ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് ഭയം; നാട്ടിലേക്ക് മടങ്ങി ദല്‍ഹിയിലെ കുടിയേറ്റ തൊഴിലാളികള്‍
ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപിക്കുന്നതോടെ വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കുമെന്ന് ഭയന്ന് ദല്‍ഹിയിലെ കുടിയേറ്റ തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുന്നു. കൊവിഡിന്റെ ആരംഭകാലത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയപ്പോള്‍ ഏറ്റവും കൂടുതല്‍ ദുരിതത്തിലായത് അന്യസംസ്ഥാന തൊഴിലാളികളായിരുന്നു. അന്നത്തെ അവസ്ഥ ആവര്‍ത്തിക്കപ്പെടുന്ന ഭയത്താലാണ് തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുന്നത്.
നിലവില്‍ ദല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ ആണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കൊവിഡ് വ്യാപിപിക്കുന്നതോടെ വാരാന്ത്യ കര്‍ഫ്യൂ ലോക്ഡൗണിലേക്ക് വഴി മാറിയാല്‍ ഭക്ഷണത്തിനും ആരോഗ്യ പരിരക്ഷയ്ക്കുമെല്ലാം ബുദ്ധിമുട്ടിലാകുമെന്നാണ് കുടിയേറ്റ തൊഴിലാളികള്‍ കരുതുന്നത്.

'കഴിഞ്ഞ തവണ, ഞാന്‍ എന്റെ കുടുംബത്തോടൊപ്പം രാജ്യ തലസ്ഥാനത്ത് കുടുങ്ങി. ലോക്ക്ഡൗണ്‍ കാലയളവ് ക്രമേണ നീട്ടിയതോടെ വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിട്ടു. അതുകൊണ്ടാണ് ഇത്തവണ കര്‍ഫ്യൂ എന്ന് കേട്ടപ്പോള്‍ തന്നെ ഞാന്‍ തലസ്ഥാനം വിട്ടത്,' ദല്‍ഹിയിലെ കുടിയേറ്റ തൊഴിലാളിയായ ഹേമന്ത് മൗര്യ പറഞ്ഞു. ജനുവരി ആറിനാണ് ഇദ്ദേഹം ദല്‍ഹിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയത്.

അതേസമയം കര്‍ഫ്യൂ നീട്ടിയില്ലെങ്കില്‍ താന്‍ ദല്‍ഹിയിലേക്ക് തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലില്ലാതെ ആയാല്‍ കുറച്ച് ബുദ്ധിമുട്ടുമെന്നത് നേരാണ്. എന്നാല്‍ നാട്ടില്‍ എന്തെങ്കിലും ചെറിയ ജോലി ചെയ്താണെങ്കിലും ജീവന്‍ നിലനിര്‍ത്താമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയിലെ നിവാസിയായ രാജുവും സമാന അഭിപ്രായമാണ് പങ്കുവെക്കുന്നത്. കഴിഞ്ഞ ലോക്ക്ഡൗണില്‍, എന്റെ കുട്ടികള്‍ എന്നോടൊപ്പമുണ്ടായിരുന്നു. കൈയില്‍ പണമില്ലായിരുന്നു. ഒരു ദിവസം ഭക്ഷണമില്ലാതെ ജീവിക്കേണ്ടി വന്നു. എന്റെ സുഹൃത്തില്‍ നിന്ന് പണം കടം വാങ്ങിയ ശേഷം ഞാന്‍ വീട്ടിലേക്ക് മടങ്ങി. ഇത്തവണ ഞാന്‍ ഒന്നിനും കാത്തിരുന്നില്ല. കര്‍ഫ്യൂ നീട്ടിയില്ലെങ്കില്‍ തങ്ങള്‍ മടങ്ങിവരുമെന്ന് രാജു പറഞ്ഞു.

പ്രേം നഗറിലെ ഒരു സൊസൈറ്റിയിലെ കരാറുകാരനായ തൗഫീഖ് അഹമ്മദും സമാന അനുഭവമാണ് പങ്കുവെക്കുന്നത്. ഗ്രാമങ്ങളില്‍ നിന്നുള്ള നിരവധി ആളുകള്‍ അദ്ദേഹത്തിന് കീഴില്‍ ജോലി ചെയ്യുന്നുണ്ട്. ദല്‍ഹിയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതിന് മുമ്പുതന്നെ, കുടിയേറ്റ തൊഴിലാളികളില്‍ എട്ട് പേര്‍ അവരുടെ നാടുകളിലേക്ക് മടങ്ങിയെന്ന് തൗഫീഖ് അഹമ്മദ് പറയുന്നു.

ബീഹാര്‍, ഗോണ്ട, മൊറാദാബാദ് എന്നിവിടങ്ങളിലെ തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങിയിരിക്കുന്നത്. വീട്ടിലേക്ക് പോയവര്‍ എപ്പോള്‍ മടങ്ങിവരുമെന്ന് അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണത്തിന് ക്ഷാമം ഉണ്ടാകില്ലെന്ന് കുടിയേറ്റ തൊഴിലാളികള്‍ക്ക് തങ്ങള്‍ ഉറപ്പ് നല്‍കിയിട്ടും അവര്‍ ആശങ്കയിലായിരുന്നെന്ന് അഹമ്മദ് കൂട്ടിച്ചേര്‍ത്തു.

അതിനിടെ ബസ് ചാര്‍ജ്ജും വര്‍ധിക്കുന്നതും തൊഴിലാളികളെ പെട്ടെന്ന് നാട്ടിലേക്ക് പോകാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ പ്രേം നഗറില്‍ നിന്ന് അംബേദ്കര്‍ നഗറിലേക്ക് സ്വകാര്യ ബസില്‍ 1000 രൂപ ഈടാക്കിയിരുന്നത് ഇപ്പോള്‍ 1,200 രൂപ വരെയായി വര്‍ധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദല്‍ഹിയില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ദല്‍ഹിയില്‍ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം ഗണ്യമായി വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസം 20181 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 2021 മേയ് മാസത്തിന് ശേഷം ദല്‍ഹിയിലെ ഏറ്റവും വലിയ പ്രതിദിന നിരക്കാണിത്. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.60 ആണ്.

തിങ്കളാഴ്ച കെജ്രിവാള്‍ സര്‍ക്കാര്‍ ദല്‍ഹിയിലെ കൊവിഡ് സാഹചര്യം അവലോകനം ചെയ്യാന്‍ യോഗം വിൡച്ചിട്ടുണ്ട്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാര്‍ രാത്രിയിലും വാരാന്ത്യത്തിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ദല്‍ഹിയില്‍ നിലവില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള പദ്ധതിയില്ലെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറയുന്നത്.

കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നത് ആശങ്കാജനകമാണെന്നും ആളുകള്‍ കൃത്യമായി മാസ്‌ക് ധരിച്ചാല്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്നും ആരും പരിഭ്രാന്തരാകരുതെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
Recommended Video

ദല്‍ഹി സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലും കൊവിഡ് സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജീവനോപാധികളെ ബാധിക്കാതെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് തങ്ങളുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications