കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഫല്ല, പുലി തന്നെയാണ് വരുന്നത്!

  • By മുരളീകൃഷ്ണ മാലോത്ത്
Google Oneindia Malayalam News

മുരളീകൃഷ്ണ മാലോത്ത്

ബീഫ് തിന്നു എന്നാരോപിച്ച് മുസ്ലിം മധ്യവയസ്‌കനെ അടിച്ചുകൊന്നത് സംഘിഫാസിസ്റ്റുകളാണോ അതോ പുലി വരുന്നേ പുലി വരുന്നേ എന്ന പഴയ പല്ലവി തന്നെയോ ഇത്. അതിവൈകാരികമായ അഭിപ്രായങ്ങളും ഹാഷ് ടാഗുകളും പുലിപ്പേടി മാറ്റുമോ എന്ന സംശയമാണ് കുലുക്കി സര്‍ബത്തില്‍ ഇത്തവണ

മൂന്നിലോ നാലിലോ പഠിക്കുന്ന സമയത്താണ്. അയലത്തെ തുണ്ടത്തില്‍ ബേബിച്ചേട്ടന്റെ വീട്ടില്‍ പോയ ഞാന്‍ തുള്ളിച്ചാടിയാണ് തിരിച്ചുവന്നത്. തുണ്ടന്‍ മീന്‍ (സ്രാവ്) കൂട്ടി ചോറുണ്ടതിന്റെ സന്തോഷമാണ്. 'അമ്മേ എനിക്ക് ചോറ് വേണ്ട, തെയ്യാമ്മച്ചേച്ചീടെ വീട്ട്ന്ന് ബെയ്ച്ചു'. 'എന്തന്നാടാ കൂട്ടാന്‍' എന്ന ചോദ്യത്തിന് ഞാന്‍ പറഞ്ഞത് 'തുണ്ടന്‍' എന്ന്, വീട്ടില്‍ കേട്ടത് കുണ്ടന്‍ (നിങ്ങളുദ്ദേശിക്കുന്ന കുണ്ടനല്ല. കാളക്കുട്ടിയുടെ പ്രാദേശിക വകഭേദമാണ് കുണ്ടന്‍. കുട്ടന്‍ എന്നും പറയും) എന്ന്. പോരേ പൂരം.

'കുണ്ടനും കൂട്ടി ചോറ് തിന്നിറ്റ് വന്നിരിക്ക്യാ നീയ്യ്. അച്ഛന്‍ കേക്കണ്ട' മുന്നറിയിപ്പ് അമ്മയുടെ വക. പക്ഷേ കിം ഫലം. ഞാന്‍ വന്നപ്പോള്‍ പറഞ്ഞത് അച്ഛന്‍ കേട്ടില്ലെങ്കിലും അമ്മയുടെ ഒടുവിലത്തെ പ്രയോഗം അച്ഛന്‍ ശരിക്കും കേട്ടു. 'ങേ എന്തന്നാടാ നീ തിന്നിറ്റ് വന്നിനേ'. 'അത് അച്ഛാ തുണ്ടന്‍'. അച്ഛന്‍ കേട്ടോണ്ട് വന്നത് കുണ്ടന്‍ എന്ന്. ഇപ്പോള്‍ ഞാന്‍ പറയുന്നു തുണ്ടന്‍ എന്നത്. 'ശരിക്കും പറയെടാ...' അച്ഛാ കുണ്ടന്‍, അല്ലച്ഛാ തുണ്ടന്‍'... പറഞ്ഞ് പറഞ്ഞ് സംഭവം എന്റെ കൈയ്യില്‍ നിന്നും വിട്ടുപോയി.

puli

കുണ്ടന്‍ കൂട്ടി ചോറ് തിന്നിറ്റ് വന്നവന്‍! ഉഗ്രപ്രതാപിയായ അച്ഛനതാ ദേഷ്യം കൊണ്ട് വിറക്കുന്നു. കുണ്ടന്‍ തിന്നതിന്റെ മാത്രമല്ല, അച്ഛനോട് കള്ളം പറയാന്‍ ശ്രമിച്ചു എന്ന ദേഷ്യം വേറെ. കുണ്ടന്‍ തിന്നിട്ട് വന്ന എന്നെ വീട്ടില്‍ കയറ്റാന്‍ പറ്റില്ല. എന്റെ തപ്പലും തടയലും കണ്ടിട്ട് തിന്നത് കുണ്ടന്‍ തന്നെയാണ് എന്ന് അച്ഛനും ഏറെക്കുറെ ഉറപ്പിട്ട മട്ടാണ്. അയലത്തെ വീട് എന്നൊക്കെ പറയുമെങ്കിലും അവിടെ എത്തണമെങ്കില്‍ അരക്കിലോറ്റമീറ്ററോളം നടക്കണം. പോയി ചോദിച്ചിട്ട് വരാനുള്ള സമയവും ഇല്ല. വേഗം എന്തെങ്കിലും ചെയ്യണം.

