പ്രകോപനവുമായി വീണ്ടും ഖത്തര്‍; അമീര്‍ തുര്‍ക്കി, ജര്‍മനി സന്ദര്‍ശനത്തിന്

  • Posted By:
Subscribe to Oneindia Malayalam

ദോഹ: സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള നാല് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം 100 ദിവസം പിന്നിട്ടിരിക്കെ, ഉപരോധത്തെ പ്രതിരോധിക്കാനുള്ള പുതിയ വഴികള്‍ തേടി ഖത്തര്‍. അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി വ്യാഴാഴ്ച നടത്തുന്ന തുര്‍ക്കി സന്ദര്‍ശം ഇതിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. ഗള്‍ഫ് പ്രതിസന്ധി ആരംഭിച്ച ശേഷമുള്ള ഖത്തര്‍ അമീറിന്റെ ആദ്യ വിദേശയാത്ര എന്ന വിശേഷണം കൂടി ഇതിനുണ്ട്.

തുര്‍ക്കി സന്ദര്‍ശിക്കുന്ന അദ്ദേഹം പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാനുമായി ചര്‍ച്ചകള്‍ നടത്തും. ഉഭയകക്ഷി വിഷയങ്ങളും മേഖലയിലെ പ്രശ്‌നങ്ങളും അന്താരാഷ്ട്ര സംഭവവികാസങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാവുമെന്ന് തുര്‍ക്കി പ്രസിഡന്റിന്റെ വക്താവ് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

qatar

അമീറിന്റെ തുര്‍ക്കി യാത്ര സൗദി സഖ്യത്തെ കൂടുതല്‍ പ്രകോപിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കാരണം തങ്ങളുടെ ഉപരോധം പൊളിക്കാന്‍ ഖത്തറിന് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കുന്ന രാജ്യമാണ് തുര്‍ക്കി. പ്രസിഡന്റ് ഉര്‍ദുഗാനാവട്ടെ, അറബ് സഖ്യം ഉപരോധം ഏര്‍പ്പെടുത്തിയതിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

ഉപരോധത്തെ തുടര്‍ന്ന് ഖത്തറിന് ഐക്യദാര്‍ഢ്യമെന്ന നിലയില്‍ നൂറുകണക്കിന് ചരക്കുവിമാനങ്ങളും കപ്പലുകളുമാണ് ഭക്ഷണവും മരുന്നും ഉള്‍പ്പെടെ അവശ്യസാധനങ്ങളുമായി തുര്‍ക്കിയില്‍ നിന്ന് ഖത്തറിലെത്തിയത്. ഉപരോധത്തിന്റെ ആദ്യഘട്ടത്തില്‍ പിടിച്ചുനില്‍ക്കാന്‍ ഇവ ഖത്തറിനെ ഏറെ സഹായിച്ചിരുന്നു.

മാത്രമല്ല, സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ഉപരോധമേര്‍പ്പെടുത്താനുള്ള പ്രധാന കാരണങ്ങളിലൊന്നായി പറഞ്ഞത്, ഖത്തറിലെ തുര്‍ക്കി സൈനിക താവളമായിരുന്നു. ഇത് അടച്ചുപൂട്ടണമെന്നാണ് സൗദി സഖ്യം മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങളിലൊന്ന്. എന്നാല്‍ ഉപരോധം ഏര്‍പ്പെടുത്തിയതിനു പിന്നാലെ ഖത്തര്‍ ചെയ്തതാവട്ടെ, സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടുതല്‍ തുര്‍ക്കി സൈനികരെ രാജ്യത്തിലേക്ക് സ്വാഗതം ചെയ്യുകയായിരുന്നു.

ഉപരോധത്തെ പ്രതിരോധിക്കാന്‍ തുര്‍ക്കി നല്‍കിയ പിന്തുണയ്ക്കുള്ള നന്ദിസൂചകമായാണ് അമീറിന്റെ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്. തുര്‍ക്കി സന്ദര്‍ശനത്തിനു ശേഷം ജര്‍മനിയിലേക്ക് തിരിക്കുന്ന അമീര്‍, ചാന്‍സ്‌ലര്‍ ആംഗേലാ മെര്‍ക്കലുമായും കൂടിക്കാഴ്ച നടത്തും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Qatar's Emir Sheikh Tamim bin Hamad Al Thani will visit Turkey on Thursday to meet President Recep Tayyip Erdogan in his first trip abroad since the start of the Gulf diplomatic crisis

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്