ഗ്രഹാം സ്റ്റെയ്ൻസിനെയും മക്കളെയും തീവെച്ചു കൊന്നിട്ട് 22 വർഷം; സംഘപരിവാറിനെതിരെ കുറിപ്പുമായി ഷാഫി പറമ്പിൽ
തിരുവനന്തപുരം: ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍ മിഷണറി ഗ്രഹാം സ്റ്റുവര്‍ട്ട് സ്റ്റെയ്ന്‍സിനെയും അദ്ദേഹത്തിന്റെ പുത്രന്മാരായ പത്തുവയസുകാരന്‍ ഫിലിപ്പിനെയും ആറു വയസുകാരന്‍ തിമോത്തിയെയും സംഘപരിവാറുമായി ബന്ധമുള്ള സംഘം തീവെച്ചു കൊന്നിട്ട് 22 വര്‍ഷം തികയുന്നു. ഒഡീഷയിലെ കിയോണ്‍ജാര്‍ ജില്ലയിലെ മനോഹര്‍പൂര്‍ ഗ്രാമത്തില്‍ തന്റെ വാഹനത്തില്‍ കിടന്നുറങ്ങുന്നതിനിടെയായിരുന്നു ക്രൂര സംഭവം അരങ്ങേറിയത്. സംഭവത്തില്‍ 22 വര്‍ഷം തികയുന്ന പശ്ചാത്തലത്തില്‍ സംഘപരിപാറിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഷാഫി പറമ്പില്‍ എംഎല്‍എ.
കാവി ഭീകരത വെറുപ്പിന്റെ തീഗോളത്തില്‍ ഇല്ലാതെയാക്കിയത് സ്വന്തം രാജ്യത്തെക്കാളും ഇന്ത്യയെ സ്‌നേഹിച്ച, ഒറീസയിലെ നിര്‍ധനരായ കുഷ്ഠരോഗികള്‍ക്കായി ജീവിതം മാറ്റിവെച്ച ഒരു മനുഷ്യസ്‌നേഹിയെയും നിഷ്‌കളങ്കരായ കുഞ്ഞുങ്ങളെയുമായിരുന്നെന്ന് ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഒരു വിഭാഗം മനുഷ്യരെ അപരരാക്കി വെറുപ്പിന്റെ ആള്‍രൂപങ്ങളെ ഇളക്കിവിട്ട് ലാഭം കൊയ്യുന്ന കുടിലതയ്ക്ക് മറുപടി നല്‍കേണ്ടത് സ്റ്റെയിന്‍സും മക്കളും ഉള്‍പ്പെടെ ഉള്ളവരുടെ ഓര്‍മകളെ ജ്വലിപ്പിച്ചു കൊണ്ടാണെന്ന് ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു. കുറപ്പിന്റെ പൂര്‍ണരൂപം..
ഒഡീഷയിലെ കിയോണ്‍ജാര്‍ ജില്ലയിലെ മനോഹര്‍പൂര്‍ ഗ്രാമത്തില്‍ തന്റെ വാഹനത്തില്‍ കിടന്നുറങ്ങുകയായിരുന്ന ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍ മിഷണറി ഗ്രഹാം സ്റ്റുവര്‍ട്ട് സ്റ്റെയ്ന്‍സിനെയും അദ്ദേഹത്തിന്റെ പുത്രന്മാരായ പത്തുവയസുകാരന്‍ ഫിലിപ്പിനെയും ആറു വയസുകാരന്‍ തിമോത്തിയെയും സംഘപരിവാര്‍ സംഘടനയായ ബജ്രംഗ് ദളുമായി ബന്ധമുള്ള സംഘം തീവെച്ചു കൊന്നിട്ട് ഇന്നേക്ക് 22 വര്‍ഷം. ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ക്രിസ്തു മതം പ്രചരിപ്പിക്കുന്നു എന്ന കുറ്റം ചുമത്തിയായിരുന്നു അവരെ ജീവനോടെ ചുട്ടെരിച്ചത്.
