• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അടുത്ത പുസ്തകം സംഘപരിവാറിനെ ഇതിലും പ്രകോപിപ്പിക്കും- കവികളെ മാവോയിസ്റ്റ് ആക്കിയവരോട് നദി പറയുന്നത്

മോഡിഫൈ ചെയ്യപ്പെടാത്തത് എന്ന, ഡിസി ബുക്‌സ് പുറത്തിറക്കിയ, നദി എഡിറ്റ് ചെയ്ത പുസ്തകത്തിനെതിരെ അതിരൂക്ഷമായ ആരോപണങ്ങളാണ് ജനം ടിവി ഉന്നയിച്ചിരിക്കുന്നത്. ദേശവിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതും ആയ പുസ്തകവും ആയി ഡിസി ബുക്‌സ് എന്നതായിരുന്നു അവരുടെ കഴിഞ്ഞ ദിവസത്തെ വാര്‍ത്ത. പുസ്തകത്തിന്റെ എഡിറ്റര്‍ നദിയെ മാവോയിസ്റ്റ് നേതാവ് എന്നാണ് വാര്‍ത്തയില്‍ പരാമര്‍ശിച്ചിരിക്കുന്നത്.

നൂറ് കവിതകളില്‍ ഭൂരിഭാഗവും എഴുതിയിട്ടുള്ളത് കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റ് ഭീകരവാദ പ്രവര്‍ത്തകരാണ് എന്നാണ് വാര്‍ത്തയില്‍ പറയുന്നത്. ബാലചന്ദ്രൻ ചുള്ളിക്കാടും, കെജിഎസ്സും സച്ചിദാനന്ദനും കുരീപ്പുഴ ശ്രീകുമാറും തുടങ്ങി നൂറ് കവികളുടെ കവിതകളാണ് ഈ പുസ്തകത്തില്‍ ഉള്ളത്. ഈ വിവാദത്തില്‍ പുസ്തകത്തിന്റെ എഡിറ്റര്‍ ആയ നദി വണ്‍ ഇന്ത്യയോട് പ്രതികരിക്കുകയാണ്.

2018 ന് ജനുവരി 20 ന് കോഴിക്കോട് വച്ച് ദളിത് ചിന്തകന്‍ കാഞ്ച ഐലയ്യ ആയിരുന്നു പുസ്തകം പ്രകാശനം ചെയ്തത്. അത്‌ന് ഒന്നര മാസങ്ങള്‍ക്ക് ശേഷം ആണ് ജനം ടിവിയ്ക്ക് ഇങ്ങനെ ഒരു ബോധോദയം ഉണ്ടായത്. സംഘപരിവാറിനെ കുറിച്ച് താന്‍ പ്രസിദ്ധീകരിക്കുന്ന പുതിയ പുസ്തകം അവരെ കൂടുകല്‍ പ്രകോപിപ്പിക്കുന്നതായിരിക്കും എന്നാണ് നദി പറയുന്നത്. എങ്ങനെയാണ് ഈ പുസ്തകം ഒരുങ്ങിയത് എന്നും എന്താണ് പ്രതിരോധത്തിന്റെ വഴികള്‍ എന്നും നദി പറയുന്നു.

സംഘപരിവാറില്‍ നിന്ന് പ്രതീക്ഷിച്ചത് തന്നെ

സംഘപരിവാറില്‍ നിന്ന് പ്രതീക്ഷിച്ചത് തന്നെ

ഇത്തരത്തില്‍ ഉള്ള ഒരു സംഭവം നമ്മള്‍ പ്രതീക്ഷിച്ചിരുന്നു. അതിന് വേണ്ടിയിട്ടായിരുന്നില്ല അത് ചെയ്തത് എങ്കില്‍ പോലും. പുസ്തകത്തിന്റെ ഉള്ളടക്കം അവരെ നല്ല രീതിയില്‍ തന്നെ ബാധിക്കുന്ന ഒന്നാണ്. അത് ബീഫ് രാഷ്ട്രീയം ആണെങ്കിലും ദേശീയത ആണെങ്കിലും, പല തരത്തിലുള്ള ആചാര അനുഷ്ഠാനങ്ങളെ പോലും പരാമര്‍ശിച്ച് പോകുന്നുണ്ട്.

പുസ്തകത്തിലെ ആദ്യത്തെ കവിത - അക്ബറിന്റെ കവിത- ഞാന്‍ പാകിസ്താനിലേക്ക് പോകാം എന്ന് പറയുന്ന ആ കവിതയാണ് അവര്‍ക്ക് ഏറ്റവും കൂടുതല്‍ കൊണ്ടു എന്ന് പറയുന്നത്. മുസ്ലീം ആചാരമായ ചേലാ കര്‍മത്തെ അധിക്ഷേപിക്കുന്നു എന്നൊക്കെയാണ് ജനം ടിവി പറയുന്നത്. ദളിതരെ കുളിക്കാത്തവര്‍ എന്ന് പരാമര്‍ശിച്ചു എന്നൊക്കെയാണ് ജനം ടിവിയുടെ വിമര്‍ശനം. അത് അവരുടെ വായനയുടെ പ്രശ്‌നമാണ്. ദളിതരെ കുളിക്കാത്തവര്‍ എന്ന് പറയുന്നത്, സംഘപരിവാര്‍ ആണെന്നാണ് കവിതയില്‍ പറയുന്നത്. ഡി അനില്‍ കുമാറിന്റെ മൂര്‍ദ്ദാബാദ് എന്ന കവിതയില്‍ ആണിത്. എന്നാല്‍ ജനം ടിവി പറയുന്നതുപോലെ ഒന്ന് ഈ കവിതയില്‍ ഇല്ല.

