കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തിനാണീ ലോങ് മാർച്ച്? അങ്ങനെ ചോദിക്കുന്നെങ്കിൽ നിങ്ങൾ വായിക്കണം, സുസ്മേഷ് ചന്ദ്രോത്തിന്റെ കുറിപ്പ്

  • By Desk
Google Oneindia Malayalam News

കര്‍ഷക ആത്മഹത്യകള്‍ ഇന്ത്യയില്‍ പുതുമയുള്ള വാര്‍ത്തയൊന്നും അല്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആയിരക്കണക്കിന് കര്‍ഷകരാണ് ആത്മഹത്യ ചെയ്തിട്ടുള്ളത്. ഒരുകാലത്ത് കര്‍ഷക ആത്മഹത്യകള്‍ വലിയ വാര്‍ത്താ തലക്കെട്ടുകള്‍ ആയിരുന്നു. എന്നാല്‍ ഇന്ന് അത് ഒറ്റക്കോളം വാര്‍ത്തപോലും അല്ല. വിദര്‍ഭയിലെ കര്‍ഷക ആത്മഹത്യകള്‍ ആഘോഷിച്ചിരുന്നവര്‍ ഇപ്പോള്‍ നിശബ്ദരാണ്.

എന്നാല്‍ മഹാരാഷ്ട്രയില്‍ ഇപ്പോള്‍ നടക്കുന്ന കര്‍ഷക സമരത്തെ അത്ര നിസാരമായി കാണാന്‍ കഴിയില്ല. ഒരുപക്ഷേ, അടുത്തിടെ രാജ്യം നേര്‍സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ കര്‍ഷക സമരം തന്നെ ആണത്. എന്നാലും മുഖ്യധാരാ മാധ്യമങ്ങള്‍ ആ സമരത്തെ അവഗണിച്ചുകൊണ്ടിരിക്കുകയാണ്.

എന്തിനാണ് ഈ സമരം എന്ന് പോലും മനസ്സിലാക്കാന്‍ തയ്യാറല്ലാത്ത മധ്യവര്‍ഗ്ഗമാണിവിടെ ഉള്ളത്. അവര്‍ക്ക് ഊഹിക്കാന്‍ പോലും ആകില്ല ഇങ്ങനെ ഒരു സമരത്തെ കുറിച്ച്. അങ്ങനെയുള്ളവര്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ടതാണ് ഈ കുറിപ്പ്. എഴുത്തുകാരനായ സുസ്മേഷ് ചന്ദ്രോത്ത് ഫേസ്ബുക്കില്‍ എഴുതിയതാണിത്.

നിങ്ങള്‍ക്ക് എല്ലാം ഉണ്ട്

നിങ്ങള്‍ക്ക് എല്ലാം ഉണ്ട്

നിങ്ങള്‍ക്ക് കുടിക്കാന്‍ വെള്ളം കിട്ടുന്നു. നിങ്ങള്‍ക്ക് ഫ്‌ളഷ് ചെയ്തു രസിക്കാനുള്ളത്ര വെള്ളം കിട്ടുന്നതിനാല്‍ വേണ്ടതിലേറെ തിന്നുന്നു. വേണ്ടതിലേറെ തിന്നാനുള്ളത് വാങ്ങാന്‍ പണമുള്ളതിനാല്‍ നിങ്ങള്‍ വാങ്ങുകയും തിന്നുകയും ചെയ്യുന്നു. ടോയ്‌ലറ്റുകളിലിരുന്ന് മണിക്കൂറുകളോളം വാട്‌സ്ആപും ഫേസ്ബുക്കും പരിശോധിക്കുന്നു. നടക്കാന്‍ പോകാനും ഓഫീസില്‍ പോകാനും അതിഥി സല്‍ക്കാരത്തിനു പോകാനും നിങ്ങള്‍ തരാതരം ചെരുപ്പുകള്‍ വാങ്ങുന്നു. കാലിലിടാന്‍ പലതരം പാദസരങ്ങളും വിരലാഭരണങ്ങളും വാങ്ങുന്നു.

കാശില്ലെങ്കിലെന്താ...

കാശില്ലെങ്കിലെന്താ...

