കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരുപാട് ക്രിക്കറ്റ്, ഒരേയൊരു സേവാഗ്; വീരു എന്ന സച്ചിന്‍ രണ്ടാമന്‍

  • By Desk
Google Oneindia Malayalam News

മുരളീകൃഷ്ണ മാലോത്ത്

ടെസ്റ്റോ ഏകദിനമോ ആയിക്കോട്ടെ, അരമണിക്കൂര്‍ ക്രീസില്‍ നിന്നാല്‍ അമ്പതോളം റണ്‍സ്. ഇതായിരുന്നു സേവാഗിന്റെ കണക്ക്. അതിപ്പോ അക്തറായാലും മക്ഗ്രാത്തായാലും കണക്ക് തന്നെ. ഒരുജാതി പൂശലാണ് പഹയന്‍ - കുലുക്കി സര്‍ബത്തില്‍ ഇത്തവണ വീരേന്ദര്‍ സേവാഗാണ് താരം.

ക്രിക്കറ്റ് ഇത്രമേല്‍ വര്‍ണശബളമായിരുന്നില്ല അന്ന്. കളര്‍ ടിവി പോയിട്ട് കറണ്ടുപോലും ഇല്ലാതിരുന്ന മാലോം പുല്ലോടിയിലെ താമസക്കാലത്തെ കുറിച്ചാണ് പറയുന്നത്. പേരിനൊപ്പമുള്ള മാലോത്ത് തന്നെ ഒരു വലിയ കൊതിയാണ്. പുല്ലോടിയില്‍ നിന്നും ആറ് കിലോമീറ്റര്‍ ദൂരത്തെ വളഞ്ഞുപുളഞ്ഞ നെടുങ്കയറ്റങ്ങള്‍ക്കും ഇറക്കങ്ങള്‍ക്കും അപ്പുറമുള്ള ഒരു കൊതി. അവിടെ എത്തിയാല്‍ ടാറിട്ട റോഡുകള്‍ കാണാം. ബസുകള്‍ കാണാം, ഇഷ്ടം പോലെ അങ്ങാടികള്‍ കാണാം, ഹോട്ടലുകളും തുണിക്കടകളും കാണാം. കളര്‍ ടിവിയുള്ള വീടുകള്‍ കാണാം. നല്ല ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിക്കുന്ന കൂട്ടുകാരെ കാണാം.

ക്രിക്കറ്റ്, അത് തന്നെയാണ് ഞാന്‍ പറയാന്‍ വന്നതും. മാതൃഭൂമിയുടെ സ്‌പോര്‍ട്‌സ് മാസികകളിലും വൈകുന്നേരം മാത്രം വീട്ടിലെത്തുന്ന മനോരമ പത്രത്തിലെ സ്‌പോര്‍ട്‌സ് പേജുകളിലും പിന്നെ രാമചന്ദ്രന്‍ പിള്ളേച്ചന്റെ റബര്‍ തോട്ടത്തിലും മാത്രം ക്രിക്കറ്റ് ഒതുങ്ങിയിരുന്ന കാലം. ഉണ്ണിയേട്ടൻ, അനിയേട്ടൻ, കൃഷ്ണേട്ടൻ, ജയേട്ടൻ, സുമേഷ്, മനോജ്, ബിജു, ഗിരീഷ്... ഹാ എത്രയെത്ര കളിക്കാർ. നാട്ടുകാരിൽ ചിലർ 'മട്ടക്കണ' എന്ന് വിളിക്കും ഞങ്ങളുടെ ബാറ്റിനെ. പാവങ്ങൾ, അവർക്ക് ക്രിക്കറ്റ് അറിയില്ലല്ലോ. റബ്ബർ ടാപ്പ് ചെയ്യാൻ വെച്ച ചിരട്ടയിൽ കുളത്തിലെ വെള്ളം മുക്കിക്കുടിച്ച് 'യേ ദിൽ മാംഗേ മോർ' എന്നും 'ബൂസ്റ്റ് ഈസ് ദി സീക്രട്ട് ഓഫ് മൈ എനർജി' എന്നും പറഞ്ഞ നാളുകൾ. ഒപ്പം 98ല്‍ സച്ചിന്‍ ഷാര്‍ജയില്‍ മണല്‍ക്കാറ്റിനെ ജയിച്ചു എന്നൊക്കെ വായിച്ച അറിവേ ഉണ്ടായിരുന്നുള്ളൂ. കാരണം ലളിതം, വീട്ടില്‍ പോയിട്ട് ആ നാട്ടില്‍ തന്നെ ഒരു ടിവി ഇല്ല.

