പ്രതിഷേധം ഫലം കണ്ടു; പാദരക്ഷകളുടെയും തുണിത്തരങ്ങളുടെും നികുതി വര്‍ദ്ധിപ്പിക്കില്ല
ദില്ലി: സംസ്ഥാനങ്ങളുടെയും വ്യവസായ മേഖലകളുടെയും എതിര്‍പ്പിനെ തുടര്‍ന്ന് ടെക്സ്റ്റൈല്‍സിന്റെ നികുതി അഞ്ച് ശതമാനത്തില്‍ നിന്ന് 12 ശതമാനമായി വര്‍ധിപ്പിക്കുന്ന തീരുമാനം മാറ്റിവച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന ചരക്ക് സേവന നികുതി (ജിഎസ്ടി) കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ടെക്സ്റ്റൈല്‍ ഉല്‍പന്നങ്ങളുടെ ഉയര്‍ന്ന നികുതി നിരക്കില്‍ പല സംസ്ഥാനങ്ങളും എതിര്‍പ്പ് പ്രകടിപ്പിക്കുകയും നിരക്ക് വര്‍ധന നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് നികുതി വര്‍ദ്ധിപ്പിക്കുന്ന തീരുമാനത്തില്‍ നിന്ന് ജിഎസ്ടി കൗണ്‍സില്‍ യോഗം പിന്മാറിയത്.
ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ഡല്‍ഹി, രാജസ്ഥാന്‍, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളാണ് വിഷയം ഉന്നയിച്ചത്. ടെക്സ്റ്റൈല്‍സിന്റെ ജിഎസ്ടി നിരക്ക് 2022 ജനുവരി 1 മുതല്‍ നിലവില്‍ വരുന്ന അഞ്ച് ശതമാനത്തില്‍ നിന്ന് 12 ശതമാനമായി ഉയര്‍ത്തുന്നതിനെ അനുകൂലിക്കുന്നില്ലെന്ന് സംസ്ഥാനങ്ങള്‍ അറിയിച്ചു. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുമായി നടത്തിയ പ്രീ-ബജറ്റ് കൂടിയാലോചനയിലാണ് വിഷയം ചര്‍ച്ചയായത്.
ടെക്സ്റ്റൈല്‍സിന്റെ നികുതി വര്‍ദ്ധിപ്പിച്ചാല്‍ ദില്ലി സര്‍ക്കാര്‍ പ്രതിഷേധിക്കുമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. സാധാരണക്കാരുടെ ശബ്ദം അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വസ്ത്രവ്യാപാരികള്‍ ജിഎസ്ടി നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിനെ എതിര്‍ക്കുന്നുണ്ടെന്നും അവരുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും അതിനാല്‍ ആം ആദ്മി പാര്‍ട്ടി (എഎപി) സര്‍ക്കാര്‍ അവരെ പിന്തുണയ്ക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
പശ്ചിമ ബംഗാളിലെ മുന്‍ ധനമന്ത്രി അമിത് മിത്ര, ടെക്സ്റ്റൈല്‍ മേഖലയിലെ നികുതി വര്‍ധന പിന്‍വലിക്കാന്‍ കേന്ദ്ര ധനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. നികുതി വര്‍ദ്ധിപ്പിക്കുന്നത് ഒരു ലക്ഷത്തോളം ടെക്സ്റ്റൈല്‍ യൂണിറ്റുകള്‍ അടച്ചുപൂട്ടാനും 15 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാനും ഇടയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യവസായ സ്ഥാപനങ്ങളും നികുതി അഞ്ച് ശതമാനത്തില്‍ നിന്ന് വര്‍ധിപ്പിക്കുന്നതിനെ എതിര്‍ത്തിരുന്നു. നികുതി വര്‍ദ്ധനവ് പ്രത്യേകിച്ച് അസംഘടിത മേഖലയ്ക്കും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും വലിയ തിരിച്ചടി സൃഷ്ടിക്കും. കൂടാതെ പാവപ്പെട്ടവന്റെ വസ്ത്രങ്ങള്‍ വില വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യമുണ്ടാകുമെന്നും വ്യവസായ മേഖല ചൂണ്ടിക്കാട്ടി.
ജിഎസ്ടി കൗണ്‍സിലിന്റെ ശുപാര്‍ശ പ്രകാരം, വസ്ത്രങ്ങള്‍, തുണിത്തരങ്ങള്‍, പാദരക്ഷകള്‍ എന്നിവയുടെ ജിഎസ്ടി നിരക്ക് അഞ്ച് ശതമാനത്തില്‍ നിന്ന് 12 ശതമാനമായി ഉയര്‍ത്തുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡെറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് (സിബിഐസി) പ്രഖ്യാപിച്ചിരുന്നു. 2022 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് അറിയിച്ചത്. 46ാം ജിഎസ്ടി കൗണ്‍സില്‍ യോഗം ദില്ലിയില്‍ വച്ചാണ് നടക്കുന്നത്. സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ധനമന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.