കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭ രേഖയില്‍ നിന്ന് നീക്കിയ വിഎസിന്‍റെ പ്രസംഗം...ഇതാ

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സഭാമര്യാദകള്‍ ലംഘിക്കുന്ന ഭാഷ ഉപയോഗിച്ചു എന്ന പേരില്‍ കഴിഞ്ഞ ദിവസം വിഎസ് നടത്തിയ പ്രസംഗം നിയമസഭ രേഖകളില്‍ നിന്ന് നീക്കിയിരുന്നു. എന്നാല്‍ മാര്‍ച്ച് 17 ചൊവ്വാഴ്ച എല്‍ഡിഎഫിലെ വനിത എംഎല്‍എമാര്‍ക്കൊപ്പം നടത്തിയ പത്രസമ്മേളനത്തില്‍ വിഎസ് ആ കത്ത് ഒരിക്കല്‍ കൂടി വായിച്ചു. വിഎസിന്‍റെ പ്രസംഗത്തിന്‍റെ പൂര്‍ണരൂപം.

VS-1

സര്‍,
കേരള നിയമസഭയെ ഇത്ര പരിഹാസ്യമാക്കിയതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ധനമന്ത്രി കെ.എം. മാണിക്കും, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ഈ സര്‍ക്കാരിനുമാണ്. ബജറ്റ് വിറ്റ് കോഴ വാങ്ങിയ മാണി ബജറ്റ് അവതരിപ്പിക്കാന്‍ പാടില്ലെന്ന നിലപാടെടുക്കുക മാത്രമാണ് പ്രതിപക്ഷം ചെയ്തത്. ബജറ്റ് വില്‍ക്കുകയെന്നു പറഞ്ഞാല്‍, കേരളത്തിലെ മൂന്നര കോടിയോളം വരുന്ന ജനങ്ങളെ വില്‍ക്കുക എന്നാണര്‍ത്ഥം. അത്തരത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വിധം കൈക്കൂലിയും, കോഴയും വാങ്ങി ഞെളിഞ്ഞു നടക്കുന്ന മാണി നിയമസഭയ്ക്ക് മാത്രമല്ല, കേരളത്തിനാകെ തീര്‍ത്താല്‍ തീരാത്ത കളങ്കമാണ്. അഴിമതികളില്‍ ആറാടി കാലയാപനം കഴിക്കുന്ന ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും നാണക്കേടൊന്നും തോന്നുന്നില്ലെങ്കിലും, അഭിമാനബോധമുള്ള കേരളീയര്‍ക്ക് അംഗീകരിക്കാനാവില്ല.

ഈ പശ്ചാത്തലത്തില്‍ പ്രതിപക്ഷം പലതവണ ആവര്‍ത്തിച്ചു മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. അഴിമതി വീരന്‍ മാണിയെക്കൊണ്ട് ബജറ്റ് അവതരിപ്പിക്കാന്‍ ശ്രമിച്ചാല്‍ ഉണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉമ്മന്‍ചാണ്ടിയും മാണിയും സര്‍ക്കാരുമായിരിക്കും ഉത്തരവാദിയെന്ന്.
സാര്‍, അഴിമതിയുടെ ദുര്‍മേദസുമായി നടക്കുന്ന മാണിയെക്കൊണ്ടുതന്നെ ബജറ്റ് അവതരിപ്പിക്കണം എന്ന ദുര്‍വാശി എന്തിനായി രുന്നു സാര്‍.

VS-2

സര്‍,
എന്നിട്ട് നിങ്ങള്‍ ബജറ്റ് അവതരിപ്പിച്ചോ? ബജറ്റ് വായിക്കുന്നു എന്നു പറഞ്ഞ് ഒരു കാളികൂളി സംഘത്തിന്റെ നടുവില്‍, വാച്ച് ആന്റ് വാര്‍ഡ് എന്ന പേരില്‍ അവതരിച്ച പോലീസുകാരുടെ വലയത്തില്‍ നിന്ന് എന്തോ ചിലതൊക്കെ കൂവി വിളിക്കുകയായിരുന്നില്ലേ? ഇതിനാണോ ബജറ്റ് അവതരണം എന്നു പറയുന്നത്?