sehwag1

1999 ഇംഗ്ലണ്ട് ലോകകപ്പോടെയാണ് ക്രിക്കറ്റിന്റെ കാഴ്ചക്കാലം തുടങ്ങുന്നത്. എടക്കാനം ചാലില്‍ വലിയ പൈപ്പുകള്‍ ഫിറ്റ് ചെയ്ത് വെള്ളച്ചാട്ടമുണ്ടാക്കി കുഞ്ഞുവര്‍ക്കിച്ചേട്ടന്‍ ലോറിയുടെ ഡൈനാമോ തിരിച്ച് ബാറ്ററികള്‍ ചാര്‍ജ് ചെയ്യും. എന്നിട്ടതില്‍ മൂന്നോ നാലോ ബള്‍ബുകളും ഒരു 14 ഇഞ്ച് ബ്ലാക് ആന്‍ഡ് വൈറ്റ് ടിവിയും ഓടിക്കും. മീന്‍മുള്ള് പോലുള്ള ആന്റിന തിരിച്ച് വേണം ചാനല്‍ പിടിക്കാന്‍. എടക്കാനം, പുല്ലോടി എന്നിവിടങ്ങളില്‍ നിന്നും ഉത്സവത്തിനുള്ള ആളുണ്ടാകും കളി കാണാന്‍. തുടക്കം ആശാവഹമായിരുന്നില്ല. ദ്രാവിഡ് അര്‍ധസെഞ്ചുറി അടിച്ചിട്ടും ഇന്ത്യ ദക്ഷിണാഫ്രിക്കയോട് തോറ്റു.

സ്‌ക്രീനില്‍ ഒരഞ്ഞൂറ് വെള്ളപ്പുളളികളുണ്ടാകും. ഗാംഗുലിയോ സച്ചിനോ പന്തെങ്ങാന്‍ ഉയര്‍ത്തിയടിച്ചാല്‍ എന്റെ സാറേ, പിന്നെ ഒരു വസ്തു കാണാന്‍ പറ്റൂല. അടുത്ത മത്സരം സിംബാബ്‌വെയ്‌ക്കെതിരെ. കുഞ്ഞന്മാരാണെങ്കിലും നിര്‍ണായക മത്സരത്തിന്റെ സമ്മര്‍ദ്ദം ഇന്ത്യയ്ക്ക്. അച്ഛന്‍ മരിച്ച് നാട്ടിലേക്ക് തിരിച്ച സച്ചിന് പകരം തമിഴ്‌നാട്ടുകാരന്‍ സദഗോപന്‍ രമേശ് കളിക്കുന്നു. ജയിക്കാവുന്ന കളി ഇന്ത്യന്‍ ബാറ്റിംഗ് നിര തുലച്ചു. അവസാന ഓവറില്‍ ഹെന്‍ട്രി ഒലോങ്ക എന്ന മുടിയന്‍ ബൗളര്‍ ഇന്ത്യന്‍ വിക്കറ്റുകള്‍ ചറപറാ വീഴ്ത്തി. ഇന്ത്യ കളി തോറ്റു. ഗാലറി നിശബ്ദമായി.

