കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേല്‍ശാന്തിയുടെ പണം അപഹരിച്ചതാര്?

  • By Staff
Google Oneindia Malayalam News

ദേവസ്വം ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കുകയം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിരിച്ചുവിടുകയും ചെയ്തതിനുശേഷം ദേവസ്വം ബോര്‍ഡിനെയും ഭാരവാഹികളെയും ഭരണരംഗത്തുള്ളവരെയും സാമുദായികനേതാക്കളെയും ചുറ്റിപ്പറ്റി പുതിയ വിവാദങ്ങള്‍ പുകയുന്നു.

ദേവസ്വം അഴിമതിയെക്കുറിച്ച് അന്വേഷണം നടത്തുന്നതിനായി നിയമിച്ച ജസ്റിസ് പരിപൂര്‍ണ്ണന്‍ കമ്മിഷന്റെ ആദ്യ തെളിവെടുപ്പില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി എന്‍എസ്എസ് സമര്‍പ്പിച്ച ഒരു പരാതിയാണ് വന്‍വിവാദമായിക്കൊണ്ടിരിക്കുന്നത്.

മാളികപ്പുറം മേല്‍ശാന്തിയ്ക്ക് ദക്ഷിണയായി ലഭിച്ച 45 ലക്ഷം രൂപ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തന്റെ അക്കൗണ്ടിലേയ്ക്ക് മാറ്റിയെന്നാണ് ആരോപണം. ചുരുക്കിപ്പറഞ്ഞാല്‍ മാളികപ്പുറം മേല്‍ശാന്തി മധുസൂദനന്‍ പോറ്റിയ്ക്ക് അവകാശപ്പെട്ട പണം നടേശന്‍ തട്ടിയെടുത്തുവെന്നാണ് എന്‍എസ്എസിന്റെ പരാതി.

മധുസൂദനന്‍ പോറ്റിയുടെ പിതാവ് ശ്രീധരന്‍ പോറ്റി നല്‍കിയ പരാതിയാണ് എന്‍എസ്എസ് പരിപൂര്‍ണ്ണന്‍ കമ്മിഷന് മുമ്പില്‍ സമര്‍പ്പിച്ചിരിക്കുന്നത്. പിന്നീട് ഇതിനുപിന്നാലെ മകന്‍ മധുസൂദനനെ ചിലര്‍ തടവില്‍ വെച്ചിരിക്കുകയാണെന്ന വെളിപ്പെടുത്തലോടെ ശ്രീധരന്‍ പോറ്റി നേരിട്ട് രംഗത്തെത്തുകയും ചെയ്തു.

മധുസൂദനന്‍ മേല്‍ശാന്തിയായതുമുതല്‍ ദക്ഷിണപ്പണം തട്ടിയെടുക്കുന്നതിനായി വെള്ളാപ്പള്ളിയുടെ അടുപ്പക്കാരനും എസ്എന്‍ഡിപി യൂണിയന്‍ കമ്മറ്റിയംഗവുമായ സജിയെന്ന ആള്‍ ശ്രമിച്ചെന്നും ശ്രീധരന്‍ പോറ്റി ആരോപിയ്ക്കുന്നുണ്ട്.

എന്നാല്‍ ഇതിനിടെ പിതാവിന്റെ ആരോപണം ശരിയല്ലെന്നും അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും പറഞ്ഞ് പിതാവിന്റെ പരാതിയ്ക്കെതിരെ മധുസൂദനനും രംഗത്തെത്തിയിട്ടുണ്ട്.

പണാപഹരണത്തിന്റെപേരില്‍ പുറത്താക്കിയ രണ്ടുബന്ധുക്കല്‍ ചേര്‍ന്നാണ് പിതാവിനെ തെറ്റിദ്ധരിപ്പിച്ചതെന്നാണ് മാളികപ്പുറം മേല്‍ശാന്തി പറയുന്നത്. മേല്‍ശാന്തി സ്ഥാനം കിട്ടിയപ്പോള്‍ തീര്‍ത്ഥാടനകാലത്ത് സഹായത്തിനായി രണ്ട് ബന്ധുക്കള്‍ ഒപ്പുകൂടിയിരുന്നുവെന്നും ഇവരാണ് തനിയ്ക്കുകിട്ടിയ ദക്ഷിണപ്പണം അപഹരിച്ചതെന്നാണ് അദ്ദേഹം പറയുന്നത്.

