
കണികണ്ടുണര്‍ന്ന് മലയാളികള്‍; നിയന്ത്രണങ്ങളില്ലാത്ത വിഷുവിനെ വരവേറ്റ് കേരളക്കര
തിരുവനന്തപുരം: രണ്ട് വര്‍ഷത്തിന് ശേഷം നിയന്ത്രണങ്ങളില്ലാതെ, ഐശ്വര്യത്തിന്റേയും കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മകള്‍ പുതുക്കി മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. വിഷു കണിയൊരുക്കിയും കൈനീട്ടം നല്‍കിയും കോടിയുടുത്തും വിഷു ആഘോഷത്തിലാണ് കേരളക്കര. കാര്‍ഷിക പാരമ്പര്യവുമായും ഹൈന്ദവ വിശ്വാസവുമായും ബന്ധപ്പെട്ട് നില്ക്കുന്ന ആഘോഷമാണ് വിഷു. വൈഷവം എന്ന വാക്കില്‍ നിന്നാണ് വിഷു എന്ന പദമുണ്ടാകുന്നത്.
വിഷു എന്നാല്‍ തുല്യമായത് എന്നാണ് അര്‍ത്ഥമാക്കുന്നത്. രാത്രിയും പകലും തുല്യമായ ദിവസം എന്ന് സാരം. കേരളത്തില്‍ തന്നെ പലയിടത്തും വിഷു ആഘോഷങ്ങളിലും ആചാരങ്ങളിലും വ്യത്യാസമുണ്ട്. വിഷുവിന് ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങള്‍ അടുത്ത ഒരു കൊല്ലക്കാലം നില്ക്കും എന്നാണ് വിശ്വാസം. വിഷു ദിനത്തിന്റെ പ്രധാന പ്രത്യേകത കണിയാണ്. ഓട്ടുരുളിയെ പ്രപഞ്ചത്തോട് ചേര്‍ത്ത് വെക്കുന്നതാണ് സങ്കല്പം.
കണിക്കൊന്ന, കോടിമുണ്ട്, അഷ്ടമംഗല്യവും, വാല് കണ്ണാടിയും, തേച്ചൊരുക്കിയ ഓട്ടുരുളിയില്‍ കാര്‍ഷിക സമൃദ്ധിയുടെ അടയാളങ്ങളായി അരിയും പഴ, പച്ചക്കറി വര്‍ഗങ്ങളും ഒരുക്കി വെക്കും. കണിവെള്ളരി മഹാവിഷ്ണുവിന്റെ മുഖവും കൊന്നപ്പൂ കിരീടവും വാല്‍ക്കണ്ണാടി മനസുമാണെന്നാണ് പുരാതന വിശ്വാസം. ബ്രാഹ്മ മുഹൂര്‍ത്തത്തിലാണ് കണികാണാന്‍. ഉദയത്തിന് മുന്‍പ് വിഷുക്കണി കാണണം എന്നാണ് പറയപ്പെടുന്നത്.
കേരളത്തിന്റെ തനത് ഉല്‍വസത്തിന് ഇത്തവണയും നിറം ഒട്ടും കുറവല്ല. കൈനീട്ടത്തിനൊപ്പം സ്നേഹവും നന്മകളും സമൃദ്ധിയും അകത്തും പുറത്തും പുലരട്ടെ എന്നായിരിക്കും പ്രാര്‍ഥന ശബരിമല, ഗുരുവായൂര്‍, ചോറ്റാനിക്കര തുടങ്ങി കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം ഇന്ന് വിഷുക്കണിയൊരുക്കി. കഴിഞ്ഞ രണ്ട് വര്‍ഷമായി കൊവിഡും നിയന്ത്രണങ്ങളും ആഘോഷങ്ങള്‍ക്ക് മേല്‍ കരിനിഴലായി നിന്നിരുന്നു.
അനുനയത്തിന് വഴങ്ങിയില്ല: ബിഹാർ പിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ച് മദൻ മോഹൻ ഝാ
എന്നാല്‍ ഇത്തവണ കൊവിഡ് നിയന്ത്രണങ്ങള്‍ ഒന്നുമില്ല. പൊതുവിടങ്ങളിലും വിനോദ സഞ്ചാരകേന്ദ്രങ്ങളിലും നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കില്ല. അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമടക്കമുള്ളവര്‍ മലയാളികള്‍ക്ക് വിഷു ആശംസ നേര്‍ന്നു. വിഷു ആഘോഷം കൂട്ടായ്മയ്ക്കും സാഹോദര്യത്തിനും കരുത്ത് വര്‍ധിപ്പിക്കുന്നതാകട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആശംസിച്ചു.
കേരളത്തിന്റെ കാര്‍ഷിക സംസ്കാരത്തിന്റെ പ്രാധാന്യം വിഷു നമ്മെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് പിണറായി പറഞ്ഞു. നഷ്ടപ്പെട്ടു കൊണ്ടിരുന്ന നാടിന്റെ കാര്‍ഷിക പാരമ്പര്യത്തെ ആവേശപൂര്‍വ്വം നാമിന്നു തിരിച്ചു പിടിക്കുകയാണെന്നും നെല്‍കൃഷിയും പച്ചക്കറി ഉത്പാദനവുമെല്ലാം വീണ്ടും മികവിലേയ്ക്കുയരുന്നുവെന്നും പിണറായി പറഞ്ഞു. ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും ഒരുമയുടെയും കൈനീട്ടം നല്കി വിഷു നമ്മെ അനുഗ്രഹിക്കട്ടെയെന്നായിരുന്നു ഗവര്‍ണറുടെ ആശംസ.