ഭിന്നശേഷിക്കാര്‍ക്ക് വ്യക്തിഗത ശ്രദ്ധ നല്‍കുന്ന പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കും: മുഖ്യമന്ത്രി

  • Posted By:
Subscribe to Oneindia Malayalam

പറശ്ശിനിക്കടവ്, കണ്ണൂര്‍: സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ ഓരോരുത്തര്‍ക്കും വ്യക്തിഗത ശ്രദ്ധ ലഭ്യമാക്കുന്ന സമഗ്രപദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമിട്ട് കാലിക്കറ്റ് സര്‍വകലാശാല മനശ്ശാസ്ത്ര വിഭാഗവും സാമൂഹ്യ നീതിവകുപ്പും സംയുക്തമായി നടപ്പാക്കുന്ന കമ്മ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്‌മെന്റ് ആന്‍ഡ് റിഹാബിലിറ്റേഷന്‍ പ്രൊജക്ടിന്റെ (സി.ഡി.എം.ആര്‍.പി) ഭാഗമായുള്ള ജില്ലയിലെ ആദ്യ ഡിസെബിലിറ്റി മാനേജ്‌മെന്റ് ക്ലിനിക്ക് പറശ്ശിനിക്കടവ് പി.എച്ച്.സിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


കേരളത്തില്‍ ഏഴു ലക്ഷത്തിലേറെ ഭിന്നശേഷിക്കാര്‍

കേരളത്തില്‍ ഏഴു ലക്ഷത്തിലേറെ ഭിന്നശേഷിക്കാര്‍

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഭിന്നശേഷിക്കാരുടെ സമഗ്രമായ സര്‍വേ നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയ സംസ്ഥാനമാണ് കേരളം. ഇതനുസരിച്ച് ഏഴ് ലക്ഷത്തിലേറെ വരുന്ന ഭിന്നശേഷിക്കാര്‍ക്ക് പരമാവധി സഹായവും പിന്തുണയും നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നത്. ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്ന വിഷയത്തില്‍ സന്നദ്ധ സംഘനകള്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്തിവരുന്നുണ്ട്.

കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടേത് മികച്ച മാതൃക

കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടേത് മികച്ച മാതൃക

ഇക്കാര്യത്തില്‍ കാലിക്കറ്റ് സര്‍വകലാശാല നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും അഭിനന്ദനീയവുമാണ്. മികച്ച പരിചരണവും പരിശീലനവും ലഭിച്ചാല്‍ മറ്റാരെയും പോലെ ഭിന്നശേഷിക്കാര്‍ക്കും സമൂഹത്തിന് വലിയ സംഭാവനകള്‍ നല്‍കാന്‍ സാധിക്കും. പലവിധം മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള അവരുടെ വൈദഗ്ധ്യം ഇതിനകം തെളിയിക്കപ്പെട്ടതാണ്. അവരിലുള്ള പ്രത്യേക കഴിവുകളെ വികസിപ്പിക്കുകയാണ് പ്രധാനം. ഇക്കാര്യത്തില്‍ മികവുറ്റ പരിശീലനം നല്‍കാന്‍ സര്‍വകലാശാലയുടെ കീഴിലുള്ള പുതിയ ക്ലിനിക്കുകളിലൂടെ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡിസെബിലിറ്റി മാനേജ്‌മെന്റ് ക്ലിനിക്കുകള്‍

ഡിസെബിലിറ്റി മാനേജ്‌മെന്റ് ക്ലിനിക്കുകള്‍

ജില്ലയില്‍ ആന്തൂരിന് പുറമെ പയ്യന്നൂര്‍, മട്ടന്നൂര്‍ മുനിസിപ്പാലിറ്റികളിലും പരിയാരം, അഴീക്കോട്, എരഞ്ഞോളി എന്നീ പഞ്ചായത്തുകളിലുമായി ആറ് കേന്ദ്രങ്ങളിലാണ് ആദ്യഘട്ടത്തില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ കമ്മ്യൂണിറ്റി ബേസ്ഡ് ഡിസെബിലിറ്റി മാനേജ്‌മെന്റ് ക്ലിനിക്കുകള്‍ ആരംഭിച്ചത്.

ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രല്‍ പാള്‍സി, പഠന വൈകല്യം, ബഹുവിധ വൈകല്യം തുടങ്ങി ബുദ്ധി വികാസ പ്രശ്‌നങ്ങളെ പ്രതിരോധിക്കുകയും ചെറുപ്രായത്തില്‍ തന്നെ കണ്ടെത്തി സൗജന്യമായി ചികില്‍സിക്കുകയും ഇവ ബാധിച്ച ഭിന്നശേഷിക്കാരായ കുട്ടികളുടെ പുനരധിവാസത്തിന് വഴിയൊരുക്കുകയും ചെയ്യുന്നതാണ് പദ്ധതി. നിലവില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നടത്തി വരുന്ന സി.ഡി.എം.ആര്‍.പി പ്രവര്‍ത്തനങ്ങളുടെ രണ്ടാം ഘട്ടമെന്ന നിലയിലാണ് കണ്ണൂര്‍ ജില്ലയിലെ ആറ് കേന്ദ്രങ്ങളില്‍ കൂടി ആരംഭിച്ചത്.

ആദ്യഘട്ടത്തില്‍ ആറ് കേന്ദ്രങ്ങളില്‍

ആദ്യഘട്ടത്തില്‍ ആറ് കേന്ദ്രങ്ങളില്‍

പയ്യന്നൂര്‍ ഗവ. താലൂക്ക് ആശുപത്രി (തിങ്കള്‍, ശനി), പരിയാരം ചുടല സാംസ്‌ക്കാരിക നിലയം (വ്യാഴം, വെള്ളി), പറശ്ശിനിക്കടവ് പ്രാഥമികാരോഗ്യ കേന്ദ്രം (ചൊവ്വ, ബുധന്‍), അഴീക്കല്‍ ബഡ്‌സ് സ്‌കൂള്‍ (ചൊവ്വ, ബുധന്‍), മട്ടന്നൂര്‍ പഴശ്ശിരാജ മെമ്മോറിയല്‍ ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂള്‍ (തിങ്കള്‍, ശനി), എരഞ്ഞോളി ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്റര്‍ (വ്യാഴം, വെള്ളി) എന്നിവിടങ്ങളിലാണ് പദ്ധതിയുടെ ഭാഗമായുള്ള കമ്മ്യൂണിറ്റി ബേസ്ഡ് ഡിസെബിലിറ്റി മാനേജ്‌മെന്റ് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നത്. കുട്ടികളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിനും ചികില്‍സിക്കുന്നതിനും ഡോക്ടര്‍മാര്‍, മാനസികാരോഗ്യ വിദഗ്ധര്‍, തെറാപ്പിസ്റ്റുകള്‍ എന്നിവരും ആവശ്യമായ ആധുനിക സംവിധാനങ്ങളുമടങ്ങിയതാണ് ക്ലിനിക്കുകള്‍. തുടക്കത്തില്‍ ആഴ്ചയില്‍ രണ്ടുദിവസം രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കും.

സമഗ്ര സര്‍വേ നടത്തും

സമഗ്ര സര്‍വേ നടത്തും

പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വളണ്ടിയര്‍മാര്‍ വീടുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന പഠനത്തിലൂടെ ചെറുപ്രായത്തില്‍ തന്നെ വൈകല്യം കണ്ടെത്തി സൗജന്യ ചികില്‍സ ലഭ്യമാക്കുകയെന്നതാണ് കമ്മ്യൂണിറ്റി ക്ലിനിക്കുകളുടെ പ്രധാന ദൗത്യം. ജനപ്രതിനിധികള്‍, അധ്യാപകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അംഗണവാടി ടീച്ചര്‍മാര്‍ തുടങ്ങിയവര്‍ക്ക് ഈ മേഖലയില്‍ വിദഗ്ധ പരിശീലനം നല്‍കും.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
community disability management and rehabilitation programme

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്