• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കിഷന്റെ ഇഷ്ടങ്ങള്‍

  • By Staff

അഹങ്കാരം തലയ്‌ക്കു പിടിച്ച സിപിഐ കേരളത്തിലെ ഇടതുമുന്നണിയ്‌ക്ക്‌ ബാധ്യതയാവുകയാണ്‌. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലിന്റെ ക്രെഡിറ്റിനു വേണ്ടി ആ പാര്‍ട്ടി കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ കേരളീയരുടെ രാഷ്ട്രീയ ബോധത്തിനു നേരെയുളള വെല്ലുവിളിയായി മാറുന്നു. അനുദിനം ജനങ്ങളില്‍ നിന്നും ഘടകകക്ഷികളില്‍ നിന്നും ഒറ്റപ്പെടുന്പോഴും പിടിച്ചു നില്‍ക്കാനുളള പെടാപ്പാടില്‍ അവര്‍ വെല്ലുവിളിക്കുന്നത്‌ കേരളത്തെയാകെയാണ്‌. അവരുടെ ചെയ്‌തികള്‍ ഓര്‍മ്മിപ്പിക്കുന്നത്‌ 1967ലെ സപ്‌തകക്ഷി മന്ത്രിസഭയുടെ പതനത്തെയും.

മെയ്‌ 15ന്‌ വൈകുന്നേരം അഞ്ചര മണിയോടു കൂടിയാണ്‌ മൂന്നാറില്‍ സിപിഐ പാര്‍ട്ടി ഓഫിസിനു മുകളില്‍ സ്ഥിതി ചെയ്യുന്ന മൂന്നാര്‍ ടൂറിസ്റ്റ്‌ ഹോം എന്ന റിസോര്‍ട്ടിന്റെ അനധികൃത ഇടനാഴി ദൗത്യസംഘം പൊളിച്ചു നീക്കിയത്‌. ചില്ല പ്രതിഷേധ പ്രകടനങ്ങളും മുറുമുറുപ്പുമായി സിപിഐ എതിര്‍ത്തെങ്കിലും പ്രത്യേകിച്ച്‌ ഒന്നും സംഭവിച്ചില്ല.

ജൂണ്‍ 2ന്‌, അതായത്‌ കൃത്യം 18 ദിവസം കഴിഞ്ഞാണ്‌, പന്ന്യന്‍ രവീന്ദ്രനും കെ ഇ ഇസ്‌മയിലും മുഖ്യമന്ത്രിക്കെതിരെ പത്രസമ്മേളനം നടത്തുന്നത്‌. സിപിഐയുടെ പാര്‍ട്ടി ഓഫീസ്‌ പൊളിച്ച കോട്ടിട്ട ആളും അതിനു മുകളിലുളള ആളും സമാധാനം പറയണമെന്ന പന്ന്യന്‍ രവീന്ദ്രന്റെ ആക്രോശം പിടിച്ചു നില്‍പ്പിന്റെ അവസാന ബഹളമാണെന്ന്‌ തിരിച്ചറിഞ്ഞാവും മുഖ്യമന്ത്രി കേട്ടഭാവം നടിച്ചില്ല.

ടാറ്റ കയ്യേറിയ ഭൂമി ഒഴിപ്പിക്കാന്‍ ദൗത്യസംഘം തുനിഞ്ഞയുടനെയാണ്‌ ഇസ്‌മായിലും പന്ന്യനും മൂന്നാറിലെത്തി ദൗത്യസംഘത്തിനെതിരെ പൂരപ്പാട്ടു നടത്തിയതെന്നത്‌ ശ്രദ്ധേയമായി. ടാറ്റായെ തൊട്ടാല്‍ സിപിഐയ്‌ക്ക്‌ പൊളളില്ലെന്ന്‌ ബിനോയ്‌ വിശ്വം ഇപ്പോള്‍ വിരവാദം മുഴക്കുന്നുണ്ടെങ്കിലും സത്യം അങ്ങനെയല്ല.