രാജ്യം വിട്ടുപോകാന്‍ പറയുന്നത് ആരാണ്?

രാജ്യം വിട്ടുപോകാന്‍ പറയുന്നത് ആരാണ്?

സംഘപരിവാര്‍ ആണ് പറയുന്നത്, നിങ്ങൾക്ക് ഈ രാജ്യം വിട്ട് പോകാം എന്ന്. രാജ്യത്തെ വിഭജിച്ച, വിഘടിപ്പിച്ച ആളുകളാണ് ഇത് പറയുന്നത്. ഞാന്‍ പാകിസ്താനിലേക്ക് പോകാന്‍ തയ്യാറാണ് എന്നാണ് കവി അക്ബര്‍ പറയുന്നത്. എന്റെ ചിന്തകള്‍ നിങ്ങളെ പേടിപ്പെടുത്തുന്നുണ്ടെങ്കില്‍ താന്‍ പാകിസ്താനിലേക്ക് പൊയ്‌ക്കോളാം എന്നാണ് കവി പറയുന്നത്. പക്ഷേ ഞാന്‍ ജീവിക്കുന്ന നേരിയമംഗലവും കൂടെ കൊണ്ടുപോകും എന്നാണ് കവി പറയുന്നത്.

ത്രിവര്‍ണ പതാകയില്‍ പച്ചയും വെള്ളയും മാറി കാവി കലരുന്നു എന്നാണ് അജിത ടീച്ചറുടെ കവിതയില്‍ പറയുന്നത്. അതൊരു സത്യമാണ്. ഹിന്ദുത്വ രാഷ്ട്രീയം അടിച്ചേല്‍പിക്കുകയാണ് അവര്‍ ചെയ്യുന്നത്. അതിനെ പലരീതിയില്‍ കളിയാക്കിയിട്ട്, അതിനെ ഗൗരവമായി അപ്രോച്ച് ചെയ്യുന്നുണ്ട് ഈ പുസ്തകത്തിലെ കവിതകളിലൂടെ.

സംഘപരിവാര്‍ ഫാസിസത്തിനെതിരെ

സംഘപരിവാര്‍ ഫാസിസത്തിനെതിരെ

ശരിക്കും, സംഘപരിവാര്‍ ഫാസിസത്തിനെതിരെ എന്ന് തന്നെ ഞാന്‍ പുസ്തകത്തിന്റെ ആമുഖത്തില്‍ എഴുതി വച്ചിട്ടുണ്ട്. സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടകള്‍ക്കനുസരിച്ച് മോഡിഫൈ ചെയ്യപ്പെടാന്‍ ഞങ്ങള്‍ തയ്യാറല്ല എന്നാണ് പുസ്തകം പറയുന്നത്. ആ ടൈറ്റില്‍ തന്നെ അങ്ങനെ ഉണ്ടാക്കി എടുത്തതാണ്. മോഡിഫൈ ചെയ്യപ്പെടാത്തത് എന്നത് ഉദ്ദേശിക്കുന്നത് മോദിയുടെ ഇച്ഛയ്ക്കനുസരിച്ച് നില്‍ക്കാത്തത് എന്ന ഒരു ആന്തരിക അര്‍ത്ഥം കൂടി ഉദ്ദേശിച്ചാണ് ആ തലക്കെട്ട് കൊടുത്തിട്ടുള്ളത്.

കേരളത്തിലെ എഴുത്തുകാര്‍ എല്ലാം വളരെ സേഫ് സോണില്‍ ആണ് ജീവിക്കുന്നത് എന്ന് പറയപ്പെടുന്നുണ്ട്. ആദ്യം ഉദ്ദേശിച്ചത് കേരളത്തിലെ അറിയപ്പെടുന്ന നൂറ് കവികളുടെ ലിസ്റ്റ് എടുത്തതിന് ശേഷം, അവരുടെ പ്രതികരണവും പ്രതിഷേധവും അറിയുക എന്നതാണ്. അവരും സംഘപരിവാറിന്റെ നിലനില്‍ക്കുന്ന രാഷ്ട്രീയ വ്യവസ്ഥയോട് അവരും കലഹിച്ചുകൊണ്ട് തന്നെയാണ് ഇരിക്കുന്നത് എന്നുള്ള കാര്യം അടിസ്ഥാനപ്പെടുത്തുക എന്നത് തന്നെ ആയിരുന്നു ഞാന്‍ ആദ്യം ഉദ്ദേശിച്ചത്.

മുഖ്യധാരയില്‍ നിരന്തരം ആയി എഴുതിക്കൊണ്ടിരിക്കുന്ന എല്ലാ എഴുത്തുകാരേയും- സച്ചിദാനന്ദന്‍ മാഷ് മുതല്‍ സിയാന യാസ്മിന്‍ എന്ന കുട്ടി വരെയുള്ള നൂറ് എഴുത്തുകാരെ- ഉള്‍ക്കൊള്ളിക്കുക എന്ന് പറയുന്നത്, അവരും സ്വാഭാവികമായിട്ടും ഈ വ്യവസ്ഥിതിയോട് കലഹിച്ചുകൊണ്ടിരിക്കുകയാണ് എന്ന് തെളിയിക്കുന്നത് തന്നെയാണ്.

