കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവസാനം വരെ, പാരമ്പര്യത്തിലലിഞ്ഞ്....

  • By Staff
Google Oneindia Malayalam News

കര്‍ണ്ണാടകസംഗീതം കേട്ടിട്ടുള്ള എല്ലാവര്‍ക്കും മണി കൃഷ്ണസ്വാമിയെ ഓര്‍മ്മയുണ്ടാവണമെന്നില്ല. എന്നാല്‍ കര്‍ണ്ണാടകസംഗീതത്തില്‍ പാരമ്പര്യത്തിന്റെ ശുദ്ധിയും കൃത്യതയും തേടിയവരെല്ലാം മണികൃഷ്ണസ്വാമിയില്‍ ചെന്നെത്തിയിരിക്കണം. അവരെല്ലാം ഇന്ന് അഗാധമായി ദു:ഖിക്കുന്നുണ്ടായിരിക്കണം. സംഗീതത്തിലെ ആ അപാരനദിയുടെ ഒഴുക്ക് നിലച്ചത് കഴിഞ്ഞ ദിവസമാണ്.

മരിക്കുമ്പോള്‍ മണി കൃഷ്ണസ്വാമി ഏറെയൊന്നും ഉണ്ടാക്കിയില്ല. കുറെ സംഗീതപുരസ്കാരങ്ങളും സംഗീതആല്‍ബങ്ങളും മാത്രമല്ലാതെ.

സംഗീതകുടുംബത്തില്‍ ജനിച്ച മണി കൃഷ്ണസ്വാമിയുടെ ജീവിതത്തില്‍ സംഗീതം താനെ അലിഞ്ഞുചേര്‍ന്നതാണ്. ഉത്തര ആര്‍ക്കോട്ട് ജില്ലയിലെ കാങ്കേയനല്ലൂരില്‍ 1930ലാണ് മണി കൃഷ്ണസ്വാമി ജനിച്ചത്. അച്ഛന്‍ ലക്ഷ്മി നരസിംഹാചാരി വെല്ലൂര്‍ സംഗീത സഭയുടെ സെക്രട്ടറിയായിരുന്നു. അമ്മ മരഗതവല്ലിയുടെ കീഴില്‍ ആറാമത്തെ വയസ്സില്‍ മണി വയലിന്‍ പഠനം തുടങ്ങി.

24ാം വയസ്സില്‍ കൃഷ്ണസ്വാമിയെ വിവാഹം ചെയ്തു. അതിനുശേഷം പ്രശസ്ത സംഗീതജ്ഞന്‍ മുസിരി സുബ്രഹ്മണ്യയ്യരുടെ കീഴിലെ സംഗീതപഠനമാണ് മണിയിലെ സംഗീതജ്ഞയെ പാകപ്പെടുത്തിയത്. പലപ്പോഴും മണിയുടെ കച്ചേരികള്‍ നടക്കുമ്പോള്‍ പുറത്തിരുന്ന് അത് കേട്ട്, പിന്നീട് തെറ്റുകള്‍ ചൂണ്ടിക്കാട്ടുക മുസിരിയുടെ പതിവായിരുന്നുവത്രെ.

വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടിയ മണി പക്ഷെ സംഗീതത്തിന് വേണ്ടി വൈദ്യം ഉപേക്ഷിച്ചുവെന്നത് അവിശ്വസനീയമായി തോന്നാം. പക്ഷെ സംഗീതത്തിന് വേണ്ടി വൈദ്യശാസ്ത്രത്തെ ഉപേക്ഷിക്കേണ്ടിവന്നതില്‍ പിന്നീട് മണി കൃഷ്ണസ്വാമി ഒരിക്കലും ദു:ഖിച്ചില്ല.

പത്മശ്രീ പുരസ്കാരം നേടിയ മണി, അമേരിക്കയിലെ ഇന്ത്യാഫെസ്റിവലില്‍ പങ്കെടുത്തിട്ടുണ്ട്. സുബലക്ഷ്മിയെപ്പോലെ വിശ്രുതസംഗീതവിദുഷികള്‍ മാത്രം പങ്കെടുത്തിട്ടുള്ള വിഖ്യാതസംഗീതോത്സവമാണിത്.

തമിഴ്നാട് സംസ്ഥാനഅക്കാദമിയുടെ കലൈമാമണി, മദ്രാസ് മ്യൂസിക്ക് അക്കാദമിയുടെ സംഗീത കലാനിധി, ചെന്നൈ ശ്രീകൃഷ്ണഗാനസഭയുടെ സംഗീത ചൂഡാമണി, തിരുപ്പതി ദേവസ്ഥാനത്തെ ആസ്ഥാനവിദ്വാന്‍, കേന്ദ്രസംഗീതനാടക അക്കാദമി അവാര്‍ഡ് എന്നിവ മണിയ്ക്ക് ലഭിച്ചിട്ടുണ്ട്.

അവസാനനിമിഷം വരെ പാരമ്പര്യം വിടാതെ, ശുദ്ധസംഗീത്തിന്റെ വഴിയേ ഉറച്ചുനിന്ന ഗായികയാണ് മണി കൃഷ്ണസ്വാമി. പല കുറി സിനിമയില്‍ പാടാന്‍ അവസരം ലഭിച്ചിട്ടും അതെല്ലാം വേണ്ടെന്നുവയ്ക്കുകയായിരുന്നു. എന്തായാലും, കര്‍ണ്ണാടകസംഗീതത്തിന്റെ കലര്‍പ്പില്ലാത്ത പാരമ്പര്യം അന്വേഷിച്ചുചെല്ലുന്നവര്‍ക്ക് എക്കാലത്തും മണി കൃഷ്ണസ്വാമിയുടെ സംഗീത റെക്കോഡുകള്‍ നല്ല വഴികാട്ടികളായിരിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X