സര്‍,
അങ്ങടക്കം നമ്മുടെ നിയമസഭയുടെ മഹത്തായ പാരമ്പര്യത്തെപ്പറ്റി എപ്പോഴും വച്ചു കാച്ചുന്നതു കേട്ടിട്ടുണ്ടല്ലോ? ആറു പതിറ്റാണ്ടോട് അടുക്കുന്ന ഈ സഭയില്‍ എത്രയോ ധനമന്ത്രിമാര്‍ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നു? മാണി തന്നെ പതിമൂന്നാമത്തെ ബജറ്റാണിതെന്നു പറയുന്നു. ഇങ്ങനെയായിരുന്നോ മൂന്‍കാലങ്ങളില്‍ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്? ബജറ്റ് അവതരണംഎന്ന പേരില്‍ ഒരു ഹാസ്യ കലാപ്രകടനം നടത്തുകയായിരുന്നില്ലേ ചെയ്തത്.
സര്‍,

മാര്‍ച്ച് 13-ന് സഭയിലുണ്ടായ കാര്യങ്ങള്‍ സംബന്ധിച്ച് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ഒരു പത്രിക്കുറിപ്പ് ഇറക്കിയിരുന്നുവല്ലോ. അതില്‍ എന്താണ് സാര്‍ പറയുന്നത്?
' ‘It is for the Speaker to call the house in order' ' എന്നാണ്.
ബഹുമാന്യനായ അങ്ങേയ്ക്ക് നിയമസഭ മാര്‍ച്ച് 13-ന് ചേര്‍ന്നത് ഓര്‍ഡറിലാണെന്ന് ചങ്കില്‍ കൈവച്ചു പറയാനാവുമോ?
സര്‍,

കേരള നിയമസഭയുടെ നടപടിക്രമവും, കാര്യനിര്‍വ്വഹണവും സംബന്ധിച്ച ചട്ടങ്ങളുടെ ആറാം അധ്യായത്തില്‍ സഭയുടെ യോഗം ചേരല്‍ എപ്പോള്‍ ക്രമപ്രകാരമുള്ളതാകുമെന്ന് പറയുന്നുണ്ട്.

VS-3

സര്‍,
ഇത് അങ്ങയെ വായിച്ചു കേള്‍പ്പിക്കേണ്ടി വരുന്നതില്‍ എനിക്ക് അത്യധികമായ വ്യസനമുണ്ട്.
''സ്പീക്കറോ അല്ലെങ്കില്‍ ഭരണഘടനയോ ഈ ചട്ടങ്ങളോ പ്രകാരം സഭായോഗത്തില്‍ ആധ്യക്ഷ്യം വഹിക്കാനുള്ള മറ്റംഗമോ ആധ്യക്ഷ്യം വഹിക്കുമ്പോള്‍ സഭയുടെ യോഗം ക്രമപ്രകാരം ചേര്‍ന്നതായിരിക്കുന്നതാണ്'. ഇതാണ് സര്‍ സഭയുടെ യോഗം ചേരല്‍ സംബന്ധിച്ച ചട്ടം പറയുന്നത്.

എവിടെയാണ് സര്‍ അങ്ങ് ആധ്യക്ഷ്യം വഹിച്ചത്? എല്ലാത്തിനും സഭയിലെ ദൃശ്യങ്ങളുണ്ടല്ലോ? ആ ദൃശ്യങ്ങളില്‍ എവിടെയെങ്കിലും അങ്ങ് ആധ്യക്ഷ്യം വഹിച്ചത്. ഒന്നു കാണിച്ചു തരാമോ സര്‍. പ്രതിപക്ഷ എം.എല്‍.എമാരുടെ നെഞ്ചത്ത് ചവിട്ടി ഊളിയിട്ടു വന്ന് പൊട്ടന്മാരെ പോലെ ആംഗ്യം കാണിച്ചാണോ സാര്‍ ആധ്യക്ഷ്യം വഹിക്കുന്നത്?

VS 4

സര്‍,
സ്പീക്കര്‍ പദവിയിലിക്കുന്ന അങ്ങ് ഉമ്മന്‍ചാണ്ടിയുടെയും, മാണിയുടെയും പിണിയാളായി അധ:പതിക്കുന്നത് ഞങ്ങള്‍ക്ക് അടക്കാനാവാത്ത ദു:ഖമാണ് സര്‍ ഉണ്ടാക്കുന്നത്.

