• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കുട്ടികള്‍ക്ക് സൂപ്പർ ബൈക്കുകൾ വാങ്ങിക്കൊടുക്കുന്നതിന് മുമ്പ് ഇതൊന്ന് വായിച്ചിരിക്കണം...

  • By desk

ഓണ്‍ലൈന്‍ ബൈക്ക് റൈഡിങ് ചലഞ്ചിനിടെ കർണാടകയിലെ ചിത്രദുർഗയിൽ വെച്ച് മലയാളി വിദ്യാർഥി കൊല്ലപ്പെട്ട വാർത്ത ഞെട്ടലോടെയാണ് പുറം ലോകം കേട്ടത്. ഒറ്റപ്പാലം സ്വദേശി മിഥുനാണ് മരിച്ചത്. പാമ്പാടി നെഹ്റു കോളേജിലെ അവസാന വര്‍ഷ ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്നു മിഥുൻ. വീട്ടുകാരെ പോലും അറിയിക്കാതെയായിരുന്നു പോലും മിഥുൻ ഈ മത്സരത്തിൽ പങ്കെടുക്കാൻ വേണ്ടി കർണാടകത്തിലെത്തിയത്.

ഇത് ഒരു ഒറ്റപ്പെട്ട മിഥുന്റെ കഥയല്ല. സൂപ്പർ ബൈക്കുകളില്‍ നിരത്തുകളിലൂടെ ചീറിപ്പായുന്ന യുവാക്കളും കുറവല്ല. സ്വന്തം വീട്ടുകാരെ പോലും അറിയിക്കാതെ നമ്മുടെ കുട്ടികള്‍ എങ്ങോട്ടാണീ ചീറിപ്പായുന്നത്. എന്തിനാണ് കുട്ടികൾക്ക് സൂപ്പർ ബൈക്കുകൾ വാങ്ങിക്കൊടുക്കുന്നത്. കുട്ടികൾക്ക് ബൈക്ക് വാങ്ങിക്കൊടുക്കുന്ന രക്ഷിതാക്കളോട് മിഥുൻറെ അപകടവാർത്തയുടെ പശ്ചാത്തലത്തിൽ, സംഗീത് സുരേന്ദ്രൻ ചില കാര്യങ്ങൾ ഫേസ്ബുക്ക് പോസ്റ്റായി പറയുന്നു, അതിങ്ങനെ വായിക്കാം... (ചിത്രത്തിൽ കർണാടകയിലെ ബൈക്ക് റേസിങ് ചാലഞ്ചിനിടെ കൊല്ലപ്പെട്ട മിഥുൻ)

ഗ്രൂപ്പ് ചർച്ചകൾ പോകുന്ന വഴി...

ഗ്രൂപ്പ് ചർച്ചകൾ പോകുന്ന വഴി...

Iron Butt Association, The Saddle Sore Challenge ഇതൊക്കെ ഈ രണ്ടു ദിവസം കൊണ്ട് മിക്കവരും കേട്ടിരിക്കും, ഒപ്പം കർണാടകയിലെ ചിത്രദുർഗയിൽ ഉണ്ടായ ഒരു റോഡ് അപകടത്തിൽ കേരളത്തിൽ നിന്നുള്ള ഒരു എഞ്ചിനീയറിങ്ങ് വിദ്യാർത്ഥി വളരെ ദാരുണമായി കൊല്ലപ്പെടുകയും ചെയ്ത വാർത്തയും എല്ലാരും അറിഞ്ഞിരിക്കും. തുടർന്ന് പല റൈഡിങ്, യാത്രാ ഗ്രൂപ്പുകളിലും ഈ സംഭവം സജീവ ചർച്ചാ വിഷയം ആയിരുന്നു.

