• search

എംഡിആര്‍: ഗായകരുടെ ഗായകന്‍

 • By Staff
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  എം.ഡി. രാമനാഥന്‍ എന്ന ഗായകനെ വാഴ്ത്തുകയും ഇകഴ്ത്തുകയും ചെയ്തവരാണ് കഴിഞ്ഞ തലമുറയിലെ സംഗീതവിദുഷികള്‍. ഒരു കൂട്ടര്‍ എംഡിആറിന്റെ ആലാപനത്തെ ഭേഷ്..ഭേഷ് എന്ന് പറഞ്ഞ് നെഞ്ചേറ്റിയപ്പോള്‍ മറ്റൊരു കൂട്ടര്‍ അദ്ദേഹത്തിന്റെ ശൈലിയെ പരമബോറ് എന്ന് ആക്ഷേപിച്ചു.

  തൊടിയിലെ പശു കരയുമ്പോള്‍ രാമനാഥന്‍ പാടുന്നപോലെ അമറാതെ എന്ന് പറയുന്ന പാട്ടികള്‍ ഇപ്പോഴും പാലക്കാടന്‍ ഗ്രാമത്തിലുണ്ട്. എന്നാല്‍ രാമനാഥന്റെ ശൈലിയും ശബ്ദവും അനര്‍ഘ ഖനിയായി കൊണ്ടു നടക്കുന്ന ആരാധകരേയും അതേ പാലക്കാടന്‍ ഗ്രാമങ്ങളില്‍ കാണാം. രാമനാഥന്‍ എന്ന യഥാര്‍ത്ഥ ഗായകന്‍ ഇതില്‍ ആരാണ്?

  ഇത്രയധികം തെറ്റിദ്ധരിക്കപ്പെട്ട, ഇത്രയ്ക്കേറെ വിവാദനായകനായ മറ്റൊരു ഗായകന്‍ അദ്ദേഹത്തിന്റെ തലമുറയില്‍ ഉണ്ടാവില്ല. വളരെ വൈകി മാത്രം കര്‍ണ്ണാടകസംഗീതരംഗത്തേക്ക് കടക്കുകയും പിന്നീട് ആ രംഗത്ത് ആര്‍ക്കും അനുകരിക്കാന്‍ കഴിയാത്ത, മറ്റൊരാള്‍ക്കും അനുകരിക്കാന്‍ തോന്നാത്ത ശൈലി സൃഷ്ടിക്കുകയും ചെയ്ത ഗായകനാണ് എംഡിആര്‍.

  എന്തായാലും ഇപ്പോള്‍ എംഡിആറിനെ അടുത്തറിയാന്‍ മലയാളികള്‍ക്ക് അവസരമൊരുങ്ങിയിരിക്കുന്നു. മധു വാസുദേവ് എന്ന സംഗീതനിരൂപകന്‍ എഴുതി, ഡി.സി. ബുക്സ് പുറത്തിറക്കിയ എം.ഡി.ആര്‍ എന്ന ഗ്രന്ഥം എം.ഡി. രാമനാഥന്‍ എന്ന ഗായകന്റെ പൊരുളറിയാന്‍ സഹായിക്കും.

  എന്നും സംഗീതത്തിന് വേണ്ടി പാടിയ ഗായകനാണ് എംഡിആര്‍. മുന്നില്‍ കേള്‍വിക്കാരുണ്ടോ എന്നൊന്നും നോക്കാതെ അദ്ദേഹം പാടിക്കൊണ്ടേയിരുന്നു. സംഗീതത്തിന്റെ, രാഗത്തിന്റെ പുതിയ സഞ്ചാരങ്ങള്‍ തേടി അദ്ദേഹത്തിന്റെ ശബ്ദം അലഞ്ഞു. അദ്ദേഹം സ്വന്തം സംതൃപ്തിയ്ക്ക് വേണ്ടിയാണ് പാടിയത്. വരികളേക്കാള്‍ ഭാവത്തിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. വിളംബിത കാലത്തില്‍ പാടാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടു. പക്ഷെ കല്പനസ്വരങ്ങള്‍ പാടുമ്പോള്‍ ചിലപ്പോള്‍ വേഗത്തിന്റെ കാര്യത്തില്‍ അദ്ദേഹം എല്ലാവരെയും അതിശയിപ്പിച്ചു. രാഗാലാപന കാര്യത്തില്‍ ഭാവത്തിനും ഗമകങ്ങളിലുമുള്ള അദ്ദേഹത്തിന്റെ ശ്രദ്ധ അപാരമായിരുന്നു.