ചെയ്തു. കരക്ക (തൊഴുത്ത്) യില്‍ പോയി കുറച്ച് ചാണകം വാരി വരാന്‍ പറഞ്ഞു. ചാണകവെള്ളത്തില്‍ കുളിപ്പിക്കാനാകും എന്ന് കരുതി ഞാന്‍ പോയി വാരി വന്നു. ഭാഗ്യം അടി കിട്ടിയില്ലല്ലോ എന്നായിരുന്നു സമാധാനം. എന്നാല്‍ അച്ഛന്റെ മനസില്‍ വേറൊന്നായിരുന്നു. എന്നെക്കൊണ്ട് ചാണകവെള്ളം കുടിപ്പിക്കുക. അതെ, ശുദ്ധമായ തുണ്ടന്‍ തിന്ന് വന്ന എന്നെ അച്ഛന്‍ ശുദ്ധമായ ചാണകവെള്ളം കുടിപ്പിച്ച് ശുദ്ധിയാക്കി. എന്റെ പ്രതിഷേധങ്ങളൊന്നും വിലപ്പോയില്ല. സ്പൂണില്‍ കോരി രണ്ട് തവണ എന്റെ വായില്‍ ഒഴിച്ചുതന്നു. ഞാന്‍ കുണ്ടന്‍ തിന്ന പാപം കഴുകിക്കളഞ്ഞ് ശുദ്ധനായി. എന്ത് മനോഹരമായ ആചാരം അല്ലേ.

beef-3

'കുണ്ടന്‍ തിന്നവനേ', 'ചാണകവെള്ളം കുടിച്ചവനേ' എന്നൊക്കെ പിന്നീട് കുറേകാലം നാട്ടിലുള്ളവര്‍ എന്നെ കളിയാക്കിയിരുന്നു. എനിക്ക് തോന്നിയ ഭക്ഷണം കഴിക്കുന്നതില്‍ അച്ഛനെന്താ കാര്യം എന്ന് അന്നേ തോന്നിയെങ്കിലും ചാണകവെള്ളത്തിന് പുറമേ അടി കൂടി പേടിച്ച് ഒന്നും മിണ്ടിയില്ല. ശരിക്കും ഈ പറഞ്ഞ കുണ്ടന്റെ ടേസ്റ്റ് അറിയുന്നത് പിന്നെയും എത്രയോ കഴിഞ്ഞിട്ടാണ്. അത് വേറെ കാര്യം. എന്തിനായിരിക്കും ബീഫ് എന്ന് കേട്ടപ്പോള്‍ അച്ഛന്‍ അന്ന് അത്രയ്ക്കും പ്രകോപിതനായത്. മുട്ടയും ചിക്കനും കാട്ടുപന്നിയും വരെ കഴിച്ചിരുന്നവര്‍ക്ക് ബീഫിനോടെന്തായിരുന്നു പ്രശ്‌നം.

ഇന്നാണെങ്കില്‍ എളുപ്പമായിരിന്നു, അച്ഛന്‍ സംഘിയാണ് എന്ന് പറഞ്ഞാല്‍ തീരുന്ന പ്രശ്‌നമേയുള്ളൂ. രണ്ട് നേരം കുളിച്ച് മണിക്കൂറുകളോളം പ്രാര്‍ഥിക്കുന്ന അച്ഛന് ഗീത പോലെ തന്നെ ബൈബിളും ഖുറാനും പ്രിയപ്പെട്ടതായിരുന്നു. അച്ഛന്റെ അടുത്ത കൂട്ടുകാര്‍ അന്യമതസ്ഥരായിരുന്നു. കൂട്ടുകാരുടെ കാര്യത്തില്‍ അച്ഛന്‍ മതമൊന്നും നോക്കിയിരുന്നില്ല എന്നതാണ് ശരി. കീഴ്ജാതിക്കാരെ മുറ്റത്ത് മാത്രം നിറുത്തുകയും പാളയില്‍ ഭക്ഷണം കൊടുക്കുകയും ചെയ്തിരുന്ന നാട്ടില്‍ അവരെ പൂജാമുറി വരെ കയറ്റുകയും പാത്രത്തില്‍ ഭക്ഷണം വിളമ്പുകയും ചെയ്തിരുന്നു. ജീവിക്കാന്‍ രാഷ്ട്രീയമോ മതപരമായോ ആയ ചട്ടക്കൂടുകള്‍ വേണമെന്നില്ല എന്ന് പറഞ്ഞുതന്ന അച്ഛന്‍ പക്ഷേ ബീഫ് കഴിച്ചിരുന്നില്ല.

