കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പര്‍ദ്ദയ്ക്കുള്ളിലെ പാതിവ്രത്യചിന്ത

  • By ഫര്‍ഹാന ബഷീര്‍
Google Oneindia Malayalam News

എല്ലാ സമൂഹത്തിലും സ്ത്രീയുടെ പാതിവ്രത്യത്തെക്കുറിച്ച് പുരുഷന്‍ ആശങ്കാകുലനാണ്. സ്ത്രീ തക്കം നോക്കിയാല്‍ കാമുക-ജാരസംസര്‍ഗത്തിന് മുതിരുമെന്ന പുരുഷമനസിന്റെ ഭയവും സംശയവുമാണ് ഇതിന് പിന്നിലുള്ളത്. തന്റെ ലൈംഗീക-കായികശേഷിയെക്കുറിച്ചുള്ള പുരുഷന്റെ സംശയവും ആത്മവിശ്വാസക്കുറവും പാതിവ്രത്യഭീതി വര്‍ദ്ധിപ്പിക്കും.

Parda-Jeans

സ്വന്തം ലൈംഗീകാവയവത്തിന്റെ കരുത്തിനെക്കുറിച്ചും വലിപ്പത്തെക്കുറിച്ചുമുള്ള ആത്മവിശ്വാസക്കുറവും അതില്‍നിന്നുണ്ടാകുന്ന പ്രത്യേകതരം മാനസികാവസ്ഥയും തന്റെ ഇണയുടെ അല്ലെങ്കില്‍ സ്ത്രീ സമൂഹത്തിന്റെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യും. ഇത്തരം ഭീതികളേറെയുള്ള സമൂഹത്തിലും സമുദായത്തിലുമാണ് സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളും കയ്യേറ്റങ്ങളും ലൈംഗീക അരാജത്വവും കൂടുതലായുണ്ടാകുന്നത്. കേരളത്തില്‍ ബസുകളിലും ട്രെയിനുകളിലും പൊതു ഇടങ്ങളിലും സ്ത്രീകള്‍ക്ക് മേല്‍ നടക്കുന്ന കയ്യേറ്റങ്ങളും ചാരിനില്‍ക്കലുകളും തലോടലുകളും ഇതിനുദാഹരണമാണ്. സദാചാരബോധത്തിന്റെയും സന്മാര്‍ഗജീവിതത്തിന്റെയും മതബോധനത്തിന്റെയും അഭാവം മൂലമാണോ ഷഹീദ് ബാവയുടെയും നസീര്‍ അഹമ്മദിന്റെയും കൊലപാതകങ്ങള്‍ നമ്മുടെ നാട്ടിലുണ്ടായത്?

ശരീരം പൊതിഞ്ഞ് കണ്ണ് മാത്രം പുറത്തുകാട്ടി പുരുഷസമൂഹത്തില്‍ നില്‍ക്കേണ്ടി വരുന്ന സ്ത്രീയുടെ അവസ്ഥ യഥാര്‍ത്ഥത്തില്‍ സുരക്ഷിതത്വത്തിന്റേതല്ല, മറിച്ച് അരക്ഷിതാവസ്ഥയുടേതാണ്. പരപുരുഷന്‍ എപ്പോഴും അക്രമാസക്തനാണെന്നും പെണ്ണിന്റെ കണ്ണൊഴികെയുള്ള ഏതെങ്കിലും അവയവം പുറത്തു കണ്ടാല്‍ അവന്‍ ചാടിവീണ് ബലാല്‍സംഗത്തിന് മുതിരുമെന്നുമുള്ള മാനസികാവസ്ഥയല്ലേ യഥാര്‍ത്ഥത്തില്‍ സ്ത്രീയെ പൊതിഞ്ഞുകെട്ടി നടത്തുന്നതിന് പിന്നിലുള്ള ചേതോവികാരം. ഇത് യഥാര്‍ത്ഥത്തില്‍ കടുത്ത സംശയരോഗം തന്നെയാണ്. ഭാര്യയെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട് താക്കോല്‍ സ്വന്തം പോക്കറ്റില്‍ കൊണ്ടുനടക്കുന്ന പുരുഷന്മാരുടെ മാനസീകാവസ്ഥയുടെ വേറൊരുപതിപ്പ് തന്നെയാണ് സ്ത്രീ ശരീരത്തെ കറുപ്പിനുള്ളില്‍ പൊതിഞ്ഞുകെട്ടിച്ച് നടത്തുന്നതിന് പിന്നിലുള്ളതും. ന്യായീകരണത്തിനായി മതത്തെയും സംസ്‌കാരത്തെയും കൂട്ടുപിടിക്കുകയാണിവര്‍. ഇത് കൂടിയതരം മാനസിക ചികിത്സ ആവശ്യപ്പെടുന്ന രോഗം തന്നെയാണ്.