സംഘപരിവാറുകാര്‍ പുസ്തകം വായിക്കുമായിരുന്നെങ്കില്‍...

സംഘപരിവാറുകാര്‍ പുസ്തകം വായിക്കുമായിരുന്നെങ്കില്‍...

സാംസ്‌കാരികപരമായി ചിന്തിക്കുന്ന ഒരാള്‍ക്ക് മുന്നിലുള്ള മാര്‍ഗ്ഗം എന്നത് എഴുത്തിലൂടെ പ്രതികരിക്കുക എന്നതാണ്. കവിത കളക്ട് ചെയ്യാന്‍ കുറച്ചുകൂടി എളുപ്പമായിരുന്നു എന്നതുകൊണ്ടാണ് ഇതിനായി കവിതകളെ തിരഞ്ഞെടുത്തത്. ചെറുകഥയാണെങ്കിലും മറ്റേതെങ്കിലും തരത്തിലുള്ള എഴുത്തുകളാണെങ്കിലും ഇത്രയും അധികം ആളുകളെ രഷ്ട്രീയ പരമായി വേഗത്തില്‍ സമാഹരിക്കുക പ്രയാസം ആയിരിക്കും.

അത് എത്രത്തോളം ആളുകളിലേക്ക് എത്തും എന്നത് ഇപ്പോള്‍ തന്നെ മനസ്സിലാകുന്നുണ്ട്. പുസ്തകം ആളുകളിലേക്ക് എത്തണം. പുസ്തകം വായിക്കാന്‍ അറിയാത്ത സംഘപരിവാറിനടുത്തേക്ക് ആ പുസ്തകം എത്തിയിട്ട് കാര്യമില്ല. അവര്‍ പുസ്‌കം വായിക്കുന്ന ആളുകള്‍ ആയിരുന്നെങ്കില്‍ അവരുടെ ചിന്താഗതി ഇങ്ങനെ ആകില്ലായിരുന്നു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

അവരുടെ ഇടയിലേക്ക് ഈ പുസ്തകം എത്തിയിട്ട്, അവരുടെ രാഷ്ട്രീയം മാറ്റിയെടുക്കുക എന്ന ഉദ്ദേശം എനിക്കില്ല. ആളുകള്‍ക്കിടയില്‍, ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും വായിക്കുകയും ചെയ്യുന്ന പലതരത്തിലുള്ള ആളുകള്‍ക്കിടയില്‍, കേരളത്തിലെ എഴുത്തുകാരും സംഘപരിവാറിന്റെ രീതികളോട് അസംതൃപ്തി പ്രകടിപ്പിക്കുന്നുണ്ട് എന്ന് കാണിക്കുക എന്നതാണ് ഉദ്ദേശം.

അവരുടെ പ്രചാരണങ്ങളെ പ്രതിരോധിക്കാനാകുമോ?

അവരുടെ പ്രചാരണങ്ങളെ പ്രതിരോധിക്കാനാകുമോ?

അവരുടെ ആശയ പ്രചാരണത്തെ പ്രതിരോധിക്കാന്‍ ഇത്തരത്തിലുള്ള ഒരു പുസ്‌കം പുറത്തിറക്കുന്നതിലൂടെ പറ്റുമോ എന്ന ചോദ്യത്തിന് യഥാര്‍ത്ഥത്തില്‍ അര്‍ത്ഥമില്ല. ഒരു കട അടപ്പിക്കുന്നതിനുള്ള സമരം എളുപ്പമാണ്. പത്ത് ദിവസം കടയുടെ മുന്നില്‍ കുത്തിയിരുന്നാല്‍ കട അടക്കും. എന്നാല്‍ ഇത് അങ്ങനെയുള്ള ഒരു സമരം അല്ല. ഒരു വ്യവസ്ഥിതിയോടുള്ള സമരം ആണ്. പലരീതിയില്‍ ആയിരിക്കും അതിന്റെ മാര്‍ഗ്ഗം. ഒരു പുസ്തകത്തിലൂടെ ആകാം, പൊതു ഇടങ്ങളില്‍ ഇടപെട്ടുകൊണ്ടുള്ള കൂട്ടായ്മകളിലൂടേയും ആകാം. ഇതിന്റെ ടാര്‍ഗറ്റ് ഓഡിയന്‍സ് എന്ന് പറയുന്നതും വ്യത്യസ്തമാകാം. ഒരു മാര്‍ഗം മാത്രം ഉപയോഗിച്ചുകൊണ്ട് ഇത്തരത്തിലുള്ള ഒരു രാഷ്ട്രീയത്തെ നമുക്ക് പ്രതിരോധിക്കാന്‍ സാധിക്കില്ല. വിവിധ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയും അതില്‍ പരമാവധി ഇടപെടുകയും ചെയ്യുകയാണ് വഴി. അപ്പോള്‍ സ്വാഭാവികമായും എഴുത്തുകാരെ, നൂറ് എഴുത്തുകാരെ എന്ന് പറയുമ്പോള്‍ നൂറ് എഴുത്തുകാരുടെ കവിത വായിക്കുന്ന കേരളത്തിലെ പതിനായിരക്കണക്കിലേക്ക് എത്തുക എന്നതാണ് പ്രധാനം.

