മാലിദ്വീപില്‍ അടിയന്തരാവസ്ഥ; സൈന്യം സുപ്രീം കോടതി കൈയേറി ജഡ്ജിമാരെ അറസ്റ്റ് ചെയ്തു

  • Posted By: Desk
Subscribe to Oneindia Malayalam

മാലി: ജയിലില്‍ കഴിയുന്ന പ്രതിപക്ഷ നേതാക്കളെ വിട്ടയക്കാനുള്ള ഉത്തരവിനെ തുടര്‍ന്ന് സുപ്രിം കോടതിയും സര്‍ക്കാറും തമ്മില്‍ ഭിന്നത രൂക്ഷമായ മാലിദ്വീപില്‍ പ്രസിഡന്റ് അബ്ദുല്ല യമീന്‍ 15 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തുടര്‍ന്ന് സുപ്രീം കോടതിയിലേക്ക് ഇരച്ചുകയറിയ സൈന്യം ചീഫ് ജസ്റ്റിസിനെയും മറ്റൊരു ജഡ്ജിയെയും അറസ്റ്റ് ചെയ്തു.

മാലദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു: രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു, ഇന്ത്യക്കാർക്ക് ജാഗ്രതാ നിര്‍ദേശം, അനാവശ്യ യാത്രകള്‍ ഒഴിവാക്കണം!

ചീഫ് ജസ്റ്റിസ് അറസ്റ്റില്‍

ചീഫ് ജസ്റ്റിസ് അറസ്റ്റില്‍

ചൊവ്വാഴ്ച പുലര്‍ച്ചെയോടെയായിരുന്നു ചീഫ് ജസ്റ്റിസ് അബ്ദുല്ല സഈദിനെയും സുപ്രിംകോടതി ജഡ്ജി അലി ഹമീദിനെയും സൈന്യം ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയത്. ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെ മാലി നിയമകാര്യ മന്ത്രി അസീമ ശക്കൂര്‍ അടിയന്തരാവസ്ഥാ പ്രഖ്യാപനം നടത്തിയതിന് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു അറസ്റ്റ്. കോടതിക്ക് പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തെ മുളകുപൊടി സ്‌പ്രേ ഉപയോഗിച്ച് പിരിച്ചുവിട്ട ശേഷമായിരുന്നു അറസ്റ്റ്.

പ്രതിസന്ധി കോടതി വിധിയെച്ചൊല്ലി

പ്രതിസന്ധി കോടതി വിധിയെച്ചൊല്ലി


കഴിഞ്ഞ വ്യാഴാഴ്ച സര്‍ക്കാരിനെതിരെ സുപ്രിം കോടതി വിധി പ്രസ്താവിച്ചതിനു പിന്നാലെയാണ് മാലിയില്‍ പ്രതിസന്ധി തുടങ്ങിയത്. ഭീകരവാദം, അഴിമതി തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് യമീന്‍ സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത ഒന്‍പത് പ്രതിപക്ഷ പാര്‍ലമെന്റംഗങ്ങളെ കുറ്റവിമുക്തരാക്കുകയും അവരെ ഉടന്‍ മോചിപ്പിക്കണമെന്ന് ഉത്തരവിടുകയും ചെയ്ത നടപടിയാണ് പ്രസിഡന്റിനെ ചൊടിപ്പിച്ചത്. അതോടൊപ്പം യമീന്‍ പുറത്താക്കിയ 12 ഭരണകക്ഷി അംഗങ്ങളെ തിരിച്ചെടുക്കണമെന്നും കോടതി വിധിച്ചു.

വിധി ഭരണഘടനാ വിരുദ്ധമെന്ന്

വിധി ഭരണഘടനാ വിരുദ്ധമെന്ന്

എന്നാല്‍ മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് ഉള്‍പ്പെടെയുള്ള ഒന്‍പത് പേര്‍ക്കെതിരായ ഭീകരവാദ-അഴിമതി ആരോപണങ്ങള്‍ തള്ളിയ കോടതി വിധി ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് ആരോപിച്ച് പ്രസിഡന്റ് അബ്ദുല്ല യമീന്‍ രംഗത്തുവരികയായിരുന്നു. കോടതി വിധി നടപ്പിലാക്കരുതെന്ന് സൈന്യത്തിനും പൊലിസിനും അദ്ദേഹം നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ കോടതി വിധി നടപ്പിലാക്കാന്‍ യാതരു നിയമതടസ്സവുമില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കുകയായിരുന്നു.

