• search

ആദ്യ ജ്ഞാനപീഠജേതാവ് വിസ്മൃതിയിലാഴുമ്പോള്‍

 • By Staff
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ജി യുടെ കവിതയെ ആസ്പദമാക്കി കേന്ദ്രസാഹിത്യ അക്കാദമിയുമായി ചേര്‍ന്ന് സപ്തംബറില്‍ നടത്തിയ ദ്വിദിന സെമിനാര്‍ മാത്രമാണ് ജ്ഞാനപീഠസമിതി ജി യുടെ ജന്മശതാബ്ദി ഓര്‍മ്മിച്ചതിനുള്ള ഏകതെളിവ്. രവീന്ദ്രനാഥ ടാഗൂറിന്റെയും സ്വാതന്ത്യ്രസമരത്തിന്റെയും സ്വാധീനവുമായി കടന്നുവന്ന് പിന്നീട് ഒരു സാഹിത്യബിംബമായി മാറിയ ജിയുടെ ജന്മശതാബ്ദിയ്ക്ക് അദ്ദേഹത്തിന്റെ ജന്മനാടായ കേരളത്തിലും അര്‍ഹമായ പ്രാധാന്യം ലഭിച്ചോ എന്ന കാര്യം സംശയമാണ്.

  ജി യുടെ ഓര്‍മ്മയ്ക്ക് ഒരു സെമിനാറോ മറ്റെന്തെങ്കിലും ചടങ്ങോ നടത്തിയെന്ന് ജ്ഞാനപീഠസമിതി ഒറ്റയ്ക്ക് അഭിമാനിക്കാന്‍ കഴിയുമോ? കേന്ദ്രസാഹിത്യ അക്കാദമിയുമായി ചേര്‍ന്നാണ് ജ്ഞാനപീഠസമിതി സെമിനാര്‍ സംഘടിപ്പിച്ചതെന്നറിഞ്ഞപ്പോള്‍ അപമാനം തോന്നുന്നു- പ്രമുഖ നോവലിസ്റും ചെറുകഥാകൃത്തുമായ എം. മുകുന്ദന്‍ അഭിപ്രായപ്പെട്ടു. ആദ്യത്തെ ജ്ഞാനപീഠജേതാവാണ് ജി. സാഹിത്യവൃത്തങ്ങളാകെ അദ്ദേഹത്തെ മറന്നുവെന്നത് എല്ലാവര്‍ക്കും നാണക്കേടാണ്, ജ്ഞാനപീഠസമിതിയ്ക്ക് പ്രത്യേകിച്ചും. - മുകുന്ദന്‍ വിശദമാക്കുന്നു.

  ജ്ഞാനപീഠ സമിതി ജിയുടെ ജന്മശതാബ്ദി അര്‍ഹമായ വിധത്തില്‍ ആചരിക്കേണ്ടതായിരുന്നു. ജിയുടെ രചനകളെ കേന്ദ്രീകരിച്ച് ഞങ്ങള്‍ ഒരു സെമിനാര്‍ സംഘടിപ്പിക്കുന്നുണ്ടെന്ന് കേട്ടപ്പോഴാണ് അത് സംയുക്തമായി സംഘടിപ്പിക്കാം എന്ന നിര്‍ദേശവുമായി ജ്ഞാനപീഠ സമിതി മുന്നോട്ടുവന്നത് -കേന്ദ്രസാഹിത്യ അക്കാദമി സെക്രട്ടറിയും കവിയും വിമര്‍ശകനും വിവര്‍ത്തകനുമായ കെ. സച്ചിദാനന്ദന്‍ പറയുന്നു.

  അതേ സമയം ജ്ഞാനപീഠ സമിതി ഡയറക്ടര്‍ ഡോ. ദിനേശ് മിശ്ര എല്ലാ ആരോപണങ്ങളും നിഷേധിക്കുന്നു. വാസ്തവത്തില്‍ ഞങ്ങള്‍ ജൂണ്‍ മൂന്നിന് ഒരു പരിപാടി ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് കേന്ദ്ര സാഹിത്യഅക്കാദമി ജി യുടെ രചനകളെ ആസ്പദമാക്കി ഒരു സെമിനാര്‍ സംഘടിപ്പിക്കുന്ന വിവരം അറിഞ്ഞത്. അപ്പോള്‍ ആ പരിപാടി സംയുക്തമായി നടത്താമെന്ന് ഞങ്ങള്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു - ഡോ. ദിനേശ് മിശ്ര പറഞ്ഞു.

  ജി യുടെ ഓടക്കുഴല്‍ എന്ന കൃതിയുടെ ഹിന്ദി പരിഭാഷ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുകയാണ്. 16 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കൂടുതല്‍ വായനക്കാരുടെ അരികിലേക്ക് ആ കൃതിയെത്തിക്കാന്‍ ശ്രമിയ്ക്കും. ജി ഓര്‍മ്മിക്കപ്പെടുന്നില്ലെന്ന് അപ്പോള്‍ എങ്ങിനെ പറയാനാകും? - ഡോ. ദിനേശ് മിശ്ര ചോദിക്കുന്നു. ജി ഞങ്ങള്‍ക്ക് പ്രത്യേകം പ്രിയപ്പെട്ടവനാണ്. ജ്ഞാനപീഠം അവാര്‍ഡ് ജേതാക്കളുടെ സംഘത്തിന്റെ തന്നെ ദീപശിഖ വഹിക്കുന്ന വ്യക്തിയാണ് അദ്ദേഹം- ദിനേശ് മിശ്ര അഭിപ്രായപ്പെടുന്നു.