കാശെടുത്തില്ലെങ്കിലും കാര്‍ഡുണ്ടെങ്കില്‍ എന്തും വാങ്ങാമെന്ന ആത്മവിശ്വാസത്തില്‍ നിങ്ങള്‍ എന്തുവാങ്ങാമെന്നതിനെപ്പറ്റി എപ്പോഴും ആലോചിക്കുന്നു. വോട്ട് ചെയ്തില്ലെങ്കിലും സര്‍ക്കാരിന്റെ എല്ലാ ആനുകൂല്യങ്ങളും നിങ്ങള്‍ക്ക് ലഭിക്കുമെന്നതിനാല്‍ ഭരിക്കുന്ന സര്‍ക്കാരിനെ കാലാകാലം കുറ്റം പറഞ്ഞ് അരാഷ്ട്രീയ ജീവിയാകാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. പ്രതിപക്ഷത്തായാലും ഭരണപക്ഷത്തായാലും ഇടതുപക്ഷത്തിന്റെ സംരക്ഷണയിലാണ് കഴിഞ്ഞ എഴുപത് കൊല്ലക്കാലം ജീവിച്ചതെന്നും ഇന്നുകാണുന്ന അരാഷ്ട്രീയ വര്‍ഗ്ഗീയ നിലപാടുകളിലേക്കു പോകാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നതെന്നും സൗകര്യപൂര്‍വ്വം മറന്നുപോകുന്നു.

അവര്‍ മരിക്കുന്നത് നിങ്ങള്‍ അറിയില്ല

അവര്‍ മരിക്കുന്നത് നിങ്ങള്‍ അറിയില്ല

ഒന്നും നിങ്ങള്‍ക്ക് ഉണ്ടാക്കേണ്ടതില്ല. വാങ്ങുന്നതല്ലാതെ എന്തെങ്കിലും നിങ്ങള്‍ക്ക് വില്‍ക്കേണ്ടതില്ല. അതിനാല്‍ നിങ്ങള്‍ക്ക് കൃഷിയും ചെയ്യേണ്ടതില്ല. നിങ്ങള്‍ക്ക് കൃഷി ചെയ്യാന്‍ വെള്ളം വേണമെന്നതിനെപ്പറ്റി അറിയില്ല. കൃഷി ചെയ്യാന്‍ നിലം പാകപ്പെടുത്തണമെന്നും അതിന് തരാതരം പണികളുണ്ടെന്നും അറിയില്ല. രാജ്യത്തിന്റെ നട്ടെല്ലുതന്നെ ഉല്‍പാദകരിലും ഉല്പാദനവ്യവസ്ഥയുടെ സുസ്ഥിരതയിലുമാണെന്ന് ഓര്‍മ്മയില്ല. അതിനാല്‍ അങ്ങനെയുള്ളവര്‍ നിവൃത്തിയില്ലാതെ മരിക്കുന്നുണ്ടെന്ന് നിങ്ങള്‍ അറിയാറില്ല.

കഴിക്കാനില്ലാത്തവര്‍ക്ക് എന്തിന് കക്കൂസുകള്‍

കഴിക്കാനില്ലാത്തവര്‍ക്ക് എന്തിന് കക്കൂസുകള്‍

കഴിക്കാനൊന്നുമില്ലാത്തതിനാല്‍ കക്കൂസുകളെപ്പറ്റി ഉത്കണ്ഠപ്പെടാത്ത മനുഷ്യരുടെ മുന്നിലെ സ്വച്ഛഭാരത് മിഷന്റെ പരിഹാസ്യതയെപ്പറ്റി നിങ്ങള്‍ ശ്രദ്ധിക്കാറില്ല. കിട്ടിയ വെള്ളം ഉണ്ടാക്കിക്കൊടുത്ത കക്കൂസുകളിലൊഴിക്കണോ കഞ്ഞി വയ്ക്കാനെടുക്കണോ എന്നാലോചിക്കുന്ന ജനതയെ കണ്ടിട്ടില്ലാത്തതിനാല്‍ നിങ്ങള്‍ക്ക് സ്വീകരണമുറിയിലെ ശീതളിമയില്‍ വാട്‌സ്ആപ് ഗ്രൂപ്പില്‍ സമാനഹൃദയര്‍ പങ്കിട്ടയക്കുന്ന വിദേശരാഷ്ട്രങ്ങളിലെ അത്ഭുതക്കാഴ്ചകളെപ്പറ്റി സംസാരിച്ചാല്‍ മതിയാകും. വെളിക്കിരിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ മലം പുറന്തള്ളാന്‍ സ്ഥലമില്ലാഞ്ഞിട്ട് മനപ്പൂര്‍വ്വം പട്ടിണിയിരിക്കുന്ന കൗമാരക്കാരികളെക്കുറിച്ച് ഊഹിക്കാന്‍ പോലും കഴിയാത്തതിനാല്‍ അബദ്ധത്തില്‍ ഗ്രൂപ്പുമാറി അയച്ചുപോകുന്ന പോണ്‍ ക്ലിപ്പിംഗുകളെപ്പറ്റി മാത്രം നിങ്ങള്‍ക്ക് വേവലാതിപ്പെട്ടാല്‍ മതിയാകും.

