ഒന്നര വര്‍ഷമായി ജയില്‍ജീവിതം, ഭക്ഷണത്തിന് പോലും പണമില്ല; പക്ഷേ അറ്റ്‌ലസ് രാമചന്ദ്രന്‍ ഫീനിക്സ് ആകും?

  • By: നരേന്ദ്രൻ
Subscribe to Oneindia Malayalam

ദുബായ്: അറ്റ്‌ലസ് രാമചന്ദ്രന്‍ നായര്‍ ദുബായില്‍ അറസ്റ്റിലായ വാര്‍ത്ത ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്. ജനകോടുകളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യവാചകത്തിലൂടെ മലയാളികളുടെ മനംകവര്‍ന്ന ബിസിനസ്സുകാരന്‍ ആയിരുന്നു അദ്ദേഹം.

ആയിരം കോടിയോളം രൂപയുടെ വായ്പാ തട്ടിപ്പ് കേസില്‍ ആണ് അറ്റ്‌ലസ് രാമചന്ദ്രന്‍ നായര്‍ ജയിലില്‍ അടയ്ക്കപ്പെട്ടത്. ഒന്നര വര്‍ഷമായി പുറം ലോകം കാണാതെയുള്ള ജയില്‍ ജീവിതം. പുറത്ത് നിന്ന് ഭക്ഷണം വാങ്ങി കഴിക്കാനുള്ള അവസരമുണ്ടായിരുന്നെങ്കിലും അതിന് പോലും കഴിയാത്ത ദുരിത ജീവിതം...

അറ്റ്‌ലസ് രാമചന്ദ്രന്‍ നായരുടെ ജയില്‍ ജീവിതം ഉടന്‍ അവസാനിച്ചേക്കും എന്നാണ് കണക്കുകൂട്ടലുകള്‍. അതിനുള്ള വഴികള്‍ പലതും തുറന്ന് കഴിഞ്ഞു. ആ വഴികള്‍ കൂടി അടഞ്ഞാല്‍ എഴുപതുകാരനായ രാമചന്ദ്രന്‍ നായരുടെ ശിഷ്ടകാലം ജയിലില്‍ തന്നെ ആയിരിക്കും.

550 മില്യണ്‍ ദിര്‍ഹം

യുഎഇയിലെ വിവിധ ബാങ്കുകളില്‍ നിന്നായി 550 മില്യണ്‍ ദിര്‍ഹം വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയ കേസില്‍ ആയിരുന്നു രാമചന്ദ്രന്‍ നായര്‍ അറസ്റ്റിലായത്. ഏതാണ്ട് ആയിരം കോടിയോളം രൂപയുടെ വായ്പാ തട്ടിപ്പ് കേസ്.

തിരിച്ചടക്കാനായില്ല, ഉറപ്പും കിട്ടിയില്ല

വായ്പ തുകയുടെ തിരച്ചടവില്‍ കാലതാമസം വന്നപ്പോള്‍ കന്നെ ബാങ്കുകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഉറപ്പുകളൊന്നും പാലിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ അത് നയിച്ചത് രാമചന്ദ്രന്‍ നായരുടെ അറസ്റ്റിലേക്കായിരുന്നു.

2015 ഓഗസ്റ്റ് 23 ന്

2015 ഓഗസ്റ്റ് 23 നാണ് അറ്റ്‌ലസ് രാമചന്ദ്രന്‍ നായരേയും മകളേയും ദുബായ് പോലീസ് അറസ്റ്റ് ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ രാമചന്ദ്രന്‍ നായര്‍ പുറം ലോകം കണ്ടിട്ട് ഇപ്പോള്‍ ഒന്നര വര്‍ഷത്തിലേറെ ആയിരിക്കുന്നു.

ശ്രമങ്ങളെല്ലാം പാളി

രാമചന്ദ്രന്‍ നായരെ പുറത്തിറക്കാന്‍ വേണ്ടി കുടുംബം ഏറെ ശ്രമങ്ങള്‍ നടത്തിയിരുന്നു. അറ്റ്‌ലസ് ഗ്രൂപ്പിന്റെ വസ്തുവകകള്‍ വിറ്റ് പണം കണ്ടെത്താന്‍ നടത്തിയ നീക്കങ്ങള്‍ പോലും അന്ന് പരാജയപ്പെട്ടു.

ഒരു കേസില്‍ മൂന്ന് വര്‍ഷം

വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട ഒരു കേസില്‍ മാത്രമായിരുന്നു മൂന്ന് വര്‍ഷം ശിക്ഷ വിധിച്ചത്. മറ്റ് കേസുകളില്‍ കൂടി വിധിവന്നാല്‍ നാല്‍പത് വര്‍ഷത്തോളം ശിക്ഷ കിട്ടും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

എല്ലാം വെള്ളത്തിലായി

രാമചന്ദ്രന്‍ നായരുടെ അറസ്‌റ്റോടെ അറ്റ്‌ലസ് ജ്വല്ലറികളുടെ പ്രവര്‍ത്തനങ്ങളെല്ലാം അവതാളത്തിലായി.പലയിടത്തും ജീവനക്കാര്‍ക്ക് ശമ്പളം പോലും നല്‍കാന്‍ കഴിയാത്ത സാഹചര്യം വന്നു. ഷോപ്പുകള്‍ ആവശ്യത്തിന് സ്റ്റോക്കില്ലാത്ത സാഹചര്യത്തില്‍ പൂട്ടുകയും ചെയ്തു.