  കേന്ദ്ര സാഹിത്യ അക്കാദമിയുമായി ചേര്‍ന്നുകൊണ്ടല്ലാതെ ജി യുടെ ജന്മശതാബ്ദി സ്വന്തം നിലയില്‍ ആഘോഷിച്ചുവെന്നെങ്കിലും തലയുയര്‍ത്തി പറയാന്‍ ജ്ഞാനപീഠസമിതിക്ക് കഴിയേണ്ടതായിരുന്നു.- ദില്ലി സര്‍വകലാശാലയിലെ മലയാള വിഭാഗത്തില്‍ നിന്നും വിരമിച്ച പ്രൊഫസര്‍ ഡോ. അകവൂര്‍ നാരായണന്‍ പറയുന്നു. ജ്ഞാനപീഠസമിതി അവരുടെ കലണ്ടറിലെങ്കിലും ആദ്യ ജേതാവിന്റെ ജന്മശതാബ്ദിയെപ്പറ്റി പരാമര്‍ശിക്കേണ്ടതായിരുന്നു- അകവൂര്‍ നാരായണന്‍ പറഞ്ഞു.

  ജ്ഞാനപീഠം നല്കുന്നതോടെ എഴുത്തുകാരനും ജ്ഞാനപീഠസമിതിയും തമ്മിലുള്ളഎല്ലാ ബന്ധവും അവസാനിക്കുകയാണെന്ന് എം. മുകുന്ദന്‍ കുറ്റപ്പെടുത്തുന്നു. എഴുത്തുകാരെ രാജ്യത്തെ ലോകനിലവാരത്തിലോ പരിചയപ്പെടുത്താന്‍ ഒരു സംവിധാനവും ഇവിടെയില്ല. ജി യുടെ കൃതികള്‍ ശരിയായ രീതിയില്‍ വായിക്കപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ കൃതികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും വേണ്ടത്ര ചലനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. കേരളത്തില്‍ പോലും എഴുത്തുകാരുടെയും വിമര്‍ശകരുടെയും ഇടയില്‍ പോലും ജി വേണ്ട രീതിയില്‍ സ്വീകരിക്കപ്പെട്ടിട്ടില്ലെന്നും മുകുന്ദന്‍ ആരോപിക്കുന്നു.

  നമ്മള്‍ ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? നമുക്ക് ആരെയും കുറ്റപ്പെടുത്താന്‍ കഴിയില്ല, പകരം സത്യത്തിലെത്തിച്ചേരാന്‍ അല്പം ആത്മപരിശോധന നടത്താം - സച്ചിദാനന്ദന്‍ പറഞ്ഞു. മറ്റു രാജ്യങ്ങളിലേതു പോലെ നമ്മുടെ എഴുത്തുകാരുടെ രചനകള്‍ ഇന്ത്യയില്‍ വേണ്ടവിധം പ്രോത്സാഹിപ്പിക്കപ്പെടുന്നില്ലെന്ന് സച്ചിദാനന്ദനും മുകുന്ദനും പറയുന്നു.

  നല്ലൊരു പ്രാസംഗികനും കൂടിയായ ജി 1968 ല്‍ രാജ്യസഭാംഗമായിരുന്നു. കവിതയില്‍ പ്രതീകാത്മകതയുടെയും മിസ്റിസിസത്തിന്റെയും സാധ്യതകളെ അങ്ങേയറ്റം പ്രയോഗിച്ച കവിയാണ് ജി. ടാഗോറായിരുന്നു ഇക്കാര്യത്തില്‍ ജി യ്ക്ക് വഴികാട്ടിയായത്. സ്വാതന്ത്യ്രപ്രസ്ഥാനം, ദേശീയ വികാരം, ശാസ്ത്രത്തിന്റെ വളര്‍ച്ചയിലൂടെ കൈവന്ന മാറ്റങ്ങള്‍ എല്ലാം ജിയുടെ കവിതകളില്‍ പ്രതിഫലിച്ചു.

  കവിത, നാടകം, വിവര്‍ത്തനം, ജീവചരിത്രം, വ്യാകരണം, ബാലസാഹിത്യം, ആത്മകഥ, വിമര്‍ശനം എന്നീ വ്യത്യസ്തമേഖലകളിലായി 50 കൃതികള്‍ ജി രചിച്ചിട്ടുണ്ട്. 20 കവിതാസമാഹാരങ്ങളും ഉണ്ട്. ഓടക്കുഴല്‍, ഓര്‍മ്മകളുടെ ഓളങ്ങളില്‍, വിശ്വദര്‍ശനം, നിമിഷം, വനഗായകന്‍, സാഹിത്യ കൗതുകം എന്നിവ ജിയുടെ കാവ്യരചനകളാണ്.

  വിശ്വദര്‍ശനത്തിന് 1963ലെ സാഹിത്യ അക്കാദമി അവാര്‍ഡ ്ലഭിച്ചു. 1968ല്‍ പത്മഭൂഷണും 1978ല്‍ സോവിയറ്റ് ലാന്റ് അവാര്‍ഡും നേടി. ഈ മഹത്തായ ജ്ഞാനപീഠ പുരസ്കാരം എന്റെ രചനകള്‍ക്ക് തിലകക്കുറിയായി ശോഭിക്കുന്നുവെങ്കില്‍ എന്റെ നാട്ടുകാരും അതേ വികാരം അനുഭവിക്കും. ജ്ഞാനപീഠം സമ്മാനിച്ച ഈ വെള്ളിവെളിച്ചം മങ്ങാന്‍ അനുവദിക്കരുത് - ജ്ഞാനപീഠം ലഭിച്ച വേളയില്‍ ജിപറഞ്ഞ ഈ വാക്കുകള്‍ക്ക് അദ്ദേഹത്തിന്റെ ജന്മശതാബ്ദി വേളയില്‍ മങ്ങലേല്ക്കുകയാണോ?

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more