  ഹംസധ്വനി രാഗത്തില്‍ അദ്ദേഹം ആലപിച്ച വാതാപി ഗണപതിം... എന്ന റെക്കോഡ് ഇന്നും സംഗീതവിദ്വാന്മാരെ അത്ഭുതപ്പെടുത്തുന്നു. ആ റെക്കോഡില്‍ മൃദംഗം വായിച്ചിരിക്കുന്നത് പാലക്കാട് മണി അയ്യരും വയലിനില്‍ ലാല്‍ഗുഡി ജയരാമനുമാണ്. ഓരോ തവണ പാടുമ്പോഴും ഒരേ കീര്‍ത്തനം തന്നെ പുതുമയോടെ ആവിഷ്കരിക്കാന്‍ കഴിഞ്ഞതും രാമനാഥന്റെ പ്രത്യേകതയായിരുന്നു. സ്വന്തമായി അദ്ദേഹം 300 ഓളം കൃതികള്‍ രചിച്ചു. ഈണമിട്ടു. ഇതില്‍ വര്‍ണ്ണവും തില്ലാനകളും ഉണ്ട്.

  സ്റേജില്‍ കച്ചേരി നടത്തുമ്പോഴുള്ള ഇദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ ഏറെ വിമര്‍ശിക്കപ്പെട്ടു. കോങ്കണ്ണോടുകൂടിയ നോട്ടവും വിചിത്രമായ മുഖഭാവങ്ങളും കുടുമയുടെ പ്രത്യേക ചലനങ്ങളും കച്ചേരിയ്ക്കിടയില്‍ കൂടെയുള്ള മൃദംഗം, വയലിന്‍ കലാകാരന്മാരോട് സംസാരിക്കുക, ഉറക്കെ അവരെ അഭിനന്ദിക്കുക, നിരവല്‍ പാടുന്നതിനിടയില്‍ കേള്‍വിക്കാര്‍ക്ക് അതിന്റെ അര്‍ത്ഥം വിശദീകരിച്ചുകൊടുക്കുക ഇതെല്ലാം അദ്ദേഹത്തിന്റെ മാത്രം പ്രത്യേകതയായിരുന്നു. (അതിന് ശേഷം സ്റേജിലെ ഗോഷ്ഠികളുടെ പേരില്‍ ഏറെ പഴി കേട്ടിട്ടുള്ളത് കുന്നക്കുടി വൈദ്യനാഥനാണ്.)

  പാലക്കാട് ജില്ലയിലെ മഞ്ഞപ്രയിലാണ് 1923ല്‍ എം.ഡി. രാമനാഥന്‍ ജനിച്ചത്. ആദ്യം അച്ഛന്‍ ദേവേശ ഭാഗവതരില്‍ നിന്നും സംഗീതം പഠിച്ചെങ്കിലും അദ്ദേഹം ഡിഗ്രിയ്ക്ക് ബിഎസ്സി ഫിസിക്സിനാണ് ചേര്‍ന്നത്. പാലക്കാട് വിക്ടോറിയ കോളെജില്‍.

