• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മുഖ്യമന്ത്രിയുടെ നാട്ടിൽ വിളവെടുത്ത പച്ചക്കറികള്‍ വീടുകളിലേക്കെത്തിക്കാന്‍ വീട്ടുചന്ത വാട്‌സ്ആപ്പ്

  • By Desk

കണ്ണൂർ: ജൈവ പച്ചക്കറികള്‍ ആവശ്യത്തിനനുസരിച്ച് വീട്ടിലെത്തിക്കാൻ മുഖ്യമന്ത്രിയുടെ നാട്ടിൽ പദ്ധതി തുടങ്ങി. ലോക് ഡൗണൊന്നും പിണറായിക്കാര്‍ക്ക് ഒരു പ്രശ്‌നമേയല്ല. വീട്ടുചന്ത എന്ന വാട്‌സ്ആപ്പ് കൂട്ടായ്മയിലൂടെയാണ് പിണറായിയിലെ കര്‍ഷകര്‍ വിളവെടുത്ത കാര്‍ഷികോത്പ്പന്നങ്ങള്‍ ആവശ്യക്കാരുടെ വീടുകളില്‍ എത്തിക്കുന്നത്. പിണറായി വെസ്റ്റ് പച്ചക്കറി ക്ലസ്റ്ററിന്റെയും യുവജന സന്നദ്ധ വളണ്ടിയര്‍മാരുടെയും സഹകരണത്തോടെ സി മാധവന്‍ സ്മാരക വായനശാലയുടെ നേതൃത്വത്തിലാണ് ഈ വാട്‌സ്ആപ്പ് കൂട്ടായ്മ പ്രവര്‍ത്തിക്കുന്നത്.

'ദേശദ്രോഹിയെന്ന ചാപ്പ രാഹുലിന് ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതി; ഉള്ളതുപറയലോ, വീ ഡോണ്ട് കെയർ!'

വിളവെടുത്ത പച്ചക്കറികള്‍ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു കര്‍ഷകര്‍. ലോക്ഡൗണിനെത്തുടര്‍ന്ന് കടകളില്‍ പച്ചക്കറികള്‍ എടുക്കാതിരിക്കുകയും എടുക്കാന്‍ തയാറായവര്‍ തുച്ഛമായ വില പറയുകയും ചെയ്തത് കര്‍ഷകരെ കൂടുതല്‍ ദുരിതത്തിലാക്കി. തുടര്‍ന്നുള്ള ആലോചനയാണ് വീട്ടുചന്ത എന്ന വാട്‌സ്ആപ്പ് കൂട്ടായ്മയുടെ രൂപീകരണത്തിലെത്തിയത്.

വായനശാല കമ്മിറ്റി രൂപീകരിച്ച വാട്‌സ്ആപ്പ് കൂട്ടായ്മയിലൂടെയും മറ്റ് ഗ്രൂപ്പുകളിലൂടെയുമാണ് പുതിയ സംരംഭത്തെക്കുറിച്ചും പ്രവര്‍ത്തന രീതിയെക്കുറിച്ചും ജനങ്ങളെ അറിയിച്ചത്. വില്പനയ്ക്കുള്ള ഉല്‍പ്പന്നങ്ങളുടെ പട്ടിക ഉള്‍പ്പെടെയുള്ള സന്ദേശങ്ങള്‍ ഈ ഗ്രൂപ്പുകളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചു. ഇതിന് വലിയ പ്രതികരണമാണ് ഉണ്ടായത്. പഞ്ചായത്തിന് അകത്തു നിന്നും പുറത്തു നിന്നുമുള്ള നിരവധി പേര്‍ ഉല്‍പ്പന്നങ്ങള്‍ ആവശ്യപ്പെട്ട് എത്തി. ലോക് ഡൗണ്‍ സാഹചര്യമുള്ളതിനാല്‍ പഞ്ചായത്തിലുള്ളവര്‍ക്കാണ് നിലവില്‍ പച്ചക്കറി ലഭ്യമാക്കുന്നതെന്ന് വായനശാല കമ്മിറ്റി പ്രസിഡണ്ട് കെ ഭാസ്‌കരന്‍ പറഞ്ഞു.