പുരുഷകേന്ദ്രീകൃതമായ സമൂഹങ്ങളും മതങ്ങളും എല്ലാക്കാലത്തും ഇതേ ചിന്ത വച്ചുപുലര്‍ത്തിയതായി ചരിത്രം സാക്ഷിയാണ്. മധ്യകാലഘട്ടത്തില്‍ ക്രൈസ്തവ സഭയിലും ഇത്തരത്തിലുള്ള സമ്പ്രദായങ്ങള്‍ നിലനിന്നിട്ടുണ്ട്. ഇതിനെതിരെ പ്രതികരിക്കുന്ന സ്ത്രീകളെ പിശാച് ബാധിതരെന്ന് മുദ്രകുത്തി തീയിലിട്ട് ചുട്ടുകൊല്ലുന്ന തരം പ്രാകൃതാവസ്ഥ ആ മതത്തിലുമുണ്ടായിരുന്നു. നവീകരണപ്രസ്ഥാനങ്ങളുടെയും വ്യാവസായിക വിപ്ലവത്തിന്റെയും കാലത്ത് യൂറോപ്യന്‍ ജനത തന്റെ ജീവിതത്തില്‍ നിന്ന് മതത്തെ കുറെശ്ശെയായി കുടിയൊഴിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് ക്രൈസ്തവമതം പ്രത്യേകിച്ച് കത്തോലിക്കാ മതം നവീകരണത്തിന്റെ പാത സ്വീകരിക്കാന്‍ നിര്‍ബന്ധിതമായത്.

മധ്യകാലത്ത് യൂറോപ്പിലെ വലിയ പ്രഭുകുടുംബങ്ങളില്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളുടെ ചാരിത്ര്യസംരക്ഷണത്തിനായി സഭയുടെ അംഗീകാരതതോടെ തന്നെ ചാസ്റ്റിറ്റി ബെല്‍റ്റ് (ചാരിത്ര്യഉറകള്‍) ധരിപ്പിച്ചിരുന്നു. എന്നാല്‍ ഈ സമൂഹത്തില്‍ തന്നെയാണ് ഏറ്റവും വലിയ െൈലംഗീക അരാജകത്വം നടന്നതെന്ന് ജിയോവാനി ബൊക്കാച്ചിയോയുടെ ഡെക്കാമറണ്‍ കഥകള്‍ പോലെയുള്ള കൃതികള്‍ വെളിപ്പെടുത്തുന്നുണ്ട്. ക്രൈസ്തവ സഭ ആധിപത്യം പുലര്‍ത്തിയിരുന്ന ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും സ്ത്രീകളുടെ പാതിവ്രത്യം സംരക്ഷിക്കാന്‍ ലോഹ അടിവസ്ത്രങ്ങള്‍ ധരിപ്പിച്ചിരുന്നതായി മാര്‍കേസ് ഉള്‍പ്പെടെയുള്ള എഴുത്തുകാരുടെ കൃതികളില്‍ കാണാം.

ഒരു പ്രത്യേക കാലഘട്ടത്തില്‍, സംസ്‌കാരത്തെയും ജനതയെയും മുന്നില്‍ക്കണ്ട് എഴുതപ്പെട്ട പ്രമാണങ്ങളുടെ പേരില്‍ ആധുനികോത്തര കാലത്ത് വസ്ത്രധാരണരീതിയില്‍ വരെ കടുംപിടുത്തം പിടിക്കുന്ന സമൂഹം എത്രത്തോളം പരിഷ്‌കൃതമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും മതത്തിന്റെ പേരില്‍ സാധാരണ ജനതയെ അടിച്ചമര്‍ത്തുന്ന തീവ്രവാദശക്തികളുടെ സാംസ്‌കാരിക-സാമൂഹിക ജീവിതം മാധ്യങ്ങള്‍ വഴി നാം കാണുന്നുണ്ട്. മലലായ് യൂസഫായ് എന്ന പിഞ്ചുബാലികയെ പോലും കടുത്ത ശത്രുവായിക്കണ്ട് വെടിയുണ്ട കൊണ്ട് പകരം ചോദിക്കുന്നവരും ഇതേ ചിന്താഗതി വച്ചുപുലര്‍ത്തുന്നവര്‍ തന്നെയാണ്. യഥാര്‍ത്ഥത്തില്‍ വസ്ത്രധാരണമല്ല മറിച്ച് സമൂഹത്തിന്റെ മാനസികാവും സാംസ്്കാരികവുമായ അവസ്ഥയാണ് ഉയരേണ്ടത്.

