കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു കോളം തുടങ്ങുന്നു, കുലുക്കി സര്‍ബത്തിന്റെ രുചി!

  • By Neethu B
Google Oneindia Malayalam News

മുരളീകൃഷ്ണ മാലോത്ത്

കുലുക്കി സര്‍ബത്ത് - ഓണ്‍ലൈനിലും ഓഫ്‌ലൈനിലുമുള്ള സംഭവവികാസങ്ങളെ നിരീക്ഷിക്കുകയാണ് വെബ് ജേര്‍ണലിസ്റ്റും അധ്യാപകനുമായ മുരളീകൃഷ്ണ മാലോത്ത് 'കുലുക്കി സര്‍ബത്ത്' എന്ന ഈ കോളത്തിലൂടെ.

കുലുക്കി സര്‍ബത്ത്- കേരളത്തിലെ എല്ലാ ജില്ലകളിലും താമസിച്ചിട്ടുണ്ടെങ്കിലും ഈ പറഞ്ഞ സാധനം ഒന്ന് രുചിച്ച് നോക്കാന്‍ യോഗമുണ്ടായിട്ടില്ല. കൊച്ചിയിലും കോഴിക്കോട്ടും കൊല്ലങ്ങളോളം താമസിച്ച കാലത്ത് ഇങ്ങനെ ഒരു പേര് കേട്ടിട്ടേയില്ല എന്നതാണ് ഏറ്റവും അത്ഭുതം. കുലുക്കി സര്‍ബത്ത് കുടിച്ചിട്ടില്ലെങ്കിലും മില്‍ക്ക് സര്‍ബത്ത് കുടിച്ചിട്ടുണ്ട്. ഇഷ്ടം പോലെ.

പെറ്റ നാട് മാലോത്തും പോറ്റുന്ന നാട് ബാംഗ്ലൂരും കഴിഞ്ഞാല്‍ പിന്നെ ഏറ്റവും കൂടുതല്‍ കാലം ഊട്ടിയ നാടാണ് കോഴിക്കോട്. രണ്ടാം വീട് എന്ന് പറയുന്നത് പോലുള്ള ഒരു സ്‌നേഹം കോഴിക്കോടിനോടുണ്ട്. മാനാഞ്ചിറയും ബീച്ചും ജില്ലാ ലൈബ്രറിയും മിഠായിത്തെരുവും സ്‌നേഹം വിളമ്പുന്ന മെസ്സുകളും വിപുലിന്റെ വീടും ഉപ്പിലിട്ട നെല്ലിക്കയും റഹ്മത്തിലെ ബീഫ് ബിരിയാണിയും പാളയത്തെ തട്ടുദോശയും അങ്ങനെ കോഴിക്കോടന്‍ പ്രിയങ്ങള്‍ പറഞ്ഞാല്‍ തീരുന്നതല്ല.

kulikki-sarbath3

പാരഗണ്‍ ഹോട്ടലിന് മുന്നിലാണ് മില്‍ക്ക് സര്‍ബത്ത് കട. മുക്കാല്‍ ഗ്ലാസോളം പാല്‍. കുറച്ച് സര്‍ബത്ത്. ബാക്കി ഐസ് കട്ടകള്‍. സര്‍ബത്തിലിടാനുള്ള ഐസ് കട്ടകള്‍ വെറും കയ്യില്‍ എടുത്ത് പൊട്ടിച്ച് പൊട്ടിച്ച് കൈയ്യേത് ഐസേത് എന്ന് തിരിച്ചറിയാന്‍ പറ്റാത്ത കൈകളില്‍ നിന്നും ഒരു ഗ്ലാസ്, രണ്ടു ഗ്ലാസ്, മൂന്ന് ഗ്ലാസ് എന്നിങ്ങനെ മില്‍ക്ക് സര്‍ബത്ത് കുടിക്കാത്ത ദിവസങ്ങളില്ല. കോഴിക്കോട് വിട്ടെങ്കിലും, ആസ്ത്മയോളം എത്തുന്ന ചുമ മില്‍ക്ക് സര്‍ബത്തിനെ ഓര്‍മിപ്പിച്ച് കൂടെ കൂടിയിട്ടുണ്ട്.

