കേരളത്തില്‍ കൊട്ടിക്കലാശം ഏപ്രില്‍ നാലിന്, ഏഴ് മണിയോടെ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഏപ്രില്‍ നാലിന് വൈകിട്ട് ഏഴ് മണിക്ക് അവസാനിപ്പിക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശിച്ചു. നക്സലൈറ്റ് ബാധിത മേഖലകളില്‍ (ഒന്‍പത് മണ്ഡലങ്ങളില്‍) വൈകിട്ട് ആറ് മണിക്കാണ് പ്രചാരണം അവസാനിപ്പിക്കേണ്ടത്. പരസ്യ പ്രചാരണം അവസാനിച്ച ശേഷം പൊതുയോഗങ്ങള്‍, പ്രകടനങ്ങള്‍, രാഷ്ട്രീയ ആഭിമുഖ്യമുള്ള കലാപരിപാടികള്‍ തുടങ്ങിയവും ടെലിവിഷനിലും അതുപോലുള്ള ഇലക്ട്രോണിക് മാധ്യമങ്ങളിലും രാഷ്ട്രീയ പ്രചാരണങ്ങളും നടത്തരുത്.
ഇതു ലംഘിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവും പിഴയും രണ്ടും കൂടിയോ ലഭിക്കും. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 126(1) പ്രകാരം തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതിന് 48 മണിക്കൂര്‍ മുമ്പ് അവസാനിപ്പിക്കണം. ഈ കാലയളവില്‍ അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി നേടണമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
അതേസമയം കാഴ്ചവൈകല്യമുള്ള വോട്ടര്‍മാര്‍ക്ക് വോട്ടെടുപ്പ് കേന്ദ്രത്തില്‍ പരസഹായമില്ലാതെ വോട്ട് ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എല്ലാ വോട്ടിംഗ് കേന്ദ്രങ്ങളിലും ബ്രെയിലി ലിപിയിലുള്ള ഡമ്മി ബാലറ്റ് ഷീറ്റുകള്‍ സജ്ജമാക്കും. കാഴ്ചവൈകല്യമുള്ളവര്‍ ബൂത്തില്‍ ചെല്ലുമ്പോള്‍ പ്രിസൈഡിംഗ് ഓഫീസറുടെ പക്കല്‍ ബ്രെയിലി ലിപിയിലുള്ള ഡമ്മി ബാലറ്റ് പേപ്പര്‍ ഉണ്ടായിരിക്കും. അതില്‍ സ്ഥാനാര്‍ഥികളുടെ പേരും ബ്രെയിലി ലിപിയില്‍ ഇംഗ്‌ളീഷിലും മലയാളത്തിലും രേഖപ്പെടുത്തിയിട്ടുണ്ടാകും.
അതിലടങ്ങിയിരിക്കുന്ന വിവരങ്ങള്‍ മനസിലായി എന്ന് ബോധ്യമായശേഷം വോട്ടര്‍ക്ക് വോട്ടിംഗ് കമ്പാര്‍ട്ട്‌മെന്റില്‍ പോകാം. വോട്ടിംഗ് കമ്പാര്‍ട്ട്‌മെന്റിനുള്ളില്‍ ഇ.വി.എം മെഷീനില്‍ തന്നെ വലതുവശത്തായി ബ്രെയിലി ലിപിയില്‍ സീരിയല്‍ നമ്പര്‍ ആലേഖനം ചെയ്തിട്ടുണ്ട്. അതുപ്രകാരം ബട്ടണ്‍ അമര്‍ത്തി വോട്ട് രേഖപ്പെടുത്താം. തിരഞ്ഞെടുപ്പിന് ആവശ്യമായ ബ്രെയിലി ഡമ്മി ബാലറ്റുകള്‍ തിരുവനന്തപുരത്തുള്ള കേരള ഫെഡറേഷന്‍ ഓഫ് ദി ബ്‌ളൈന്റ്, സി-ആപ്റ്റ് എന്നീ സ്ഥാപനങ്ങളില്‍ സംസ്ഥാന ഭിന്നശേഷിക്കാര്‍ക്കായുള്ള കമ്മീഷണറുടെ നേതൃത്വത്തിലാണ് തയാറാക്കുന്നത്. ഇവ അതത് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് അയച്ചുനല്‍കും.