ധബോല്‍ക്കറിന്റേയും കല്‍ബുര്‍ഗിയുടേയും കൊലപാതകങ്ങളെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ സാഹചര്യം. അപ്പോഴാണ് അക്കാദമി അവാര്‍ഡുകള്‍ ഒക്കെ തിരിച്ചേല്‍പിക്കുന്ന രീതിയില്‍ ഉള്ള പ്രതിഷേധങ്ങള്‍ തുടങ്ങുന്നത്. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിലേക്ക് എത്തി നില്‍ക്കുമ്പോള്‍, കേരളത്തിലെ ചെറിയ എഴുത്തുകാര്‍ പോലും പ്രതികരിക്കുന്നുണ്ട് എന്ന് ലോകത്തെ കാണിക്കുക എന്നതാണ് നമ്മള്‍ ഉദ്ദേശിച്ച രാഷ്ട്രീയം.

നദിയെ മാവോയിസ്റ്റ് നേതാവ് എന്ന് വിശേഷിപ്പിക്കുന്പോള്‍....

നദിയെ മാവോയിസ്റ്റ് നേതാവ് എന്ന് വിശേഷിപ്പിക്കുന്പോള്‍....

യുഎപിഎ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഒരാളാണ് ഞാന്‍. അത് തെളിയുന്നത് വരെ വേണമെങ്കില്‍ എന്നെ മാവോയിസ്റ്റ് എന്ന് പറയാന്‍ പറ്റുമായിരിക്കും. പക്ഷേ, മറ്റുള്ള ആളുകളെ എന്തിന്റെ അടിസ്ഥാനത്തിലാണ്, കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ് അനുകൂല സംഘടനയില്‍ പെട്ട ആളുകള്‍ ആണെന്ന് പറയുന്നത്?

കെജിഎസ് ആയാലും ബാലചന്ദ്രന്‍ ചുള്ളിക്കാട് ആയാലും കുരീപ്പുഴ ആയാലും സച്ചിദാനന്ദന്‍ ആയാലും... ഇതില്‍ മലയാളത്തിലെ ഒട്ടുമിക്ക കവികളും ഉണ്ട്. ഈ കവികള്‍ മൊത്തം മാവോയിസ്റ്റുകളാണ്, കവിത നിരോധിക്കണം എന്ന് പറയുന്നതിന്റെ വേറൊരു വേര്‍ഷന്‍ മലയാള കവിത തന്നെ നിരോധിക്കണം എന്ന് പറയുന്നതായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്.

അവര്‍ അങ്ങനെയെങ്കിലും പുസ്തകം വായിക്കട്ടേ

അവര്‍ അങ്ങനെയെങ്കിലും പുസ്തകം വായിക്കട്ടേ

പുസ്തകം പുറത്തിറങ്ങി ഒന്നര മാസത്തിന് ശേഷം ആണ് ഇങ്ങനെ ഒരു വിവാദം ജനം ടിവി സൃഷ്ടിക്കുന്നത്. എന്നാല്‍ സംഘപരിവാര്‍ അനുകൂലികള്‍ ഇപ്പോഴെങ്കിലും പുസ്തകം വായിക്കാന്‍ തയ്യാറായി എന്നത് എനിക്ക് സന്തോഷമുള്ള കാര്യമാണ്. അവര്‍ അങ്ങനെയെങ്കിലും ഒന്ന് പുസ്തകം വായിക്കട്ടെ! അവരുടെ രാഷ്ട്രീയത്തിനെതിരെ ഇവിടെ പ്രതികരണങ്ങള്‍ ഉണ്ടാകുന്നുണ്ട് എന്ന കാര്യം അവര്‍ മനസ്സിലാക്കട്ടെ.

കവിതയുടെ ഒറ്റ വായനയിലൂടെ അതിന്റെ രാഷ്ട്രീയം മനസ്സിലാക്കാന്‍ സാധിക്കില്ല. വരികള്‍ക്കിടയിലൂടെ തന്നെ വായിക്കണം. തുമ്പില്ലാത്തവനേ എന്നൊക്കെ പറയുന്നത് സുന്നത്ത് നടത്തിയതാണ് എന്നൊക്കെ ജനം ടിവിയുടെ വാര്‍ത്തയില്‍ പറയുന്നുണ്ട്. ഞാന്‍ പാകിസ്താനിലേക്ക് പോകാം എന്ന അക്ബറിന്‍റെ കവിതയിലെ വരികളെ കുറിച്ചാണ് അവര്‍ ഇങ്ങനെയൊക്കെ പറയുന്നത്.

പറയണം എന്നുദ്ദേശിച്ചിരുന്നു... പക്ഷേ, ചര്‍ച്ച പോലും നടന്നില്ല

പറയണം എന്നുദ്ദേശിച്ചിരുന്നു... പക്ഷേ, ചര്‍ച്ച പോലും നടന്നില്ല

ജനം ടിവിയുടെ ചര്‍ച്ചയിലേക്ക് വിളിച്ചിരുന്നു. അവിടെ പോയിട്ട് വലിയ രീതിയില്‍ സംസാരിക്കണം എന്നൊക്കെ വിചാരിച്ച് ഇരിക്കുകയായിരുന്നു. എന്നാല്‍ ഒടുക്കം ആ ചര്‍ച്ച തന്നെ അവര്‍ ഒഴിവാക്കുകയായിരുന്നു.

ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുന്നതില്‍ എനിക്ക് നിയമപരമായ പ്രശ്‌നങ്ങള്‍ ഇല്ല. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയാന്‍ പാടില്ല. ചോദ്യം ചോദിക്കുന്ന ആളും ഉത്തരം പറയുന്ന ആളും അങ്ങനെയെങ്കില്‍ അതില്‍ പ്രതിചേര്‍ക്കപ്പെട്ടേക്കാം. മാവോയിസ്റ്റ് അല്ലേ എന്ന ചോദ്യം ചോദിച്ചാല്‍- ഞാൻ മാവോയിസ്റ്റ് അല്ല, കോടതിയിൽ നടക്കുന്ന കേസ് ആണ്. അത് തെളിയട്ടേ എന്നായിരിക്കും താൻ പറയുക.

വിചാരധാരയില്‍ പറയാത്ത കാര്യങ്ങള്‍

വിചാരധാരയില്‍ പറയാത്ത കാര്യങ്ങള്‍

ഒരു പുസ്തകവുമായി ബന്ധപ്പെട്ട ചര്‍ച്ചയാണെങ്കില്‍, അവര്‍ക്ക് തെളിയിക്കാനുള്ള ബാധ്യതയുണ്ട്. കവികളില്‍ ആരൊക്കെയാണ് മാവോയിസ്റ്റ് അനുകൂലികള്‍ ആയി ചിന്തിക്കുന്ന ആളുകള്‍? ജനം ടിവി ഇന്നലെ കുറച്ച് പേര്‍ കണ്ടു എന്ന് പറയുന്നത് പോലും നിരാശപ്പെടുത്തുന്ന കാര്യം ആണ്. ഞാന്‍ ആദ്യമായിട്ടായിരുന്നു ആ ചാനല്‍ കാണുന്നത്. അത് ജനം ടിവിയില്‍ നിന്ന് വിളിച്ചപ്പോള്‍ പറയുകയും ചെയ്തിരുന്നു.

കമ്യൂണിസ്റ്റുകാരേയും ദളിതരേയും(പണ്ട് ക്രിസ്ത്യാനികളും) മുസ്ലീങ്ങളേയും സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തി മനുസ്മൃതിയില്‍ അധിഷ്ഠിതമായ സവര്‍ണ ബ്രാഹ്മിണിക്കല്‍ രാഷ്ട്രീയം നടപ്പിലാക്കുക എന്നതാണ് ഇവരുടെ വിചാരധാരയില്‍ എഴുതി വച്ചിരിക്കുന്ന ഒരു കാര്യം. അതില്‍ എഴുതിവക്കാത്ത ഒരു കാര്യം ആണ് എഴുത്തുകാരുടേത്. ഒരു എഴുത്തിനെ പോലും ഇവര്‍ ഭയപ്പെടുന്നു എന്നതാണ് സത്യം.

ലോകത്തിലെ ഏറ്റവും വലിയ ഏകാധിപതികളില്‍ ഒരാളായിരുന്ന നെപ്പോളിയന്റെ ഒരു പരാമര്‍ശം ഉണ്ടായിരുന്നു.തോക്കിന്‍ കുഴലിനേക്കാള്‍ ശക്തിയുണ്ട് വാക്കുകള്‍ക്ക് എന്നാണ് അദ്ദേഹം പറഞ്ഞത്. വാക്കുകളെ കൊന്നൊടുക്കുക എന്ന് പറയുന്നത്, വാക്കുകള്‍ക്ക് ആളുകള്‍ക്കിടയില്‍ വലിയ സ്വാധീനം സൃഷ്ടിക്കാന്‍ കഴിയും. അപ്പോള്‍ അതിനെ ഇല്ലാതാക്കിക്കഴിഞ്ഞാല്‍ ഫാസിസം അവിടെ വിജയിച്ചു. അതാണ് ഫാസിസത്തിന്റെ ആദ്യത്തെ അജണ്ട. വാക്കുകളെ, എഴുത്തിനെ, എതിര്‍ ശബ്ദങ്ങളെ ഇങ്ങനെയൊക്കെ ഇല്ലാതാക്കുക. അതില്‍ നിന്ന് തങ്ങളുടെ രാഷ്ട്രീയം ഇംപ്ലിമെന്റ് ചെയ്യുക.

ഇക്കാര്യം വിചാരധാരയില്‍ ഇല്ല എന്നേ ഉള്ളൂ. അവരുടെ ലക്ഷ്യം അത് തന്നെയാണ്. അതിന് അവര്‍ക്ക് വായിക്കുകയൊന്നും വേണ്ട. ഇന്ന പുസ്തകത്തിലെ ഒരു വരി നിങ്ങള്‍ക്ക് എതിരാണ് എന്ന് ആരെങ്കിലും ഒരാള്‍ പറഞ്ഞാല്‍ പോലും മതി.

