പിആർ വർക്കിന് 22 കോടിയെന്ന്;'ഇതാണോ നിങ്ങള്‍ പറയുന്ന പിആര്‍?'; സിപിഎമ്മിന് മറുപടിയുമായി ഉമ്മൻചാണ്ടി
തിരുവനന്തപുരം; മുഖ്യമന്ത്രിയായിക്കെ പിആർ വർക്കിനായി 62 അംഗത്തെ നിയോഗിച്ചുവെന്നും ഇതിന് 22 കോടി ചെലവഴിച്ചെന്നുമുള്ള ദേശാഭിമാനി റിപ്പോർട്ടിന് മറുപടിയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ അന്ന് 24 മണിക്കൂര്‍ പ്രവര്‍ത്തിച്ചിരുന്ന കോള്‍ സെന്ററിനെ ഉദ്ദേശിച്ചാണ് പുതിയ ആക്രമണമെന്നും രാജ്യത്ത് ആദ്യമായി നടപ്പാക്കിയ ഈ കോള്‍ സെന്റര്‍ ഉപയോഗിച്ചത് മുഖ്യമന്ത്രിയുടെ ഇമേജ് കൂട്ടാനായിരുന്നില്ല മറിച്ച്, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു മാത്രമായിരുന്നുവെന്നും ഉമ്മൻചാണ്ടി ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം

പുതിയ ആക്രമണം
മുഖ്യമന്ത്രിയായിരിക്കെ ജനസമ്മിതി കൂട്ടാന്‍ പിആര്‍ പ്രവര്‍ത്തനത്തിന് 62 അംഗ സംഘത്തെ നിയോഗിച്ചെന്നും ഇതിന് 22 കോടി രൂപ ചെലവഴിച്ചെന്നും സിഡിറ്റ് മുഖേന ഇതിനായി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിയോഗിച്ചെന്നും മറ്റും ദേശാഭിമാനി പത്രത്തിന്റെ ഒന്നാം പേജില്‍ വലിയ വാര്‍ത്ത നിരത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ അന്ന് 24 മണിക്കൂര്‍ പ്രവര്‍ത്തിച്ചിരുന്ന കോള്‍ സെന്ററിനെ ഉദ്ദേശിച്ചാണ് പുതിയ ആക്രമണം.

പരിഹരിച്ചത്
രാജ്യത്ത് ആദ്യമായി നടപ്പാക്കിയ ഈ കോള്‍ സെന്റര്‍ ഉപയോഗിച്ചത് മുഖ്യമന്ത്രിയുടെ ഇമേജ് കൂട്ടാനായിരുന്നില്ല മറിച്ച്, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു മാത്രമായിരുന്നു.മുന്നര ലക്ഷം പരാതികളാണ് അന്ന് ഈ കോള്‍ സെന്ററിലൂടെ പരിഹരിച്ചത്.ആര്‍ക്കുവേണേലും എപ്പോള്‍ വേണേലും എവിടുന്നുവേണേലും മുഖ്യമന്ത്രിയുടെ ഓഫീസിനെ നേരിട്ടുവിളിക്കുന്നതിന് ഏര്‍പ്പാടാക്കിയ ഈ കോള്‍ സെന്റര്‍ മൂന്നു ഷിഷ്റ്റിലായി 24 മണിക്കൂറും പ്രവര്‍ത്തിച്ചിരുന്നു.സെക്രട്ടേറിയറ്റില്‍ നിന്നുള്ള 4 സെക്ഷന്‍ ഓഫീസര്‍മാരും 11 കരാറുകാരുമായിരുന്നു ജീവനക്കാര്‍. ടോള്‍ ഫ്രീ നമ്പറിലേക്ക് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വിളിക്കാമായിരുന്നു.

