ഗിയര്‍ മാറ്റി മുന്നോട്ട് വീരപ്പ മൊയ്‌ലി, സോണിയയെ വേദനിപ്പിച്ചെങ്കില്‍... കത്തിനെ കുറിച്ച് പറഞ്ഞത്!!
ദില്ലി: കോണ്‍ഗ്രസില്‍ കത്ത് എഴുതിലെ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി വീരപ്പ മൊയ്‌ലി. ഞങ്ങള്‍ സോണിയാ ഗാന്ധിയെ വേദനിപ്പിച്ചെങ്കില്‍ അതിന് ക്ഷമ ചോദിക്കുന്നുവെന്ന് മൊയ്‌ലി പറഞ്ഞു. സോണിയാ ഗാന്ധിക്ക് കത്തയച്ച 23 നേതാക്കളില്‍ വീരപ്പ മൊയ്‌ലിയുമുണ്ടായിരുന്നു. സോണിയയുടെ നേതൃത്വത്തെ ഞങ്ങളൊരിക്കലും ചോദ്യം ചെയ്തിട്ടില്ല. എന്നാല്‍ കത്തയച്ചതിനെ ഇപ്പോഴും പിന്തുണയ്ക്കുന്നു. പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ടതും സജ്ജമാക്കേണ്ടതും നേതാക്കളുടെ ആവശ്യമാണെന്നും, അതുകൊണ്ട് കത്തയച്ചത് നല്ലതിനാണെന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മൊയ്‌ലി പറഞ്ഞു.
കത്ത് ഒരിക്കലും മാധ്യമങ്ങള്‍ക്ക് ചോര്‍ന്നിട്ടില്ല. അത്തരത്തിലുള്ള വിമര്‍ശനങ്ങളോടും യോജിക്കുന്നില്ല. പാര്‍ട്ടിക്കുള്ളില്‍ അതിനെ കുറിച്ച് അന്വേഷണം നടത്തട്ടെ. ആരാണ് കത്ത് പുറത്ത് വിട്ടതെന്ന് അപ്പോഴറിയാം. അവര്‍ക്കെതിരെ നടപടിയെടുക്കട്ടെയെന്നും മൊയ്‌ലി പറഞ്ഞു. കോണ്‍ഗ്രസില്‍ മാറ്റം ആവശ്യപ്പെട്ട 23 നേതാക്കള്‍ക്കും പാര്‍ട്ടി വിടുന്നതിന് താല്‍പര്യമില്ല. കോണ്‍ഗ്രസില്‍ നിന്ന് ഉറച്ച് നില്‍ക്കും. എന്തിനാണ് ഞങ്ങള്‍ കോണ്‍ഗ്രസ് വിടേണ്ടതെന്നും മൊയ്‌ലി ചോദിച്ചു.
ഞങ്ങളൊരിക്കലും സോണിയയെ ചോദ്യം ചെയ്തിട്ടില്ല. സോണിയ ഞങ്ങളുടെ പാര്‍ട്ടിയുടെ അമ്മയാണ്. ഞങ്ങള്‍ അവര്‍ ഇപ്പോഴും അങ്ങനെ തന്നെയാണ് കാണുന്നത്. അവരെ വേദനിപ്പിക്കുക എന്ന ചോദ്യം പോലും ഉയരില്ല. അങ്ങനൊരു ഉദ്ദേശവും ഞങ്ങള്‍ക്കില്ലായിരുന്നു. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ സോണിയയോട് മാപ്പുചോദിക്കുന്നുവെന്ന് മൊയ്‌ലി പറഞ്ഞു. കോണ്‍ഗ്രസ് വളരെ ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് കടന്നുപോകുന്നത്. ഞങ്ങള്‍ വളര്‍ത്തി കൊണ്ടുവന്ന പാര്‍ട്ടിയെ നഷ്ടപ്പെടാന്‍ ആഗ്രഹമില്ല. ഞങ്ങള്‍ സോണിയയുടെ ത്യാഗങ്ങള്‍ മറക്കില്ലെന്നും മൊയ്‌ലി പറഞ്ഞു.
നേരത്തെ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ സോണിയക്ക് ആഗ്രഹമില്ലായിരുന്നു. എന്നാല്‍ അവര്‍ സ്വന്തം ജീവിതമാണ് കോണ്‍ഗ്രസിന് നല്‍കിയത്. പാര്‍ട്ടിയുടെ വഴികാട്ടിയാണ് അവര്‍. ആ ബഹുമാനം എന്നും ഉണ്ടാവും. അതേസമയം തന്നെ പാര്‍ട്ടിയില്‍ പൊളിച്ചെഴുത്ത് അത്യാവശ്യമാണ്. അതാണ് പ്രധാനമായും ഞങ്ങള്‍ ഉന്നയിച്ചത്. എല്ലാതരത്തിലും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനാണ് ശ്രമം വേണ്ടത്. ഞങ്ങള്‍ എഴുതിയ കത്ത് ചില ദുഷ്ടശക്തികളാണ് പരസ്യമാക്കിയത്. എവിടെ നിന്നാണ് അത് ചോര്‍ന്നതെന്ന് അറിയില്ല. ഞങ്ങള്‍ അറിഞ്ഞു കൊണ്ടല്ല അത് പുറത്തെത്തിയത്. കത്ത് നല്‍കിയ ഇടത്ത് നിന്നാണ് ചോര്‍ന്നത്. കൂടുതല്‍ ആഴത്തിലേക്ക് പോകാന്‍ ആഗ്രഹമില്ലെന്നും മൊയ്‌ലി പറഞ്ഞു.