തൊണ്ണൂറുകളുടെ തുടക്കത്തില്‍ എന്റെ നാട്ടില്‍ തന്നെ ആരും സംഘി എന്ന് കേട്ടിട്ടുണ്ടോ എന്ന് കൂടി അറിയില്ല. ശരിയാണ്, മാലോത്തും പുല്ലോടിയിലും എടക്കാനത്തുമുള്ള ഹൈന്ദവ വീടുകളില്‍ അക്കാലത്ത് ബീഫ് കയറ്റിയിരുന്നില്ല. അമ്മവീട്ടിലും മറ്റ് ബന്ധുവീടുകളിലും പോയി താമസിച്ചിടത്തൊന്നും ബീഫ് കിട്ടിയിട്ടില്ല. ചിലരൊക്കെ ഹോട്ടലില്‍ പോയി ബീഫ് കഴിക്കുന്നതായി റൂമറുകളുണ്ടായി. എന്നാല്‍ അതാരും തുറന്ന് സമ്മതിച്ചിരുന്നതായി ഓര്‍മയില്ല. ഇടതുപക്ഷ പാര്‍ട്ടികളിലും കോണ്‍ഗ്രസിലും സജീവമായി പ്രവര്‍ത്തിച്ചിരുന്നവരെയും കൂടി ഉള്‍പ്പെടുത്തിയാണ് ഈ പറയുന്നത്.

beef-2

ഇടത് വലത് ഭരണവും പുരോഗമന പ്രസ്ഥാനങ്ങളുടെ നിരന്തരമായ ഇടപെടലുകളും നൂറ് ശതമാനം സാക്ഷരതയും ഉണ്ടായിരുന്ന കേരളത്തില്‍ തൊണ്ണൂറുകളില്‍ തന്നെ ഇത്തരത്തില്‍ ഒരു മനോഭാവം ഉണ്ടായിരുന്നു. അന്ന് ബി ജെ പി അധികാരത്തില്‍ വന്നിട്ടില്ല. നരേന്ദ്ര മോദി ഗുജറാത്തില്‍ പോലും ഭരണം തുടങ്ങിയിട്ടില്ല. ബാബ്‌റി മസ്ജിദ് പൊളിച്ചിട്ടില്ല. അദ്വാനി രഥയാത്ര നടത്തിയിട്ടില്ല. ആര്‍ എസ് എസിന് അയല്‍നാടുകളില്‍ പോലും വലിയ സ്വാധീനം ഉണ്ടായിരുന്നില്ല. പക്ഷേ ബീഫ് വീട്ടില്‍ കയറ്റാത്തവര്‍ അന്നും ഉണ്ടായിരുന്നു.

ഉത്തര്‍ പ്രദേശില്‍ ബീഫുമായി ബന്ധപ്പെട്ട് ഒരാളെ ജനക്കൂട്ടം അടിച്ചുകൊന്നു എന്ന് കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നാത്തതും അതുകൊണ്ടാണ്. അത്ഭുതം തോന്നുന്നില്ല എന്നതിനര്‍ഥം ഞാന്‍ അതിനെ എന്‍ഡോഴ്‌സ് ചെയ്യുന്നു എന്നല്ല. ഫേസ്ബുക്കില്‍ ഡിജിറ്റല്‍ ഇന്ത്യ പ്രൊഫൈല്‍ ചിത്രം മാറ്റിയവരെ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഇന്റര്‍നെറ്റ് ഓര്‍ഗിന്റെ പിന്തുണക്കാരാക്കുന്നു എന്ന് കേട്ടപ്പോഴും എനിക്ക് അത്ഭുതം തോന്നിയിരുന്നില്ല. വേണമെങ്കില്‍ അയാളതും ചെയ്യും എന്ന തിരിച്ചറിവ് കൊണ്ടാണത്. അല്ലാതെ അതിനെ പിന്തുണക്കുന്നത് കൊണ്ടല്ല.

ബീഫിന് രാഷ്ട്രീയമുണ്ടോ എന്ന ചോദ്യം തന്നെ എത്ര വലിയ അശ്ലീലമാണിന്ന്. ബീഫ് തിന്നു എന്നാരോപിച്ച് ഒരാളെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് തലക്കടിച്ചുകൊല്ലുക. ഒരാള്‍ എന്ത് കഴിക്കണം എന്ന് പോലും മറ്റുള്ളവര്‍ തീരുമാനിക്കുന്ന മോബോക്രസിയുടെ കാലത്താണ് ജീവിക്കുന്നത് എന്നത് തന്നെ എത്ര ഞെട്ടലുണ്ടാക്കുന്ന കാര്യമാണ്. പശുവിനെയോ കാളയെയോ ആരാധിക്കുന്നത് തന്റെ ഇഷ്ടം എന്നത് പോലെ തന്നെ അതിനെ തിന്നുകയോ തിന്നാതിരിക്കുകയോ ചെയ്യുന്നത് മറ്റുള്ളവരുടെ കാര്യം എന്ന് വെച്ചാല്‍ തീരുന്ന പ്രശ്‌നമാണിത്. അതില്‍ രാഷ്ട്രീയവും മതവും കലരുമ്പോഴാണ് ഇതിത്ര ഭീകരമാകുന്നത്.