പ്രസാധകരായ ഡിസി ബുക്സ്

പ്രസാധകരായ ഡിസി ബുക്സ്

ജനം ടിവി ശരിക്കും ലക്ഷ്യം വച്ചത് ഡിസി ബുക്‌സിനെ ആയിരുന്നോ? യഥാര്‍ത്ഥത്തില്‍ ഇത്തരം ഒരു പ്രശ്‌നം വന്നാല്‍ അതിന്റെ ഉത്തരവാദിത്തം പബ്ലിഷര്‍ക്കാണ്. ഞാനൊരു പബ്ലിക്കേഷന്‍ നടത്തുന്ന ആളാണ്, അത് എനിക്കറിയാം. എഡിറ്റഡ് വര്‍ക്ക് ആയതുകൊണ്ട് എഡിറ്റര്‍ക്കും അതില്‍ ഉത്തരവാദിത്തം ഉണ്ട്.

പബ്ലിഷര്‍ എന്ന് പറയുന്നത് ഡിസി ബുക്‌സ് പോലെ ഒരു കുത്തക സ്ഥാപം ആയതുകൊണ്ട്, അവരെ അങ്ങനെ കണ്ണടച്ച് വിശ്വസിക്കാന്‍ ഒന്നും പറ്റില്ല. എന്തടിസ്ഥാനത്തിലാണ് പുസ്തകത്തിലെ കവികളെ എല്ലാം മാവോയിസ്റ്റുകളാക്കിയത് എന്ന ചോദ്യം ചോദിക്കാനുള്ള ധൈര്യവും അവര്‍ക്ക് വരുന്നില്ല. പുസ്തകങ്ങള്‍ വിറ്റുപോവുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം ഒരു കേസില്‍ പെട്ട് പുസ്തകം നിരോധിക്കപ്പെടുകയും അത് കെട്ടിക്കിടക്കുകയും ചെയ്യുന്നത് അവര്‍ക്ക് തീരെ താത്പര്യമില്ലാത്ത കാര്യം ആയിരിക്കും.

ജനം ടിവിയെ നിയമപരമായി നേരിടണം

ജനം ടിവിയെ നിയമപരമായി നേരിടണം

പുസ്തകത്തില്‍ കവിത പ്രസിദ്ധീകരിച്ച ചിലര്‍ നിയമപരമായി നേരിടും എന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ, ഞാനായിട്ട് എന്തായാലും ഇതിന്റെ പേരില്‍ ഒരു കേസ് കൊടുക്കുന്നില്ല. ഉള്ള കേസ് തീരുന്നതിന് മുമ്പ് ഒരു പുതിയ കേസിലേക്ക് പോകാന്‍ വയ്യ. എന്തായാലും എഴുത്തുകാര്‍ക്ക് നിയമപരമായി നേരിടാവുന്നതാണ്.

ജനം ടിവി പൊലെ ഒന്നിന് എന്തിനാണ് നമ്മള്‍ അമിത പ്രാധാന്യം നല്‍കുന്നത് എന്നാണ് പലരും ചോദിക്കുന്നത്. പക്ഷേ, ആ രാഷ്ട്രീയത്തിനോട് എനിക്ക് വിയോജിപ്പാണ്. അവര്‍ അങ്ങനെ ആണ് എന്നത് ഒരിക്കലും ഒരു എക്‌സ്‌ക്യൂസ് അല്ല. കേസ് കൊടുക്കേണ്ട കാര്യമാണ് എന്നത് തന്നെയാണ് തന്റെ അഭിപ്രായം. ഇത്തരം കാര്യങ്ങളില്‍ നിശബ്ദത പാലിച്ച് അവരെ അവഗണിച്ച് മാറ്റി നിര്‍ത്താം എന്ന് കരുതുന്നതില്‍ എന്തെങ്കിലും കഴന്പുണ്ടെന്ന് വിശ്വസിക്കുന്നില്ല.

പ്രൊപ്പഗണ്ട നമ്മള്‍ സെറ്റ് ചെയ്യണം... അവര്‍ പ്രതിരോധിക്കട്ടേ

പ്രൊപ്പഗണ്ട നമ്മള്‍ സെറ്റ് ചെയ്യണം... അവര്‍ പ്രതിരോധിക്കട്ടേ

സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ പ്രധാനപ്പെട്ട ഒരു കാര്യം എന്ന് പറയുന്നത് അവര്‍ നിരന്തരം ആയി അജണ്ടകള്‍ സെറ്റ് ചെയ്യും. എന്നിട്ട് അതിന്റെ പ്രതികരണങ്ങള്‍ക്കായി കുറച്ച് ആളുകളെ പ്രതീക്ഷിക്കുന്നു. ഞാന്‍ എപ്പോഴും പറയുന്നത് ഇതാണ്- ഇനി അജണ്ട നമ്മള്‍ ഉണ്ടാക്കുക. നിരന്തരമായിട്ട് അവര്‍ അജണ്ട സൃഷ്ടിക്കുകയും നമ്മള്‍ അതിനെ പ്രതിരോധിക്കുക്കയും അതിനെ പ്രതിരോധത്തിന്റെ രാഷ്ട്രീയം എന്ന് വിളിക്കുകയും ചെയ്യുന്നതില്‍ ഒരു അര്‍ത്ഥവും ഇല്ല. നമ്മള്‍ അവരെ പ്രതിസന്ധിയിലാക്കുന്ന തരത്തിലുള്ള. പ്രവര്‍ത്തനങ്ങളും രാഷ്ട്രീയ ഇടപെടലുകളും ആയിട്ട് മുന്നോട്ട് പോകണം . അതിന്റെ ഒരു ഭാഗം തന്നെയാണ് ഈ പുസ്തകം .