കെ ഇ ഇസ്‌മായിലിന്റെ കാലത്ത്‌ മൂന്നാറില്‍ ടാറ്റ ഭൂമി കയ്യേറിയിട്ടുണ്ടെന്ന അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ നടപടിയുണ്ടാകാത്തതിന്റെ കാരണം അറിയാവുന്നവര്‍ ഇപ്പോഴത്തെ വനം മന്ത്രിയുടെ ജല്‍പനങ്ങള്‍ക്ക്‌ നല്‍കുന്നത്‌ വെറും പുല്ലുവിലയാണ്‌. താലൂക്ക്‌ ലാന്റ്‌ അസൈന്‍മെന്റ്‌ കമ്മിറ്റിയുടെ പേരില്‍ ദേവികുളം താലൂക്ക്‌ ഹെഡ്‌ക്വാര്‍ട്ടേഴ്‌സ്‌ ഡെപ്യൂട്ടി തഹസീല്‍ദാര്‍ വിതരണം ചെയ്‌ത പട്ടയങ്ങള്‍ വ്യാജമാണെന്ന്‌ തെളിഞ്ഞതും സിപിഐയെ പ്രതിക്കൂട്ടിലാക്കുന്നു.

രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അടങ്ങുന്നതാണ്‌ ലാന്റ്‌ അസൈന്‍മെന്റ്‌ കമ്മിറ്റി. അവരുടെ ആഗ്രഹപ്രകാരമാണ്‌ ഇല്ലാത്ത അധികാരമുപയോഗിച്ച്‌ മൂന്നാറില്‍ 250 ഓളം രവീന്ദ്രന്‍ പട്ടയങ്ങള്‍ വിതരണം ചെയ്‌തത്‌. കളക്ടറില്‍ നിക്ഷിപ്‌തമായിരിക്കുന്ന അധികാരം എങ്ങനെ ഒരു ഡെപ്യൂട്ടി തഹസീല്‍ദാരില്‍ എത്തിയെന്ന ചോദ്യത്തിന്‌ ഞഞ്ഞാമിഞ്ഞ ഉത്തരമൊന്നും മതിയാകില്ല.

വല്ലാതെ ഉയര്‍ന്നിരിക്കുകയാണ്‌ കേരളത്തിലെ ഇടതുമുന്നണിയുടെ ജനസമ്മിതി. പ്രത്യേകിച്ച അച്യുതാനന്ദനില്‍ കേരളീയ മനസാക്ഷി വലിയ പ്രതീക്ഷകളാണ്‌ അര്‍പ്പിക്കുന്നത്‌. ജനം ഇടതുമുന്നണിയുടെ പ്രവര്‍ത്തനങ്ങളെ വിശ്വാസത്തിലെടുക്കുന്പോഴും മുന്നണിയിലെ രണ്ടാം കക്ഷി കയ്യേറ്റക്കാരുടെയും കരിഞ്ചന്തക്കാരുടെയും വക്കാലത്തുമായി വരുന്ന കാഴ്‌ച ദുരന്തം തന്നെ.

സിപിഐയുടെ നാലു മന്ത്രിമാരും ഭരണരംഗത്ത്‌ ദയനീയ പരാജയമാണെന്ന്‌ മാധ്യമങ്ങളും ആ വകുപ്പുകളുമായി ബന്ധപ്പെടുന്ന പൊതുജനവും ആദ്യം അടക്കത്തിലും പിന്നീട്‌ പരസ്യമായും അഭിപ്രായപ്പെടുന്നുണ്ട്‌. സി ദിവാകരനും ഭാര്യയും ചേര്‍ന്നുളള സിവില്‍ സപ്ലൈസ്‌ ഭരണവും കൃഷി മന്ത്രി മുല്ലക്കര രത്‌നാകരന്‍ മൂത്രപ്പുര ഉദ്‌ഘാടനങ്ങളുമായി ചടയമംഗലം നിയോജകമണ്ഡലത്തില്‍ ഊരുചുറ്റിത്തീരാത്തതും തലസ്ഥാനത്തെ ഫലിതങ്ങളാണ്‌.

ഒടുവില്‍ സ്വന്തം മന്ത്രിമാര്‍ ദയനീയ പരാജയങ്ങളാണെന്ന്‌ സിപിഐ സംസ്ഥാന കൗണ്‍സില്‍ വിലയിരുത്തുന്നതു വരെ കാര്യങ്ങള്‍ എത്തി.

കഴിഞ്ഞ ഇടതുമുന്നണി യോഗത്തില്‍ സിപിഐയുടെ വിമര്‍ശനങ്ങള്‍ക്ക്‌ പിണറായി വിജയന്‍ പറഞ്ഞ മറുപടി ഇവിടെ ഓര്‍ക്കാം. പരാതികളിന്മേല്‍ അതാതു വകുപ്പുകള്‍ യഥാസമയം നടപടിയെടുത്തിരുന്നെങ്കില്‍ ഇതൊന്നും ഉണ്ടാകുമായിരുന്നില്ലെന്നാണ്‌ പിണറായി വെളിയത്തോട്‌ പറഞ്ഞത്‌.