സര്‍,
എന്തിനാണ് മാണി ഔദ്യോഗിക വസതിയില്‍ നിന്നു തന്നെ വന്ന് ബജറ്റ് അവതരിപ്പിക്കുമെന്ന് വാശി പിടിച്ചത്? എന്താണെന്ന് അറിയാമോ സാര്‍? പാലായിലെ വീട്ടില്‍ സൂക്ഷിക്കുന്ന നോട്ടെണ്ണല്‍ യന്ത്രം ഇവിടെ ഇങ്ങ് പ്രശാന്തിലേക്ക് കൊണ്ടുവന്ന് വച്ചിരിക്കുകയായിരുന്നില്ലേ? കാരണം മാണിയുടെ മനസ്സില്‍ മാത്രമല്ല, മാനത്തു പോലും വിരിയുന്ന കാര്യങ്ങള്‍ അറിയാവുന്ന ആര്‍. ബാലകൃഷ്ണപിള്ള നേരത്തെ പറഞ്ഞത് രാവിലെ ആറരയോടെ മാണിയെ വീട്ടില്‍ച്ചെന്ന് കണ്ടാല്‍ എന്തും സാധിക്കുമെന്നാണ്. മാണി വീട്ടില്‍ നിന്നേ വരൂ എന്നു പറഞ്ഞതിലെ ഗുട്ടന്‍സ് അതല്ലേ സാര്‍?.

സര്‍,
മാര്‍ച്ച് 13-ന് മാണിയും കൂട്ടരും എന്തൊക്കെയാണ് സഭയില്‍ കാട്ടിക്കൂട്ടിയത്? ബജറ്റ് അവതരണം കുട്ടിക്കളിയാണോ? മാണിക്ക് വയസ് പത്തെണ്‍പ്പത്തിരണ്ടായെന്നാണ് തോന്നുന്നത്. അതിന്റെ പക്വതയെങ്കിലും കാണിക്കേണ്ടേ?

ബജറ്റെന്നു പറഞ്ഞ് എന്തോ ഒക്കെ കൂക്കി വിളിച്ചിട്ട് ചുറ്റും നിന്ന കുറെ എം.എല്‍.എമാര്‍ ആര്‍ത്തട്ടഹസിക്കുന്നു. എന്തോ ഒക്കെ പുലമ്പുന്നു. മന്ത്രി ചെന്നിത്തലയും മുന്‍മന്ത്രി മോന്‍സ് ജോസഫും നെഹ്രുട്രോഫി ജലമേളയിലെ ഫൈനല്‍ മല്‍സരത്തില്‍ ചുണ്ടന്‍വള്ളം ഫിനിഷിങ്ങ് പോയിന്റിലേക്ക് പാഞ്ഞെത്തുമ്പോള്‍ കൈയടിച്ചു തുള്ളുന്നതുപോലെ തുള്ളുന്നതല്ലേ നാം കണ്ടത്? എന്തു കഷ്ടമാണ് സര്‍ ഇത്! ഈ മന്ത്രിയും മുന്‍ മന്ത്രിയും എം.എല്‍.എ മാരുമൊക്കെ കുട്ടീംകോലും കളിക്കുന്ന പ്രായക്കാരാണോ?

സര്‍,
അങ്ങേയ്ക്ക് ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും നാണം തോന്നുന്നില്ലേ? എങ്ങനെ തോന്നാനാണ്? അങ്ങും ഇതിനൊക്കെ കുടപിടിക്കുന്നതല്ലേ കഴിഞ്ഞ ദിവസം സഭ കണ്ടത്!
സഭയിലെ മുഴുവന്‍ അംഗങ്ങളെയും ഒരുപോലെ കാണാന്‍ ബാധ്യസ്ഥനായ അങ്ങ്, കോണ്‍ഗ്രസ് എം.എല്‍.എമാരുടെ വക്താവായി രംഗപ്രവേശം ചെയ്യുന്നതല്ലേ കേരളം കണ്ടത്? ഞങ്ങള്‍ക്ക് ദു:ഖമുണ്ട് സര്‍? അങ്ങയുടെ തൊട്ടു മുമ്പത്തെ സ്പീക്കര്‍ അന്തരിച്ച ശ്രീ. ജി. കാര്‍ത്തികേയനെയെങ്കിലും ചുരുങ്ങിയപക്ഷം ഓര്‍ക്കേണ്ടേ? ജി. കാര്‍ത്തികേയന്റെ വേര്‍പാടില്‍ ഒരാഴ്ച ദു:ഖാചരണം പ്രഖ്യാപിച്ചത് ഈ സര്‍ക്കാരല്ലേ? ആ ദു:ഖാചരണം തീരുന്നതിനു മുമ്പല്ലേ സഭയില്‍ ലഡു വിതരണം ചെയ്ത് ആഘോഷിച്ചത്?

