വിദ്യാര്‍ഥികള്‍ക്കു നേരെ ലാത്തിചാര്‍ജ്
കാലടി: സംസ്കൃത സര്‍വകലാശാല കാമ്പസില്‍ പ്രക്ഷോഭം നടത്തിയ വിദ്യാര്‍ഥികള്‍ക്കു നേരെ ഡിസംബര്‍ നാല് ചൊവാഴ്ച പൊലീസ് ലാത്തിചാര്‍ജ് നടത്തി. നാല്പതോളം വിദ്യാര്‍ഥികള്‍ക്കും ഒരു സബ്ഇന്‍സ്പെക്ടറടക്കം അഞ്ച് പൊലീസുകാര്‍ക്കും പരിക്കേറ്റു.
പതിനഞ്ച് വിദ്യാര്‍ഥികളെയും അഞ്ച് പൊലീസുകാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച തുടങ്ങുന്ന പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ രജിസ്ട്രാര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തിയത്. സിലബസിലെ പല ഭാഗവും ക്ലാസില്‍ പഠിപ്പിച്ചിട്ടില്ലെന്നും മതിയായ ക്ലാസുകള്‍ എടുത്തിട്ടില്ലെന്നും ആരോപിച്ചാണ് വിദ്യാര്‍ഥികള്‍ ധര്‍ണ നടത്തിയത്.
വൈസ് ചാന്‍സലറും പ്രിന്‍സിപ്പല്‍ ഡീന്‍ ഒഫ് സ്റഡീസും തമ്മില്‍ ഇതു സംബന്ധിച്ച് ചൊവാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് വൈസ് ചാന്‍സലര്‍ ഉറപ്പുനല്‍കിയിരുന്നതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. പക്ഷേ ഇരുവരും ചൊവാഴ്ച ഓഫീസിലെത്തിയില്ല. ഓഫീസിനു മുന്നില്‍ പൊലീസ് എത്തുകയും ചെയ്തു.
തുടര്‍ന്ന് രജിസ്ട്രാര്‍ ഓഫീസിനു മുന്നില്‍ വിദ്യാര്‍ഥികള്‍ ധര്‍ണ നടത്തി. എട്ടോളം പേര്‍ രജിസ്ട്രാറുമായി ചര്‍ച്ച നടത്തവെ പൊലീസ് ധര്‍ണ നടത്തുന്ന വിദ്യാര്‍ഥികള്‍ക്കു നേരെ ലാത്തിചാര്‍ജ് നടത്തുകയായിരുന്നുവെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ധര്‍ണ നടത്തുന്നവരില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളായിരുന്നു.
ഇരുപതോളം പേരെ കസ്റഡിയിലെടുത്ത ശേഷം കാലടി പൊലീസ് സ്റേഷനിലേക്ക് കൊണ്ടുപോയി. സ്റേഷനില്‍ വെച്ച് മര്‍ദനമേറ്റ കെ. കെ. സുബൈര്‍ എന്ന വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വിദ്യാര്‍ഥികള്‍ പറഞ്ഞു.
അതേ സമയം പൊലീസ് ഭാഷ്യം ഇങ്ങനെയാണ്: വിദ്യാര്‍ത്ഥികള്‍ രജിസ്ട്രാര്‍ ഓഫീസിലെ ഫര്‍ണിച്ചറുകള്‍ തകര്‍ക്കുകയും രജിസ്ട്രാറെ ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് ലാത്തിചാര്‍ജ് നടത്തിയത്. അക്രമാസക്താരയ വിദ്യാര്‍ഥികള്‍ പൊലീസിനെ ആക്രമിച്ചു.