beef-1

ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് അടിച്ചുകൊന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതില്‍ ആര്‍ ആഎസ് എസുകാരിത്ര, ബി ജെ പിക്കാരിത്ര, കോണ്‍ഗ്രസുകാരിത്ര, സംസ്ഥാനം ഭരിക്കുന്ന സമാജ്‌വാദി പാര്‍ട്ടിക്കാരിത്ര എന്ന് തരംതിരിച്ചുള്ള പട്ടിക പോലീസ് പുറത്തുവിട്ടിട്ടില്ല. എന്ന് വെച്ച് അതില്‍ ആര്‍ എസ് എസുകാരില്ല എന്നോ അതില്‍പ്പെട്ട ആളുകള്‍ അങ്ങനെ ചെയ്യില്ല എന്നോ അല്ല. അങ്ങനെ റിപ്പോര്‍ട്ടുകളില്ല എന്ന് മാത്രമാണ്. സംസ്ഥാനം ഭരിക്കുന്നത് ബി ജെ പി അല്ല. അക്രമികള്‍ക്കെതിരായ നിയമനടപടി എടുക്കുന്നതില്‍ തടസ്സങ്ങള്‍ ഒന്നുമില്ല. പക്ഷേ അത് ചെയ്തത് ആര്‍ എസ് എസുകാരാണെന്നും സംഘിഫാസിസമാണ് നടക്കുന്നതെന്നുമുള്ള ചര്‍ച്ചകളാണ് ചുറ്റും. ചര്‍ച്ചകള്‍ക്കും ഞാനെതിരല്ല.

നരേന്ദ്ര മോദിയാണ് ഇന്ത്യ ഭരിക്കുന്നത് എന്നത് കൊണ്ടുള്ള പരിഭ്രമമാണ് ചര്‍ച്ചകളില്‍ കൂടുതലായും കാണുന്നത്. പരിഭ്രമത്തില്‍ കാര്യമില്ലാതില്ല എന്നല്ല. നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ 2013 ല്‍ തുടങ്ങിയ പരിഭ്രമം. ആദ്യം നമ്മള്‍ മോദിയെ ഫേസ്ബുക്കിലെ പ്രധാനമന്ത്രി എന്ന് കളിയാക്കി. പിന്നെ മനക്കണക്ക് കൂട്ടി മോദിക്ക് ഭൂരിപക്ഷം കിട്ടില്ല എന്ന് സമാധാനിച്ചു. മോദി വരില്ല എന്ന് ഹാഷ് ടാഗിട്ട് കാംപെയ്‌നുകള്‍ നടത്തി. പക്ഷേ മോദി വന്നു. മോദി വന്നാല്‍ വര്‍ഗീയ കലാപങ്ങള്‍ നടക്കുമെന്ന് പറഞ്ഞു. അതുണ്ടായില്ല.

പുലി വരുന്നേ പുലി വരുന്നേ എന്ന കഥയിലെ പോലെയാണ് കാര്യങ്ങള്‍ പോകുന്നത്. പുലി വന്നേക്കും. രാജ്യത്തെ ജനങ്ങളുടെ മനസ്സില്‍ മനപ്പൂര്‍വമായും ആസൂത്രിതമായും വൈര്യവും സംശയവും വളര്‍ത്തിയെടുക്കപ്പെടുകയാണ് കാംപെയ്‌നുകളിലൂടെ. പക്ഷങ്ങള്‍ തിരിഞ്ഞ് നടക്കുന്ന കാംപെയ്‌നുകള്‍ക്കൊടുവില്‍ പുലി വരുമ്പോഴേക്കും പുലിയുമായി ഐക്യപ്പെട്ടുപോകാവുന്ന സ്ഥിതിയിലെത്തും ഭൂരിപക്ഷം. പുലിപ്പേടി മാറും. അതിവൈകാരികമായ അഭിപ്രായങ്ങള്‍ കൊണ്ടും ഹാഷ് ടാഗുകള്‍കൊണ്ടും പുലിയെ കടലാസുപുലിയാക്കാന്‍ പറ്റില്ല.

English summary
Muralikrishna Maaloth asks what killed the 50 year-old Mohammad Akhlaq in Uttar Pradesh? Beef or Political agenda?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X