പോരാട്ടം ജനാധിപത്യവും ഏകാധിപത്യവും തമ്മില്‍: ഹൈദരലി തങ്ങള്‍
കോഴിക്കോട്: രാജ്യത്ത് ഏകാധിപത്യവും ജനാധിപത്യവും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്നും മതേതര വിശ്വാസികള്‍ ഉറച്ച നിലപാടുമായി പ്രതികരിക്കുമെന്നും മുസ്‌ലിംലീഗ് ദേശീയ രാഷ്ട്രീയ കാര്യ സമിതി അധ്യക്ഷനും സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ജനദ്രോഹത്തില്‍ കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്.
പാവപ്പെട്ടവരെ കൂടുതല്‍ പാവപ്പെട്ടവരും ധനികരെ കൂടുതല്‍ ധനികരുമാക്കുന്ന നയമാണ് കേന്ദ്ര സര്‍ക്കാറിന്റേത്. കര്‍ഷകരും ചെറുകിടക്കാരും അവരുടെ ചിന്തയില്‍ പോലും ഇല്ല. വര്‍ഗീയതയാണ് മോദി സര്‍ക്കാറിന്റെ മുഖമുദ്ര. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വലിയ മുന്നേറ്റമാണ് നടക്കുന്നത്. പ്രിയങ്ക ഗാന്ധിയുടെ ഗംഗാ യാത്രകൂടി വിജയമായതോടെ പ്രധാനമന്ത്രിയുടെ നെഞ്ചിടിപ്പ് വര്‍ധിച്ചിരിക്കുന്നു.
കേന്ദ്രത്തിന്റെ മറ്റൊരു പതിപ്പാണ് കേരളം ഭരിക്കുന്ന പിണറായി സര്‍ക്കാര്‍. പ്രളയാനന്തര പുനര്‍ നിര്‍മ്മാണത്തില്‍ പോലും പരാജയപ്പെട്ട സംസ്ഥാന ഭരണകൂടം യു ഡി എഫ് പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതിന് അപ്പുറം ഒന്നും ചെയ്യുന്നില്ല. കേരളത്തിന്റെ സല്‍പ്പേരും കീര്‍ത്തിയും കൊലപാതകങ്ങളിലൂടെ സി പി എം കളങ്കപ്പെടുത്തി. അക്രമ രാഷ്ട്രീയത്തിനും അമ്മമാരുടെ കണ്ണീരിനും യു ഡി എഫിനൊപ്പം ചേര്‍ന്ന് അറുതി വരുത്തണമെന്നും ഹൈദരലി തങ്ങള്‍ ആഹ്വാനം ചെയ്തു.
ഒരു ജനപ്രതിനിധി എങ്ങിനെ ആവണം എന്നതിന്റെ മാതൃകയാണ് എം കെ രാഘവന്‍. ചെയ്ത വോട്ടു പാഴായില്ലെന്നു കോഴിക്കോട്ടുകാര്‍ക്ക് മനസ്സില്‍ തട്ടി പറയാമെന്നതാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിന്റെ മേന്‍മ. പാര്‍ലമെന്റിലെ ഇടപെടലുകളിലും പൊതു സമൂഹത്തിത്തോടുളള പെരുമാറ്റത്തിലും വികസന കാര്യത്തിലും അദ്ദേഹം നിറഞ്ഞു നിന്നു. പത്തു വര്‍ഷമായി കോഴിക്കോട് നിറഞ്ഞു നില്‍ക്കുന്ന എം.കെ രാഘവന്‍ കോണ്‍ഗ്രസ്സിന്റെയോ മുസ്‌ലിംലീഗിന്റെയോ യു ഡി എഫിന്റെയോ മാത്രം സ്ഥാനാര്‍ത്ഥി അല്ല. എല്ലാവിഭാഗം ജനങ്ങളും ഹൃദയത്തോട് ചേര്‍ത്തുവെച്ച വ്യക്തിത്വമാണെന്നും ഹൈദരലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
വോട്ട് ചെയ്ത ജനങ്ങള്‍ക്ക് ഒരിക്കലും നിരാശപ്പെടേണ്ടി വരില്ലെന്ന വാക്ക് പത്ത് വര്‍ഷമായി പാലിക്കാന്‍ സാധിച്ചെന്നും തുടര്‍ന്നും സുതാര്യവും ആത്മാര്‍ത്ഥതവുമായ പ്രവര്‍ത്തനം കാഴ്‌വെക്കുമെന്നും മറുപടി പ്രസംഗത്തില്‍ എം കെ രാഘവന്‍ എം പി വ്യക്തമാക്കി.