എറണാകുളം വടക്കൻ പറവൂരിൽ കുടിവെള്ളക്ഷാമം രൂക്ഷം: ചാലക്കുടിയാറിൽ ഉപ്പുവെള്ളം കയറി
കൊച്ചി: എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിലെ പുത്തൻവേലിക്കര, കുന്നുകര പഞ്ചായത്തുകളിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. ചാലക്കുടിയാറിൽ ഓരുവെള്ളം കയറിയതിനാൽ പമ്പിംഗ് മുടങ്ങുന്നത് പതിവായതാണ് ജലക്ഷാമത്തിലേക്ക് നയിച്ചിട്ടുള്ളത്. അതേ സമയം ഓരുവെള്ളം കയറുന്നത് തടയുന്നതിനുള്ള മണൽ ബണ്ടിന്റെ നിർമാണം ഇഴഞ്ഞുനീങ്ങുകയാണ്. പെരിയാറിൽ നിന്നുള്ള ഓരുവെള്ളമാണ് ചാലക്കുടിയാറിലേക്ക് കയറുന്നത്.
ദേശീയപാതയിലെ റീ ടാറിങ്: കണ്ണൂർ നഗരത്തിൽ രണ്ടാഴ്ച്ചത്തേക്ക് ഗതാഗത നിയന്ത്രണം

മേജർ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ വടക്കൻ പറവൂരിലെ കോഴിത്തുരുത്തിനെയും ഇലന്തിക്കരയെയും തമ്മിൽ ബന്ധിപ്പിച്ചാണ് ചാലക്കുടിയാറിന് കുറുകെ മണൽ ബണ്ട് നിർമിക്കുന്നത്. ഇക്കുറി ബണ്ട് നിർമാണത്തിന് ട്രഞ്ചർ എത്തിച്ചെങ്കിലും നിർമാണം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ വേനൽ കനത്തതോടെ വേലിയേറ്റത്തിൽ ഓരുവെള്ളം ചാലക്കുടി ആറിലേക്ക് ഇരച്ചെത്തുകയാണ്. പുഴയിൽ ലവണാംശം വർധിച്ചതിനാൽ ഇലന്തിക്കര ജലശുദ്ധീകരണ ശാലയിൽ നിന്നുള്ള പമ്പിംഗ് ഇടക്കിടെ നിർത്തിവെക്കുകയാണ്. ഇത് മൂലം പുത്തൻവേലിക്കര, കുന്നുകര പഞ്ചായത്തുകളിൽ കുടിവെള്ളക്ഷാമവും രൂക്ഷമായിട്ടുണ്ട്.