sehwag2

കളി തോറ്റ രോഷം നാട്ടുകാര്‍ തീര്‍ത്തത് അതിഭീകരമായിട്ടാണ്. 'അടിച്ചുപൊളിക്കെടാ ടിവി. അവന്റെ ഒരു ലോഹകപ്പ്. ത്ഫൂ' എന്നിങ്ങനെ പോയി ആക്രോശങ്ങള്‍ - രംഗം പന്തിയല്ല എന്ന് കണ്ട കുഞ്ഞുവര്‍ക്കിച്ചേട്ടന്‍ ഒരുതരത്തില്‍ എല്ലാവരെയും പുറത്താക്കി വാതിലടച്ചു. അടുത്തത് ഇന്ത്യ - കെനിയ മത്സരം. സച്ചിന്‍ തിരിച്ചുവരുന്നു. ഇന്ത്യയ്ക്ക് ഈ കളി ജയിച്ചേ പറ്റൂ. വിയര്‍ത്ത് കുളിച്ച് ഓടിയെത്തുമ്പോള്‍ കുഞ്ഞുവര്‍ക്കിച്ചേട്ടന്റെ വീട് പൂട്ടിക്കിടക്കുന്നു. നീല പെയിന്റടിച്ച ജനലില്‍ കരിക്കട്ട കൊണ്ട് എഴുതിവെച്ചിരിക്കുന്നു - 'ഇന്ന് കളി വെക്കുന്നില്ല!

തകര്‍ന്നുപോയി എന്റെ ബാല്യം. പിന്നെ ഒരു ഓട്ടമായിരുന്നു. കിലോമീറ്ററുകളോളം ഓടി. കളിയുടെ ശബ്ദം കേട്ട ആദ്യത്തെ വീട്ടില്‍ തന്നെ ഓടിക്കയറി. ഭാഗ്യം സച്ചിന്‍ നാലാം നമ്പറിലാണ് ഇറങ്ങിയത്. ക്രീസിലെത്തിയിട്ടേ ഉള്ളൂ. ദ്രാവിഡിനൊപ്പം കലക്കന്‍ ഒരു 140 ഉം അടിച്ച് ആകാശത്ത് അച്ഛന്‍ രമേഷ് തെണ്ടുല്‍ക്കറിന് നേരെ ബാറ്റുയര്‍ത്തിയ അന്ന് ഉള്ളില്‍ കയറിക്കൂടിയതാണ് ചെക്കന്‍. ഏതാണ്ട് അതേ സമയത്ത് തന്നെയാണ് വിശ്വവിഖ്യാതമായ ആ പോസ്റ്റര്‍ ഗാലറിയില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ക്രിക്കറ്റ് ഈസ് ഔവര്‍ റിലിജിയന്‍. സച്ചിന്‍ ഈസ് ഔവര്‍ ഗോഡ്! പിന്നീടങ്ങോട്ട് ജീനിയസ് എംആര്‍എഫ് എന്നെഴുതിയ ആ ബാറ്റ് തലങ്ങും വിലങ്ങും ഷോട്ടുകള്‍ ഉതിര്‍ക്കുന്നത് കാണാന്‍ വേണ്ടി മാത്രം ഓടിയ ഓട്ടങ്ങളെത്ര, കട്ട് ചെയ്ത ക്ലാസുകളെത്ര!

വര്‍ഷം 2001. ഇന്ത്യ ശ്രീലങ്കയില്‍ ത്രിരാഷ്ട്ര കപ്പ് കളിക്കുന്നു. പരിക്ക് മൂലം സച്ചിന്‍ കളിക്കുന്നില്ല. ന്യൂസിലന്‍ഡിനെതിരെ 260ല്‍പ്പരം റണ്‍സ് ചേസ് ചെയ്യുന്നു ഇന്ത്യ. ഗാംഗുലിക്കൊപ്പം ഓപ്പണ്‍ ചെയ്യാനെത്തിയത് സച്ചിനെപോലെ തോന്നിക്കുന്ന ഒരാള്‍. പേര് വീരേന്ദര്‍ സേവാഗ്. കളി പക്ഷേ സച്ചിന്റെ അപ്പുറം നില്‍ക്കും. അടി എന്ന് പറഞ്ഞാല്‍ സ്ഫടികത്തിലെ ആട് തോമയെപ്പറ്റി പറഞ്ഞപോലെയാണ്. അടിയോടടി. ഇടിവെട്ടിയ അടി. കൈല്‍ മില്‍സിനെ ഒരോവറില്‍ നാല് തവണയാണ് ബൗണ്ടറി പറത്തിയത്. ഒരു ബൗണ്ടറി അടിച്ചാല്‍ രണ്ട് പന്ത് ചുമ്മാ മുട്ടിയേക്കണം എന്ന ദ്രവീഡിയന്‍ തിയറി ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ പ്രാക്ടീസ് ചെയ്യുന്ന കാലമാണ് എന്നോര്‍ക്കണേ. 69 പന്തിലായിരുന്നു അന്ന് സേവാഗിന് സെഞ്ചുറി.

