ബിജെപിക്കെതിരെ ശിവസേന: ഗോവയില്‍ അധികാരമുറപ്പിക്കാന്‍ പരീക്കറിന്‍റെ ചിത കെട്ടടങ്ങാന്‍ കാത്തില്ലെന്ന്
പനാജി: ബിജെപിക്കും ഗോവയിലെ ബിജെപിയുടെ സഖ്യകക്ഷികള്‍ക്കും കനത്ത വിമര്‍ശനവുമായി ശിവസേന. ഗോവയിലെ രാഷ്ട്രീയം ജനാധിപത്യത്തെ ഭയപ്പെടുത്തുന്നതാണെന്നും അന്തരിച്ച മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്‍റെ ചിത കെട്ടടങ്ങുന്നത് വരെ കാത്തിരിക്കാന്‍ ഇവര്‍ തയ്യാറായിട്ടില്ലെന്നും ശിവസേന ആരോപിക്കുന്നു. അധികാരത്തിന്‍റെ നാണംകെട്ട കളിയാണിതെന്നും പരീക്കറിന്‍റെ ചിതാഭസ്മം ഗോവന്‍ മണ്ണില്‍ അലിഞ്ഞ് തീരുംവരെ കാത്തിരിക്കണമായിരുന്നു എന്നും ശിവസേന മുഖപത്രമായ സാമ്‌നയില്‍ എഴുതിയിരുന്നു.
സിപിഎമ്മുമായി ഇനി ബന്ധമില്ല! സഖ്യം 'അറുത്തുമാറ്റി' കോണ്‍ഗ്രസ്! ഒറ്റയ്ക്ക് മത്സരിക്കും
ബിജെപി ചൊവ്വാഴ്ച്ച വരെ സര്‍ക്കാറുണ്ടാക്കാന്‍ കാത്തിരുന്നെങ്കില്‍ ഗോവയിലെ മന്ത്രിസഭ താഴെവീണേനെ എന്നും ശിവസേന പറയുന്നു. ഗോവയിലെ ഡെപ്യൂട്ടി മുഖ്യമന്ത്രിമാരില്‍ നിന്ന് ഒരാള്‍ കോണ്‍ഗ്രസിലെത്തിയേനെയെന്നും ശിവസേന ആരോപിക്കുന്നു. ബിജെപി എംഎല്‍എ പ്രമോദ് സാവന്ത് ഗോവയിലെ മുഖ്യമന്ത്രിയായി ചൊവ്വാഴ്ച്ചയ്ക്ക് മുമ്പ് ആണ് സത്യപ്രതിഞ്ജ ചെയ്തത്. ഒരു ദിവസം മുഴുവന്‍ അതീവ ജാഗ്രതയോടെ കരു നീക്കിയാണ് ബിജെപി സഖ്യകക്ഷികളുമായി ചേര്‍ന്ന് അധികാരത്തിലെത്തിയത്.
മനോഹര്‍ പരീക്കറിന്‍റെ സംസ്‌കാരച്ചടങ്ങുകള്‍ നടക്കുന്നതിനിടെ 11 മന്ത്രിമാരടങ്ങുന്ന മന്ത്രിസഭ അധികാരത്തിലെത്തിയിരുന്നു. ബിജെപിയും സഖ്യകക്ഷികളായ ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വാര്‍ഡ് പാര്‍ട്ടിയും ചേര്‍ന്നുള്ള മന്ത്രി സഭയാണ് അധികാരത്തിലെത്തിയത്. സത്യപ്രതിജ്ഞ ചടങ്ങ് ചൊവ്വാഴ്ച്ച വരെ കാത്തിരുന്നാല്‍ എന്താണ് തെറ്റെന്നും ശിവസേന ചോദിക്കുന്നു.
അധികാരത്തിനു വേണ്ടി അന്തരിച്ച ഒരു വ്യക്തിയോട് കുറച്ച് ആദരവെങ്കിലും കാണിച്ചു കൂടെ എന്നും സത്യപ്രതിജ്ഞ ചെയ്യാന്‍ കുറച്ച് സമയം കാത്തിരുന്നാല്‍ എന്താണ് സംഭവിക്കുക എന്നും ഉദ്ധവ് താക്കറെ നയിക്കുന്ന പാര്‍ട്ടി ആരോപിക്കുന്നു. പരീക്കറിന് സമര്‍പ്പിച്ച പൂക്കള്‍ വാടി തുടങ്ങിയില്ല എന്നാല്‍ ഗോവയില്‍ അധികാരവടംവലി അവസാനിച്ച്അധികാരം പിടിച്ചടക്കി കഴിഞ്ഞു. രണ്ട് ഉപമുഖ്യമന്ത്രിമാരോടെ അധികാരം ഉറപ്പിക്കാന്‍ കഴിഞ്ഞതിന് ഇരയാകുന്നത് പാവം ഗോവന്‍ ജനങ്ങളാണെന്നും പറയുന്നു. ബിജെപി അധികാരത്തിലെത്തിയ ഒരു സംസ്ഥാനത്തും ഉപമുഖ്യമന്ത്രിമാരുണ്ടാകില്ലെന്നും പറഞ്ഞ ബിജെപി അത്തരമൊരു സ്ഥാനം ശിവസേനയ്ക്ക നല്‍കിയില്ലെന്നും പറയുന്നു.