  പിന്നീടാണ് അദ്ദേഹം സംഗീതം മുഖ്യവിഷയമായി പഠിക്കാന്‍ തുടങ്ങിയത്. രുഗ്മിണി അരുണ്ഡേല്‍ മദ്രാസ് കലാക്ഷേത്രയില്‍ സംഗീത ശിരോമണി എന്ന കോഴ്സ് ആരംഭിക്കാന്‍ സംഗീതജ്ഞന്‍ ടൈഗര്‍ എസ്. വരദരാജനെ കൊണ്ടുവന്നു. 1944ല്‍ ഇവിടുത്തെ ആദ്യ സംഗീത ശിരോമണി ബാച്ചില്‍ വിദ്യാര്‍ത്ഥിയായി എം.ഡി. രാമനാഥനും ചേര്‍ന്നു. ടൈഗര്‍ വരദരാജന്റെ ഏറ്റവും മികച്ച ശിഷ്യനായി എം.ഡി. രാമനാഥന്‍ വളര്‍ന്നു. ടൈഗര്‍ മരിയ്ക്കുന്നിടത്തോളം ഈ ബന്ധം നീണ്ടു. ആറ് വര്‍ഷത്തെ ഗാഡസൗഹൃദം, സംഗീത സപര്യ.

  പിന്നീട് കലാക്ഷേത്രയില്‍ തന്നെ പ്രൊഫസറായി രാമനാഥന്‍. 1974ല്‍ അദ്ദേഹത്തിന് പത്മശ്രീ ലഭിച്ചു. 60ാം വയസ്സില്‍ ഹൃദ്രോഗത്തെ തുടര്‍ന്നായിരുന്നു അദ്ദേഹം മരിച്ചത്.

  എന്തായാലും എംഡിആറിനെ മനസ്സിലാക്കാന്‍ കര്‍ണ്ണാടകസംഗീതത്തില്‍ അപാരമായ വിജ്ഞാനം വേണമെന്ന് മധു വാസുദേവിന്റെ ഈ പുസ്തകം വായനക്കാര്‍ക്ക് പറഞ്ഞുതരും. കലാക്ഷേത്രയിലെ രുഗ്മിണി അരുണ്ഡേല്‍ അത് മനസ്സിലാക്കിയ വ്യക്തിയാണ്. ഈ പുസ്തകത്തില്‍ പാലക്കാട് മണി അയ്യരുടെ മകനും മൃദംഗവിദ്വാനുമായ ടി.ആര്‍. രാജാമണി, പത്രപ്രവര്‍ത്തകന്‍ ആര്‍.ജി.കെ., എം.ഡി. രാജാമണി... തുടങ്ങി ഒട്ടേറെ പേര്‍ ഈ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്.

  പി. രവികുമാര്‍ എഴുതിയ മുഖാരിയുടെ പരിണാമങ്ങള്‍... എന്ന ലേഖനവും വായന അര്‍ഹിക്കുന്നു. രാമനാഥന്റെ ഭാര്യ എഴുതിയ വൈകാരികമായ കുറിപ്പ് രാമനാഥന്‍ എന്ന മനുഷ്യനെ അടുത്തറിയാന്‍ സഹായിക്കുന്നു. സ്നേഹത്തിന്റെ നിറകുടമായ ഒരു ഗായകനാണ് ഈ ലേഖനത്തിലൂടെ തെളിഞ്ഞുവരിക. ഒന്നും തിരിച്ചറിയാന്‍ കഴിയാത്ത ഇരുട്ടിലേക്ക് ഞാനും ചെന്ന് വീണു എന്ന് രാമനാഥന്റെ മരണത്തെ പരാമര്‍ശിച്ച് ഭാര്യ എഴുതുമ്പോള്‍ വായനക്കാരനും ഒരു വിറയല്‍ അനുഭവിയ്ക്കും.

  പ്രശ്സ്ത ചിത്രകാരനായ നമ്പൂതിരി വരച്ച രേഖാചിത്രങ്ങള്‍ ഈ പുസ്തകത്തിന് മാറ്റുകൂട്ടുന്നു. സംഗീതത്തെ സ്നേഹിക്കുന്ന, രാമനാഥനെ സ്നേഹിക്കുന്നവര്‍ വാങ്ങി സൂക്ഷിച്ച് വയ്ക്കേണ്ട പുസ്തകമാണിത്.

  എംഡിആര്‍
  എഡിറ്റര്‍ മധു വാസുദേവ്
  പ്രസാധകര്‍ ഡിസി ബുക്സ് വില 150 രൂപ.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more