യാത്രയും സുരക്ഷയും ഒക്കെ ആവും ചർച്ച ചെയ്യുന്നത് എന്ന് കരുതി ചർച്ചയിൽ പങ്കെടുക്കാൻ ചെന്ന എനിക്ക് അവിടെ കാണാൻ കഴിഞ്ഞത് എങ്ങനെ ഇത്തരം പരിപാടികളിൽ പങ്കെടുക്കാൻ പറ്റും എന്നും അതിന്റെ കൂടുതൽ വിവരങ്ങൾ എവിടെ നിന്നും ലഭ്യമാണ് തുടങ്ങിയ അന്വേഷണങ്ങൾ ആണ്. ഇത്തരം ആളെക്കൊല്ലി പരിപാടികളെ എതിർത്ത എന്നേപ്പോലുള്ള പിന്തിരിപ്പൻ മൂരാച്ചികളെ കൂട്ടം ചേർന്ന് ആക്രമിക്കാനും വെട്ടുക്കിളികൾ ശ്രമിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് എനിക്ക് വെട്ടുക്കിളികളോട് ഒന്നും പറയാനില്ല, പറയാനുള്ളത് കാർന്നോന്മാരോട് മാത്രമാണ്.

എന്തിനാണ് ബൈക്ക്, എന്താണ് ആവശ്യം?

എന്തിനാണ് ബൈക്ക്, എന്താണ് ആവശ്യം?

ഫെരാരി, ബി എം ഡബ്ലിയു, മാരുതി സുസുക്കി, ഇവർ എല്ലാവരും നിർമ്മിക്കുന്നത് കാർ തന്നെ ആണ്. ഇതിൽ ഓരോ ബ്രാൻഡും അത് വാങ്ങാൻ പറ്റുന്നവർ വാങ്ങുന്നത് ഓരോ ഉദ്ദേശം മനസ്സിൽ കണ്ടാണ്. കാറിന്റെ കാര്യത്തിൽ മാത്രം അല്ല നമ്മൾ എല്ലാം ഓരോ സാധനങ്ങൾ വാങ്ങുന്നതും അങ്ങനെ തന്നെ ആണ്. ഈ ഒരു വിവേചനബുദ്ധി അതിന്റെ പാരതമ്യത്തിൽ, കുട്ടികൾക്ക്‌ ഇരുചക്രവാഹനങ്ങൾ വാങ്ങികൊടുക്കുമ്പോൾ പ്രയോഗിക്കണം എന്നാണ് എന്റെ ഒരിത്.

"ഏത് വാങ്ങുന്നു, എന്തുകൊണ്ട് അത് വാങ്ങുന്നു" ഈ ചോദ്യങ്ങൾ നമ്മൾ കുട്ടികളോട് ചോദിക്കണം, പലവട്ടം. കൃത്യമായ തൃപ്തികരമായ, വിശ്വസനീയ മറുപടി അവരിൽ നിന്ന് കിട്ടുംവരെ ചോദിക്കണം. ഒപ്പം ഇതേ ചോദ്യങ്ങൾ നമ്മൾ നമ്മോട് തന്നെയും ചോദിക്കണം. എന്നിട്ട് മാത്രം ഒരു തീരുമാനത്തിലേക്ക് എത്തുക.