പ്രദേശത്തെ 50 കര്‍ഷകരുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങളാണ് ഗ്രൂപ്പിലൂടെ വില്പന നടത്തുന്നത്. ലോക് ഡൗണിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് വീട്ടുചന്തയുടെ പ്രവര്‍ത്തനം. സന്നദ്ധം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത വളണ്ടിയര്‍മാര്‍ മുഖേനയാണ് ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വീടുകളിലെത്തിച്ചു നല്‍കുന്നത്. കര്‍ഷകരും വായനശാല കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് ലോക് ഡൗണ്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് ഉല്പന്നങ്ങള്‍ അളക്കുകയും പാക്ക് ചെയ്യുകയും ചെയ്യുന്നത്. 19 അംഗങ്ങളാണ് കമ്മിറ്റിയിലുള്ളത്. സൗജന്യ പച്ചക്കറി കിറ്റും കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിതരണം ചെയുന്നുണ്ട്. പച്ചക്കറികള്‍ വീടുകളിലേക്ക് എത്തിക്കുന്നതിനായുള്ള സഞ്ചികളും ഇവര്‍ തന്നെ നിര്‍മിച്ചിട്ടുണ്ട്. ഞായറാഴ്ചകളില്‍ മാത്രമാണ് ഉല്‍പ്പന്നങ്ങളുടെ വില്പന. ഏപ്രില്‍ ആദ്യവാരം ആരംഭിച്ച വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ ഒരു ലക്ഷം രൂപയുടെ പച്ചക്കറികളാണ് ഇതിനോടകം ഉപഭോക്താക്കളിലേക്കെത്തിച്ചത്. തണ്ണിമത്തന്‍, തക്കാളി, വെണ്ട, പയര്‍, പൊട്ടിക്ക, കയ്പ, വെള്ളരി, പടവലം, കുമ്പളം, കക്കിരി തുടങ്ങിയവയാണ് ഗ്രൂപ്പിലൂടെ വില്‍പ്പന നടത്തുന്നത്.

കര്‍ഷകര്‍കരുടെ ഉല്പന്നങ്ങള്‍ക്ക് ന്യായവില ലഭ്യമാക്കുക, കൊറോണ കാലത്ത് പുറത്തിറങ്ങാന്‍ കഴിയാത്തവര്‍ക്ക് വിഷ രഹിതമായ പച്ചക്കറി വീടുകളിലെത്തിക്കുക. എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും സഞ്ചി അടക്കമുള്ള സാധനങ്ങള്‍ കമ്മിറ്റി നിര്‍മ്മിക്കുന്നുണ്ടെങ്കിലും ഉത്പന്നങ്ങളുടെ വില മാത്രമാണ് ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്നതെന്നും കമ്മിറ്റി പ്രസിഡണ്ട് അറിയിച്ചു. ഇടനിലക്കാരില്ലാത്തതിനാല്‍ സാധാരണ ലഭിക്കുന്നതിനേക്കാള്‍ ലാഭം കര്‍ഷകര്‍ക്ക് പദ്ധതിയിലൂടെ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഷിക രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കാനുതകുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.. ഇതിനായി ഓരോ തദ്ദേശസ്ഥാപനവും അനുയോജ്യമായ പരിപാടികള്‍ തയ്യാറാക്കി ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കണം. ഇതിനായി തദ്ദേശ സ്ഥാപനങ്ങള്‍ നിലവില്‍ അംഗീകരിച്ച പദ്ധതികളില്‍ കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന രീതിയില്‍ ഭേദഗതി വരുത്തണമെന്നും ആസൂത്രണ സമിതി ചെയര്‍മാന്‍കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു.

വരാനിരിക്കുന്ന ഭക്ഷ്യക്ഷാമം മുന്നില്‍ കണ്ട് തരിശ് ഭൂമികളെല്ലാം കൃഷിയോഗ്യമാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശപ്രകാരം എല്ലാ വീടുകളിലും പച്ചക്കറി കൃഷി ആരംഭിക്കണമെന്നും കൃഷിഭവന്‍ മുഖേന പച്ചക്കറി വിത്തുകളും തൈകളും ലഭ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

അവശ്യ മരുന്നുകള്‍ക്കായി ബുദ്ധിമുട്ടുന്ന ഡയാലിസിസ്, ക്യാന്‍സര്‍ രോഗികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മരുന്നുകള്‍ ലഭ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.

കണ്ണൂര്‍ കോര്‍പ്പറേഷന്റെ 2020- 21 വര്‍ഷത്തെ വാര്‍ഷിക പദ്ധതിക്ക് ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. ആകെ 662 പദ്ധതികളാണ് യോഗം അംഗീകരിച്ചത്. പൊതുവിഭാഗത്തില്‍ 630 പദ്ധതികളും 28 പ്രത്യേക ഘടക പദ്ധതികളും നാല് പട്ടിക വര്‍ഗ ഉപപദ്ധതികളും ഇതില്‍ ഉള്‍പ്പെടും. ഒരു നൂതന പ്രൊജക്ടിനും ഏഴ് ദുരന്ത നിവാരണ പ്രൊജക്ടിനുമാണ് ഡിപിസി അംഗീകാരം നല്‍കി.

ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ, ആസൂത്രണ സമിതി അംഗങ്ങളായ കെ പി ജയബാലന്‍ മാസ്റ്റര്‍, വി കെ സുരേഷ് ബാബു, എം സുകുമാരന്‍, പി കെ ശ്യാമള ടീച്ചര്‍, കെ ശോഭ, ഇ പി ലത, കെ വി ഗോവിന്ദന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ പ്രകാശന്‍, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ എ കെ വിജയന്‍ എന്നിവര്‍ പങ്കെടുത്തു.

English summary
Whatasapp community in Kannur over vegetables delivery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X