കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുറിവുണങ്ങാതെ ഗുജറാത്ത് ...2

  • By Staff
Google Oneindia Malayalam News

ദുരന്തബാധിതരുടെ മൊഴികള്‍

എന്നാല്‍ ഔദ്യോഗിക വാദങ്ങള്‍ പകരുന്ന സര്‍വം സ്വര്‍ഗതുല്യം എന്ന അവസ്ഥയല്ല, ദുരന്തബാധിതര്‍ക്ക് പറയാനുളളത്. ഇന്ത്യന്‍ ബ്യൂറോക്രസിയുടെ ഒരിക്കലും മാറാത്ത ശാപമായ അഴിമതിയും കെടുകാര്യസ്ഥതയും അതിന്റെ സര്‍വശക്തിയോടും കൂടിയാണ് ഗുജറാത്തില്‍ വെളിപ്പെടുന്നതെന്ന് ശക്തമായ ആരോപണമുണ്ട്. കൊടും ദുരന്തത്തില്‍ അമ്പേ തകര്‍ന്നു പോയവരെ ഞെക്കിപ്പിഴിയാനും അവര്‍ക്കനുവദിച്ച നഷ്ടപരിഹാരം മുട്ടു ന്യായങ്ങള്‍ പറഞ്ഞ് തട്ടിയെടുക്കാനും ഉദ്യോഗസ്ഥര്‍ തയ്യാറായെന്ന് അനുഭവസ്ഥര്‍ പറയുന്നു.

ജനവരി 26നു ശേഷം ഗുജറാത്തിലേയ്ക്കൊഴുകിയ സഹായത്തിന് കണക്കുണ്ടായിരുന്നില്ല. പണമായും മരുന്നായും വസ്ത്രമായും ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും കാരുണ്യം പ്രവഹിച്ചു. ലോകബാങ്കില്‍ നിന്ന്, ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്കില്‍ നിന്ന്, ആഭ്യന്തര, രാജ്യാന്തര മണ്ഡലങ്ങളില്‍ നിന്ന് ഇന്ത്യയുടെ പ്രതീക്ഷകള്‍ക്കപ്പുറമുളള സഹകരണമായിരുന്നു. അതിന്റെ നാലിലൊന്നു കൊണ്ടു ചെയ്യാവുന്നതു പോലും എങ്ങുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തങ്ങള്‍ക്കായി പലരും നല്‍കിയതൊക്കെയും ഉദ്യോഗസ്ഥര്‍ കട്ടുതിന്നുവെന്ന് ആരോപിച്ച് പല സമരങ്ങളും അരങ്ങേറി.

മരിച്ചവര്‍ എത്ര ഭാഗ്യവാന്മാര്‍

പഴയ മുഖ്യമന്ത്രി കേശുഭായി പട്ടേലും പുതിയ മുഖ്യമന്ത്രി നരേന്ദ്രമോഡിയും ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് ആരോപണമുയരുന്നു. ഉന്നയിക്കുന്നത് ഡോ. ശ്യാം സുന്ദര്‍. ഭൂകമ്പ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം പദയാത്ര നടത്തിയ ഗ്രൂപ്പ് 2001 എന്ന സംഘടനയുടെ നേതാവ്. കേശുഭായിയുടെ തന്ത്രത്തില്‍ വീണ് അന്നത്തെ യാത്ര പാതിവഴിയില്‍ നിര്‍ത്തി. എല്ലാ പ്രശ്നങ്ങളും ഉടന്‍ പരിഹരിക്കാമെന്ന വാഗ്ദാനം നല്‍കിയാണ് കേശുഭായി ഗ്രൂപ്പ് 2001 നെ ഒതുക്കിയത്.

എന്നാല്‍ ആ വാഗ്ദാനത്തിനു പിന്നില്‍ ഒരു രാഷ്ട്രീയക്കാരന്റെ കൗശലമുണ്ടെന്നു തിരിച്ചറിയാന്‍ ഡോ. ശ്യാം സുന്ദറിനും സംഘത്തിനും കഴിഞ്ഞില്ല. അന്ന് പ്രധാനമന്ത്രിയുടെ ഗുജറാത്ത് സന്ദര്‍ശനത്തിനു മുമ്പ് പ്രതിഷേധ ശബ്ദങ്ങള്‍ ഇല്ലാതാക്കാനുളള അടവിന്റെ ഭാഗമായിരുന്നു ഈ വാഗ്ദാനം. മുഖ്യമന്ത്രിയുടെ വാക്കു വിശ്വസിച്ചവര്‍ക്ക് പിഴച്ചു.

സര്‍ക്കാരിന്റെ എല്ലാ അവകാശവാദങ്ങളുടെയും മുനയൊടിക്കുന്ന കണക്കുകളാണ് ഗ്രൂപ്പ് 2001 മുന്നോട്ടു വയ്ക്കുന്നത്. ശാസ്ത്രീയമായി ഭൗമ പഠനം നടത്തി നഗരം പുനര്‍നിര്‍മ്മിക്കുമെന്ന വാഗ്ദാനത്തിനെന്തുപറ്റിയെന്നാണ് അവരുടെ ചോദ്യം. തകര്‍ന്ന കെട്ടിടങ്ങള്‍ അവിടെത്തന്നെ പുനര്‍ നിര്‍മ്മിക്കണോ നഗരമപ്പാടെ മാറ്റിപ്പണിയണോ എന്നുപോലും ഇതുവരെ തീരുമാനിച്ചിട്ടില്ല. 70 ശതമാനം കച്ചവടസ്ഥാപനങ്ങളും തകര്‍ന്നു വീണിട്ടും വ്യാപാര വാണിജ്യ മേഖലയുടെ പുനരുദ്ധാരണം ഇനിയും നടപ്പായില്ല. തകര്‍ന്ന വീടും കടകളും എവിടെ പുനസ്ഥാപിക്കുമെന്നറിയാതെ വലയുന്ന ജനം.

അധികാരികളുടെ കണ്ണില്‍ സാധാരണജീവന് വിലയില്ലെന്ന് ഒരിക്കല്‍ കൂടി ബോദ്ധ്യപ്പെടുത്തുകയാണ് ഗുജറാത്ത്. ഉറ്റവര്‍ക്കൊപ്പം അന്നേ മരിച്ചിരുന്നെങ്കിലെന്നാഗ്രഹിക്കുന്നവരാണ് ഏറെയും. എല്ലാം നഷ്ടപ്പെട്ട വേദന ഒരു വശത്ത്. ഇനിയെങ്ങനെയെന്ന ചോദ്യത്തിന് ഉത്തരമില്ലാത്തതിന്റെ ദു:ഖം മറുവശത്ത്.

അതെ, ഗുജറാത്ത് ഇന്ത്യയുടെ വേദനയായി തുടരുകയാണ്. രാഷ്ട്രപിതാവിന്റെ നാട്. പടുകൂറ്റന്‍ സിമന്റു കട്ടകള്‍ക്കിടയില്‍ കിടന്ന് ഈ നാട് ഞെരങ്ങിയപ്പോള്‍ കയ്യയച്ച് സഹായിച്ചവരെപ്പോലും ഒരു വര്‍ഷത്തിനകം നാണിപ്പിക്കാന്‍ ഇവിടുത്തെ അധികാരികള്‍ക്കു കഴിഞ്ഞിരിക്കുന്നു. മരിച്ചവര്‍ എത്ര ഭാഗ്യവാന്മാര്‍.

2

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X