ഇടനിലക്കാരില്ലാതെ
കറന്റ് പോകുമ്പോഴും വെള്ളം നിലയ്ക്കുമ്പോഴും വഴിവിളക്ക് കത്താതിരിക്കുമ്പോഴുമൊക്കെ ആളുകള്‍ ഇടനിലക്കാരില്ലാതെ മുഖ്യമന്ത്രിയുടെ ഓഫീസിനെ ബന്ധപ്പെട്ടിരുന്നത് ഈ നമ്പരിലൂടെയാണ്. നമുക്കതു ചെറിയ പ്രശ്‌നം, പക്ഷേ അവര്‍ക്കത് വലിയ പ്രശ്‌നം.2014ല്‍ മലയാളി നഴ്‌സമാരെ ഇറാക്കില്‍ ഐഎസ്‌ഐ ഭീകരര്‍ ബന്തികളായിക്കയപ്പോഴും മുല്ലപ്പെരിയാര്‍ വിഷയം തമിഴ്‌നാട്ടില്‍ ക്രമസമാധാന പ്രശ്‌നമായി വളര്‍ന്നപ്പോഴുമൊക്കെ ബന്ധപ്പെട്ടവര്‍ കോള്‍ സെന്ററിലൂടെയാണ് എന്റെയടുത്തെത്തിയ്ത്.

ഒന്നുകൂടി പറയാം
ഒരു സംഭവം കൂടി പറയാം. തിരുവനന്തപുരം നഗരസഭയിലെ ഒരു സിപിഎം കൗണ്‍സിലര്‍ അടിയന്തരമായി കോള്‍സെന്ററിലേക്കു വിളിക്കുന്നു. പുലയനാര്‍കോട്ട ക്ഷയരോഗ ആശുപത്രിയില്‍ ഒരു രോഗി മരിച്ചു. ഓട്ടോറിക്ഷക്കാരന്റെ ഭാര്യയാണ്. മൃതദേഹം മോര്‍ച്ചറിയിലോ ഫ്രീസറിലോ വയ്ക്കാനുള്ള ചുറ്റുപാടില്ല. സ്വന്തം വീടെന്നു പറയാന്‍ ഒരു വീടിന്റെ ചായിപ്പിലാണു താമസം.അവിടെക്കു മൃതദേഹം രാത്രിയില്‍ കൊണ്ടുപോകാനും പറ്റില്ല. തിരുവനന്തപുരത്ത് മൃതദേഹം സംസ്‌കരിക്കുന്ന പൊതുശ്മശാനമായ ശാന്തികവാടം വൈകുന്നേരം അഞ്ചു മണിക്ക് അടയ്ക്കുകയും ചെയ്യും. ഒരു പരിഹാരം തേടിയാണ് കൗണ്‍സിലര്‍ കോള്‍ സെന്ററില്‍ വിളിച്ചത്.

എന്റെ ഓഫീസ് ഇടപെട്ടു
കോള്‍ സെന്ററിലൂടെ വിവരം അറിഞ്ഞ എന്റെ ഓഫീസ് ഇടപെട്ടു. തുടര്‍ന്ന് ശാന്തികവാടം തുറന്നുവയ്ക്കുകയും രാത്രി എട്ടുമണിയോടെ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു.ഇതുപോലുള്ള ഒന്നും രണ്ടുമല്ല, മൂന്നര ലക്ഷം സംഭവങ്ങളുണ്ട്. ഇതായിരുന്നു എന്റെ കോള്‍ സെന്ററിന്റെ പ്രവര്‍ത്തനം!ഇതാണോ നിങ്ങള്‍ പറയുന്ന പിആര്‍?
ബിജെപി അവസാനിപ്പിച്ചിടത്ത് ഡികെ ശിവകുമാർ തുടങ്ങും!! 54 സീറ്റ്, ലിംഗായത്ത് വോട്ടും പെട്ടിയിലാവും
ജോസിന്റെ പുറത്താക്കലിൽ ട്വിസ്റ്റ്; ഇടപെട്ട് സോണിയ ഗാന്ധി! ഹൈക്കമാന്റ് ദൂതനെ വിട്ടു?
'ഉറപ്പായും ആരോ ഒരാൾ കള്ളം പറയുകയാണ്'; വീണ്ടും പ്രധാനമന്ത്രിയെ കുടഞ്ഞ് രാഹുൽ ഗാന്ധി