നിരവധി പേര്‍ അറസ്റ്റില്‍

നിരവധി പേര്‍ അറസ്റ്റില്‍

സുപ്രിംകോടതി ജഡ്ജിമാര്‍ക്കു പുറമെ, പ്രതിപക്ഷ നിരയിലെ നിരവധി നേതാക്കളെ അടിയന്തരാവസ്ഥയെ തുടര്‍ന്ന് സൈന്യം അറസ്റ്റ് ചെയ്തു. ദീര്‍ഘകാലം മാലിയുടെ പ്രസിഡന്റായി ഭരണം നടത്തിയ തന്റെ അര്‍ധ സഹോദരന്‍ മഅ്മൂന്‍ അബ്ദുല്‍ ഖയ്യൂം, മരുമകന്‍, ചീഫ് ജുഡീഷ്യല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഹസന്‍ സഈദ് ഹുസൈന്‍ തുടങ്ങിയവരും അറസ്റ്റിലായവരില്‍ പെടും. നേരത്തേ രണ്ട് പ്രതിപക്ഷം പാര്‍ലമെന്റരംഗങ്ങളെ വിമാനത്താവളത്തില്‍ വച്ച് പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

അടിയന്തരാവസ്ഥ രാജ്യതാല്‍പര്യത്തിനെന്ന്

അടിയന്തരാവസ്ഥ രാജ്യതാല്‍പര്യത്തിനെന്ന്

ഫെബ്രുവരി ഒന്നിലെ കോടതിവിധി ഭരണകൂടത്തിന്റെ അധികാരത്തിലേക്കുള്ള കടന്നുകയറ്റവും ദേശീയ സുരക്ഷയ്ക്കും പൊതുതാല്‍പര്യത്തിനും എതിരാണെന്നും അടിയന്തരാവസ്ഥാ പ്രഖ്യാപനം നടത്തിയ നിയമകാര്യമന്ത്രി അസീമ ശക്കൂര്‍ പറഞ്ഞു. പ്രതിപക്ഷ തടവുകാരെ വിട്ടയക്കമണമെന്ന സുപ്രിംകോടതി വിധി നടപ്പിലാക്കാനാവുമെന്ന് ഭരണകൂടം കരുതുന്നില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.

പട്ടാള ഭരണമെന്ന് മുന്‍ പ്രസിഡന്റ്

പട്ടാള ഭരണമെന്ന് മുന്‍ പ്രസിഡന്റ്

മാലിദ്വീപില്‍ അടിയന്തരവാസ്ഥ പ്രഖ്യാപനത്തിലൂടെ പട്ടാളഭരണത്തിന് പ്രസിഡന്റ് തുടക്കമിട്ടിരിക്കുകയാണെന്ന് അയല്‍രാഷ്ട്രമായ ശ്രീലങ്കയില്‍ പ്രവാസ ജീവിതം നയിക്കുന്ന മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് കുറ്റപ്പെടുത്തി. പ്രസിഡന്റിന്റെ തീരുമാനം ഭരണഘടനാവിരുദ്ധവും നിയമത്തിനെതിരുമാണ്. നിയമവിരുദ്ധമായി പ്രഖ്യാപിച്ച അടിയന്തരാവസ്ഥാ ഉത്തരവ് പാലിക്കേണ്ടതില്ലെന്നും അദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്തു.

ഭക്ഷണം പോലും ലഭിക്കാതെ ജഡ്ജിമാര്‍

ഭക്ഷണം പോലും ലഭിക്കാതെ ജഡ്ജിമാര്‍

അടിയന്തരാവസ്ഥ പ്രഖ്യാപനത്തെ തുടര്‍ന്ന് സൈന്യം സുപ്രിംകോടതിയിലേക്കുള്ള വഴികള്‍ അടക്കുകയും കോടതി കെട്ടിടം പുറത്തുനിന്ന് പൂട്ടുകയുമാണുണ്ടായതെന്ന് മുന്‍ അറ്റോര്‍ണി ജനറലും മാലിദ്വീപ് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റുമായ ഹുസ്‌നു അല്‍ സൗദ് പറഞ്ഞു. കഴിക്കാന്‍ ഭക്ഷണം പോലുമില്ലാതെയാണ് ജഡ്ജിമാര്‍ കോടതി കെട്ടിടത്തിനകത്ത് കഴിയുന്നതെന്നും അദ്ദേഹം ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. തന്നെയും കോടതിയെയും രക്ഷിക്കാന്‍ ചീഫ് ജസ്റ്റിസ് ജനങ്ങളോട് അഭ്യര്‍ഥിച്ചതായും അദ്ദേഹം വ്യക്തമാക്കി.

വിദേശ ഇടപെടല്‍ വേണമെന്ന് ആവശ്യം

വിദേശ ഇടപെടല്‍ വേണമെന്ന് ആവശ്യം

രാജ്യത്ത് സുപ്രിംകോടതി ഉത്തരവ് നടപ്പാക്കാന്‍ വിസമ്മതിക്കുകയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഭരണകൂടത്തെ നിലയ്ക്കു നിര്‍ത്താന്‍ വിദേശ ഇടപെടലുകള്‍ വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. രാജ്യത്ത് പ്രതിഷേധിക്കുന്ന ജനങ്ങളെ സൈന്യം അടിച്ചമര്‍ത്തുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. ഇന്ത്യ, അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ കോടതി വിധി നടപ്പിലാക്കാന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു.

English summary
maldives president declares emergency

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്