കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചെർക്കളം അബ്ദുള്ള: അരങ്ങൊഴിഞ്ഞത് രാഷ്ടീയത്തിലെ അതികായൻ, കാസര്‍കോടിനെ രാജ്യപ്രശസ്തമാക്കി!!

  • By Desk
Google Oneindia Malayalam News

കാസര്‍കോഡ്: ചെർക്കളം അബ്ദുല്ലയുടെ വിയോഗത്തിലൂടെ രാഷ്ട്രീയത്തിലെ അതികായനെയാണ് നാടിന് നഷ്ടമായത്. മുസ്ലിംലീഗിന് മാത്രമല്ല, യു.ഡി.എഫിനും കേരള രാഷ്ട്രീയത്തിനു തന്നെയും ആ വേർപാട് കനത്ത ആഘാതമാണ്. കർക്കശക്കാരനായിരിക്കുമ്പോൾ തന്നെ എല്ലാവരുടെയും സ്നേഹവും ആദരവും പിടിച്ചുപറ്റാൻ കഴിഞ്ഞ ജനകീയ നേതാവു കൂടിയായിരുന്നു ചെർക്കളം.

ചെർക്കളം എന്ന ചെങ്കള പഞ്ചായത്തിലെ ഒരു ചെറുപട്ടണത്തെ കേരളം കടന്ന് രാജ്യമാകെ പ്രശസ്തമാക്കിയതിൽ ചെർക്കളത്തിനുള്ള സ്ഥാനം വളരെ വലുതാണ്. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ, കാസർകോട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചുകൊണ്ടിരിക്കെയാണ് എഴുപത്തിയാറാം വയസ്സിൽ അദ്ദേഹം വിടവാങ്ങുന്നത്.

cherkkalamabdullah12-

മുൻ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി, നാലു തവണ മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച മികച്ച സാമാജികൻ, യു.ഡി.എഫ്. കാസർകോട് ജില്ലാ ചെയർമാൻ, പ്രഥമ ജില്ലാ കൗൺസിൽ അംഗം, പിന്നോക്ക വികസന ക്ഷേമ വകുപ്പ് ചെയർമാൻ, നിരവധി മുസ്‌ലിം - വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാരഥി തുടങ്ങി ചെർക്കളം കൈവെക്കാത്ത മേഖലകൾ കുറവാണ്. ഏറ്റെടുത്ത സ്ഥാനങ്ങളിലും പദവികളിലും ഒരു ചെർക്കള ടെച്ച് ഉണ്ടാക്കിയ നേതാവാണദ്ദേഹം.

1942 സെപ്തംബർ 15ന് കർഷകനും ചെറുകിട വ്യാപാരിയുമായ ബാരിക്കാട് മുഹമ്മദ് ഹാജിയുടെയും ആയിഷ ഉമ്മയുടെയും മകനായി ജനിച്ച ചെർക്കളം അബ്ദുല്ല, ചെർക്കള ഗവ.ഹൈസ്കൂളിലാണ് പഠിച്ചത്. പഠിക്കുമ്പോൾ തന്നെ നേതൃപാടവം അദ്ദേഹം പ്രകടമാക്കിയിരുന്നു. മുസ് ലിം യൂത്ത് ലീഗിന്റെ പ്രവർത്തകനായാണ് പൊതുരംഗത്ത് വരുന്നത്. വളരെ വേഗം യൂത്ത് ലീഗിന്റെ കരുത്തനായ നേതാവായി അദ്ദേഹം വളരുകയും സംഘടനയുടെ അവിഭക്ത കണ്ണൂർ ജില്ലാ സെക്രട്ടറിയാവുകയും ചെയ്തു.

1987 ൽ മഞ്ചേശ്വരത്ത് മത്സരിച്ച് ആദ്യമായി നിയമസഭയിലെത്തി. തുടർന്ന് 1991, 1996, 2001 തിരഞ്ഞെടുപ്പുകളിലും വിജയം ആവർത്തിച്ചു. 2001 ൽ എ.കെ.ആന്റണി മന്ത്രിസഭയിൽ തദ്ദേശ ഭരണ വകുപ്പു മന്ത്രിയായി. 4 വർഷം മന്ത്രി സ്ഥാനത്തിരുന്ന് അദ്ദേഹം നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ഏറെയാണ്. കുടുംബശ്രീയെ ഇന്നു കാണുന്ന നിലയിലേക്ക് വളർത്തിയത് ചെർക്കളത്തിന്റെ ദീർഘദൃഷ്ടിയോടെയുള്ള പ്രവർത്തനങ്ങളായിരുന്നു.