sehwag3

ഇന്ത്യക്കാരെ കുറ്റം പറയേണ്ട കാര്യമൊന്നും ഇല്ല. റണ്‍ എ ബോള്‍ ഇന്നിംഗ്‌സ് എന്നത് വെടിക്കെട്ടായി കരുതിയിരുന്ന കാലമാണ്. ആദ്യ പത്തോവറില്‍ 40 റണ്‍സെത്തിയാല്‍ അത് തകര്‍പ്പന്‍ തുടക്കമായി. 250 കടന്നാല്‍ കൂറ്റന്‍ സ്‌കോറായി. ആറോവര്‍ പവര്‍ പ്ലേ കൊണ്ട് 100 ലെത്തുന്ന ട്വന്റി 20ക്കളിയല്ലല്ലോ അന്ന്. ഷാഹിദ് അഫ്രീദിയെന്നൊരുത്തന്‍ മുപ്പത്തിച്ചില്വാനം പന്തുകളില്‍ സെഞ്ചുറിയടിച്ചത് ലോകത്തിലെ എട്ടാമത്തെ അത്ഭുതം പോലെ ആഘോഷിച്ചിരുന്ന കാലം. എന്നാല്‍ പാവങ്ങളുടെ സച്ചിനായി സേവാഗ് അവതരിച്ചതോടെ കളി മാറി. കളിയുടെ വേഗം മാറി. അതെ ക്രിക്കറ്റ് കളി തന്നെ മാറി. ഏകദിനത്തില്‍ മാത്രമല്ല ടെസ്റ്റിലും. ഇന്നിപ്പോള്‍ സേവാഗ് വിരമിക്കുന്നതൊന്നും ഒരു വാര്‍ത്തയല്ല, ഏതാണ്ട് 2 വര്‍ഷമായി വീരു ഒരു അന്താരാഷ്ട്ര മത്സരം കളിച്ചിട്ട്.

അരമണിക്കൂര്‍ ക്രീസില്‍ നിന്നാല്‍ അമ്പതോളം റണ്‍സ്. ഇതായിരുന്നു സേവാഗിന്റെ കണക്ക്. അതിപ്പോ ഡൊണാള്‍ഡായാലും അക്തറായാലും മക്ഗ്രാത്തായാലും മുരളിയായാലും സേവാഗിനെല്ലാം ഒരുപോലെ. ഓഫ് സ്റ്റംപിന് പുറത്ത് പന്ത് വീണോ, കണ്ണ് ചിമ്മിത്തുറക്കുമ്പോഴേക്കും ബൗണ്ടറിയെത്തിയിരിക്കും. ഓഫ് സ്റ്റംപിന് പുറത്ത് ഒരു ഗുഡ് ലെംഗ്ത് പന്തെറിഞ്ഞ് ബൗളര്‍ ആശ്വസിക്കുമ്പോള്‍ അതിനെ സ്‌ക്വയര്‍ കട്ട് ചെയ്ത് ബൗണ്ടറിയിലെത്തിച്ച് ചിരിക്കുന്നുണ്ടാകും വീരു. മമ്മൂട്ടി ഫാന്‍സ് ദുല്‍ഖര്‍ സല്‍മാനെ ഒരു കാര്യവുമില്ലാതെ സ്‌നേഹിച്ചത് പോലെ സച്ചിന്‍ ഫാന്‍സായ ഞങ്ങള്‍ സേവാഗിനെയും ഏറ്റെടുത്തു. സച്ചിന്‍ ഔട്ടായാലും സേവാഗ് ക്രീസിലുണ്ടെങ്കില്‍ ടിവി ഓഫാകാതായി. എന്നല്ല, സേവാഗിനൊപ്പം ബാറ്റ് ചെയ്യുമ്പോള്‍ പലപ്പോഴും സച്ചിന്റെ ഉയരം പിന്നെയും കുറഞ്ഞ് തോന്നി.