കോളത്തിന് കുലുക്കി സര്‍ബത്ത് എന്ന് പേരിട്ടു. കുടിച്ചിട്ടില്ലെങ്കിലും പല തരത്തിലും പല ഭാവത്തിലുമുള്ള കുലുക്കി സര്‍ബത്തുകളെ കുറിച്ച് കേട്ടിട്ടുണ്ട്. താമസിയാതെ ഒരെണ്ണം കുടിക്കും എന്നുറപ്പിച്ചിട്ടാണ് ജസ്റ്റിനെ വിളിച്ച് ഒരു കുലുക്കി സര്‍ബത്ത് ഫോട്ടോ വേണം എന്ന് പറഞ്ഞത്. കുലുക്കി സര്‍ബത്തില്‍ മായം കലര്‍ന്നിട്ടുണ്ട് എന്നൊരു പ്രചാരണത്തെ തുടര്‍ന്ന് സര്‍ബത്ത് കടകള്‍ പലതും പൂട്ടി എന്നാണ് ജസ്റ്റിന്‍ പറഞ്ഞത്. അവസാനം ബിന്‍സിയുടെ ഗൂഗിള്‍ പ്ലസില്‍ നിന്നും ചൂണ്ടിയതാണ് ഇക്കാണുന്ന ചിത്രം. അല്ലെങ്കിലും കൊക്കോ കോളയും പെപ്‌സിയും പോലുള്ള മായമില്ലാത്ത വെള്ളങ്ങളാണല്ലോ നമുക്ക് പ്രിയം.

kulikki-sarbath1

കുലുക്കി സര്‍ബത്ത് കടകള്‍ പൂട്ടിപ്പോയെന്ന് കരുതി വെറുതെയിരിക്കേണ്ട. നല്ല വെള്ളത്തില്‍ നല്ല ഐസിട്ട് വീട്ടിലുണ്ടാക്കാവുന്നതേയുള്ളൂ കുലുക്കി സര്‍ബത്ത്. നാരങ്ങ, വെള്ളം, സര്‍ബത്ത്, ഐസ്, മല്ലിച്ചപ്പ്, പുതിനയില, മുളകരച്ചത്, പിന്നെ കുറച്ച് കസ്‌കസ്, ആവശ്യത്തിന് ഉപ്പ്. ഇത്രയുമാണ് കുലുക്കി സര്‍ബത്തിന് വേണ്ട റോ മെറ്റീരിയല്‍സ്. ഇനി ഇതെങ്ങനെ മിശ്രിതമാക്കാം എന്നല്ലേ, അതിലാണ് ടെക്‌നിക്.

kulikki-sarbath2

നന്നായി കഴുകിയെടുത്ത ഒരു ഗ്ലാസിലേക്ക് നാരങ്ങ പിഴിഞ്ഞൊഴിക്കുക. തൊണ്ടും കളയണ്ട. ഗ്ലാസിലേക്ക് തന്നെ തട്ടിക്കോളൂ. മല്ലിച്ചപ്പ്, പുതിനയില, കസ്‌കസ്, സര്‍ബത്ത്, ഐസ് എന്നിവയും കൂടി ഈ ഗ്ലാസിലേക്ക് ഇടുക. വെള്ളം കൂടിയൊഴിച്ച് ഒരു ഗ്ലാസ് കൊണ്ട് കുലുക്കുക. ഈ കുലുക്കിലാണ് കുലുക്കി സര്‍ബത്തിന്റെ രുചി. പുതിനയില, മല്ലിച്ചപ്പ്, മുളക് തുടങ്ങിയവയ്ക്ക് പകരം ഇഞ്ചിനീരും പഞ്ചസാരയും പച്ചമുളകും ചേര്‍ക്കുന്നവരുമുണ്ട്. ഐസ് കട്ടയായോ പൊടിച്ചോ ചേര്‍ക്കാം. ബാക്കി വിശേഷങ്ങള്‍ കുലുക്കി സര്‍ബത്ത് കുടിച്ചുകൊണ്ടായാലോ.. അപ്പോള്‍ ബാക്കി അടുത്ത ആഴ്ച.

English summary
Kulukki Sarbath and taste of Kozhikodan Milk Sarbath. Muralikrishna Maaloth writes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X