പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; സൗദിയില്‍ വോയിപ് കോളുകള്‍ നിയമവിധേയമാവുന്നു

  • Posted By:
Subscribe to Oneindia Malayalam

റിയാദ്: ഇന്റര്‍നെറ്റ് വഴി സംസാരിക്കാനും വീഡിയോ കോള്‍ ചെയ്യാനുമുള്ള സംവിധാനമായ വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോളി (വോയിപ്) നുള്ള നിരോധനം നീക്കാന്‍ സൗദി അറേബ്യന്‍ വാര്‍ത്താവിതരണ-വിവര മന്ത്രാലയം തീരുമാനിച്ചു. വാര്‍ത്താവിതരണ മന്ത്രി അബ്ദുല്ല അല്‍ സവാഹാണ് പ്രവാസികളുള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ സന്തോഷകരമായ ഈ വാര്‍ത്ത തന്റെ ട്വിറ്റര്‍ സന്ദേശത്തിലൂടെ പുറത്തുവിട്ടത്. അടുത്ത ബുധനാഴ്ച മുതല്‍ നിരോധനം നീക്കാന്‍ ടെലകോം വിഭാഗവുമായി സഹകരിച്ച് നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. 

സൗദിയുടെ വിഷന്‍ 2030ന്റെ ചുവടുപിടിച്ച് ഉപഭോക്തൃ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും മന്ത്രി അറിയിച്ചു. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഒരു പോലെ ഈ സൗകര്യം ലഭ്യമാക്കുമെന്നും അതുമായി ബന്ധപ്പെട്ട സുരക്ഷാ നടപടിക്രമങ്ങള്‍ പാലിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

call

ഇതുവരെ വോയിപ് കോളുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന ആപ്ലിക്കേഷനുകള്‍ സൗദിയില്‍ പ്രവര്‍ത്തനക്ഷമമായിരുന്നില്ല. പുതിയ തീരുമാനം നടപ്പിലാവുന്നതോടെ ഇന്റര്‍നെറ്റ് കണക്ഷനുണ്ടെങ്കില്‍ വോയിപ് സംവിധാനം വഴി ചുരുങ്ങിയ ചെലവില്‍ നിയമവിധേയമായി തന്നെ നാട്ടിലേക്ക് വിളിക്കാന്‍ സാധിക്കും.

യു.എ.ഇയിലും സമാനരീതിയിലുള്ള നിരോധനം നിലവിലുണ്ട്. കഴിഞ്ഞ ജൂണില്‍ വാട്ട്‌സാപ്പ് വഴിയുള്ള സൗജന്യ കോളുകള്‍ യു.എ.ഇയില്‍ അല്‍പ സമയത്തേക്ക് ലഭ്യമായത് ജനങ്ങളില്‍ വന്‍ പ്രതീക്ഷയ്ക്ക് വഴിവച്ചിരുന്നു. നിമിഷങ്ങള്‍ക്കകം ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പരക്കുകയും ചെയ്തിരുന്നു. എന്നാല്‍ വോയിപ് കോളുകള്‍ക്ക് മേലുള്ള നിരോധനം തുടരുമെന്ന അറിയിപ്പുമായി യു.എ.ഇ ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി രംഗത്തെത്തിയതോടെ സന്തോഷമൊക്കെ വെറുതെയാവുകയായിരുന്നു. സൗദിയുടെ പുതിയ തീരുമാനം യു.എ.ഇയെയും നിലപാട് മാറ്റത്തിന് പ്രേരിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍.

English summary
saudi arabia to lift ban on voip calls
Please Wait while comments are loading...