ഫൈസറിന്റെ കൊവിഡ് വാക്‌സിന് അടിയന്തര അനുമതി നല്‍കി ഖത്തര്‍, കുട്ടികള്‍ക്ക് നല്‍കില്ല!!
ദോഹ: ഫൈസറും ബയോടെക്കും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിന് അടിയന്തര അനുമതി നല്‍കി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. ഇത് വലിയ ഫലം കണ്ട് തുടങ്ങിയ സാഹചര്യത്തിലാണ് ഈ നീക്കം. അതേസമയം കുട്ടികള്‍ക്ക് വാക്‌സിന്‍ ഉപയോഗിത്തിന് അനുമതിയില്ല. ആരോഗ്യ സാഹചര്യങ്ങള്‍ പരിശോധിച്ച് എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുമെന്ന് ഖത്തര്‍ ഭരണകൂടം പറയുന്നു. പൊതുജനാരോഗ്യ മന്ത്രാലയം വാങ്ങാന്‍ കരാറൊപ്പിട്ട വാക്‌സിനുകളിലൊന്നാണ് ഫൈസറിന്റേത്.
വിതരണത്തിനുള്ള വാക്‌സിന്‍ ഇന്ന് എത്തും. കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് മന്ത്രാലയത്തിലെ ഫാര്‍മസി-ഡ്രഗ് നിയന്ത്രണ വകുപ്പ് അനുമതി നല്‍കിയിട്ടില്ല. 16 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമേ വാക്‌സിന്‍ നല്‍കൂ. അലര്‍ജി സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും വാക്‌സിന്‍ നല്‍കില്ല. അലര്‍ജിയുള്ളവര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് മുമ്പ് ഇക്കാര്യം ഡോക്ടറോട് പ്രത്യേകം പറയണം.
നേരത്തെ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം വാക്‌സിന്‍ എത്രത്തോളം സുരക്ഷിതമാണെന്ന് പരിശോധിച്ചു. കര്‍ശനമായ പരിശോധനയായിരുന്നു ഇത്. പല വിഭാഗത്തിലുള്ള വളണ്ടിയര്‍മാരിലാണ് വാക്‌സിന്‍ പരീക്ഷണം നടത്തിയത്. ഇത് സുരക്ഷിതമാണെന്ന് ഈ പരിശോധനയില്‍ തെളിഞ്ഞിരുന്നു. കൊവിഡിനെതിരെ ഈ മരുന്ന് നന്നായി ഫലിക്കുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വാക്‌സിന് അനുമതി നല്‍കിയത്. അമേരിക്കയിലും ബ്രിട്ടനിലും കാനഡയിലും ഇത്തരത്തില്‍ വാക്‌സിന്‍ ഉപയോഗിക്കാന്‍ ഫൈസറിന് അനുമതി ലഭിച്ചിരുന്നു.
്
ഫൈസര്‍ കൂടാതെ മോഡേണയുമായും ഖത്തര്‍ കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ആദ്യം മോഡേണയുടെ വാക്‌സിന്‍ എത്തുമെന്നാണ് പ്രഖ്യാപനം. പ്രാഥമിക ഘട്ടത്തില്‍ വയോധികര്‍, പ്രമേഹം, ആസ്മ, ഹൃദയസംബന്ധമായരോഗങ്ങള്‍ എന്നിവയുള്ളവര്‍, ആരോഗ്യ മേഖലയിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും വാക്‌സിന്‍ സൗജന്യമാണ്.