കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീഹാര്‍ പോലെ കണ്ണൂര്‍ ജയില്‍

  • By Staff
Google Oneindia Malayalam News

ദില്ലിയിലെ തീഹാര്‍ ജയില്‍ രാഷ്ട്രീയക്കാരുടെ സര്‍വാധികാരത്തിന് പേരുകേട്ട ജയിലാണ്. അവിടെ രാഷ്ട്രീയക്കാരന്റെ പിന്‍ബലമുള്ള തടവുകാരന് ഫൈവ് സ്റാര്‍ ഹോട്ടലിന്റെ സുഖസൗകര്യങ്ങളില്‍ മയങ്ങാം. അല്ലാത്തവന് നമ്മുടെ രാജന്‍പിള്ളയുടെ ഗതിയാണ്. ജയിലിനുള്ളില്‍ ഹൃദയസ്തംഭനം വന്നാല്‍ പോലും ചികിത്സകിട്ടുകയില്ല. അവിടെക്കിടന്ന് മരിയ്ക്കുക മാത്രം ഗതി.

ഇപ്പോള്‍ കണ്ണൂരിലെ സെന്‍ട്രല്‍ ജയില്‍ രാഷ്ട്രീയക്കാരുടെ ആധിപത്യത്തിന്റ കാര്യത്തില്‍ തീഹാറിനെക്കൂടി കടത്തിവെട്ടുകയാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരില്‍ നല്ലൊരു വിഭാഗം രാഷ്ട്രീയക്കൊലപാതകങ്ങളില്‍ പ്രതികളായവരാണ്. കണ്ണൂരില്‍ നടക്കുന്ന രാഷ്ട്രീയ ഏറ്റുമുട്ടലുകള്‍ പ്രധാനമായും ആര്‍എസ്എസും സിപിഎമ്മും തമ്മിലാണ്. ഇവിടെ സിപിഎം തടവുകാര്‍ക്കും ആര്‍എസ്എസ് തടവുകാര്‍ക്കും സര്‍വ സ്വാതന്ത്യ്രങ്ങളുമുണ്ട്. ആര്‍എസ്എസ് തടവുകാര്‍ ജയില്‍വളപ്പില്‍ ശാഖ നടത്തുന്നുണ്ട്. സിപിഎം തടവുകാര്‍ പാര്‍ട്ടി സ്റഡി ക്ലാസ് നടത്തുന്നുണ്ട്.

ഈയിടെ കണ്ണൂര്‍ ജയിലിലെത്തിയ ഒരു ആര്‍എസ്എസ് നേതാവിന് ജയില്‍വളപ്പിനുള്ളില്‍ ആര്‍എസ്എസ് തടവുകാരോട് പ്രസംഗിയ്ക്കാന്‍ വരെ ജയിലധികൃതര്‍ സൗകര്യമൊരുക്കിക്കൊടുത്തു. (പിന്നീട് ജയില്‍ അധികൃതര്‍ തന്നെ ഈ വാര്‍ത്ത നിഷേധിച്ചു.)

ജയില്‍പ്പുള്ളികള്‍ക്ക് പുറത്തുനിന്നുള്ള രാഷ്ട്രീയക്കാരുടെ മുഴുവന്‍ പിന്തുണയും ഉണ്ട്. ജയില്‍പ്പുള്ളികള്‍ക്ക് ജയിലിനകത്ത് എന്തും കിട്ടും. മയക്കമരുന്നും മദ്യവും ആയുധവും എന്തും.

കളിയാക്കലില്‍ നിന്ന് എത്തിയ മരണം

കണ്ണൂര്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ രാഷ്ട്രീയമായി ചേരിതിരിഞ്ഞ് വഴക്കിടുന്നത് പുത്തരിയല്ല. പക്ഷെ അത്തരം വഴക്കിടലുകള്‍ അതിരുവിട്ടപ്പോഴാണ് കഴിഞ്ഞ ദിവസം സിപിഎം പ്രവര്‍ത്തകന്‍ കെ.പി. രവീന്ദ്രന്‍ കൊല്ലപ്പെട്ടത്.

