സിനിമയിൽ സജീവമാകുമോ; ചെറുപുഞ്ചിരിയിൽ മറുപടിയൊതുക്കി നടൻ ജോബി; താരത്തിൻ്റെ ഓണഓർമ്മകൾ
തിരുവനന്തപുരം: മിമിക്രിയിലൂടെ കലാരംഗത്ത് സജീവമായി പിന്നീട് സിനിമയിൽ വേരുറപ്പിച്ച പ്രശസ്ത സിനിമ കോമഡി താരം ജോബി വൺ ഇന്ത്യ മലയാളത്തിൽ അതിഥിയായി എത്തുന്നു. ചതയം ദിനത്തിൽ സംപ്രേഷണം ചെയ്യുന്ന ഓണം പ്രത്യേക പരിപാടിയിലാണ് ജോബി തൻ്റെ രസമുള്ള പഴയകാല ഓണഓർമ്മകൾ പങ്കുവയ്ക്കുന്നത്. വാമനപുരം ബസ് റൂട്ട് എന്ന മോഹൻലാൽ ചിത്രത്തിലെ 'മത്താപ്പ്' എന്ന കഥാപാത്രത്തെയടക്കം പരാമർശിച്ച ജോബി കളിച്ചും ചിരിച്ചും പാട്ടുകൾ പാടിയും ഓണവിശേഷങ്ങൾ പങ്കുവച്ചു. തിരുവനന്തപുരം അമ്പലമുക്ക് സ്വദേശിയായ ജോബി സിനിമ കോമഡി താരങ്ങളുടെ കൂട്ടായ്മയിലെ അംഗം കൂടിയാണ്.
ഓണത്തിന് പുതിയ ലുക്കുമായി പ്രേക്ഷകരുടെ സ്വന്തം ലച്ചു; വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്

1980 കളിലും 90 കളിലും അഭ്രപാളിയിലൂടെ തൻ്റെതായ സ്വതസിദ്ധമായ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തി സിനിമാ രംഗത്ത് സജീവമായിരുന്ന ജോബി പിന്നീട് വർഷങ്ങളിൽ ഒരു ചിത്രം എന്നുള്ള നിലയിലേക്ക് മാറുകയായിരുന്നു. മിമിക്രിയിലൂടെ കലാരംഗത്ത് സജീവമായി പിന്നീട് സിനിമയിൽ അരങ്ങേറ്റം കുറിക്കുകയായിരുന്നു. ബാലചന്ദ്രമേനോൻ്റെ അച്ചുവേട്ടൻ്റെ വീട് എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ പ്രേക്ഷക ലക്ഷങ്ങളുടെ മനംകവർന്ന് അവരെ കുടുകുടാ ചിരിപ്പിച്ച് അരങ്ങുതകർക്കുകയായിരുന്നു.

സിനിമയിൽ തകർത്തഭയിക്കുന്നവേളയിലാണ് താരത്തെ തേടി സർക്കാർ ജോലി എത്തുന്നത്. നിലവിൽ കേരള സർക്കാർ സ്ഥാപനമായ കെഎസ്എഫ്ഇയുടെ തിരുവനന്തപുരം ഉള്ളൂർ ശാഖയുടെ റീജിയണൽ ഓഫീസിലെ അസിസ്റ്റൻറ് മാനേജറാണ് ഇദ്ദേഹം. ജോലിയിൽ പ്രവേശിച്ചതോടെയാണ് സിനിമകളിലേക്കുള്ള മടങ്ങിവരവ് കുറഞ്ഞത്.

തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള സ്ഥലങ്ങളിൽ മൂവായിരത്തിലധികം സ്റ്റേജ് പ്രോഗ്രാമുകളിലും ജോബി പങ്കെടുത്തിട്ടുണ്ട്. ഇന്ത്യക്ക് പുറത്ത് വിദേശരാജ്യങ്ങളിലും നിരവധി പരിപാടികളിലൂടെ മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ജോബിക്ക് കഴിഞ്ഞു. ''മണ്ണാങ്കട്ടയും കരിയില''യും എന്ന ചിത്രത്തിലെ അഭിയനത്തിന് സ്പെഷ്യൽ ജൂറി പരാമർശത്തിനും ഇദ്ദേഹം അർഹനായിട്ടുണ്ട്.

