കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടുക്കിയില്‍ അടിയൊഴുക്കുകള്‍ നിര്‍ണയിക്കും

  • By Soorya Chandran
Google Oneindia Malayalam News

തൊടുപുഴ: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ആളിക്കത്തിയ ഇടുക്കി മണ്ഡലം ഇത്തവണ യുഡിഎഫിനോട് കരുണ കാണിക്കുമോ... രാഷ്ട്രീയ നിലപാടുകള്‍ പണയംവച്ച് വിജയം മാത്രം ലക്ഷ്യമാക്കിയ ഇടതുപക്ഷത്തിന് ഇടുക്കിക്കാര്‍ വോട്ട് നല്‍കുമോ... പിടി തോമസിനോട് പിണങ്ങിയ ഇടുക്കി സഭ ഡീന്‍ കുര്യാക്കോസിനെ ആശ്ലേഷിക്കുമോ...

ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇടുക്കി. നിര്‍ണായകമായ ക്രിസ്ത്യന്‍ സമൂഹം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ്സിനോട് കലഹിച്ച് സമരത്തിനിറങ്ങി. സിറ്റിങ് എംപിയായിരുന്ന കോണ്‍ഗ്രസിന്റെ പിടി തോമസിനോട് ഇടുക്കി ബിഷപ്പ് വാക്കുകള്‍ കൊണ്ട് തെരുവ് യുദ്ധം നടത്തി. സഭക്കും സമരത്തിനും പിന്തുണയുമായി സിപിഎം രംഗത്തിറങ്ങി.

Idukki'

ഇത്രമാത്രമല്ല ഇടുക്കിയിലെ പ്രശ്‌നം. ഇടുക്കി സീറ്റിന് വേണ്ടി യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് എം ഉയര്‍ത്തിയ കലാപങ്ങള്‍ക്ക് അതിരില്ല. ഒടുവില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കരടുവിജ്ഞാപനം എന്ന തുറുപ്പുചീട്ടില്‍ കേരള കോണ്‍ഗ്രസ് മുട്ടുമടക്കി. എന്നാലും സീറ്റ് കിട്ടാത്തതിന്റെ കെറുവ് ഫ്രാന്‍സിസ് ജോര്‍ജ്ജിനും ജോസഫ് വിഭാഗത്തിനും ഇപ്പോഴും ഉണ്ട്.

പരമ്പരാതമായി ഇടുക്കി സീറ്റ് യുഡിഎഫിന് അനുകൂലമാണ്. 2004 ലെ തിരഞ്ഞെടുപ്പില്‍ കേരളം ഇടത്തോട്ട് ചെരിഞ്ഞപ്പോള്‍ പക്ഷേ ഇടുക്കിയും ഇടതായി. എന്നാല്‍ 2009 ല്‍ പിടി തോമസ് മികച്ച ഭൂരിപക്ഷം നേടിയാണ് പാര്‍ലമെന്റില്‍ എത്തിയത്.

ദേവികുളം, ഇടുക്കി, കോതമംഗലം, മൂവാറ്റുപുഴ, പീരുമേട്, തൊടുപുഴ, ഉടുമ്പഞ്ചോല... ഏഴ് മണ്ഡലങ്ങളിലും പിടി തോമസിന്റെ അപ്രമാദിത്തമായിരുന്നു. അന്ന് ഇടതുപക്ഷത്തായിരുന്ന ഫ്രാന്‍സിസ് ജോര്‍ജ്ജിന് ഒരു മണ്ഡലത്തില്‍ പോലും ഭൂരിപക്ഷം നേടാനായില്ല.

എന്നാല്‍ 2011 ല്‍ ജോസഫ് വിഭാഗം യുഡിഎഫിലേക്ക് കൂട് മാറിയിട്ടും ഇടതുപക്ഷത്തിന് തരക്കേടില്ലാത്ത വിിജയം മണ്ഡലത്തില്‍ നേടാനായി. ദേവികുളവും, ഉടുമ്പഞ്ചോലയും പീരുമേടും ഇടതിനോടൊപ്പം നിന്നു.

അന്ന് സഭാനേതൃത്വം പൂര്‍ണമായും യുഡിഎഫിനൊപ്പമായിരുന്നു. ഇന്നാണെങ്കില്‍ കാര്യങ്ങള്‍ അങ്ങനെയല്ല. സര്‍ക്കാരിനെതിരെ സമരം ചെയ്ത ഹൈറേഞ്ച് സംരക്ഷണസമിതി നേതാവ് ജോയ്‌സ് ജോര്‍ജ്ജ് ആണ് സിപിഎമ്മിന്റെ ഇടത് സ്വതന്ത്രന്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഡീന്‍ കുര്യാക്കോസിനോടും സഭാ നേതൃത്വം ഉടക്കി നില്‍ക്കുകയാണ്.

കേരള കോണ്‍ഗ്രസ് എമ്മിലെ ജോസഫ് വിഭാഗത്തിന് മാത്രമല്ല, ചീഫ് വിപ്പ്പിസി ജോര്‍ജ്ജിനും ഡീന്‍ കുര്യാക്കോസിനോട് തീരെ താത്പര്യമില്ല. സീറ്റ് നിഷേധിക്കപ്പെട്ട പിടി തോമസും അനുയായികളും തിരഞ്ഞെടുപ്പില്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് പറയാനുമാകില്ല.

കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിലെ കണക്കെടുത്താല്‍ 37,371 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇടുക്കി മണ്ഡലത്തില്‍ യുഡിഎഫിനുള്ളത്. അതില്‍ 22,868 വോട്ടുകളുടെ ഭൂരിപക്ഷം പിജെ ജോസഫ് ജയിച്ച തൊടുപുഴയില്‍ നിന്ന് മാത്രം ഉള്ളതാണ്.

കണക്കുകള്‍ ഇങ്ങനെയൊക്കെ ആണെന്നിരിക്കെ ഒരു അട്ടിമറിക്കുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. ഡീന്‍ കുര്യാക്കോസ് ആണോ, ജോയ്‌സ് ജോര്‍ജ്ജ് ആണോ സഭക്ക് പ്രിയപ്പെട്ടവന്‍ എന്നത് കൂടി തെളിയിക്കുന്നതായിരിക്കും ഇത്തവണത്തെ ഇടുക്കി മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ഫലം.

English summary
Under currents will decide Idukki's election result.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X