ഘട്ടം 1 - ആവശ്യം അവതരിപ്പിക്കൽ

ഘട്ടം 1 - ആവശ്യം അവതരിപ്പിക്കൽ

കുട്ടികൾ ആ ആവശ്യം ആദ്യമായി അവതരിപ്പിക്കുന്നു "അച്ഛാ, അമ്മേ എനിക്ക് ബൈക്ക് വേണം ".കോളേജിൽ പോകണം, ട്യൂഷനു പോകണം, മാർക്കറ്റിൽ പോയി മത്തി വാങ്ങിയാൽ കിലോക്ക് അഞ്ചു രൂപ കുറച്ച് കിട്ടും. തുടങ്ങി സകല ന്യായീകരണങ്ങളും കൂടെ ഉണ്ടാകും. എല്ലാം ന്യായമായ ആവശ്യങ്ങൾ ആണ് എന്ന് നിങ്ങൾക്കും തോന്നും പക്ഷെ പിടി കൊടുക്കരുത്. നടക്കില്ല എന്ന് അറത്തുമുറിച്ചു പറയുക. പലവിധത്തിലും ഉള്ള പ്രതിഷേധങ്ങളും പ്രതീക്ഷിക്കാം. അതിനെ നിങ്ങളുടെ ജീവിതാനുഭവങ്ങളുടെ ബലത്തിൽ നേരിടുക.

ഇവിടെ ഏറ്റവും വലിയ റോൾ ഉള്ളത് അമ്മമാർക്കാണ് "ഇമോഷണൽ ബ്ലാക്ക്മെയിലിങ് "എന്നൊന്ന് ഉണ്ടെങ്കിൽ അതിനു ആദ്യം കീഴ്പ്പെടുന്നത് അമ്മമാരാണ് (സ്വന്തം അനുഭവം ആണ് മറ്റു വീടുകളിലും വ്യത്യസ്ഥമാവാൻ വഴി ഇല്ല). ആത്മഹത്യാ ഭീഷണി ഒക്കെ വരും, എന്നാലും പിടിച്ചു നിൽക്കുക. (എന്തായാലും ഈ ലോകത്തു ബൈക്ക് ആക്‌സിഡന്റ്ൽ മരിച്ചിട്ടുള്ള അത്രയും കുട്ടികൾ ബൈക്ക് വാങ്ങി കൊടുക്കാത്തതിന് ആത്‍മഹത്യ ചെയ്തിട്ടുണ്ടാകില്ല അതുറപ്പാണ്).

ഘട്ടം 2 - മറുപടി സൈക്കിളിൽ തുടങ്ങുക

ഘട്ടം 2 - മറുപടി സൈക്കിളിൽ തുടങ്ങുക

ഒരാഴ്ച, രണ്ടാഴ്ച, ഒരു മാസം വീട്ടിലെ ക്രമസമാധാനനില തകരാൻ തുടങ്ങുന്നു എന്ന ഘട്ടത്തിൽ ആദ്യത്തെ ഓഫർ കൊടുക്കണം. "നിനക്ക് ഞാൻ ഒരു സൈക്കിൾ വാങ്ങി തരാം. സാദാ സൈക്കിൾ ഒന്നും അല്ല ഒരു 35-45k ഒക്കെ വിലയുള്ള നല്ല കിടിലൻ സൈക്കിൾ. ബൈക്ക്നു ഉള്ള ഡിസ്ക് ബ്രേക്ക്, ഷോക്ക് അബ്സോർബർ, ഗിയർ തുടങ്ങി എല്ലാം ഉള്ളത്.സൈക്കിൾ ആണ് ഇപ്പോഴത്തെ ട്രെൻഡ്. സിക്സ് പാക്ക് എന്ന നിന്റെ സ്വപ്നത്തിലേക്ക് ഉള്ള ആദ്യത്തെ ചവിട്ടുപടി കൂടി ആണ് സൈക്കിൾ. " എന്നൊക്കെ തള്ളുക.

ഇത് കേൾക്കുമ്പോൾ വളരെ രൂക്ഷമായ പ്രതികരണം പ്രതീക്ഷിക്കാം. തളരരുത്. പെട്രോൾന്റെ വിലയെ കുറിച്ചും ഗ്രീൻ ഹൌസ് ഗ്യാസുകളെ കുറിച്ചും, ഓട്ട വീണുകൊണ്ടിരിക്കുന്ന ഓസോൺ പാളിയെ കുറിച്ചും ഒക്കെ സംസാരിക്കണം. ഇത് ഒരു സൈക്കിളോടിക്കൽ മൂവ് കൂടി ആണ്. കാരണം പെട്ടന്ന് ഒന്നും തന്റെ ആവശ്യം നടക്കാൻ പോകുന്നില്ല എന്ന ഒരു മെസ്സേജ് കുട്ടികൾക്കും കിട്ടും.

