ഉമർഖാലിദിനെ തള്ളിപ്പറഞ്ഞ് കനയ്യ കുമാർ: 'ആരാണ് അയാള്‍, കോണ്‍ഗ്രസാണോ', പ്രതിഷേധം
ദില്ലി: ഉമർഖാലിദിനെ തള്ളിപ്പറഞ്ഞ് കോണ്‍ഗ്രസ് നേതാവും ജെ എന്‍ യു വിദ്യാർത്ഥി യൂണിയന്‍ ഭാരവാഹിയുമായിരുന്ന കനയ്യ കുമാർ. ജെഎന്‍യു സമരകാലത്തെ കനയ്യ കുമാറിന്റെ സഹപാഠിയും സമരത്തിന്‍റെ നായകസ്ഥാനത്തുണ്ടായിരുന്നയാളുമാണ് ഉമര്‍ ഖാലിദ്. എന്നാല്‍ ബിഹാറിലെ ഒരു ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു ഉമർഖാലിദിനെ തളളിപ്പറയുന്ന രീതിയിയില്‍ കനയ്യ കുമാർ സംസാരിച്ചത്.
ദില്ലി കലാപവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ഉമര്‍ ഖാലിദ് ഇപ്പോഴും ദില്ലിയിലെ ജയിലില്‍ തടവില്‍ കഴികുയാണ്. ഉമര്‍ഖാലിദിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അദ്ദേഹം കോണ്‍ഗ്രസുകാരനാണോ എന്നായിരുന്നു കനയ്യ കുമാറിന്റെ മറുചോദ്യം. അല്ലെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ഉത്തരം നല്‍കിയപ്പോള്‍ കോണ്‍ഗ്രസുകാരനല്ലാത്ത ഒരാളെക്കുറിച്ച് എന്നോട് എന്തിനാണ് ചോദിക്കുന്നതെന്നായിരുന്നു കനയ്യ കുമാറിന്റെ മറുപടി.
ഗണേഷിന്റെ മന്ത്രി മോഹം വിഫലമാവുമോ? രണ്ട് കൂട്ടരേയും എല്‍ഡിഎഫ് പുറത്താക്കാന്‍ സാധ്യത

ഇതോടെ ഉമർഖാലിദ് നിങ്ങളുടെ സുഹൃത്ത് അല്ലേയെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോള്‍ , ആരാണ് ഇത് പറഞ്ഞത് എന്ന് ചോദിച്ച് കനയ്യ അല്‍പം കയർത്ത് സംസാരിക്കുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും. ഇതോടെ കനയ്യ കുമാറിനെ വിമർശിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. സ്വതന്ത്ര്യ മാധ്യമ പ്രവര്‍ത്തകനായ അഷറഫ് ഹുസൈന്‍ ട്വിറ്ററിലിട്ട വീഡിയോ ഇതിനകം ദേശീയ മാധ്യമങ്ങള്‍ അടക്കം വാർത്തയാക്കിയിട്ടുണ്ട്.

ഉമർഖാലിദിനൊപ്പം തന്നെയുണ്ടായിരുന്ന മീരാന്‍ ഹൈദറിനെ കുറിച്ചും ചോദ്യം ഉയർന്നപ്പോള്‍ , "മീരാൻ ഹൈദർ എന്റെ പാർട്ടിക്കാരനാണോ?" എന്ന് തന്നെയായിരുന്നു കനയ്യ തിരിച്ച് ചോദിച്ചത്. അദ്ദേഹം രാഷ്ട്രീയ ജനതാദളിനൊപ്പമാണെന്ന് റിപ്പോർട്ടർ കനയ്യ കുമാറിനോട് പറഞ്ഞപ്പോൾ കുമാർ പറഞ്ഞപ്പോള്‍ "പിന്നെ എന്തിനാണ് നിങ്ങൾ അവനെക്കുറിച്ച് എന്നോട് ചോദിക്കുന്നത്?"- എന്നായിരുന്നു മറുപടി.

