കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുരിതമൊഴിയാതെ എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ്; മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടിട്ടും പ്രശ്‌നങ്ങള്‍ തീരുന്നില്ല

  • By Desk
Google Oneindia Malayalam News

കൊച്ചി: യാത്രക്കാരുടെ ദുരിതമൊഴിയാതെ എറണാകുളം കെഎസ്ആര്‍ടിസി ഡിപ്പോ. മഴക്കാലത്തു ഡിപ്പോ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ വെള്ളം കയറി യാത്രക്കാരും ജീവനക്കാരും കച്ചവടക്കാരും ദുരിതത്തിലാകുന്നതു പതിവു കാഴ്ചയാണ്. മനുഷ്യാവകാശ കമ്മിഷനും ജനപ്രതിനിധികളും ഇടപെട്ടിട്ടും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ തുടരുന്നു. ഇത്തവണ മഴയത്തും കെഎസ്ആര്‍ടിസിയുടെ മെയിന്‍ ഡിപ്പോയെ കാത്തിരിക്കുന്നതു പതിവു ദുര്യോഗം. ഡിപ്പോയിലെ പൊതുശുചിമുറിയുടെ ശോച്യാവസ്ഥ രണ്ടാഴ്ച മുന്‍പു വിവാദങ്ങള്‍ക്ക് ഇടയാക്കി.

സെപ്റ്റിക് ടാങ്ക് പൊട്ടിയൊലിച്ചു ശുചിമുറിയില്‍ നിന്നുള്ള ഒഴുക്കു നിലച്ചതോടെ താല്‍ക്കാലികമായി ശുചിമുറി അടച്ചുപൂട്ടിയതു യാത്രക്കാരുടെ ശക്തമായ പ്രതിഷേധത്തില്‍ കലാശിച്ചു. യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെയുള്ളവര്‍ ശങ്ക തീര്‍ക്കാന്‍ നെട്ടോട്ടമൊടുന്നതു കണ്ടിട്ടും അനങ്ങാതിരുന്ന അധികൃതര്‍ വാര്‍ത്തകള്‍ വന്നതോടെയാണു കര്‍മനിരതരായത്. സമീപത്തു നിര്‍മാണത്തിലിരുന്ന പുതിയ സെപ്റ്റിക് ടാങ്കിലേക്ക് പഴയ ടാങ്കില്‍ നിന്നു വാല്‍വു ഘടിപ്പിച്ച് ഒഴുക്കി വിട്ടാണു ശുചിമുറി തുറന്നു കൊടുത്തത്. എന്നാല്‍ പ്രശ്‌നങ്ങള്‍ ഇപ്പോഴും ബാക്കി.

 ksrtc ernakulam

കഴിഞ്ഞ മൂന്നു ദിവസമായി ശുചിമുറിയുടെ കുഴല്‍ക്കിണര്‍ പ്രവര്‍ത്തനരഹിതമാണ്. മോട്ടോര്‍ കേടായി കിടക്കുന്നതാണു കാരണം. പകരം കെഎസ്ആര്‍ടിസി ഡിപ്പോ വളപ്പിലെ ടാങ്കില്‍ നിന്നു കുറേശെ വെള്ളം ഇങ്ങോട്ട് അടിച്ചു കയറ്റുന്നുണ്ട്. വൈദ്യുതി ഇല്ലെങ്കില്‍ അതും മുടങ്ങും. കഴിഞ്ഞ ദിവസം പകല്‍ മുഴുവന്‍ വൈദ്യുതി മുടങ്ങിയതോടെ ശുചിമുറിയിലെ ടോയ്ലെറ്റും കുളിമുറിയും പൂട്ടി. മൂത്രമൊഴിക്കാന്‍ മാത്രമാണ് അനുവദിച്ചത്. അവിടെയും വെള്ളം ലഭ്യമല്ല.

ഡിപ്പോയുടെ നാലു ചുറ്റിനുമുള്ള ഓടകളില്‍ നിന്നുള്ള ഒഴുക്കു നിലച്ചതാണു മഴപെയ്യുമ്പോള്‍ ഡിപ്പോയില്‍ മലിനജലം നിറയാന്‍ കാരണം. ഒരു മണിക്കൂര്‍ മഴ ശക്തമായാല്‍ ഡിപ്പോ വെള്ളക്കെട്ടിലാകുന്ന ദുരവസ്ഥ. പ്രശ്‌ന പരിഹാരത്തിനു നടപടി വേണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ആക്റ്റിങ് ചെയര്‍മാന്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെട്ടില്ല.

ഡിപ്പോയില്‍ നിന്നുള്ള ഓടകളുടെ പരിപാലനം കെഎസ്ആര്‍ടിസി സിവില്‍ വിഭാഗത്തിന്റെ ചുമതലയാണ്. മഴക്കാലത്തിനു കഷ്ടിച്ച് ഒരു മാസം മാത്രം ശേഷിക്കെ അധികൃതര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഓടകളില്‍ അടിഞ്ഞു കൂടിയ മാലിന്യം നീക്കി വെള്ളം ഒഴുകി പോകാന്‍ അവസരമൊരുക്കിയാല്‍ പകുതി പ്രശ്‌നം പരിഹരിക്കാം. ഡിപ്പോയുടെ ഏറ്റവും താഴത്തെ നിലയുടെ തറ ഉയര്‍ത്താനും നടപടി ആവശ്യമാണ്. ബസുകള്‍ വന്നു നില്‍ക്കുന്നിടവും ഡിപ്പോയുടെ ഫ്‌ലോറും ഇപ്പോള്‍ ഏതാണ്ട് ഒരേ നിരപ്പിലാണ്.

പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന വിചിത്രമായ വിശദീകരണമാണ് അധികൃതര്‍ നല്‍കുന്നത്. മനുഷ്യാവകാശ കമ്മിഷന്‍ ഡിപ്പോ സന്ദര്‍ശിച്ച കാര്യം അറിയില്ലെന്നും ശുചിമുറി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പുതിയ ഡിറ്റിഒ പറയുന്നു. ഈ വാദം ശരിയല്ലെന്നു കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കി. വരാന്‍ പോകുന്ന മഴയ്ക്കു മുമ്പു പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ വെള്ളക്കെട്ടു രൂക്ഷമാകും. മലിനജലത്തോടൊപ്പം ഗുരുതര ആരോഗ്യപ്രശ്‌നങ്ങളേയും നേരിടേണ്ടി വരും.

English summary
ksrtc bus stand in eranakulam is under struggle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X