ഓർമ്മകളിലെ ഓണം..; അതിജീവനത്തിന്റെ ചിങ്ങപുലരികള്‍- നിഖില്‍ നരിനട എഴുതുന്നു
നിഖില്‍ നരിനട
വിട പറഞ്ഞുപോയ പഞ്ഞ മാസത്തിൽ നിന്ന് വീണ്ടും ഒരു അതിജീവനത്തിന്റെ ചിങ്ങപുലരിയെ വരവേൽക്കുകയാണ് മലയാള മനസ്സുകൾ. കൊയ്തു തീർന്ന പാട വരമ്പത്തു പുതു നാമ്പുകൾക്കിടയിൽ കണ്ണിറുക്കുന്ന തുമ്പ പൂക്കളും,മുക്കുറ്റികളെ മുത്തമിടുന്ന വരയൻ ചിത്രശലഭങ്ങളും, മണ്ണിനെ തൊട്ട് പാറി പറക്കുന്ന ഓണത്തുമ്പികളും ഓണത്തെ വരവേൽക്കാൻ പ്രകൃതി ഒരുക്കുന്ന വികൃതികളാണത്രെ.
വർണ്ണശഭളമായ് പൂക്കളമൊരുക്കാൻ കൂട്ടു കരോടൊത്തു നടന്നു നീങ്ങിയ വഴിയൊരങ്ങളും,തൊടികകളും ഓർമ്മയിലെ വസന്തമാണിപ്പോഴും.വർഷങ്ങൾ കഴിഞ്ഞുപോയെങ്കിലും ബാല്യത്തിലെ നിഷ്കളങ്കമായ ഓർമ്മകൾക്ക് ഒരായുസ്സിന്റെ ഫലമുണ്ടായേക്കാം.
വിലപിടിപ്പുള്ള സാധനങ്ങളെ കൈമാറ്റം ചെയ്യുന്ന തരത്തിലുള്ള ചില ഐതീഹങ്ങളും പുത്തനറിവിന്റെ തുടക്കക്കാരാണ്. മഹാബലിയുടെ ഭരണത്തിൽ അസൂയ തോന്നിയ ദേവന്മാർ മഹാവിഷ്ണുവിന്റെ സഹായം തേടുകയും,വാമനനായ് അവതാരമെടുത്ത് മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തുകയും,പിന്നീട് തന്റെ പ്രജകളെ കാണാൻ വർഷത്തിലൊരിക്കൽ എത്തുന്നതായും നാം പുതുതലമുറക്ക് പകർന്ന കഥകളാണ്.
അത്തം മുതൽ പത്തു ദിവസം വരെ വേറിട്ട പൂക്കളത്തിന്റെയും,ഹരം കൊള്ളിക്കുന്ന ഓണക്കളികളുടെയും,വിഭവ സമൃദ്ധമായ ഓണസദ്യയുടെയും,കാത്തിരുന്ന ഓണക്കോടികൾക്കും നവ പ്രതീക്ഷയുടെ ഒത്തു ചേരലിന്റെ നേട്ടമുണ്ടായിരുന്നു. പുത്തനുടുപണിഞ്ഞ് ആ പൂക്കളത്തിനരികെയുള്ള മൂവാണ്ടൻ മാവിന്റെ കൈകളിൽ കെട്ടിയാടിയ ഊഞ്ഞാലിൽ പോലും നിറവിന്റെ സമൃദ്ധിയുണ്ടായിരുന്നു.
മഹാമാരിയും,മാറാരോഗവും ചിലവിടുന്ന ഈ നിമിഷങ്ങളിൽ ചെളി മണ്ണിൽ കുഴച്ചുണ്ടാക്കിയ തൃക്കാക്കരപ്പനെ മുറ്റത്തൊരുക്കി, ചാറി പോകുന്ന ചാറ്റൽ മഴയായ് കാത്തിരിക്കുകയാണ് മാവേലിയെ, ആണ്ടുകൾക്കപ്പുറത്തെ മരിക്കാത്ത ഓർമ്മകളുമായ് വീണ്ടുമൊരിക്കൽ...
ഓര്‍മ്മയിലെ ഓണം: അമ്മയുടെ മുഖമാണ് ഓരോ ഓണത്തിന്റെയും തുടക്കം- കൃഷ്ണപ്രിയ എഴുതുന്നു
ഓര്‍മ്മയിലെ ഓണം: നിറവയറിന്റെയും പൂക്കളുടേയും ആഘോഷ ദിനങ്ങള്‍- സുരേഷ് കനവ് എഴുതുന്നു