സര്‍,
അങ്ങയോട് ഞാന്‍ ഒരു കാര്യം കൂടി ചോദിക്കുകയാണ്. സഭയുടെ ഏതു ചട്ടം അനുസരിച്ചാണ് മാണിയും കൂട്ടരും സഭയ്ക്കുള്ളില്‍ ചുംബനം നടത്തിയത്? ഏതു ചട്ടത്തിന്റെ പിന്‍ബലത്തിലാണ് സഭയില്‍ ലഡു വിതരണം ചെയ്ത് ആഘോഷം നടത്തിയത്? ഏത് ചട്ടമനുസരിച്ചാണ് മാണിക്ക് അങ്ങ് കോളര്‍ മൈക്ക് അനുവദിച്ചത്? ഇതിനെല്ലാം യുക്തിസഹമായ വിശദീകരണം ബഹുമാനപ്പെട്ട സ്പീക്കറുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് ഞാന്‍ ആശിക്കുന്നത്. അത് ഉണ്ടായില്ലെങ്കില്‍ സഭാ നടപടികളില്‍ അങ്ങയുടെ പേരും കളങ്കപൂരിതമായി രേഖപ്പെടുത്തപ്പെടും.

സര്‍,
സഭയിലെ ബഹളത്തിന് കാരണം പ്രതിപക്ഷമാണെന്ന് അങ്ങ് വാദിക്കുകയാണല്ലോ? സഭയിലെ ചില വനിതാ എം.എല്‍.എ മാരോട് ഒരു മന്ത്രിയും, മുന്‍മന്ത്രിയും, എം.എല്‍.എ യുമൊക്കെ കാട്ടിയ സദാചാരവിരുദ്ധ നടപടികളെ ഒന്ന് അധിക്ഷേപിക്കുകയെങ്കിലും ചെയ്യാമായിരുന്നില്ലേ?. സ്ത്രീയെ മോശമായ രീതിയില്‍ ഒന്ന് നോക്കുന്നതുപോലും ക്രിമിനല്‍ കുറ്റമാണെന്ന നിയമം നിലനില്‍ക്കുന്ന രാജ്യമാണല്ലോ നമ്മുടേത്? എന്നിട്ട് ശ്രീമതിമാര്‍. ജമീലാ പ്രകാശം, ബിജിമോള്‍, സലീഖ, കെ.കെ. ലതിക, ഗീതാ ഗോപി എന്നിവരെ കടന്നു പിടിക്കുകയും സ്ത്രീത്വത്തെ സഭാമധ്യത്തില്‍ അധിക്ഷേപിക്കുകയും ചെയ്തിട്ട് അതിലൊരു കുറ്റവും താങ്കള്‍ കാണുന്നില്ലേ? ആരൊക്കെ ആയിരുന്നു സഭയില്‍ ഇങ്ങനെ ദുശ്ശാസനവേഷം കെട്ടിയ ഞരമ്പ് രോഗികള്‍? ഷിബു ബേബിജോണ്‍ എന്ന മന്ത്രിപുംഗവന്‍, പിന്നെ ദുശ്ശാസനന്‍ നായര്‍, അല്ല, ശിവദാസന്‍നായര്‍, ഡൊമിനിക് പ്രസന്റേഷന്‍, എ ടി ജോര്‍ജ്, എം.എ. വാഹിദ്.

സര്‍,
പുരാണത്തില്‍ പാഞ്ചാലിയെ അപമാനിച്ച ദുശ്ശാസനന്റെ ഗതി എന്തായിരുന്നു എന്ന് ഞാന്‍ അങ്ങയോട് പറയേണ്ടതില്ലല്ലോ?

