കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അലങ്കാര മത്സ്യകൃഷി, ഹോബിയും വരുമാനവും

  • By Staff
Google Oneindia Malayalam News

അലങ്കാര മത്സ്യവിപണി ഇന്ന് ഒരു രാജ്യത്തിന്റെ മാത്രം കുത്തകയല്ല. ഏകദേശം 140 രാജ്യങ്ങള്‍ വര്‍ണമത്സ്യക്കയറ്റുമതി നടത്തുന്നുണ്ട്. ഇതിന്റെ 85 ശതമാനവും ശുദ്ധജല മത്സ്യങ്ങളാണ്. കടല്‍ മത്സ്യങ്ങള്‍ 15 ശതമാനം മാത്രം.

ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുന്ന അലങ്കാര മത്സ്യങ്ങളില്‍ ഭൂരിഭാഗവും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ നദികളില്‍ നിന്നും അരുവികളില്‍ നിന്നുമൊക്കെ ശേഖരിക്കുന്നതാണ്. കൊല്‍ക്കൊത്ത, മുംബൈ, കൊച്ചി എന്നിവിടങ്ങളാണ് രാജ്യത്തെ പ്രധാന അലങ്കാര മത്സ്യക്കയറ്റുമതി കേന്ദ്രങ്ങള്‍.

കേരളം, മണിപ്പൂര്‍, ആസാം എന്നിവിടങ്ങളില്‍ പലയിനം മത്സ്യസ്രോതസും അവ ശേഖരിക്കാന്‍ ആളുകളും ലഭ്യമായിരിക്കെ നാം ഇപ്പോഴും സിംഗപ്പൂരിന്റെയും ശ്രീലങ്കയുടെയും ആഫ്രിക്കയുടെയും പിന്നിലാണെന്ന് പ്രോഫ. കുറുപ്പ് ചൂണ്ടിക്കാട്ടി.

അതിസമ്പന്നമായ വ്യാപാര സാധ്യതകള്‍ ഒളിഞ്ഞിരിക്കുന്ന ഈ മേഖലയെക്കുറിച്ച് സാമാന്യ ജനത്തിന് വേണ്ടത്ര അവബോധമില്ലാത്തതാണ് ഈ രംഗത്തെ നമ്മുടെ പിന്നോക്കാവസ്ഥയ്ക്ക് കാരണമെന്ന് അദ്ദേഹം പറയുന്നു.

കേരളത്തിന്റെ ഭൂമിശാസ്ത്ര പ്രത്യേകതകളും കാലാവസ്ഥയും ഇവിടെ അലങ്കാര മത്സ്യകൃഷിയ്ക്ക് അനുയോജ്യമായ സാഹചര്യമൊരുക്കുന്നു. എങ്കിലും കേരളം ഈ കാമധേനുവിനെ വേണ്ടവിധം കറക്കാന്‍ ശ്രമിക്കുന്നില്ല.

വിദ്യാ സമ്പന്നരായ ചെറുപ്പക്കാര്‍ക്ക് ഒട്ടേറെ തൊഴിലവസരങ്ങള്‍ ഈ മേഖലയില്‍ സൃഷ്ടിയ്ക്കാവുന്നതാണ്. കൊളളാവുന്ന ഒരു സ്വയം തൊഴില്‍ കണ്ടെത്താന്‍ പാടുപെടുന്ന യുവാക്കള്‍ക്ക് അലങ്കാര മത്സ്യ വളര്‍ത്തല്‍ പരീക്ഷിയ്ക്കാവുന്നതാണ്. യുവതികളാണ് അലങ്കാര മത്സ്യകൃഷിയ്ക്ക് കൂടുതല്‍ അനുയോജ്യര്‍.

കേരള സര്‍ക്കാരിന്റെ ശ്രമഫലമായി കൂടുതല്‍ പേര്‍ അലങ്കാര മത്സ്യകൃഷിയ്ക്ക് സന്നദ്ധരായിട്ടുണ്ട്. 1995ല്‍ സംസ്ഥാനത്തെ ആഭ്യന്തര ഉപഭോഗത്തിനാവശ്യമായ മത്സ്യം മുഴുവന്‍ കുളത്തൂര്‍, ചെന്നൈ എന്നീ രണ്ട് കേന്ദ്രങ്ങളാണ് സംഭാവന ചെയ്തിരുന്നത്. ഇന്ന് സംസ്ഥാനത്തിനു വേണ്ട 25 ശതമാനം പ്രാദേശികമായി ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട്.

