ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ വിവാദ നായകന്‍; ആരാണ് ദീപ് സിദ്ധു?; സിദ്ധുവിന്റെ ബിജെപി ബന്ധം
ദില്ലി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്ക് കാരണമായി കര്‍ഷക നേതാക്കളുള്‍പ്പെടെ വിരല്‍ ചൂണ്ടുന്നത് ദീപ് സിദ്ധുവിലേക്കാണ്. ചെങ്കോട്ടയിലേക്കുള്ള ട്രാക്ടര്‍ റാലിക്ക് നേതൃത്വം നല്‍കിയതും ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയും സിദ്ധുവിന്റെ നേതൃത്വത്തിലായിരുന്നു. കര്‍ഷകര്‍ ചെങ്കോട്ട കയ്യേറി പതാക ഉയര്‍ത്തിയതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് കര്‍ഷക നേതാക്കള്‍ ആണയിട്ടു പറയുന്നു. സംഘര്‍ഷങ്ങള്‍ക്കു ശേഷം സിദ്ധു നരേന്ദ്ര മോദിയോടൊപ്പം നില്‍ക്കുന്ന ചിത്രവും വ്യാപകമായി പ്രചരിച്ചിരുന്നു. ബിജെപിക്കും ആര്‍എസ്‌എസിനും വേണ്ടി കര്‍ഷക സമരത്തെ തകര്‍ക്കാനുള്ള ശ്രമമാണ് സിദ്ധുവിന്റേതെന്ന് കര്‍ഷക നേതാക്കള്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ ആരോപിക്കുന്നുണ്ട്.

ആരാണ് ദിപ് സിദ്ധു?
1984ല്‍ പഞ്ചാബിലെ മുക്ത്‌സര്‍ ജില്ലയില്‍ ജനിച്ച ദീപു സിദ്ധു നിയമബിരുദധാരിയാണ്. കുറച്ചുകാലം കോടതിയില്‍ പ്രാക്ടീസ് ചെയ്‌ത സിദ്ധു പിന്നീട് കിങ്‌ഫിഷര്‍ മോഡല്‍ ഹണ്ട് അവാര്‍ഡ് നേടി. 2015ലാണ് സിദ്ധുവിന്റെ ആദ്യ പഞ്ചാബി ചിത്രം പുറത്തുവരുന്നത്. രംമ്‌താ ജോഗി എന്നായിരുന്നു സിനിമയുടെ പേര്. 2018ല്‍ പുറത്തിറങ്ങിയ ജോറാ ദാസ് നുംബ്രിയ എന്ന ചിത്രത്തിലൂടെയായിരുന്നു സിദ്ധു ശ്രദ്ധനേടുന്നത്. ചിത്രത്തില്‍ ഗാങ്‌സ്‌റ്ററിന്റെ റോളായിരുന്നു സിദ്ധുവിന്റേത്.

സിദ്ധുവിന്റെ ബിജെപി ബന്ധം
2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി എംപി സണ്ണിഡിയോളിന്റെ ഇലക്ഷന്‍ പ്രചരണത്തിന്റെ ഭാഗമായി ദീപു സിദ്ധു പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതാണ് സിദ്ധുവിന്റെ ബിജെപി ബന്ധത്തിന്റെ പ്രധാന തെളിവ്. എന്നാല്‍ തനിക്കോ തന്റെ കുടുംബത്തിനോ ദീപ് സിദ്ധുവുമായി യാതൊരു ബന്ധവുമില്ലെന്ന് ബിജെപി എംപി സണ്ണി ഡിയോള്‍ ട്വീറ്റ് ചെയ്‌തു.