തീര്‍ത്ഥാടനകാലത്ത് കുടുംബത്തില്‍ പുലആചരണം ഉണ്ടായതിനെത്തുടര്‍ന്ന് ഇദ്ദേഹം 11ദിവസം മീഡിയ സെന്ററിലാണ് കഴിഞ്ഞത്. ഈസമയത്താണത്രേ ബന്ധുക്കള്‍ ദക്ഷിണപ്പണം തട്ടിയത്. ഇക്കാര്യമറിഞ്ഞപ്പോള്‍ അവരുടെ ബാഗ് പരിശോധിയ്ക്കുകയും അതില്‍നിന്നും 32,000രൂപയും അഞ്ചുപവന്റെ സ്വര്‍ണവും കണ്ടെടുത്തു. അന്നുതന്നെ അവരെ തിരികെ അയയ്ക്കുകയും ചെയ്തു. ഇതിന്റെപേരില്‍ അച്ഛന്‍ ശ്രീധരന്‍ പോറ്റിയും അമ്മയുംതമ്മില്‍ പിണങ്ങിയെന്നും മധുസൂദനന്‍ പറയുന്നു.

ക്ഷേത്രത്തില്‍ തന്റെ സഹായിയായിരുന്ന സജിയ്ക്ക് വെള്ളാപ്പള്ളിയുടെ കുടുംബവുമായി പരിചയമുണ്ട്. അതിനാലായിരിക്കണം അദ്ദേഹത്തെകൂട്ടിയിണക്കി വിവാദമുണ്ടാക്കാന്‍ ശ്രമം നടന്നത്. സാമ്പത്തികകാര്യങ്ങള്‍ സജി കൈകാര്യംചെയ്തിരുന്നില്ലെന്നും സുഹൃത്തായ ജയരാജായിരുന്നുവെന്നും മേല്‍ശാന്തി പറഞ്ഞു. ജയരാജ് ജനുവരി 17ന് മേട്ടുപ്പാളയത്തു വാഹനാപകടത്തില്‍ മരിച്ചു.

സജിയ്ക്കെതിരെയാണ് ശ്രീധരന്‍ പോറ്റി പ്രധാനമായും ആരോപണമുന്നയിച്ചത്. മാളികപ്പുറം മേല്‍ശാന്തിയാകാന്‍ അപേക്ഷിക്കണമെന്ന് വൈക്കത്തെ വീട്ടില്‍ വന്ന് മധുസൂദനനോട് ആവശ്യപ്പെട്ട്ത് വെള്ളാപ്പള്ളിയുടെ അടുപ്പക്കാരന്‍ സജിയാണെന്നും സെലക്ഷന്‍ ലിസ്റില്‍ ഉള്‍പ്പെടുത്താമെന്ന് അയാള്‍ വാക്കുനല്‍കിയിട്ടുണ്ടായിരുന്നുവെന്നും ശ്രീധരന്‍ നായര്‍ പറഞ്ഞിട്ടുണ്ട്.

മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടശേഷം മധുസൂദനനെ മറ്റുള്ളവര്‍ കബളിപ്പിക്കരുതെന്ന് കരുതിയാണ് തന്റെ രണ്ട് വിശ്വസ്തരെ കൂടെവിട്ടത്. എന്നാല്‍ സജിയ്ക്കും മറ്റും ഇതിഷ്ടപ്പെട്ടില്ലെന്നും ക്ഷേത്രത്തില്‍നിന്നുണ്ടായ ദുരനുഭവങ്ങളെത്തുടര്‍ന്ന് ഇവരിലൊരാള്‍ തിരിച്ചുപോന്നു. പിന്നീട് മറ്റേയാളും തിരികെവന്നു. മുന്‍പ് മേല്‍ശാന്തിമാരായവരും തട്ടിപ്പിനെക്കുറിച്ച് പറഞ്ഞറിഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്നാണ് നാരായണപ്പണിക്കര്‍ക്ക് പരാതി നല്‍കിയത്-ശ്രീധരന്‍ പോറ്റി പറഞ്ഞു.