പിന്നോക്ക ജില്ലയായ കാസർകോടിനെ മുന്നോക്ക ജില്ലയാക്കാൻ ഏറെ പ്രയത്നിക്കുകയും ചെയ്തു അദ്ദേഹം. പല സംസ്ഥാന പരിപാടികളുടെയും ഉദ്ഘാടനം കാസർകോട്ടു നിന്നാക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. തദ്ദേശ ഭരണ വകുപ്പിന് പുതിയ ദിശാബോധം പകർന്നു. 1987 ൽ ചെർക്കളം ജയിക്കുന്നതു വരെ സി.പി.ഐ.യുടെ ചുവപ്പു കോട്ടയായിരുന്നു മഞ്ചേശ്വരം. അത് പിടിച്ചെടുത്താണ് ചെർക്കളം അവിടെ ഹരിത പതാക പറപ്പിച്ചത്. 2006 ൽ സി.പി.എമ്മിലെ അഡ്വ. സി.എച്ച്.കുഞ്ഞമ്പുവിനോട് ചെർക്കളം പരാജയപ്പെട്ടെങ്കിലും തുടർന്നുള്ള തിരഞ്ഞെടുപ്പുകളിൽ പി.ബി.അബ്ദുൽ റസാഖിലൂടെ ലീഗിന് മഞ്ചേശ്വരം പിടിച്ചെടുക്കാനും അടക്കിവാഴാനും സാധിച്ചു. അതിന് ചുക്കാൻ പിടിച്ചത് മുസ് ലിം ലീഗ് ജില്ലാ പ്രസിഡണ്ട്, യു.ഡി.എഫ്. ജില്ലാ ചെയർമാൻ എന്ന നിലയിൽ ചെർക്കളത്തിന്റെ തന്ത്രപരവും ഊർജസ്വലവുമായ പ്രവർത്തനമായിരുന്നു. കുശാഗ്രബുദ്ധിയും കർമനൈപുണ്യവും ഒത്തിണങ്ങിയ ഒരു ജനകീയ നേതാവായിരുന്നു അദ്ദേഹം.


ലീഗിന്റെ സമുന്നതരായ നേതാക്കളായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി, ഡോ. എം.കെ. മുനീർ തുടങ്ങിയവരുടെയും കോൺഗ്രസ് നേതാക്കളായ കെ.കരുണാകരൻ, എ.കെ.ആന്റണി, ഉമ്മൻ ചാണ്ടി, വി.എം.സുധീരൻ, കേരളാ കോൺഗ്രസിലെ കെ.എം.മാണി തുടങ്ങിയവരുടെയും അടുപ്പവും സ്നേഹവും ആർജിച്ച നേതാവു കൂടിയായിരുന്നു ചെർക്കളം. സി.പി.എം., സി.പി.ഐ., ബി.ജെ.പി. തുടങ്ങിയ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളും ചെർക്കളത്തിന്റെ പ്രവർത്തനങ്ങളെയും വാക്കുകളെയും ഏറെ മതിപ്പോടെയാണ് കണ്ടിരുന്നത്.

കാസർകോടിന്റെ ആവശ്യങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാനും ഈ നാടിനു വേണ്ടി നിലകൊള്ളാനും അവസാന നിമിഷം വരെ പ്രവർത്തിച്ച ഒരു ജനകീയ നേതാവിനെയാണ് ചെർക്കളത്തിന്റെ വേർപാടിലൂടെ നഷ്ടപ്പെട്ടത്.
എങ്കിലും ആ ദീപ്തമായ സ്മരണകളും ആ കർമ സരണിയും നാടിന് കരുത്തു പകരുക തന്നെ ചെയ്യും. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മംഗലാപുരത്തെ ആശുപത്രിയിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തെ ഇന്നലെ രാത്രി ചെർക്കളയിലെ വീട്ടിൽ എത്തിച്ചതായിരുന്നു. ഇന്ന് രാവിലെ 8.15 മണിയോടെയാണ് മരണം സംഭവിച്ചത്. അദ്ദേഹത്തിന്റെ രോഗശാന്തിക്കായി നാടൊട്ടുക്കും പ്രാ൪ത്ഥനാനിരതമായിരുന്നു കഴിഞ്ഞ ദിവസങ്ങൾ.

English summary
kasargod-local-news about cherkkalam abdullahs death.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X