വഴി തെളിയുന്നു

അറ്റ്‌ലസ് രാമചന്ദ്രന്‍ നായര്‍ക്ക് പുറത്തിറങ്ങാനുള്ള വഴിയാണ് ഇപ്പോള്‍ തെളിഞ്ഞു കൊണ്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.ഭൂരിഭാഗം കേസുകളും ഒത്തുതീര്‍പ്പിലെത്തിക്കഴിഞ്ഞു എന്നാണ് അഭിഭാഷകന്‍ പുറത്ത് വിടുന്ന വിവരം.

കേസുകള്‍ ഒത്തുതീര്‍പ്പായി, എന്നിട്ടും

ഒട്ടുമിക്ക ബാങ്കുകളുമായിട്ടും ഇപ്പോള്‍ ഒത്തുതീര്‍പ്പായിട്ടുണ്ടെന്നാണ് വിവരം. രണ്ട് ബാങ്കുകള്‍ കൂടി ഒത്തുതീര്‍പ്പിന് സമ്മതം മൂളിയാല്‍ രാമചന്ദ്രന്‍ നായര്‍ക്ക് പുറത്തിറങ്ങാനാവും എന്നാണ് സൂചന.

പുറത്തിറങ്ങിയാല്‍ എല്ലാം പരിഹരിക്കും

രാമചന്ദ്രന്‍ നായര്‍ പുറത്തിറങ്ങിയാല്‍ തന്നെ പാതി പ്രശ്‌നം പരിഹരിക്കപ്പെടും എന്നാണ് സൂചന. അദ്ദേഹത്തിന്റെ പേരിലുള്ള ആസ്തികള്‍ പാതി വിറ്റാല്‍ തന്നെ ബാങ്കുകളുടെ കടം നല്‍കിത്തീര്‍ക്കാന്‍ സാധിക്കും.

സര്‍ക്കാരും ഇടപെടണം

രാമചന്ദ്രന്‍ നായരുടെ മോചനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലും ആവശ്യമാണ്. ഇക്കാര്യം ആവശ്യപ്പെട്ട് രാമചന്ദ്രന്‍ നായരുടെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിട്ടുണ്ട്.

ഒരു ബാങ്ക് ഉദ്യോഗസ്ഥനായി തുടങ്ങി

കുവൈത്തില്‍ ഒരു സാധാരണ ബാങ്ക് ഉദ്യോഗസ്ഥനായിട്ടായിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്‍ നായരുടെ തുടക്കം. പലരില്‍ നിന്നായി ഓഹരി സമാഹരിച്ച് കുവൈത്തില്‍ തുടങ്ങിയ ജ്വല്ലറിയില്‍ നിന്നാണ് അദ്ദേഹം വളര്‍ന്ന് പന്തലിച്ചത്.

ദുബായ് കേന്ദ്രമാക്കി

കുവൈത്തിലാണ് ആദ്യ ജ്വല്ലറി തുടങ്ങിയതെങ്കിലും പിന്നീട് വ്യാപാര ശൃംഘല യുഎഇയിലേക്ക് വ്യാപിപ്പിച്ചു. 1980 കളോടെ ആയിരുന്നു ഇത്. പിന്നീട് ഗള്‍ഫ് രാജ്യങ്ങളില്ലെല്ലാം അറ്റ്‌ലസ് ജ്വല്ലറി വ്യാപിച്ചു.

48 ഷോറൂമുകള്‍

ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രം 48 ഷോറൂമുകള്‍ ഉണ്ടായിരുന്നു അറ്റ്‌ലസ് ജ്വല്ലറിയ്ക്ക്. പ്രവാസികള്‍ക്ക് ഏറെ സഹയാം നല്‍കുന്ന വ്യക്തിയും ആയിരുന്നു അറ്റലസ് രാമചന്ദ്രന്‍ നായര്‍.

അറ്റ്‌ലസ് ഹെല്‍ത്ത് കെയര്‍

അറ്റ്‌ലസ് ഹെല്‍ത്ത് കെയര്‍ എന്ന പേരില്‍ തുടങ്ങിയ ആശുപത്രി യുഎഇയിലെ പ്രവാസികള്‍ക്ക് എന്നും ആശ്വാസമായിരുന്നു. റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ നടത്തിയ നിക്ഷേപങ്ങളാണ് അദ്ദേഹത്തെ വന്‍ പ്രതിസന്ധിയിലേക്ക് എത്തിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സാംസ്‌കാരിക സാന്നിധ്യം

ഒരു ബിസിനസ്സുകാരന്‍ എന്നതിനപ്പുറത്തേക്ക് ഒരു സാംസ്‌കാരിക പ്രവര്‍ത്തകന്‍ കൂടി ആയിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്‍ നായര്‍ വൈശാലി ഉള്‍പ്പെടെ ഒരുപിടി നല്ല സിനിമകളുടെ നിര്‍മാതാവായിരുന്നു. നടനായും അദ്ദേഹം വെള്ളിത്തിരയില്‍ എത്തി.

രാമചന്ദ്രന്‍ നായര്‍ തിരിച്ച് വരുമോ?

ജയിലില്‍ നിന്ന് പുറത്തിറങ്ങിയാല്‍ പഴയ പ്രതാപത്തിലേക്ക് രാമചന്ദ്രന്‍ നായര്‍ തിരിച്ചെത്തുമോ എന്നാണ് ഇപ്പോള്‍ ഏവരും ചോദിക്കുന്ന ചോദ്യം.

English summary
Atlas ramachandra Nair may released from jail soon- report.
Please Wait while comments are loading...