കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്റണിയുടെ കപ്പലില്‍ കള്ളനുണ്ടോ?

  • By Staff
Google Oneindia Malayalam News

എന്തായാലും കോഴിവിവാദത്തിന്റെ വേരുകള്‍ ധനമന്ത്രി ശങ്കരനാരായണന്റെ മകളുടെ വിവാഹത്തിലേക്ക്വരെ ചെന്നുമുട്ടുകയാണ്. മകളുടെ വിവാഹം അതിന്റെ ധൂര്‍ത്തുകൊണ്ടുതന്നെ ശ്രദ്ധേയമായിരുന്നു. അന്താരാഷ്ട്രസമ്മേളനങ്ങള്‍ക്ക് വേദിയാക്കാന്‍ ഗള്‍ഫാര്‍ മുഹമ്മദാലി കൊച്ചിയില്‍ പണികഴിപ്പിച്ച ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു നേതാവിന്റെ മകളുടെ വിവാഹം. (കേരളത്തിലെ വിവാഹധൂര്‍ത്ത് അവസാനിപ്പിക്കാന്‍ ബില്ലുകൊണ്ടുവരുമെന്ന് ഇക്കഴിഞ്ഞ നിയമസഭാസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രസ്താവിച്ചതിന്റെ ചൂടാറുംമുമ്പായിരുന്നു ഈ വിവാഹം). ഈ ഹാളിന് വാടക ഒന്നരലക്ഷമാണ്. ക്ലോസ് സര്‍ക്യൂട്ട് ടിവിയുള്‍പ്പെടെ എല്ലാ ആഡംബരങ്ങളും കല്ല്യാണത്തിനുണ്ടായിരുന്നു. ധനമന്ത്രിയല്ലേ, അതിനൊത്ത നിലയ്ക്കുവേണ്ടേ കല്ല്യാണം.

പക്ഷെ പ്രശ്നമതല്ല. വിവാഹസല്ക്കാരത്തിന്റെ ചെലവുകള്‍ വഹിച്ചത് കോഴിയിടപാടില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച കൊച്ചിയിലെ വ്യവസായിയാണെന്നാണ് ആരോപണം. കൊച്ചിയിലെ ലെമെറിഡിയനില്‍ ഈ വ്യവസായി വിവാഹസല്ക്കാരച്ചെലവിനത്തില്‍ 5,26,000 രൂപയുടെ ബില്ലടച്ചതായി ഒരു ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ധനമന്ത്രിയുമായി ഈ വ്യവസായിക്ക് ഇന്നുംഇന്നലെയുമുള്ള ബന്ധമല്ല. 15 വര്‍ഷത്തെ സുദീര്‍ഘബന്ധമാണ് . കല്യാണത്തിന് തമിഴ്നാട്ടിലെ പ്രമുഖ കോഴിക്കമ്പനികളുടെ പ്രതിനിധികളും എത്തിയിരുന്നതായും കേട്ടുകേള്‍വിയുണ്ട്. ധനമന്ത്രിയോട് നന്ദി നേരിട്ടറിയിക്കാനാണ് പോലും ഇവര്‍ തമിഴ്നാട്ടില്‍ നിന്നും ഇത്രയും പണം ചെലവാക്കിയെത്തിയത്.

തമിഴ്നാട്ടിലെ കോഴിബിസിനസ്സ് നിസ്സാരക്കാരുടേതല്ല. ചിക്കന്‍ എന്നു കേള്‍ക്കുമ്പോള്‍ നമ്മള്‍ക്കേ ഒരു വിലക്കുറവ് തോന്നുന്നുള്ളൂ. തമിഴ്നാട്ടിലെ സുഗുണ ബ്രോയിലേഴ്സ് ആരുടേതാണെന്നറിയാമോ? ജയലളിതയുടെ തോഴി ശശികലയുടെ അടുത്ത ബന്ധുവിന്റേതാണിത്. മുന്‍ ഡിഎംകെ സര്‍ക്കാരില്‍ വനംവകുപ്പ് മന്ത്രിയായിരുന്ന പൊങ്കല്ലൂര്‍ പളനിവേല്‍ സ്വാമിയുടെ മകന്റെ ഭാര്യയുടെ പേരിലുള്ളതാണ് തൃപ്പൂണിത്തുറയില്‍ പ്രവര്‍ത്തിക്കുന്ന ശെല്‍വം ബ്രോയിലേഴ്സ്. അങ്ങിനെ കോഴിക്കോഴയെന്നത് ഒരു സംസ്ഥാനാന്തരക്കോഴയുടെ കഥയാണ്.

കോഴിക്കോഴയുടെ പേരില്‍ കരുണാകരന് പുറമെ കഴിഞ്ഞ ദിവസം പ്രതാപവര്‍മ്മതമ്പാന്‍ എംഎല്‍എയും രംഗത്തിറങ്ങി. ഗ്രൂപ്പ്സമ്മര്‍ദ്ദത്തിനതീതമായി മുഖം നോക്കാതെ നടപടിയെടുക്കാനായിരുന്നു തമ്പാന്റെ മുഖ്യമന്ത്രിയോടുള്ള ആഹ്വാനം.

കോഴിപ്രശ്നം അങ്ങിനെകെട്ടടങ്ങില്ലെന്ന് മനസ്സിലായപ്പോള്‍ സര്‍ക്കാര്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയതായാണ് അനന്തപുരിയിലെ ഒടുവിലത്തെ വാര്‍ത്ത. മന്ത്രിമാര്‍ അഴിമതി കാട്ടിയാല്‍ തന്നെ എന്തുചെയ്യും? തല്ക്കാലം കുറ്റം മറ്റാരെങ്കിലും എല്ക്കണം. അതുകൊണ്ട് തല്ക്കാലം രണ്ട് ഉദ്യോഗസ്ഥരുടെ തലയുരുളട്ടെയെന്നാണ് കല്പന. പേരിന് രണ്ടു പേരെ പ്രതിയാക്കിയാല്‍ പിന്നെ വാര്‍ത്താലേഖകരും ജനങ്ങളും പ്രതിപക്ഷനേതാവും തൃപ്തരായിക്കൊള്ളും. എന്തായാലും രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരുടെ തലതെറിക്കും. ടാക്സ് കമ്മീഷണര്‍ സോമസുന്ദരം, ധനകാര്യ റിസോഴ്സ് സെക്രട്ടറി കെ.കെ. എബ്രഹാം എന്നിവരെ സസ്പെന്റ് ചെയ്യാനാണത്രെ ഇപ്പോഴത്തെ തീരുമാനം. മാത്രമല്ല, തമിഴ്നാട്ടിലെ കോഴിക്കച്ചവടക്കാര്‍ക്ക് നികുതിയിളവ് നല്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കാനും തീരുമാനിച്ചിട്ടുണ്ട്.

പക്ഷെ അതുകൊണ്ടടങ്ങുന്നതാണോ ഈ കോഴിക്കോഴ?

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X