കര്‍ഷകസമരത്തിലേക്ക്
പഞ്ചാബില്‍ നിന്നും നിരവധി ആക്ടിവിസ്റ്റുകളും കലാകാരനാമാരും ദില്ലി ഹരിയാന അതിര്‍ത്തിയിലെ ശമ്പുവില്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ പങ്കു ചേരാന്‍ എത്തിയിരുന്നു. ഇത്തരത്തിലാണ് സിദ്ധുവും കര്‍ഷകസമരത്തില്‍ പങ്കാളിയാകുന്നത്. പിന്നീട് ശമ്പു അതിര്‍ത്തിയില്‍ സ്ഥാപിച്ച സ്ഥിരം സ്റ്റേജില്‍ തങ്ങിയ സിദ്ധു. സോഷ്യല്‍ മീഡിയവഴി കര്‍ഷകരുടെ പ്രശ്‌നങ്ങളെപ്പറ്റിയും, കര്‍ഷക സമരത്തിന്റെ പ്രാധാന്യത്തെപ്പറിറയും പങ്കുവെച്ചു.

തുടക്കം മുതല്‍ സംശത്തിന്റെ നിഴലില്‍
എന്നാല്‍ തുടക്കം മുതല്‍ക്കെ തന്നെ സിദ്ധു ബിജെപിയുടേയും ആര്‍എസ്‌എസിന്റേയും ഏജന്റാണെന്ന് ആരോപണം കര്‍ഷകര്‍ തന്നെ ഉന്നയിച്ചിരുന്നു. നരേന്ദ്രമോദിക്കും സണ്ണി ഡിയോള്‍ എംപിക്കും ഒപ്പം നില്‍ക്കുന്ന ചിത്രം കാണിച്ചായിരുന്നു ആരോപണം. എന്നാല്‍ ആരോപണങ്ങളെ സിദ്ധു തള്ളുകയാണ് ഉണ്ടായത്. തുടക്കം മുതലെ കര്‍ഷക സമരത്തില്‍ ദീപ് സിദ്ധുവിന്റെ പങ്കാളിത്തത്തെ തങ്ങള്‍ എതിര്‍ത്തിരുന്നതായി കര്‍ഷക നേതാക്കളിലൊരാളായ യോഗേന്ദ്ര യാദവി പറുന്നു.

ചെങ്കോട്ടയിലേക്ക്
ഭാരതീയ കിസാന്‍ യൂണിയന്‍ പ്രവര്‍ത്തകരോടൊപ്പം ചേര്‍ന്ന് ശമ്പു അതിര്‍ത്തിയിലെ ബാരിക്കേടുകള്‍ തകര്‍ക്കാനും നിശ്‌ചയിച്ച വഴികളില്‍ നിന്നും തിരിഞ്ഞ് ദില്ലിയുടെ മധിയഭാഗത്തേക്ക് ട്രാക്ടര്‍ റാലി കൊമ്‌ടുപോകാന്‍ പ്രേരിപ്പിച്ചത് ദീപ് സിദ്ധുവാണെന്ന് ശക്തമായ ആരോപണം ഉണ്ട്. ചെങ്കോട്ടയിലേക്ക് കര്‍ഷകര്‍ കടന്നതും പതാക ഉയര്‍ത്തിയതും സിദ്ധുവിന്റെ നേതൃത്വത്തിലായിരുന്നു. എന്നാല്‍ ഇതിനെ കര്‍ഷക നേതാക്കള്‍ ശക്തമായി എതിര്‍ത്തു.

സമരം ജനാധിപത്യപരം
എന്നാല്‍ ജനാധിപത്യ രീതിയില്‍ സമരം നടത്തുക മാത്രമാണ് തങ്ങള്‍ ചെങ്കോട്ടയില്‍ ചെയ്‌തതെന്നും, ഇന്ത്യന്‍ പാതക നീക്കം ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നും സിദ്ധു ഫേയ്‌സ്‌ബുക്ക് ലൈവിലൂടെ അറിയിച്ചു. കര്‍ഷക നേതാക്കള്‍ പൂര്‍ണമായും തള്ളിപ്പറഞ്ഞതോടെ സമ്മര്‍ദത്തിലായിരിക്കുകയാണ് പഞ്ചാബി താരം. ദില്ലിയിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു കര്‍ഷകന്‍ മരിക്കുകയും 83 പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്. കര്‍ഷകര്‍ക്കെതിരെ കലാപാത്തിന് കേസെടുക്കാനാണ് ദില്ലി പൊലീസിന്റെ നീക്കം.