അടുത്ത പുസ്തകം സംഘപരിവാറിനെ കൂടുതല്‍ പ്രകോപിപ്പിക്കും

അടുത്ത പുസ്തകം സംഘപരിവാറിനെ കൂടുതല്‍ പ്രകോപിപ്പിക്കും

അടുത്തതായിട്ട് ഞാന്‍ പബ്ലിഷ് ചെയ്യാന്‍ പോകുന്ന പുസ്തകം, ഇന്ത്യയിലെ സംഘപരിവാര്‍ ചരിത്രത്തെ, ബ്രാഹ്മണിക്കല്‍ മേധാവിത്വത്തെ ജാതീയതയെ ഒക്കെ പരാമര്‍ശിക്കുന്ന വളരെ വലിയ ഒരു പുസ്തകം ആണ്. ആ പുസ്തകം പുറത്തിറങ്ങുന്നതോടെ, ഇതിലും കൂടുതലായി സംഘപരിവാറിനെ വേദനിപ്പിക്കും. അത്രക്കും പ്രൊവോക്ക് ചെയ്യുന്ന ഒരു പുസ്തകം ആണത്. ഹിന്ദുത്വം മോദിത്വത്തിലേക്ക് എത്തുന്ന സമയം വരെയുളള കാലഘട്ടവും മനുസ്മൃതിയുടെ കാലഘട്ടവും അടക്കം എല്ലാ വിഷയങ്ങളും പരാമര്‍ശിച്ച് പോയിട്ട്... എല്ലാ അര്‍ത്ഥത്തിലും ഇവിടത്തെ ബ്രാഹ്മണിക്കല്‍ മേധാവിത്വത്തെ പൊളിച്ചെഴുതുന്ന ഒരു പുസ്തകം ആണത്. അത് പുറത്തിറങ്ങുന്നതോടെ ഇതിലും വലിയ രീതിയില്‍ അവര്‍ പേടിപ്പിക്കും.

ഒരിക്കലും ഭയന്നിരുന്നില്ല... വിജയമാണിത്

ഒരിക്കലും ഭയന്നിരുന്നില്ല... വിജയമാണിത്

മറ്റ് പലയിടങ്ങളിലും ഇത്തരം പുസ്തകങ്ങളെ സംഘപരിവാര്‍ അനുകൂലികള്‍ കായികമായും ഭീഷണിയായും ഒക്കെ നേരിടുന്നുണ്ട് എന്നത് ശരി തന്നെ. ഈ പുസ്തകത്തെ കുറിച്ച് വലിയ ആശങ്ക ഒന്നും ഉണ്ടായിരുന്നില്ല.

ശ്രീകൃഷ്ണ ജയന്തിയെ കുറിച്ച് സജീവന്‍ പ്രദീപ് എഴുതിയ ഒരു കവിതയുണ്ട്. ആ കവിതയൊക്കെയാണ് ജനം ടിവി വായിച്ചിരുന്നെങ്കില്‍ അതാകുമായിരുന്നു അവരുടെ പ്രശ്‌നം.

അവരെ പേടിയൊന്നും ഒരിക്കലും ഉണ്ടായിരുന്നില്ല. അവര്‍ ഈ പുസ്തകം ബാന്‍ ചെയ്യും എന്നും കരുതിയിരുന്നില്ല. എന്നാല്‍ അവരെ ഈ പുസ്തകം വേട്ടയാടുന്ന തരത്തില്‍ ചെറിയ രീതിയില്‍ എങ്കിലും ഒരു ഏറ് അവര്‍ക്ക് കൊടുക്കുകയും അത് അവരുടെ കൊള്ളേണ്ട സ്ഥലത്ത് തന്നെ കൊള്ളണം എന്നൊരു രാഷ്ട്രീയപരമായ തീരുമാനം ഉണ്ടായിരുന്നു. അത് വിജയിക്കുകയും ചെയ്തു.

അയാള്‍ സംഘപരിവാറുകാരനെങ്കില്‍....

അയാള്‍ സംഘപരിവാറുകാരനെങ്കില്‍....

ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സമയം ആയതുകൊണ്ട് തന്നെ ബിജെപിയിലെ മറ്റ് നേതാക്കള്‍ക്ക് ഇത് പെട്ടെന്ന് ഏറ്റെടുക്കാന്‍ കഴിയില്ല. തിരഞ്ഞെടുപ്പ് നടക്കുന്നു എന്നത് മാത്രം അല്ല അതിന്റെ കാരണം. കേരളത്തിലെ കവികളെ ഒന്നടങ്കം മാവോയിസ്റ്റുകളായാണ് ജനം ടിവിയുടെ വാര്‍ത്തയില്‍ ചിത്രീകരിച്ചിരിക്കുന്നത്.

മോഹനകൃഷ്ണന്‍ കാലടിയുടെ കവിതയും പുസ്തകത്തില്‍ ഉണ്ട്. മോഹകൃഷ്ണന്‍ കാലി ഒഴികേ എന്നാണ് ചിലരൊക്കെ പറയുന്നത്. മോഹനകൃഷ്ണന്റെ രാഷ്ട്രീയത്തില്‍ ചെറിയ വ്യതിചലനം ഉണ്ടായിട്ടുണ്ട് എന്ന് പലരും പറഞ്ഞിരുന്നു. മോഹനകൃഷ്ണന്‍ കാലടി ഇവര്‍ പറയുന്നതുപോലെ സംഘപരിവാര്‍ അനുകൂലി ആണെങ്കില്‍ പോലും, അദ്ദേഹം പ്രതികരിച്ചിട്ടുണ്ടെങ്കില്‍, അത് ഞാന്‍ ഏറ്റെടുത്ത് ചെയ്ത ജോലിയുടെ വിജയം ആണ് എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.

