കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അല്ലാഹു അക്ബര്‍ - ദൈവം മഹാനാകുന്നു

  • By Neethu B
Google Oneindia Malayalam News

അശ്വിനി ഗോവിന്ദ്

സിനിമാ മേഖലയിലെ മാറ്റങ്ങള്‍ നിരീക്ഷിക്കുകയും അതിനെ കുറിച്ച് വിലയിരുത്തുകയും ചെയ്യുന്ന എഴുത്തുകാരിയാണ് അശ്വിനി. തന്റെ ചുറ്റുപാടുകളെ കുറിച്ചുള്ള കാഴ്ചപ്പാടുകളെ സ്ത്രീപക്ഷത്തു നിന്ന് വീക്ഷിക്കകുകയാണ് ഈ കോളത്തിലൂടെ

13/07/2015

എനിക്ക് പ്രിയപ്പെട്ടതല്ലാത്ത ഐസിസ് ചേട്ടന്മാര്‍ക്ക്,

ഞങ്ങളിവിടെ ശവ്വാല്‍ അമ്പിളിയെ കാത്തിരിക്കുകയാണ്. ഞങ്ങളെന്ന് പറയുമ്പോള്‍ തലയില്‍ മക്കനയിട്ട, നെറ്റിയില്‍ അഞ്ച് നേരം നിസ്‌കരിച്ചതിന്റെ തഴമ്പുള്ളവര്‍ മാത്രമല്ല. ഞങ്ങള്‍ എന്ന വാക്കിന് ഞങ്ങള്‍ എന്ന് മാത്രമേ അര്‍ത്ഥമുള്ളൂ. ശവ്വാല്‍ മാസം കണ്ട് ഈദുല്‍ഫിത്തര്‍ ആഘോഷിച്ച് പിന്നെ ഞങ്ങള്‍ കേരളീയര്‍ അത്തം പിറക്കാന്‍ കാത്തിരിക്കും. വാമനനാല്‍ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തപ്പെട്ട രാജാവ് മഹാബലി വര്‍ഷത്തിലൊരിക്കല്‍ ഞങ്ങളെ കാണാന്‍ വരും അത്തം പത്തിന്.

അതിരുകള്‍ മായ്ക്കുന്ന സൗഹാര്‍ദം തന്നെയാണ് റംസാനും ഈദുമെല്ലാം പങ്കുവയ്ക്കുന്ന സന്തോഷം. സഹജീവിയുടെ വിശപ്പിനോട് തദാത്മ്യം പ്രാപിക്കുന്ന ത്യാഗത്തോളം എത്തുന്ന സൗഹാര്‍ദം. ആ സൗഹൃദത്തിന്റെ നിലാവുകള്‍ എന്റെ കുട്ടിക്കാലം മുതല്‍ ഞാന്‍ ഒരുപാട് അനുഭവിച്ചറിഞ്ഞിട്ടുണ്ട്.

ramadan

റംസാന്‍ നാളുകളില്‍ ചിന്തിക്കുന്നതും പ്രവൃത്തിയ്ക്കുന്നതുമെല്ലാം നന്മയ്ക്ക് വേണ്ടിയുള്ളതാണെന്നും നന്മയുള്ളതാണെന്നും കേട്ടിട്ടുണ്ട്. അതെന്താ ഐസിസ് ചേട്ടന്മാരെ ഇതേ നബിയുടെയും ഖുര്‍ആന്റെയും വിശ്വാസികളല്ലേ നിങ്ങളും. സുബ്ഹാനല്ലാഹ് (അല്ലാഹു പരമ പരിശുദ്ധന്‍) എന്നല്ലേ. എന്നിട്ടും ആ പരിശുദ്ധന്റെ പേരില്‍, പരിശുദ്ധമായ റംസാന്‍ വ്രതത്തിന്റെ പേരില്‍ രണ്ട് ആണ്‍കുട്ടികളെ പരസ്യമായി കഴുവേറ്റിയതിനെ വിശ്വാസത്തിന്റെ കൂട്ടുപിടിയ്ക്കുന്നത് ന്യായീകരിക്കാന്‍ കഴിയില്ല.

വര്‍ഷത്തില്‍ ഒരു മാസം ഇസ്ലാമിക കലണ്ടറായ ഹിജ്‌റ വര്‍ഷ പ്രകാരം ഒന്‍പതാം മാസമായ റംസാന്‍ മാസത്തില്‍ വിശ്വാസികള്‍ വ്രതമെടുക്കേണ്ടതുണ്ട്. റംസാന്‍ മാസത്തിലെ വ്രതം വിശ്വാസികള്‍ക്ക് നിര്‍ബന്ധ ബാദ്ധ്യതയാണ്, സമ്മതിച്ചു. അതേ സമയം രോഗി, പ്രായ പൂര്‍ത്തിയാകാത്ത കുട്ടികള്‍, ബുദ്ധി ഭ്രമം സംഭവിച്ചവര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, അവശരായ വൃദ്ധര്‍, യാത്രക്കാര്‍ എന്നിവരെ ഈ നിര്‍ബന്ധിതരില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടില്ലേ.

isis--5

എന്നിട്ടും പതിനെട്ട് തികയാത്ത കുഞ്ഞുങ്ങളെ റംസാന്‍ വ്രതമെടുക്കുന്ന സമയത്ത് ഭക്ഷണം കഴിച്ചു എന്ന് ആരോപിച്ച് കഴുവിലേറ്റി. തീര്‍ന്നില്ല, സിറിയയിലെ അല്‍ മിയാദിന്‍ നഗരത്തിലെ ഒരു ചുവരില്‍ പതിനൊന്ന് പേരെ റംസാന്‍ വ്രതം നോറ്റില്ല എന്നാരോപിച്ച് കരിശിലേറ്റിയില്ലേ. ഇസ്ലാമിന്റെ ഏതെങ്കിലും നിയമത്തില്‍ റംസാന്‍ വ്രതം നോക്കാത്തവരെ വധശിക്ഷയ്ക്ക് വിധിയ്ക്കാന്‍ പറഞ്ഞിട്ടുണ്ടോ?

എല്ലാ ഋതുക്കളെയും പുണര്‍ന്നു കടന്നുപോകുന്ന, അറബിചാന്ദ്രവര്‍ഷത്തിലെ ഒമ്പതാം മാസമായ റംസാനില്‍ നോമ്പെടുക്കുന്നത് ദുര്‍മേദസ്സില്‍നിന്നു രക്ഷനേടാനോ മറ്റ് ആയുരാരോഗ്യസൗഖ്യത്തിനോ ഒന്നും വേണ്ടിയല്ലെന്നും, ലോകരക്ഷിതാവും പരമകാരുണികനുമായ അല്ലാഹുവില്‍നിന്ന് അവതീര്‍ണമായ വിശുദ്ധ ഖുര്‍ആന്റെ കല്‍പ്പന ശിരസ്സാവഹിക്കാന്‍വേണ്ടി മാത്രമാണെന്നുമാണ് ഞാനറിഞ്ഞിട്ടുള്ളത്.

അതുകൊണ്ട് തന്നെ എനിക്ക് തീര്‍ത്തു പറയാന്‍ കഴിയും നിങ്ങള്‍ ഒരിക്കലും മുസ്ലീം മതവിശ്വാസികളല്ല. അല്ലാഹുവിനെയും അവന്റെ വചനങ്ങളെ വിശ്വസിക്കുന്നവരെയും ആ വിശ്വാസത്തെയും കളങ്കപ്പെടുത്തുന്നവരാണ്. ഈ പുണ്യമാസത്തില്‍ നിങ്ങളെ കുറിച്ച് ചിന്തിച്ചത് എന്റെ വിശ്വാസ നന്മയ്‌ക്കെതിരാണ്. അല്ലാഹു അക്ബര്‍- ദൈവം മഹാനാകുന്നു

English summary
An open Letter to ISIS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X