കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാദ്യലോകത്തെ തുളുമ്പാത്ത നിറകുടം

  • By Staff
Google Oneindia Malayalam News

പല്ലാവൂര്‍ കുഞ്ഞുകുട്ടന്‍മാരാരുടെ വിയോഗത്തിലൂടെ നിലച്ചത് വാദ്യകലയിലെ അത്ഭുതസാന്നിധ്യം. കേരളത്തിലെ വാദ്യക്കമ്പക്കാരുടെ ഹരമായ പല്ലാവൂര്‍ ത്രിമൂര്‍ത്തികളിലെ രണ്ടാമത്തെ കണ്ണിയും ഇതോടെ അറ്റുപോയിരിക്കുന്നു.

ഒരു വര്‍ഷം മുമ്പ് മരണം മടക്കിവിളിച്ച ജ്യേഷ്ഠന്‍ പല്ലാവൂര്‍ മണിയന്‍മാരാര്‍ക്കു പിന്നാലെ ഇപ്പാേേഴിതാ അനുജന്‍ പല്ലാവൂര്‍ കുഞ്ഞുകുട്ടനും പോയി. ഇനി അവശേഷിക്കുന്നത് മൂത്തജ്യേഷ്ഠന്‍ പല്ലാവൂര്‍ അപ്പുമാരാര്‍ മാത്രം.

ഒട്ടേറെ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ടെങ്കിലും വിട്ടുമാറാത്ത വിനയം- അതായിരുന്നു പല്ലാവൂര്‍ കുഞ്ഞുകുട്ടന്‍മാരാരുടെ പ്രത്യേകത. എല്ലാ അര്‍ത്ഥത്തിലും അല്പം പോലും തുളുമ്പാത്ത നിറകുടമായിരുന്നു അദ്ദേഹം.

എട്ടാം വയസ്സില്‍ തൊട്ടുമൂത്ത ജ്യേഷ്ഠന്‍ മണിയന്‍മാരാര്‍ക്കൊപ്പം ഇരട്ടത്തായമ്പക കൊട്ടിക്കൊണ്ടാണ് പല്ലാവൂര്‍ കുഞ്ഞുകുട്ടന്‍ വാദ്യരംഗത്തേക്ക് പ്രവേശിച്ചത്. ചെണ്ടയിലും തിമിലയിലും ഇടയ്ക്കയിലും ഒരു പോലെ പ്രാവീണ്യം നേടിയ കുഞ്ഞുകുട്ടന്‍മാരാര്‍ക്ക് ആദ്യ ഗുരുക്കന്മാര്‍ ജ്യേഷ്ഠന്‍മാര്‍ തന്നെ. തിമിലയില്‍ മാത്രമല്ല, തായമ്പകയിലും ഇടയ്ക്കയിലും സോപാനസംഗീതത്തിലും കുഞ്ഞുകുട്ടന്‍മാരാരുടെ വിദഗ്ധകരങ്ങള്‍ അത്ഭുതകരമായി സഞ്ചരിച്ചു. പഞ്ചവാദ്യത്തിലും തായമ്പകയിലും സോപാനസംഗീതത്തിലും അപാരമായ കൈത്തഴക്കം കുഞ്ഞുകുട്ടന്‍മാരാരുടെ പ്രത്യേകതയായിരുന്നു.

അദ്ദേഹം തിമിലയില്‍ കൈവച്ച് കാലം നിരത്തിയാല്‍ പിന്നെ തിമില ഇടച്ചില്‍ കഴിയും വരെ കാലത്തെ കുഞ്ഞുകുട്ടന്‍മാരാര്‍ കയ്യിലാക്കും. ഇത് കുഞ്ഞുകുട്ടന്‍മാരാരെക്കുറിച്ച് തൃശൂര്‍ക്കാരായ മേളക്കമ്പക്കാര്‍ മുഴവന്‍ അന്യോന്യം കൈമാറുന്ന അറിവാണ്.

വാദ്യകലാരംഗത്തെ അച്ചടക്കത്തിന്റെ കരുത്തുറ്റ കണ്ണിയായാണ് അദ്ദേഹം അറിയപ്പെടുന്നത്. കാരണം വലിയ പഞ്ചവാദ്യങ്ങള്‍ക്ക് പ്രമാണം വഹിക്കുമ്പോള്‍ തന്റെ സംഘത്തിലുള്ളവരെ ചിട്ടയോടെയും ശ്രദ്ധനഷ്ടപ്പെടുത്താതെയും വാദ്യത്തില്‍ മനസ്സുറപ്പിച്ചുനിര്‍ത്താന്‍ കുഞ്ഞുകുട്ടന്‍മാരാര്‍ക്കുള്ള പാടവം അസാമാന്യമായിരുന്നു.

മണിയന്റെ വാദ്യം മണിനാദം. കുഞ്ഞുകുട്ടന്റേത് എല്ലാ അര്‍ത്ഥത്തിലും കേമത്തം എന്നാണ് മൂത്ത ജ്യേഷ്ഠന്‍ അപ്പുമാരാര്‍ കുഞ്ഞുകുട്ടനെക്കുറിച്ച് ഓര്‍ക്കുന്നത്. ശുദ്ധിയും സൗന്ദര്യവും ഗാംഭീര്യവും നിറഞ്ഞ അദ്ദേഹത്തിന്റെ ശൈലി ഇഷ്ടപ്പെടാത്ത മേളക്കമ്പക്കാര്‍ കേരളത്തില്‍ ഇല്ല. കഴിഞ്ഞ കുറി തൃശൂര്‍പൂരത്തിന് മഠത്തില്‍ വരവിനുള്ള പഞ്ചവാദ്യത്തിന് പ്രമാണം വഹിച്ച കുഞ്ഞുകുട്ടന്‍മാരാരുടെ പ്രകടനം തൃശൂരിലെ മേളക്കമ്പക്കാര്‍ മറന്നുകാണില്ല.

പഞ്ചവാദ്യരംഗത്ത് സ്വന്തം കയ്യൊപ്പിട്ട അന്നമനട ത്രിമൂര്‍ത്തികള്‍ക്ക് ശേഷം ( അന്നമനട അച്യുതമാരാര്‍, പരമേശ്വരമാരാര്‍, പീതാംബരമാരാര്‍) കേരളത്തിന് കൈവന്ന സൗഭാഗ്യമായിരുന്നു പല്ലാവൂര്‍ ത്രിമൂര്‍ത്തികള്‍. പല്ലാവൂര്‍ ത്രയത്തിന്റെ ട്രിപ്പിള്‍ തായമ്പകയും ഇരട്ടതായമ്പകയുമൊക്കെ ഇനി വെറും ഓര്‍മ്മ. പല്ലാവൂര്‍ അപ്പുമാരാരെ മാത്രം ബാക്കിവച്ചുകൊണ്ട് മരണം മടക്കിവിളിച്ച രണ്ടു പ്രതിഭകളുടെ വിയോഗം പല്ലാവൂര്‍ പെരുമയുടെ അസ്തമയകാലമായി എന്ന് ഓര്‍മ്മിപ്പിക്കുന്നു. ഒരു പക്ഷെ അത് കേരളത്തിലെ പഞ്ചവാദ്യകലയുടെ സുവര്‍ണ്ണകാലത്തിന്റെ തന്നെ അസ്തമയം തന്നെയല്ലേ?

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X