ഘട്ടം 3 - ഇലക്ട്രിക് സ്കൂട്ടർ വാങ്ങി തരാം

ഘട്ടം 3 - ഇലക്ട്രിക് സ്കൂട്ടർ വാങ്ങി തരാം

വീണ്ടും സീൻ കോൺട്രാ ആകാൻ തുടങ്ങുന്നു. നിരാഹാരം തുടങ്ങി ഗാന്ധിയൻ മുറികളിലേക്ക് കാര്യങ്ങൾ കടക്കുമ്പോൾ അടുത്ത ഓഫർ. "നിനക്ക് ഞാൻ ഒരു ഇലക്ട്രിക് സ്കൂട്ടർ വാങ്ങി തരാം." എന്നിട്ട് പ്രതികരണം എങ്ങനെ എന്ന് നോക്കുക.അടുക്കാൻ സാധ്യത കുറവാണ് എങ്കിലും തളരരുത്. സൈക്കിൾ ഘട്ടത്തിൽ ഉപയോഗിച്ച പെട്രോൾ വില തുടങ്ങി എല്ലാം (സിക്സ് പാക്ക് വേണ്ട ) വീണ്ടും പ്രയോഗിക്കുക. മാത്രമല്ല ബൈക്ക് എന്ന അവരുടെ വാദത്തിന്റെ മുന ഒടിച്ചുകളയാൻ ഇലക്ട്രിക് സ്കൂട്ടർ എന്ന നിങ്ങളുടെ ഈ വജ്രായുധത്തിന് കഴിയും.

അതുകൊണ്ട് നന്നായി ഹോംവർക് ചെയ്തു ഈ ഘട്ടത്തിൽ മുന്നേറുക. ഇവിടെ അവരെ പൂട്ടാൻ പറ്റിയാൽ ഭാവിയിൽ ഉണ്ടാവാൻ സാധ്യത ഉള്ള പല പ്രശ്നങ്ങളും ഇവിടെ തീരും. അതുകൊണ്ട് പല്ലും നഖവും ഉപയോഗിച്ച് പോരാടുക. എന്റെ വ്യക്തിപരമായ ഒരു ചോയ്‌സ് കൂടി ആണ് ഇത്. ഇനി ഇവിടെയും കാര്യങ്ങൾ തീരില്ല എങ്കിൽ അടുത്ത ഘട്ടത്തിലേക്ക് പോവുക. ഇനി ഉള്ള ഓരോ ഘട്ടങ്ങളും റിസ്ക് വളരെ കൂടുതൽ ഉള്ള തീരുമാനങ്ങൾ ആണ്.

ഘട്ടം 4 - ബൈക്ക് വാങ്ങിത്തരാം പക്ഷേ...

ഘട്ടം 4 - ബൈക്ക് വാങ്ങിത്തരാം പക്ഷേ...

ഓഫർ No. 3. "നിനക്ക് ഒരു ഗിയർ ഇല്ലാത്ത സ്കൂട്ടർ വാങ്ങി തരാം അതാവുമ്പോൾ എനിക്കും/അമ്മയ്ക്കും/ചേച്ചിക്കും ഒക്കെ ഉപയോഗിക്കാൻ പറ്റും" എന്ന് തുടങ്ങി സാഹചര്യത്തിന് യോജിക്കുന്ന എന്തും പറയുക. റിസ്ക് ഉണ്ടെങ്കിലും ഒരു വിധം മനസ്സമാധാനം കിട്ടുന്ന.ഒരു തീരുമാനം ആണ് ഇത്. ഇവിടെ കാര്യങ്ങൾ തീർക്കും എന്ന് മനസ്സിൽ ഉറപ്പിച്ചു വേണം ഈ ഘട്ടത്തിലേക്ക് കടക്കാൻ. അതുകൊണ്ട് നന്നായി ഗൃഹപാഠം ചെയ്യുക, എല്ലാ ശക്തിയും ഉപയോഗിച്ച് പോരാടുക കാരണം ഇതും വിട്ടു പോയാൽ റിസ്ക് വീണ്ടും കൂടും.