ഒരു പൂ മാത്രം ചോദിച്ചു, ഒരു പൂക്കാലം നീ തന്നു എന്ന പാട്ട് പോലായിരുന്നു പിന്നത്തെ കുറെ വര്‍ഷങ്ങള്‍. സച്ചിനൊപ്പം അസാധ്യ പാര്‍ട്ണര്‍ഷിപ്പുകള്‍ ഉണ്ടാക്കിയിരുന്ന ദാദ സേവാഗിന് വേണ്ടി തന്റെ ഓപ്പണര്‍ സ്ഥാനം വിട്ടുകൊടുത്തു. ഒരറ്റത്ത് ഇരുത്തം വന്ന സാക്ഷാല്‍ സച്ചിന്‍. മറ്റേയറ്റത്ത് സേവാഗെന്ന ഉശിരന്‍ സച്ചിന്‍. അസാധ്യമായ കണ്‍ - കൈ സമന്വയമായിരുന്നു സേവാഗിന്റെ കരുത്ത്. 40 കഴിഞ്ഞാല്‍ 50 എത്തുന്നത് വരെയും 85 കഴിഞ്ഞാല്‍ 100 എത്തുന്നത് വരെയും ബൗണ്ടറിയടിക്കരുത് എന്ന എഴുതിവെക്കാത്ത നിയമത്തെ 90 ലും 99ലും 190 ലും നില്‍ക്കേ തുടരന്‍ സിക്‌സറുകള്‍ അടിച്ച് സേവാഗ് ഞെട്ടിച്ചു.

sehwag4

കണക്കുകള്‍ കൂടി പറയാതെ പറ്റില്ല. പ്രത്യേകിച്ചും ടെസ്റ്റില്‍ 82നും ഏകദിനത്തില്‍ 104നും മുകളില്‍ നില്‍ക്കുന്ന ആ സ്‌ട്രൈക്ക് റേറ്റ്. വസിം ജാഫര്‍, ആകാശ് ചോപ്ര എന്നിങ്ങനെ ഒന്നിച്ച് ഓപ്പണ്‍ ചെയ്യാനെത്തിയവര്‍ അക്കൗണ്ട് തുറക്കുമ്പോഴേക്കും സേവാഗ് മുപ്പതുകളിലെത്തിക്കാണും. 104 ടെസ്റ്റില്‍ നിന്നായി 8586 റണ്‍സും 251 ഏകദിനത്തില്‍ നിന്നായി 8273 റണ്‍സുകളുമാണ് സേവാഗിന്റെ സമ്പാദ്യം. ആകെ മൊത്തം 38 സെഞ്ചുറികളും 60 ഫിഫ്റ്റികളും. പാര്‍ട് ടൈം ഓഫ് സ്പിന്നെറിഞ്ഞ് 227 വിക്കറ്റുകളും സേവാഗ് വീഴ്ത്തി. ട്വന്റി 20 ക്രിക്കറ്റ് എന്നത് സേവാഗിന് തന്റെ ടെസ്റ്റ്, ഏകദിന ഇന്നിംഗ്‌സുകളുടെ സ്വാഭാവിക എക്സ്റ്റന്‍ഷന്‍ മാത്രമായിരുന്നു.