കാവി ഭീകരത വെറുപ്പിന്റെ തീഗോളത്തില്‍ ഇല്ലാതെയാക്കിയത് സ്വന്തം രാജ്യത്തെക്കാളും ഇന്ത്യയെ സ്‌നേഹിച്ച, ഒറീസയിലെ നിര്‍ധനരായ കുഷ്ഠരോഗികള്‍ക്കായി ജീവിതം മാറ്റിവെച്ച ഒരു മനുഷ്യസ്‌നേഹിയെയും നിഷ്‌കളങ്കരായ കുഞ്ഞുങ്ങളെയുമായിരുന്നു.
കൊലപാതകം അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് വധ്വാ കമ്മീഷന്‍ സ്റ്റെയ്ന്‍സ് ഒരു തരത്തിലുള്ള മത പരിവര്‍ത്തന പ്രക്രിയയിലും പങ്കാളിയായിരുന്നില്ല എന്ന് നിരീക്ഷിക്കുകയുണ്ടായി.
എന്നിട്ടും വ്യാജ വാര്‍ത്തകള്‍ കൊണ്ടും അസത്യ പ്രചാരണങ്ങള്‍ കൊണ്ടും വിള കൊയ്യുന്നവര്‍ പിന്‍വാങ്ങിയില്ല. കൊലയെ ഒളിഞ്ഞും തെളിഞ്ഞും ന്യായീകരിച്ചവരില്‍ ജനപ്രതിനിധികളുമുണ്ടായിരുന്നു. ബീഭത്സമായ കൊല കൊണ്ടും അരിശം തീരാതെ നിര്‍ലജ്ജമായ നുണകള്‍ കൊണ്ടും അപവാദ പ്രചാരണങ്ങള്‍ കൊണ്ടും ആ കുടുംബത്തെ വേട്ടയാടുന്നതിനും കൊലയ്ക്ക് ന്യായീകരണം ചമയ്ക്കുന്നതിനും ഇന്ത്യന്‍ പാര്‍ലിമെന്റ് പോലും സാക്ഷ്യം വഹിക്കുകയുണ്ടായി. മനുഷ്യബലികള്‍ കൊണ്ട് ഉന്മത്തരായി അധികാരകസേരയിലേക്ക് നടന്നടുത്തവരുടെ ഇരകളായി എരിഞ്ഞുതീര്‍ന്ന അനേകരെ പിന്നെയും രാജ്യം കണ്ടു.
ഒരു വിഭാഗം മനുഷ്യരെ അപരരാക്കി വെറുപ്പിന്റെ ആള്‍രൂപങ്ങളെ ഇളക്കിവിട്ട് ലാഭം കൊയ്യുന്ന കുടിലതയ്ക്ക് മറുപടി നല്‍കേണ്ടത് സ്റ്റെയിന്‍സും മക്കളും ഉള്‍പ്പെടെ ഉള്ളവരുടെ ഓര്‍മകളെ ജ്വലിപ്പിച്ചു കൊണ്ടാണ്. വിദ്വേഷത്തിന്റെയും ധ്രുവീകരണത്തിന്റെയും കാര്‍ഡുകള്‍ ഇറക്കി ജനങ്ങളെ ഭിന്നിപ്പിക്കുന്നവര്‍ക്ക് മുന്നില്‍ സേവനത്തിന്റെയും സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും പാഠങ്ങള്‍ കൊണ്ട് മനുഷ്യ മനസ്സിനെ കീഴടക്കിയവരുടെ പേരുകള്‍ ഉച്ചത്തില്‍ വിളിച്ചു പറയാം. ഫാഷിസ്റ്റ് ഭീകരതയോടുള്ള സന്ധിയില്ലാ സമരത്തില്‍ ഓര്‍മകളും ആയുധമാകട്ടെ.