അതിജീവന സമരം

അതിജീവന സമരം

ഇതൊന്നും ഇല്ലാത്ത, കാലങ്ങളായി കരിമ്പട്ടിണി കിടക്കുന്ന, പത്തു വര്‍ഷത്തോളമായി കുടുംബത്തിലേതൊരാളാണ് പിറ്റേന്നു പുലര്‍ച്ചെ ആത്മഹത്യയിലഭയം തേടുന്നതെന്ന് ഭയപ്പെടുന്ന, ആര്‍ത്തവദിനങ്ങളില്‍പ്പോലും ശരീരം വൃത്തിയാക്കി വയ്ക്കാന്‍ വെള്ളം കിട്ടാനില്ലാത്ത, മണ്ണുകൊണ്ടും പനയോലകൊണ്ടും ആര്‍ത്തവത്തെ കൈകാര്യം ചെയ്യേണ്ടിവരുന്ന, കൃഷിയല്ലാതെ വേറൊന്നും ചെയ്യാനറിയാത്ത, ഡിജിറ്റല്‍ വിപ്ലവത്തെപ്പറ്റി കേട്ടുകേള്‍വി പോലുമില്ലാത്ത, എ. ടി. എമ്മും ജി. എസ്. ടിയും ആവശ്യമില്ലാത്ത സാധാരണക്കാരുടെ അതിജീവനസമരമാണ് മഹാരാഷ്ട്രയിലെ നിരത്തുകളില്‍ നാമിപ്പോള്‍ സ്വീകരണമുറികളിലിരുന്ന് കണ്ടുകൊണ്ടിരിക്കുന്നത്.
അതുകാണുമ്പോള്‍, അതിലെ ചെങ്കൊടി കാണുമ്പോള്‍ നമുക്കൊരു ചോദ്യമേ പുച്ഛത്തോടെ ചോദിക്കാനുള്ളൂ.

"ഏതു പാര്‍ട്ടിയുടെ ആളുകളാണിവര്‍..?"
കക്ഷിരാഷ്ട്രീയങ്ങളുടെ കള്ളികളിലൊതുങ്ങുന്നതല്ല യഥാര്‍ത്ഥരാഷ്ട്രീയം. അത് രാഷ്ട്രത്തിന്റെ അപകടകരമായ പോക്കില്‍ അതനുഭവിക്കുന്ന ജനതയില്‍ നിന്നുണ്ടായി വരുന്നതാണ്.

പട്ടിണി എന്നൊരു പാര്‍ട്ടിയുണ്ടെങ്കില്‍...

പട്ടിണി എന്നൊരു പാര്‍ട്ടിയുണ്ടെങ്കില്‍...

"സര്‍, പട്ടിണിയെന്നൊരു പാര്‍ട്ടിയുണ്ടെങ്കില്‍ അതിലെ സ്ഥിരാംഗങ്ങളാണവര്‍. വിപ്ലവം സംഭവിക്കുമെന്ന് പറയുന്നത്, ക്യൂ ആര്‍ കോഡ് ചുരണ്ടി നോക്കിയാല്‍ കിട്ടുന്ന ആനന്ദത്തിലൂടെയല്ല, നിങ്ങളെ ഞങ്ങള്‍ സേവിച്ചോളാമെന്നു പറഞ്ഞിട്ട് വഞ്ചിക്കുന്ന ഭരണകൂടത്തിനെതിരെ ഒറ്റച്ചെരിപ്പിട്ട് നിരത്തിലിറങ്ങി നിര്‍ഭയം നടക്കുമ്പോഴാണ് സര്‍. ഒറ്റച്ചെരിപ്പേയുള്ളൂ, ഒറ്റയ്ക്കല്ല നടക്കുന്നതെന്നതിനാല്‍ അതുമതിയാകും സര്‍. ഉടുപ്പും ചെരിപ്പും മാറിമാറിയിടാന്‍, പരസ്പരം താങ്ങാകാന്‍ ഞങ്ങള്‍ക്കിടയില്‍ ലജ്ജയുടെ മറകളില്ലാതായിട്ട് ദശാബ്ദങ്ങളായി സര്‍."

ക്ഷമിക്കണം, ഉച്ചഭക്ഷണത്തിന്റെ ആര്‍ഭാടത്തിനിടയില്‍ ഒരുനേരവും ആഹാരമില്ലാത്തവനെപ്പറ്റി പറഞ്ഞുപോയതിന്.

ഫേസ്ബുക്ക് പോസ്റ്റ്

സുസ്മേഷ് ചന്ദ്രോത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

English summary
Susmesh Chandrtoth's touching note on Kissan Long March
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X