സര്‍,
അങ്ങയോട് ഒരുകാര്യം ഞാന്‍ വിനയപൂര്‍വ്വം ആവശ്യപ്പെടുകയാണ്. ആ ഷിബു ബേബി ജോണിനെയും, ശിവദാസന്‍നായരെയും. ഡൊമിനിക് പ്രസന്റേഷനെയും, വാഹിദിനെയും എ ടി ജോര്‍ജിനെയുമൊക്കെ അടിയന്തരമായി ചികില്‍സയ്ക്ക് വിധേയമാക്കണം. എന്ത് ചികില്‍സ വേണമെന്ന് അങ്ങേയ്ക്ക് തന്നെ തീരുമാനിക്കാവുന്നതാണ്. അല്ലെങ്കില്‍ ഈ സഭയില്‍ വനിതകള്‍ക്ക് മാനംമര്യാദയായി കടന്നുവരാന്‍ കഴിയാത്ത സ്ഥിതിയുണ്ടാവും.

സര്‍,
അങ്ങയുടെ പ്രബോധനങ്ങളും, പ്രഖ്യാപനങ്ങളും വാക്കുകളില്‍ മാത്രം ഒതുങ്ങാേേമാ? അങ്ങനെ ഒതുങ്ങുന്നു എന്നല്ലേ ഇപ്പോഴത്തെ നിലപാടുകള്‍ വ്യക്തമാക്കുന്നത്.

സര്‍,
മൂന്നുദിവസം മുമ്പ് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അങ്ങ് ഈ സഭയില്‍ പറഞ്ഞത് എന്താണെന്ന് ഓര്‍മ്മയുണ്ടോ? ''ഗവണ്‍മെന്റിന്റെ ഭരണപരമായ നടപടിക്രമങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനും, പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും തുല്യ പ്രാധാന്യം നല്‍കും'' എന്നായിരുന്നു. എന്നിട്ട് തുല്യ പ്രാധാന്യം നല്‍കിയോ സര്‍? ''എല്ലാവരും തുല്യരാണ്; എന്നാല്‍ ചിലര്‍ കൂടുതല്‍ തുല്യരാണ്'' എന്ന നയമല്ലേ അങ്ങ് ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളത്?

സര്‍,
ഈ സഭയുടെ പരമാധികാരിയല്ലേ അങ്ങ്. ഈ രണ്ടര ഏക്കര്‍ സ്ഥലത്തിന്റെ അധിപനല്ലേ? ഇവിടെ നീതിപീഠത്തിനോ, പോലീസിനോ വല്ല കാര്യവുമുണ്ടോ സാര്‍? അങ്ങല്ലേ അതെല്ലാം തീരുമാനിക്കേണ്ടത്? എന്നിട്ട് ഇവിടെയുണ്ടായ അനിഷ്ട സംഭവങ്ങള്‍ അന്വേഷിക്കാന്‍ അങ്ങ് ഒരു പോലീസ് സബ് ഇന്‍സ്‌പെക്ടറോടല്ലേ അപേക്ഷിച്ചിരിക്കുന്നത്. ആനയ്ക്ക് ആനയുടെ വലുപ്പം അറിയാന്‍ കഴിയുന്നില്ലെങ്കില്‍ ഞങ്ങള്‍ എന്തു ചെയ്യും സാര്‍? ഇത് അങ്ങേയ്ക്ക് മാത്രമല്ല, മുഴുവന്‍ എം.എല്‍.എമാര്‍ക്കും, നിയമസഭകള്‍ക്കും പാര്‍ലമെന്റിന് തന്നെയും അപമാനമാണ് സാര്‍. സഭയില്‍ നടന്ന പ്രശ്‌നങ്ങളുടെ പേരില്‍ സ്പീക്കര്‍ തടവുശിക്ഷ വരെ വിധിച്ചിട്ടുള്ള പാരമ്പര്യം രാജ്യത്തെ ചില നിയമസഭകള്‍ക്ക് ഉണ്ട് സാര്‍. അതൊന്നും മനസ്സിലാക്കാതെ വെറുമൊരു സബ് ഇന്‍സ്‌പെക്ടര്‍ക്ക് ഒരു അപേക്ഷ എഴുതി നല്‍കുന്ന അവസ്ഥയിലേക്ക് ബഹുമാനപ്പെട്ട സ്പീക്കര്‍ തരംതാണു പോയതില്‍ എനിക്ക് കഠിനമായ ദു:ഖവും വ്യസനവുമുണ്ട് സാര്‍.