സേവാഗിന് ഫുട് വര്‍ക്കില്ല, ടെക്‌നിക്ക് മോശം എന്നൊക്കെ പറഞ്ഞ ക്രിക്കറ്റ് പണ്ഡിറ്റുകള്‍ അന്നും ഉണ്ടായിരുന്നു. എന്നാല്‍ കാലനക്കാതെ തന്നെ സേവാഗ് ഷോട്ടുകള്‍ കളിച്ചു.ഒന്നും രണ്ടുമല്ല ഒരു വ്യാഴവട്ടക്കാലം മുഴുവന്‍. ദ്രാവിഡും ലക്ഷ്മണും സച്ചിനും ഗാവസ്‌കറും മുട്ടുകുത്തി നിന്നിട്ടും എത്താത്ത ട്രിപ്പിള്‍ സെഞ്ചുറി വീരു രണ്ട് വട്ടം അടിച്ചു. സച്ചിനല്ല അക്കാര്യത്തില്‍ ഒരു ലാറയാണ് സേവാഗ്. റണ്ണൗട്ടാക്കിയ സഹതാരത്തെയും അപ്പീല്‍ ചെയ്യുന്ന എതിര്‍ടീമിനെയും അസഭ്യം പറയാതെ ഒന്നാന്തരമൊരു ജെന്റില്‍മാനായി മാത്രം കളിച്ചു. കളിക്കിടെ എതിര്‍കളിക്കാരുടെ തോളത്ത് തട്ടി. അംപയര്‍മാരോട് കുശലം പറഞ്ഞു. 99ല്‍ പുറത്തായി തിരിച്ചുനടക്കുമ്പോഴും സെഞ്ചുറി നഷ്ടത്തിന്റെ വേദനയൊന്നും കൂടാതെ പുഞ്ചിരിച്ചു.

ഒരു ഉദാഹരണം കൂടി പറഞ്ഞിട്ട് നിര്‍ത്താം, വര്‍ഷം 2003. ഇന്ത്യ അഡിലെയ്ഡില്‍ മൂന്നാം ടെസ്റ്റ് കളിക്കുന്നു. സച്ചിന്‍ പൂജ്യത്തിന് പുറത്തായി. സേവാഗ് 195ലും. ഫുള്‍ടോസ് പന്തില്‍ ലോംഗ് ഓണില്‍ ക്യാച്ച് നല്‍കി തിരിച്ചുവരുന്ന സേവാഗിനോട് ചോദ്യം. അനാവശ്യമായ ഷോട്ടായിരുന്നില്ലേ അത്. ഉത്തരം ഇങ്ങനെ - തൊട്ടുമുമ്പത്തെ പന്തില്‍ അതേ പന്ത് ഞാന്‍ സിക്‌സറിച്ചത് നിങ്ങള്‍ കണ്ടതല്ലേ. ഈ ഇന്നിംഗ്‌സ് മുഴുവന്‍ ഞാനിങ്ങനെയാണ് കളിച്ചത്. പിന്നെ ഇത് മാത്രം എങ്ങനെ അനാവശ്യഷോട്ടാകും? - ഇതായിരുന്നു സേവാഗ്. ചിലപ്പോള്‍ തോന്നും സച്ചിന്‍ തന്റെ ആത്മകഥയ്ക്ക് പേരിട്ടത് സേവാഗിന്റെ കളി കണ്ടിട്ടാണ് എന്ന് - പ്ലെയിംഗ് ഇറ്റ് മൈ വേ. നിങ്ങള്‍ എന്ത് വേണമെങ്കിലും പറഞ്ഞോളൂ.... വിരമിക്കുമ്പോള്‍ സേവാഗിന് പറയാനുള്ളതും അത് തന്നെ - സോറി, ഇത്രയും കാലം നിങ്ങള്‍ പറഞ്ഞ പോലെ കളിക്കാത്തതിന്!

English summary
Muralikrishna Maaloth writes about Virendar Sehwag style of cricket and his retirement from international cricket.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X