 ജനം ടിവിയിലേക്ക് എഴുത്തുകാര്‍ മാര്‍ച്ച് ചെയ്യണം, മാപ്പ് പറയിക്കണം

ജനം ടിവിയിലേക്ക് എഴുത്തുകാര്‍ മാര്‍ച്ച് ചെയ്യണം, മാപ്പ് പറയിക്കണം

എഴുത്തുകാരുടെ ഭാഗത്ത് നിന്ന് ഏത് തരത്തിലുള്ള പ്രതികരണങ്ങള്‍ ഇനി ഉണ്ടാകും എന്ന് നോക്കണം. മുഖ്യധാരയില്‍ ഉള്ള പലരും പ്രതികരിച്ചിട്ടില്ല. എന്തായാലും ജനം ടിവിക്ക് അവര്‍ ഉദ്ദേശിച്ച രീതിയില്‍ ആ ചര്‍ച്ച മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. രാവിലെ 10 മണിക്ക് തുടങ്ങിയ ചര്‍ച്ച ഉച്ചയായപ്പോഴേക്കും പൊതുസമൂഹം പൊളിച്ചുകളഞ്ഞു. സംഘപരിവാര്‍ അനുകൂല ഫേസ്ബുക്ക് പ്രൊഫൈലുകള്‍ പോലും വിഷയം ഏറ്റെടുത്തിട്ടില്ല. അവര്‍ തുടങ്ങിയവയ്ക്കുകയും അതില്‍ പരാജയപ്പെടുകയും ചെയ്തു. അതുകൊണ്ടായിരിക്കാം കൂടുതല്‍ ആളുകള്‍ പ്രതികരിക്കാതിരിക്കുന്നത്. ജനം ടിവിയുടെ വാര്‍ത്തയ്ക്ക് കൂടുതല്‍ പ്രചാരം നല്‍കണോ എന്ന് കരുതുന്നവരും ഉണ്ടാകാം.

ഇത്തരം വാര്‍ത്തകളെ അവഗണിക്കുക എന്നത് രാഷ്ട്രീയമായി ശരിയാണെന്ന് കരുതുന്നില്ല. പ്രതികരിക്കേണ്ട സാഹചര്യത്തില്‍ പ്രതികരിക്കുക തന്നെ വേണം. സ്വാഭാവികമായിട്ടും, ജനം ടിവിയുടെ ഓഫീസിലേക്ക് എഴുത്തുകാരുടെ ഒരു മാര്‍ച്ച് വരെ സംഘടിപ്പിക്കണം. അവര്‍ മാപ്പ് പറയാന്‍ തയ്യാറാകണം. അപ്പോഴും ജനം ടിവിയുടെ പ്രൊമോഷന്‍ അല്ല നമ്മള്‍ ചെയ്യുന്നത്. തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുകയും, മാവോയിസ്റ്റ് ആണോ എന്നോ, എന്ത് തരത്തില്‍ ആയിക്കോട്ടെ, ഒരാള്‍ ഇന്നതാണ് എന്ന് ഒരു തെളിവും ഇല്ലാതെ അധിക്ഷേപിക്കുക എന്നത് ശരിയായിട്ടുള്ള രീതിയല്ല. അത് വിമര്‍ശനമല്ല, വിമര്‍ശനത്തിന്റെ രാഷ്ട്രീയവും അല്ല. അത്തരം അധിക്ഷേപങ്ങളെ സില്ലി ആയിട്ട് എടുത്ത് മാറി നില്‍ക്കുക എന്നത് ശരിയായിട്ടുള്ള ഏര്‍പ്പാടല്ല. ഒട്ടുമിക്ക എഴുത്തുകാരും ഫേസ്ബുക്കിലൂടെ അവരുടെ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ബാക്കിയുള്ളവരും പ്രതികരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

'മോഡിഫൈ ചെയ്യപ്പെടാത്തത്' മാവോവാദി ഭീകരപ്രവർത്തകരുടേത്, നദി മാവോയിസ്റ്റ് നേതാവ്- ജനം ടിവി പറയുന്നത്

അവരുടെ ശക്തിദുര്‍ഗങ്ങളിലേക്കാണ് നമ്മളീ യുദ്ധം നയിക്കേണ്ടത്.. വിജു കൃഷ്ണൻ സംസാരിക്കുന്നു

സ്റ്റീഫന്‍ ഹോക്കിങ് ശരിക്കും മരിച്ചത് 1985 ല്‍? ആ വിഖ്യാത പുസ്തകം മരണശേഷം? ഇപ്പോള്‍ മരിച്ചത് ഡമ്മി?

English summary
My next book will provoke Sangh Parivar more than Modify Cheyyappedathathu- an interview with Nadi. One day back Janam TV reported that The book edited by Nadi and published by DC books has anti national content. And alsl alleged that the 100 poets wrote for this book are moist supporters.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X