"ശരി ബൈക്ക് വാങ്ങാം. പക്ഷെ നീ ഈ പറയുന്നത് പോലെ XYZ ബ്രാൻഡ് നെ കുറിച്ച് മറന്നേക്കണം. കാരണം ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ നടത്താൻ XYZ ബ്രാൻഡ് ന്റെ ഒന്നും ആവശ്യം ഇല്ല. അതുകൊണ്ട് ഒരു 125cc യിൽ താഴെ ഉള്ള(100cc യിൽ നിർത്താൻ പറ്റിയാൽ അത്രയും നല്ലത് ) പക്കാ കമ്മ്യൂട്ടർ ഗണത്തിൽ വരുന്ന ഒരു ബൈക്കിൽ കാര്യങ്ങൾ തീർക്കാം."എന്ന നിലപാടിൽ കട്ട കട്ട ആയി കാര്യങ്ങൾ തീർക്കുക. വേറെ ഒരു നടപടിക്കും നിങ്ങൾ തയാർ അല്ല എന്നും എന്തൊക്കെ നടന്നാലും XYZ ബ്രാൻഡ് ഈ വീട്ടിൽ കയറ്റില്ല എന്നും കൃത്യമായി പറഞ്ഞു മനസ്സിലാക്കുക. ഈ പറഞ്ഞ 100cc കാറ്റഗറിയിൽ ബ്രാൻഡ്, കളർ എല്ലാം അവർക്ക് വിടുക. കാര്യം നടത്തുക.

ഘട്ടം 5 - ബൈക്കിന്റെ സിസിയിലുമുണ്ട് കാര്യം

ഘട്ടം 5 - ബൈക്കിന്റെ സിസിയിലുമുണ്ട് കാര്യം

150cc മുതൽ 180cc വരെ ഉള്ള മൃദുമൃദു ഭീകരൻമാർ, 180cc മുതൽ 220cc വരെ ഉള്ള മൃദു ഭീകരൻമാർ 220cc മുതൽ 499cc വരെയുള്ള ഭീകരൻമാർ 500cc മുതൽ 999cc വരെ ഉള്ള കൊടും ഭീകരൻ മാർ 1000cc ക്ക്‌ മുകളിൽ ഉള്ള ഇടിവെട്ട് ഭീകരൻമാർ ഈ ഗണത്തിൽ ഏതെങ്കിലും ഒന്ന് എന്ന ഒരു തീരുമാനം ആണ് നിങ്ങൾ എടുക്കുന്നത് എങ്കിൽ No comments. (150-മുതൽ 220cc വരെ ഉള്ളവരെയും ഇതിൽ പെടുത്തിയത് പോസ്റ്റ്‌മാന്റെ വ്യക്തിപരമായ തീരുമാനം ആണ് തർക്കിക്കാൻ ഇല്ല).

പി എസ്: പോസ്റ്റ്‌മാൻ ഒരു റോഡ്സുരക്ഷ വിദഗ്ധൻ ഒന്നും അല്ല. സ്വന്തം അനുഭവങ്ങളും പരിചയം ഉള്ളവരുടെ അനുഭവങ്ങളും ആണ് പോസ്റ്റിനു ആധാരം. (സംഗീത് സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റും തുടർന്നുള്ള ചർച്ചകളും ഇവിടെ വായിക്കാം)

English summary
Sangeeth Surendran's Facebook post in the wake of Malayaly student's accident death in Karnatala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X