ഇതിനിടെ ശ്രീധരന്‍ പോറ്റി നല്‍കിയ പരാതി പരിപൂര്‍ണ്ണന്‍ കമ്മിഷന് മുമ്പാകെ സമര്‍പ്പിച്ചത് ഒരു സാമൂഹിക പ്രവര്‍ത്തകന്‍ എന്നനിലയ്ക്കാണെന്ന് നാരായണപ്പണിക്കര്‍ പറഞ്ഞിരുന്നു. ആരോപണത്തിലെ തെറ്റും ശരിയും കണ്ടുപിടിക്കേണ്ടത് കമ്മിഷനാണെന്നും തന്റെകയ്യില്‍ക്കിട്ടിയ ഒരുപരാതി കമ്മിഷന് കൈമാറിയെന്നല്ലാതെ താന്‍ ആരെക്കുറിച്ചും ആരോപണം ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കൂടാതെ വെള്ളാപ്പള്ളി നടേശനെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.

ഇതിനിടെ വെള്ളാപ്പള്ളി നടേശനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ എന്‍എസ്എസ് ആസ്ഥാനത്തേയ്ക്ക് പ്രകടനം നടത്തുകയും എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെയും അസിസ്റന്റ് സെക്രട്ടറിയുടെയും കോലം കത്തിയ്ക്കുകയും ചെയ്തിരുന്നു.

ദേവസ്വംബോര്‍ഡുമായി ബന്ധപ്പെട്ട ഒരുപരാതിയാണ് രണ്ട് സാമുദായിക സംഘടനകള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടാന്‍ കളമൊരുക്കിയത്. വിവാദം മുഴുത്തപ്പോഴാണ് മാളികപ്പുറം മേല്‍ശാന്തിയുടെ പണം തട്ടിയെന്ന് പറയുന്ന സജിയെ അറിയില്ലെന്ന് പറഞ്ഞാണ് വെള്ളാപ്പള്ളി രംഗത്തെത്തിയത്.

കത്തിലെ ഉള്ളടക്കത്തെക്കുറച്ച് ഒന്നുമറിയില്ലെന്നും അത് കമ്മിഷന് കൈമാറുകമാത്രമേ ചെയ്തിട്ടുള്ളുവെന്നുമുള്ള പണിക്കരുടെ പ്രസ്താവനയെയും വെള്ളാപ്പള്ളി നിശിതമായി വിമര്‍ശിച്ചിരുന്നു. പണിക്കര്‍ ഒരു പോസ്റ്മാന്റെ പണിയാണ് ചെയ്തതെന്നാണ് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടത്.

എന്‍എസ്എസ് നേതൃത്വത്തിലുള്ള ചിലരും ഭരണത്തിലുള്ള ചിലരും ചേര്‍ന്ന് തനിയ്ക്കെതിരെ ഗൂഡാലോചന നടത്തുകയാണെന്നും ദേവസ്വം മന്ത്രി ജി. സുധാകരന്‍ അവരെ ഭയപ്പെടുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. മാനനഷ്ടമുണ്ടാക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടിസ്വീകരിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്‍എസ്എസ്, എസ്എന്‍ഡിപി ഐക്യം പറഞ്ഞ് കൈകോര്‍ത്ത വെള്ളാപ്പള്ളിയും പണിക്കരും അകന്നത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ടായിരുന്നു. അഴിമതിക്കാര്‍ക്ക് അനുകൂലമായ നിലപാടാണ് വെള്ളാപ്പള്ളി സ്വീകരിക്കുന്നതെന്നായിരുന്നു എന്‍എസ്എസ് ആരോപിച്ചത്. ഇപ്പോള്‍ വെള്ളാപ്പള്ളിക്കെതിരെ മറ്റൊരു ആലരാപണമാണ് എന്‍എസ്എസും പണിക്കരും ആരോപിച്ചിരിക്കുന്നത്. മാനനഷ്ടക്കേസ് തുടങ്ങിയ പുതിയ നാടകങ്ങളിലേക്ക് വരുംദിവസങ്ങളില്‍ ഈ സ്പര്‍ദ്ധ വികസിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X