കേരളത്തില്‍ അലങ്കാര മത്സ്യകൃഷി പതിയെ വ്യാപിച്ചു വരികയാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ടെറസിലെ ടാങ്കുകളാണ് പലരും മീന്‍ വളര്‍ത്താന്‍ ഉപയോഗിക്കുന്നത്. സ്ത്രീകള്‍ക്കാണ് ഭൂരിഭാഗം മത്സ്യവളര്‍ത്തല്‍ കേന്ദ്രങ്ങളുടെയും ചുക്കാന്‍.

കുസാറ്റിലെ സ്ക്കൂള്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ് പുതിയയിനം അലങ്കാര മത്സ്യങ്ങള്‍ ജനിതക വിദ്യയിലൂടെ ഉല്‍പാദിപ്പിക്കുന്നുണ്ട്. ലോകബാങ്ക് പദ്ധതിയാണ് ഇത്. കേരളത്തിലെ നദികളിലും അരുവികളിലും കാണപ്പെടുന്ന വൈവിദ്ധ്യമാര്‍ന്ന വര്‍ണമത്സ്യങ്ങളെ കണ്ടെത്താനും ഇവര്‍ ശ്രമിക്കുന്നുണ്ട്.

ഇതുവരെ 126 ഇനങ്ങള്‍ ഇങ്ങനെ കണ്ടെത്തിയിട്ടുണ്ട്. അതില്‍ 65 ഇനങ്ങള്‍ക്ക് അലങ്കാര മത്സ്യങ്ങള്‍ക്കാവശ്യമായ എല്ലാ ഗുണങ്ങളുമുണ്ട്. 12 ഓളം ഇനങ്ങള്‍ ആഗോള വിപണിയിലെ ഏതിനവുമായും മത്സരിക്കാന്‍ പ്രാപ്തിയുളളതാണെന്ന് പ്രൊഫ. മധുസൂദനക്കുറുപ്പ് പറഞ്ഞു.

പരിസ്ഥിതി പ്രശ്നങ്ങള്‍ ഈ മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥയെയും ബാധിയ്ക്കുന്നുണ്ട്. ആഗോള അലങ്കാരമത്സ്യ വിപണി കീഴടക്കാന്‍ പര്യാപ്തമായ അപൂര്‍വയിനം മത്സ്യയിനങ്ങള്‍ സംരക്ഷിക്കാന്‍ നിലവില്‍ പദ്ധതികളൊന്നുമില്ല.

വിഷം കലക്കിയുളള മീന്‍ പിടിത്തം, കീടനാശിനി പ്രയോഗം, ഫാക്ടറിയിലെയും മറ്റും മലിനജലം നദികളിലേയ്ക്ക് ഒഴുകിയിറങ്ങുന്നത് ഇവയൊക്കെ ഈ മത്സ്യസമ്പത്തിന്റെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിയ്ക്കുന്ന ഘടകങ്ങളാണ്.

പ്രകൃതി സമ്പത്ത് വിവേചനരഹിതമായി ചൂഷണം ചെയ്യുന്നതിനിടയില്‍ ഇത്തരം വരുമാനമാര്‍ഗങ്ങള്‍ കണ്ടെത്തി പരിപോഷിപ്പിയ്ക്കാന്‍ ആരും ശ്രമിക്കുന്നില്ല. തൊഴിലിന്റെ നിര്‍വചനങ്ങള്‍ മാറുകയും തൊഴില്‍ദായകന്റെ വേഷം സര്‍ക്കാര്‍ അഴിച്ചു വയ്ക്കുകയും ചെയ്യുമ്പോള്‍ ഇത്തരം സാധ്യതകളാണ് യുവാക്കള്‍ക്ക് പ്രയോജനപ്പെടേണ്ടത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X