ജനയുഗത്തിന്റെ ഫണ്ടു പിരിവിന്‌ വനം റവന്യൂ വകുപ്പുകളെ കറവപ്പശുക്കളാക്കുന്ന തിരക്കില്‍ ഈ വകുപ്പുകള്‍ ഭരിക്കാന്‍ സിപിഐ മറന്നു പോയതിന്റെ ഫലമാണ്‌ ഇന്നത്തെ മൂന്നാര്‍ നടപടികള്‍. അനധികൃത കയ്യേറ്റങ്ങളെയും വ്യാജപട്ടയങ്ങളെയും കുറിച്ചുയര്‍ന്ന പരാതികള്‍ ഫണ്ടു പിരിവിന്റെ ഉറവകളാക്കാനാണ്‌ സിപിഐ തയ്യാറായത്‌. ഫലമോ കുമിഞ്ഞു കൂടിയ പരാതികളിന്മേല്‍ മുഖ്യമന്ത്രിക്ക്‌ പിന്മാറാനാവാത്ത വിധം ഇടപെടേണ്ടി വന്നു.

പിന്നീടു നടന്നതെല്ലാം ചരിത്രമാണ്‌. തറവാട്ടു സ്വത്തു പോലെ സിപിഐ വച്ചനുഭവിക്കുന്ന റവന്യൂ വനം വകുപ്പുകളിലെ ഉളളുകളളികള്‍ ജനം മനസിലാക്കിയപ്പോള്‍ ഉടഞ്ഞു വീണ മുഖങ്ങളിലേറെയും സിപിഐക്കാരുടേതായിരുന്നു. അതിന്‌ അച്യുതാനന്ദന്റെ മേല്‍ കുതിരകയറിയിട്ട്‌ എന്തുകാര്യം?

കേരളീയരിലാകെ പ്രതീക്ഷയുയര്‍ത്തിയ മൂന്നാര്‍ നടപടിയുടെ പേരില്‍ സിപിഐയ്‌ക്ക്‌ മാത്രം എതിരഭിപ്രായം ഉണ്ടായതെങ്ങനെയാണ്‌? മടിയില്‍ കനമില്ലാത്തവര്‍ മൂന്നാറില്‍ പേടിക്കുന്നതെന്തിന്‌? ചോദ്യങ്ങള്‍ സ്വാഭാവികമായും നീളുന്നത്‌ സിപിഐക്കാരുടെ നേരെ തന്നെ.

ഇടതുമുന്നണിയിലും സിപിഐ ഒറ്റപ്പെടുകയാണ്‌. എന്‍ ഇ ബലറാം മുതല്‍ ഇ ചന്ദ്രശേഖരന്‍ നായര്‍ വരെയുളള സിപിഐ മന്ത്രിമാരുടെ പട്ടിക കേരളത്തിനും സിപിഐയ്‌ക്കും അഭിമാനകരമാണെങ്കില്‍ ഇന്നത്തെ മന്ത്രിമാര്‍ നാടിന്‌ അപമാനമാണ്‌. റേഷന്‍ കട വഴി വിതരണം ചെയ്യേണ്ട ഗോതന്പ് കരിഞ്ചന്തയില്‍ മറിച്ചു വിറ്റ്‌ പാര്‍ട്ടി വളര്‍ത്തേണ്ട ഗതികേടിലേയ്‌ക്ക്‌ അധപതിച്ചു പോയ സിപിഐയുടെ മരണപ്പിടച്ചിലുകളാണ്‌ കേരളം കണ്ടുകൊണ്ടിരിക്കുന്നത്‌.

ചുരുങ്ങിയ പക്ഷം അവര്‍ അണിഞ്ഞിരിക്കുന്ന ആദര്‍ശത്തിന്റെ പൊയ്‌മുഖമെങ്കിലും ഈ ഭരണത്തോടെ സിപിഐയ്‌ക്ക്‌ നഷ്ടമാകും. മാണി കേരള കോണ്‍ഗ്രസിന്റെ നിലവാരത്തിലേയ്‌ക്ക്‌ താണുപോകുന്ന സിപിഐയെക്കുറിച്ചോര്‍ത്ത്‌ സഹപതിക്കാനെങ്കിലും കേരളത്തില്‍ ആരെങ്കിലുമുണ്ടാകുമോ? ചുരുങ്ങിയ പക്ഷം അവരുടെ പഴയകാലത്തെയെങ്കിലും പരിഗണിച്ച്‌ !

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more