2016 ല്‍ അഫ്സല്‍ ഗുരു അനുസ്മരണ യോഗം സംഘടിപ്പിച്ച് ജെ എന്‍ യുവില്‍ രാജ്യവിരുദ്ധ മുദ്രവാക്യം വിളിച്ചു എന്നതിന്‍റെ പേരിലാണ് രാജ്യന്തര തലത്തില്‍ വരെ ജെഎന്‍യു വിദ്യാർത്ഥി സമരം അരങ്ങേറിയത്. കനയ്യയും ഉമര്‍ഖാലിദും അടക്കം അന്ന് വിദ്യാര്‍ത്ഥി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് എ ഐ എസ് എഫ് നേതാവായിരുന്ന കനയ്യ കുമാർ ഇടത് ഐക്യത്തിന്റെ ഭാഗമായി മത്സരിച്ച് വിജയച്ച ജെ എന്‍ യുവിലെ യൂണിയന്‍ ചെയര്‍മാനായിരുന്നു.

പൗരത്വ (ഭേദഗതി) നിയമത്തിനെതിരായ (സി എഎ ) പ്രതിഷേധങ്ങൾക്കിടയിൽ 2019 ഡിസംബറിലാണ് ജാമിയ വിദ്യാർത്ഥിയായ മീരാൻ ഹൈദറിനെ അറസ്റ്റ് ചെയ്യുകയും രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടയ്ക്കുകയും ചെയ്യുന്നത്. രാഷ്ട്രീയ ജനതാദളിന്റെ (ആർ ജെ ഡി) ഡൽഹി യുവജന വിഭാഗത്തിന്റെ തലവനായിരുന്നു മീരാന്‍ ഹൈദർ.

ഉമർ ഖാലിദുമായുള്ള ബന്ധം മറന്ന രീതിയില്‍ സംസാരിച്ച കനയ്യ കുമാറിനെ വിമർശിച്ച് നിരവധി ആളുകളും രാഷ്ട്രീയ സാമൂഹി പ്രവർത്തകരും രംഗത്ത് എത്തിയിട്ടുണ്ട്. "ജനാധിപത്യവും ഭരണഘടനയും ഉയർത്തിപ്പിടിക്കാൻ പോരാടുന്ന തടവിലാക്കപ്പെട്ട പ്രവർത്തകരെല്ലാം ഞങ്ങളുടെ സുഹൃത്തുക്കളാണ്" എന്നായിരുന്നു വീഡിയോയോട് പ്രതികരിച്ചുകൊണ്ട് യുണൈറ്റഡ് എഗെയ്ൻസ്റ്റ് ഹെയ്റ്റിന്റെ സ്ഥാപകനും പ്രവർത്തകനുമായ നദീം ഖാൻ ട്വീറ്റ് ചെയ്തത്.

ആക്ടിവിസ്റ്റും ജാമിയ സർവകലാശാലയിലെ മുൻ വിദ്യാർത്ഥിയുമായ സഫൂറ സർഗറും കനയ്യ കുമാറിനെ ട്വിറ്ററിലൂടെ വിമർശിച്ച് രംഗത്തെത്തി. 'ഹേയ് കനയ്യകുമാർ, ഞാൻ നിങ്ങളോട് ഒരു പറയട്ടെ, ഉമർഖാലിദ് നിങ്ങളുമായി ചങ്ങാത്തം കൂടാൻ ആഗ്രഹിക്കുന്നില്ല. ദയവായി ബിജെപിയിലോ ആർ എസ് എസിലോ ചേരൂ, അതിലൂടെ നിങ്ങൾക്ക് ഇനി മതേതരനാണെന്ന് നടിക്കേണ്ടതില്ല. നിങ്ങൾക്ക് വളരെ എളുപ്പമായിരിക്കും. നിങ്ങൾ ആഗ്രഹിക്കുന്ന സീറ്റും നേടാന്‍ സാധിക്കും' സഫൂറ ട്വീറ്റ് ചെയ്തു.