വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടിലെ നാല് വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടാവുന്നു; 45 ലക്ഷം വീതം അനുവദിച്ചു

  • By Desk
Google Oneindia Malayalam News

മാനന്തവാടി: ഏറെ പിന്നോക്കാവസ്ഥയിലുള്ള വയനാട്ടിലെ നാല് വില്ലേജോഫീസുകള്‍ സ്മാര്‍ട്ടാകുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ജില്ലയിലെ ഭൂരിഭാഗം വില്ലേജോഫീസുകളുടെയും സ്ഥിതി വളരെ ശോചനീയമാണ്. സാധാരണക്കാര്‍ ദൈനംദിന കാര്യങ്ങള്‍ക്കും വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കുമായി ഏറ്റവും കൂടുതലെത്തുന്ന വില്ലേജോഫീസുകളില്‍ ഇരിപ്പിടങ്ങളോ, ശോചനാലയങ്ങളോ ഇല്ലാത്തത് ഏറെ ദുരിതം സൃഷ്ടിക്കുന്നു.

ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളെ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളായി ഉയര്‍ത്തുന്ന പദ്ധതിയായ സ്മാര്‍ട്ട് റവന്യൂ ഓഫീസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരഞ്ഞെടുത്ത് നാല് വില്ലേജ് ഓഫീസുകളെ സ്മാര്‍ട്ടാക്കാന്‍ പോകുന്നത്. വടക്കേവയനാട്ടിലെ മാനന്തവാടി, മുട്ടില്‍ നോര്‍ത്ത് എന്നീ വില്ലേജുകള്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പദ്ധതിയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. മുട്ടില്‍ നോര്‍ത്ത്, മാനന്തവാടി വില്ലേജ് ഓഫീസുകള്‍ക്കായി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനും മറ്റുമായി 45 ലക്ഷം രൂപ വീതമാണ് ലഭിക്കുക.

Village office

അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തില്‍ ഏറെ പിന്നോക്കം നില്‍ക്കുന്ന പൊഴുതന ഗ്രാമപഞ്ചായത്തിലെ അച്ചൂരാം, പൊഴുതന വില്ലേജ് ഓഫീസുകളാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഈ വില്ലേജുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി 40 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ചുറ്റുമതില്‍ നിര്‍മ്മാണം, വില്ലേജ് ഓഫീസുകളുടെ അറ്റകുറ്റപ്പണി, അധിക മുറികളുടെ നിര്‍മ്മാണം എന്നിങ്ങനെയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നേരത്തെ പനമരം ഗ്രാമപഞ്ചായത്തിലെ ചെറുകാട്ടൂര്‍ വില്ലേജ് ഓഫീസ് സ്മാര്‍ട്ട് വില്ലേജായി ഉയര്‍ത്തിയിരുന്നു. അടിസ്ഥാന സൗകര്യവും, ഓഫീസ് സൗകര്യവുമെല്ലാം ആരെയും അമ്പരപ്പിക്കുന്ന വിധത്തിലായിരുന്നു ഇവിടെ നടപ്പിലാക്കിയത്. ഈ വില്ലേജ് ഓഫീസിലെത്തുന്നവര്‍ക്ക് സൗകര്യങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, സേവനത്തിന്റെ കാര്യത്തിലും വലിയ മതിപ്പായിരുന്നു ഉള്ളത്.

നാല് വില്ലേജുകള്‍ കൂടി സ്മാര്‍ട്ടാകുന്നതോടെ അത് പൊതുജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായി മാറും. സംസ്ഥാന തലത്തില്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളായി ഉയര്‍ത്തുന്നതിന് 22 കോടി രൂപയും അടിസ്ഥാന സൗകര്യ വികസനത്തിനായി 18 കോടിരൂപയുമാണ് വകയിരുത്തിട്ടുള്ളത്. അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാനത്തെ 260ഓളം വില്ലേജ് ഓഫീസുകള്‍ക്കാണ് തുക അനുവദിച്ചിട്ടുള്ളത്. വിവിധ ജില്ലകളില്‍ ഇതിന്റെ നടപടികള്‍ പൂര്‍ത്തിയായി വരികയാണ്.

Wayanad
English summary
Wayanad Local News about village offices
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X