വൈകല്യങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ ഗിന്നസ് പക്രുവിൻ്റെതു പോലെ തനിക്കും അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നായിരുന്നു ജോബിയുടെ വാക്കുകൾ. "ലുക്കിലല്ല വർക്കിലാണ്" കാര്യം സന്തോഷത്തോടെ അദ്ദേഹം പറയുന്നുണ്ടായിരുന്നു. തൻ്റെ പൊക്കമില്ലായ്മയെ കളിയാക്കുന്നവർ തന്നെ പിന്നീട് പിന്തുണച്ച് രംഗത്ത് വന്നിട്ടുള്ള അനുഭവങ്ങളും അദ്ദേഹം ഓർത്തെടുത്തു.

മിമിക്രി വേദികളിൽ ലഭിച്ച നല്ല പ്രേക്ഷക പ്രതികരണമാണ് സിനിമയിലേക്ക് വരുന്നതിന് പോലും കാരണമായത്. തൻ്റെ സുഹൃത്തുക്കളാണ് തനിക്ക് എല്ലാമെന്നും അവരാണ് തൻ്റെ സുഖത്തിലും ദുഃഖത്തിലും ഒരുപോലെ തന്നെ ചേർത്തു നിർത്തുന്നതെന്നും ജോബി മനസ്സുതുറക്കുന്നു. ഓണവിശേഷങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ, മിക്ക ഓണവും മുൻപ് സെറ്റുകളിലും ഷൂട്ടിംഗ് ലൊക്കേഷനിലുമൊക്കെയാണെന്നായിരുന്നു താരത്തിൻ്റെ മറുപടി. ഇപ്പോൾ സർക്കാർ ജീവനക്കാരനായ ശേഷം ഓണം വീട്ടുകാർക്കൊപ്പവും.

കഴിഞ്ഞ കുറേ നാളുകളായി കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ സ്റ്റേജ് പ്രോഗ്രാമുകൾ ലഭിക്കുന്നില്ല. അതിൽ നിരാശയുണ്ട്. സ്റ്റേജ് കലാകാരനിലൂടെയാണ് പ്രേക്ഷകർക്കൊപ്പം സഞ്ചരിക്കാൻ തുടങ്ങിയത്. നല്ലകാലം വരുമെന്ന പ്രതീക്ഷയിലാണ് കലാകാരന്മാരുടെ സംഘം കാത്തിരിക്കുന്നത്.

ഓണപ്പാട്ടുകൾ പാടി പാട്ടിൻ്റെ വരികളുടെ അർഥം കൂടി പറഞ്ഞ് പ്രാധാന്യം ഓർമ്മിപ്പിച്ചു കൊണ്ടായിരുന്നു താരം ഓണവിശേഷങ്ങൾ പങ്കുവച്ചത്. സിനിമ പാട്ടുകൾ പാടാനും ജോബി സമയം കണ്ടെത്തി. കുടുംബ വിശേഷങ്ങളും സുഹൃത്തുക്കളുമായുള്ള നല്ലോർമ്മകളും താരങ്ങളുമായുള്ള അഗാദമായ സ്നേഹബന്ധങ്ങളും അദ്ദേഹം പരിപാടിക്കിടെ സൂചിപ്പിച്ചു. സിനിമയിൽ സജീവമാകുമോ ചോദ്യത്തിന് ഒരു ചെറുപുഞ്ചിരിയിൽ താരം മറുപടിയൊതുക്കി.

പ്രത്യേക പരിപാടിയായ 'ഓണം ജോബി'ക്കൊപ്പം തത്സമയ സംപ്രേഷണം നാലാം ഓണമായ ഞായറാഴ്ച വൺ ഇന്ത്യ മലയാളത്തിൻ്റെ യൂട്യൂബ്, ഫേസ്ബുക്ക് ചാനലുകളിലും, മലയാളം ഫിലിമിബീറ്റിലും പ്രേഷകർക്ക് ആസ്വദിക്കാവുന്നതാണ്...












Click it and Unblock the Notifications