനോജ് കുമാറും ഗണേഷിന് എതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. പരാതിക്കാരിയെ കൊണ്ട് യുഡിഎഫ് നേതാക്കള്‍ക്കെതിരെ പലതും പറയിപ്പിച്ചതും എഴുതിപ്പിച്ചതും ഗണേഷ് കുമാറും പിഎയും ചേര്‍ന്നാണ് എന്നാണ് ശരണ്യ മനോജ് വെളിപ്പെടുത്തിയത്.
ഉമ്മന്‍ചാണ്ടിയെ കൂടാതെ ഹൈബി ഈഡന്‍, ജോസ് കെ മാണി, ആര്യാടന്‍ മുഹമ്മദ്, പിസി വിഷ്ണുനാഥ്, അടൂര്‍ പ്രകാശ് അടക്കമുളള നേതാക്കള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതിക്കാരിയുടെ കത്തില്‍ പറയുന്നത്. 16 പേരുടെ പേരുകളാണ് കത്തില്‍ പറയുന്നത്. കേസിലെ പ്രതിയായ ഹൈബി ഈഡന്‍ എംഎല്‍എയെ കഴിഞ്ഞ ദിവസം സിബിഐ ചോദ്യം ചെയ്തിരുന്നു. കൊച്ചിയില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. സോളാര്‍ പദ്ധതി ചര്‍ച്ച ചെയ്യാന്‍ പോയപ്പോള്‍ എംഎല്‍എ ഹോസ്റ്റല്‍ മുറിയില്‍ വെച്ച് ഹൈബി ഈഡന്‍ പീഡിപ്പിച്ചു എന്നാണ് പരാതിക്കാരിയുടെ ആരോപണം.