ഒരു കാര്യം വ്യക്തമാണ്. മനുഷ്യശരീരത്തില്‍ വികാരങ്ങള്‍ ഏറ്റവുമധികം പ്രതിഫലിപ്പിക്കുന്ന അവയവങ്ങളില്‍ പ്രമുഖ സ്ഥാനം കണ്ണിന് തന്നെയാണ്. ക്ലാസിക്കല്‍ കലകള്‍ പഠിക്കുമ്പോള്‍ കണ്ണുകൊണ്ടുള്ള അഭിനയത്തിന് പ്രാധാന്യം നല്‍കുന്നതും ഇതുകൊണ്ട് തന്നെയാണ്. ആണും പെണ്ണും തമ്മിലുള്ള ആശയവിനിമയം തീവ്രമായി നടക്കുന്നത് കണ്ണുകളിലൂടെയാണെന്ന് കാളിദാസനെപ്പോലുള്ള എഴുത്തുകാര്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ എഴുതിവച്ചിട്ടുണ്ട്. മതപ്രമാണികള്‍ ഇക്കാര്യം കൂടിയറിഞ്ഞാല്‍ പര്‍ദ്ദ കൂടാതെ കറുത്ത റെയ്ബാന്‍ ഗ്ലാസ് കൂടി വയ്‌ക്കേണ്ടി വരും പാവം വനിതകള്‍.

ലോകത്തെ എല്ലാ മതങ്ങളും പുരുഷന്മാരുടേതാണ്, പുരുഷകേന്ദ്രീകൃതമാണ്. അധികാരവും മതവും ദൈവവും കയ്യടക്കിയ പുരുഷസമൂഹം എല്ലാ സംസ്‌കാരങ്ങളിലും സ്ത്രീയെ നീച ജാതിയായാണ് കരുതുന്നത്. മതപ്രമാണങ്ങളും ആചാരാനുഷ്ഠാനങ്ങളും ഉണ്ടാക്കുമ്പോള്‍ സ്ത്രീയുടെ അഭിപ്രായവും ഭാഗവും നിരാകരിക്കപ്പെടുക തന്നെയാണ് എല്ലായിടത്തും. അതിനാലാണ് മത-വിശ്വാസപ്രമാണങ്ങളിലെല്ലാം കടുത്ത സ്ത്രീവിരുദ്ധത മുഴച്ചുനില്‍ക്കുന്നത്. അതിനാലാണ് സ്ത്രീയുടെ വസ്ത്രധാരണത്തിലുള്‍പ്പെടെ പുരുഷന്റെ മാത്രം ഇംഗിതവും ഇടപെടലും ശക്തമായുള്ളത്.

പര്‍ദ്ദയില്‍ ശരീരം പൊതിഞ്ഞ് നടക്കുന്ന മുസ്ലീം സ്ത്രീ ഏത് പുരുഷനെയാണ് ഭയക്കുന്നത്? സ്വന്തം വീട്ടിലെയും സമുദായത്തിലെയും പുരുഷനെയോ? അതോ അന്യജാതി പുരുഷനെയോ? അക്രമം നടത്താന് കരുതിക്കൂട്ടി വരുന്ന പുരുഷന് പര്‍ദ്ദ ഒരു തടസമാണോ? സ്ത്രീകള്‍ പൂര്‍ണ സമ്മതത്തോടെയാണോ പര്‍ദ്ദ ധരിക്കുന്നത്? ഇത്തരം ചോദ്യങ്ങള്‍ വികാരം മാറ്റിവച്ച് ജനാധിപത്യപരമായ രീതിയിലുള്ള ചര്‍ച്ചയ്ക്ക് പ്രസക്തി ഏറെയുണ്ട്.

വിഷയവുമായി ബന്ധപ്പെട്ട് ലേഖനമെഴുതാന്‍ ആഗ്രഹിക്കുന്നവര്‍ ഇമെയില്‍ അയയ്ക്കുക.

English summary
Is female modesty and decorum as well as concepts of family honor are essential to the parda or restriction and restraint for women in virtually every aspect of life or its part of man's supremacy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X