• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശബരിമലയില്‍ ആര് വാഴും? പത്തനംതിട്ട ഇത്തവണ ബിജെപി പിടിക്കുമോ? ത്രികോണ മത്സരത്തിന് തയ്യാര്‍

ആറന്മുള ക്ഷേത്രവും ശബരിമല ക്ഷേത്രവും എല്ലാം ഉള്‍പ്പെടുന്ന ലോക്‌സഭ മണ്ഡലം ആണ് പത്തനംതിട്ട. കഴിഞ്ഞ കുറേ നാളുകളായി ബിജെപിയുടേയും സംഘപരിവാര്‍ സംഘടനകളുടേയും ശക്തമായ പോരാട്ടങ്ങള്‍ നടക്കുന്ന സ്ഥലം. ഇന്ന് നാം പരിശോധിക്കുന്നത് പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തിന്റെ ചരിത്രവും രാഷ്ട്രീയ സാധ്യതകളും ആണ്.

2008 മണ്ഡല പുന:നിര്‍ണയത്തിലാണ് പത്തനംതിട്ട ലോക്‌സഭ മണ്ഡലം നിലവില്‍ വരുന്നത്. പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളും കോട്ടയം ജില്ലയിലെ രണ്ട് മണ്ഡലങ്ങളും കൂടി ചേര്‍ന്നതാണ് മണ്ഡലം. 2009 ലെ രൂപീകരണം മുതല്‍ കോണ്‍ഗ്രസിന്റെ കുത്തകയാണ് പത്തനംതിട്ട.

കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, അടൂര്‍, തിരുവല്ല, റാന്നി, ആറന്മുള, കോന്നി എന്നീ നിയമസഭ മണ്ഡലങ്ങളാണ് പത്തനംതിട്ടയുടെ പരിധിയില്‍ വരുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇതില്‍ നാല് മണ്ഡലങ്ങളും എല്‍ഡിഎഫിനൊപ്പം ആയിരുന്നു. ഒരു മണ്ഡലം കോണ്‍ഗ്രസിനും ഒന്ന് കേരള കോണ്‍ഗ്രസ് എമ്മിനും മറ്റൊന്ന് പിസി ജോര്‍ജ്ജിനും എന്നതാണ് നിലവിലെ സ്ഥിതി.

നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിന്റെ കണക്കെടുത്താല്‍ ഇത്തവണ ഇടതുപക്ഷത്തിന് നേരിയ മുന്‍തൂക്കമുള്ള മണ്ഡലം എന്ന് വേണമെങ്കില്‍ വിലയിരുത്താം. എന്നാല്‍ നിലവിലെ സ്ഥിതിഗതികള്‍ എല്‍ഡിഎഫിനെ സംബന്ധിച്ച് തീരെ ആശാവഹവും അല്ല.

2009 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രംഗത്തിറക്കിയത് ആന്റോ ആന്റണിയെ ആയിരുന്നു. എതിരാളിയായി എത്തിയത് സിപിഎമ്മിന്റെ കെ അനന്തഗോപനും. തിരഞ്ഞെടുപ്പില്‍ 111,206 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അന്ന് ആന്റോ ആന്റണി വിജയിച്ചത്.

2014 ല്‍ എത്തിയപ്പോള്‍ സിപിഎം കുറച്ചുകൂടി തന്ത്രപരമായ നിലപാട് സ്വീകരിച്ചു. കോണ്‍ഗ്രസില്‍ നിന്ന് പിണങ്ങിപ്പോന്ന മുൻ ഡിസിസി പ്രസിഡന്റ് പീലിപ്പോസ് തോമസിനെ ആന്റോ ആന്‌റണിയ്‌ക്കെതിരെ രംഗത്തിറക്കി. പക്ഷേ, അപ്പോഴും ജനപിന്തുണ ആന്റോയ്ക്ക് തന്നെ ആയിരുന്നു. ഭൂരിപക്ഷം അല്‍പം കുറഞ്ഞെങ്കിലും 56,191 വോട്ടിന്റെ വ്യത്യാസത്തിലാണ് ആന്റോ വിജയിച്ചത്.

മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട ആളാണ് ആന്റോ ആന്റണി. പാര്‍ലമെന്റിലെ പ്രവര്‍ത്തനങ്ങളും ശരാശരിക്ക് മുകളിലാണ്. എന്നാല്‍ പങ്കെടുത്ത ചര്‍ച്ചകളുടെ എണ്ണം വെറും 75 മാത്രമാണ്. സംസ്ഥാന ശരാശരി 135 ഉം ദേശീയ ശരാശരി 63.8 ഉം ആണ്. ഒരു സ്വകാര്യ ബില്‍ ആണ് അവതരിപ്പിച്ചിട്ടുള്ളത്. 620 ചോദ്യങ്ങള്‍ സഭയില്‍ ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സംസ്ഥാന ശരാശരിയേയും ദേശീയ ശരാശരിയേയും വെല്ലുന്ന പ്രകടനം ആണ് ആന്റോ ആന്റണി കാഴ്ചവച്ചിട്ടുള്ളത്.

ഇനി മണ്ഡലത്തിന്റെ നിലവിലെ സാഹചര്യങ്ങള്‍ ഒന്ന് കൂടി പരിശോധിക്കാം.

കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ള ബിജെപി ശക്തമായ സ്വാധീനം ഉണ്ടാക്കിയ മണ്ഡലങ്ങളില്‍ ഒന്നാണ് പത്തനംതിട്ട. 2009 ലെ തിരഞ്ഞെടുപ്പില്‍ വെറും 7.1 ശതമാനം വോട്ടുകള്‍ മാത്രമായിരുന്നു ബിജെപിയ്ക്കുണ്ടായിരുന്നത്. എന്നാല്‍ 2014 ല്‍ എത്തിയപ്പോള്‍ അത് 16 ശതമാനം ആയി. ഇരട്ടിയിലധികം ആണ് വര്‍ദ്ധന. ആറന്മുള വിമാനത്താവള വിരുദ്ധ സമരം ആയിരുന്നു അന്ന് ബിജെപിയ്ക്ക് ജനപിന്തുണയേറ്റിയത്.

എന്നാല്‍ ഇത്തവണ ബിജെപിയ്ക്ക് മുന്നിലുള്ള സാധ്യതകള്‍ കൂടുതാണ്. ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിനെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ഒരുപരിധി വരെ ബിജെപിയ്ക്ക് സാധിച്ചിട്ടുണ്ട്. ഇതിന്റെ ഒരു ലിറ്റ്മസ് ടെസ്റ്റ് തന്നെ ആയിരിക്കും ഇത്തവണ പത്തനംതിട്ടയില്‍ സംഭവിക്കുക. സ്ഥാനാര്‍ത്ഥിയായി ആരെത്തും എന്നത് മാത്രമേ ഇനി അറിയേണ്ടതുള്ളൂ.

നിയമസഭ തിരഞ്ഞെടുപ്പില്‍ അനുകൂല സാഹചര്യം ഉണ്ടെങ്കിലും പത്തനംതിട്ട പിടിക്കുക സിപിഎമ്മിനെ സംബന്ധിച്ച് എളുപ്പമല്ല. കഴിഞ്ഞ തവണ ഈ സീറ്റ് ആര്‍എസ്പിയ്ക്ക് നല്‍കി എന്‍കെ പ്രേമചന്ദ്രനെ അനുനയിപ്പിക്കാന്‍ കഴിഞ്ഞ തവണ നടത്തിയ ശ്രമം പാളിയിരുന്നു. ഇതിന്റെ ഫലമായി അന്ന് ഇടതുപക്ഷത്തിന് കൊല്ലം സീറ്റും നഷ്ടപ്പെട്ടു. ഇത്തവണ സിപിഎം സ്വന്തം ചിഹ്നത്തില്‍ തന്നെ ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമോ എന്നാണ് അറിയേണ്ടത്.

ശബരിമല വിഷയം ബിജെപിയ്ക്ക് അനുകൂലമായി മാറുമ്പോള്‍, അത് തിരിച്ചടിയാകാന്‍ സാധ്യതയുള്ളത് കോണ്‍ഗ്രസ്സിനാണ്. വിശ്വാസ സംരക്ഷണത്തിന് കോണ്‍ഗ്രസ് പ്രാമുഖ്യം നല്‍കുന്നുണ്ടെങ്കിലും സമരമുഖം കൈയ്യടക്കിയത് ബിജെപി തന്നെ ആയിരുന്നു. എന്നാലും പിസി ജോര്‍ജ്ജിന്റെ യുഡിഎഫിലേക്കുള്ള തിരിച്ചുവരവ് കോണ്‍ഗ്രസ്സിന് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചേക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

English summary
Pathanamthitta Lok Sabha Constituency: MP Performance Report in 16th Lok Sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X