സര്‍,
ഒന്നുകൂടി ഞാന്‍ ചോദിച്ചോട്ടെ. സബ് ഇന്‍സ്‌പെക്ടറുടെ സഹായം തേടിയ അങ്ങ് സഭയിലെ വനിതാ എം.എല്‍.എമാരെ അധിക്ഷേപിച്ചവരെ കൈകാര്യം ചെയ്യാന്‍ കൂടി എന്തേ ഈ സബ് ഇന്‍സ്‌പെക്ടറോട് അപേക്ഷിക്കുന്നില്ല? എന്തുകൊണ്ട് ആ വനിതാ എം.എല്‍.എമാര്‍ തന്ന പരാതി പോലീസിന് അയച്ചുകൊടുക്കുന്നില്ല?

സ്പീക്കര്‍ സാര്‍,
വളരെ ദയനീയവും അപമാനകരവുമാണ് സാര്‍. ഇതില്‍ എവിടെയാണ് സാര്‍ തുല്യനീതി?

സര്‍,
ഈ മാണിയുടെയും, ഉമ്മന്‍ചാണ്ടിയുടെയും കൊള്ളരുതായ്മകളും, അതിന് ചൂട്ടുപിടിക്കുന്ന തരത്തിലുള്ള അങ്ങയുടെ നിലപാടുകളും പറയാന്‍ എനിക്ക് വാക്കുകള്‍ തന്നെ കിട്ടുന്നില്ല സാര്‍.

എന്നാലും ഒരു കാര്യം കൂടി ഞാന്‍ ചോദിക്കുകയാണ്. വൃത്തികെട്ട അഴിമതി നടത്തിയതിന്റെ പേരില്‍ ജയിലില്‍ കിടക്കേണ്ട ഒരു മന്ത്രിക്ക് സുരക്ഷാ കവചമൊരുക്കാന്‍ വേണ്ടി മിസ്റ്റര്‍ ഉമ്മന്‍ചാണ്ടി നിങ്ങള്‍ ഖജനാവില്‍ നിന്ന് എത്ര കോടികളാണ് പൊടിപൊടിച്ചത്? അഴിമതിയുടെ മഹോല്‍സവം നടത്തി ജനങ്ങളെ ദ്രോഹിച്ചതും പോരാഞ്ഞിട്ടാണോ അവരുടെ പിച്ചച്ചട്ടിയില്‍ നിന്ന് നികുതിയായി പിരിച്ചെടുത്ത കോടികള്‍ ഇങ്ങനെ ധൂര്‍ത്തടിച്ചത്. എത്ര പോലീസുകാരെയാണ് നിങ്ങള്‍ ഈ നഗരത്തില്‍ വിന്യസിച്ചത്? അഴിമതി നടത്തി കേരളത്തെ കൊള്ളയടിച്ച ഒരു മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടല്ലേ തെരുവുകള്‍ തോറും യുവതീ-യുവാക്കള്‍ സമരവീഥിയില്‍ അണിനിരന്നത്? എന്നാല്‍ കൊടിയ അഴിമതിക്കാരനായ മന്ത്രിയെ രക്ഷിക്കാന്‍ വേണ്ടി നിങ്ങളുടെ പോലീസ് എന്താണ് ചെയ്തത്?

കേരളത്തിലെ തീഷ്ണ യൗവ്വനത്തിന്റെ തല നിങ്ങള്‍ തല്ലിപ്പൊളിച്ചു. അവരുടെ നട്ടെല്ല് നിങ്ങള്‍ അടിച്ചുടച്ചു. അവരുടെ ജീവിത സ്വപ്നങ്ങള്‍ നിങ്ങള്‍ തല്ലിക്കെടുത്തി. മിസ്റ്റര്‍ ഉമ്മന്‍ചാണ്ടി, മിസ്റ്റ‍ര്‍ മാണി, മിസ്റ്റര്‍ ചെന്നിത്തല ഇതിനെല്ലാം നിങ്ങളെക്കൊണ്ട് ജനങ്ങള്‍ എണ്ണിയെണ്ണി കണക്ക് പറയിപ്പിക്കുന്ന ഒരു ദിവസം വരും. അത് നിങ്ങള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും എന്ന് മാത്രമേ ഞാന്‍ പറയുന്നുളളൂ.

English summary
Speech of VS Achuthanandan which removed from Niyamasabha documents
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X