കഴിഞ്ഞ മാസങ്ങളില്‍ ആര്‍എസ്എസ്-സിപിഎം തടവുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നത് നിത്യസംഭവമായിരുന്നുവത്രെ. ഏപ്രില്‍ നാല് ഞായറാഴ്ച ചെറിയൊരു കളിയാക്കലില്‍ നിന്നായിരുന്നു രവീന്ദ്രന്റെ മരണത്തില്‍ കലാശിച്ച സംഘട്ടനത്തിന്റെ തുടക്കം.

കെ.ടി. ജയകൃഷ്ണന്‍ വധക്കേസില്‍ വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട സിപിഎം തടവുകാര്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ അശോകനെ കുടിവെള്ളപ്രശ്നത്തിന്റെ പേരില്‍ കളിയാക്കി. ഇക്കാര്യം അശോകന്‍ ഏഴാം ബ്ലോക്കിലുള്ള ഇ.പി. ജയരാജന്‍ വധശ്രമക്കേസിലെ പ്രതി ദിനേശനോട് പറഞ്ഞു. തുടര്‍ന്ന് ബിജെപി ബ്ലോക്കിലുള്ള തടവുകാര്‍ ഇതിന് പകരം ചോദിയ്ക്കണമെന്ന് തീരുമാനിച്ചു. എന്നാല്‍ ചൊവാഴ്ച ജയിലര്‍ ഇരുവിഭാഗത്തെയും വിളിച്ച് പ്രശ്നം ചര്‍ച്ച ചെയ്ത് ഒത്തുതീര്‍പ്പാക്കി.

പക്ഷെ സിപിഎം തടവുകാര്‍ ചീഫ് വാര്‍ഡന്റെ ചുമതലയുള്ള ആര്‍എസ്എസ് തടവുകാരനായ പുരുഷോത്തമനെ ആ പദവിയില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടു. അതിനെച്ചൊല്ലി വാക്കേറ്റവും തര്‍ക്കങ്ങളും വെല്ലുവിളികളും ഉണ്ടായി. ഇക്കാര്യത്തില്‍ സിപിഎം തടവുകാരോട് കണക്കുതീര്‍ക്കാന്‍ ദിനേശന്റെ നേതൃത്വത്തിലുള്ള 30 തടവുകാര്‍ സിപിഎമ്മുകാര്‍ താമസിയ്ക്കുന്ന ഏഴാം ബ്ലോക്കിലേക്ക് നീങ്ങി.

നേരത്തെ സ്റോര്‍മുറി തുറന്ന് കമ്പിപ്പാരയും കൈക്കോട്ടും വളയവും കമ്മട്ടിയും ആര്‍എസ്എസുകാര്‍ കൈക്കലാക്കിയിരുന്നു. ഇവരെ നേരിടാന്‍ സിപിഎം തടവുകാര്‍ കല്ലേറു നടത്തി. തടവുകാരെ നിയന്ത്രിക്കാന്‍ വേണ്ടത്ര വാര്‍ഡന്‍മാരുണ്ടായിരുന്നില്ല. ഉള്ള വാര്‍ഡന്‍മാര്‍ മണിക്കൂറുകള്‍ ശ്രമിച്ച ശേഷമാണ് തടവുകാരെ സെല്ലിലിട്ട് പൂട്ടാനും പരിക്കേറ്റ രവീന്ദ്രനെ ആശുപത്രിയിലാക്കാനും കഴിഞ്ഞത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും രവീന്ദ്രന്‍ മരിച്ചിരുന്നു.

ഈ ജയില്‍ മാറുമോ?

ജയിലില്‍ രാഷ്ട്രീയത്തടവുകാരുടെ എണ്ണം കൂടിയതോടെ ജയില്‍ ബ്ലോക്കുകളുടെ നിയന്ത്രണം ഓരോ വിഭാഗം രാഷ്ട്രീയത്തടവുകാര്‍ പങ്കിട്ടെടുത്തിരിക്കുകയാണ്. പാര്‍ട്ടി ചിഹ്നങ്ങളും മുദ്രാവാക്യങ്ങളും എഴുതിയാണ് തടവുകാര്‍ ജയിലിന്റെ ഓരോ വിഭാഗം കയ്യടക്കിയിരിക്കുന്നത്.

സെന്‍ട്രല്‍ ജയിലിലെ സിപിഎം തടവുകാരെ തിരുവനന്തപുരം പൂജപ്പുര ജയിലിലേക്ക് മാറ്റാന്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ജയില്‍ അധികൃതര്‍ ശ്രമിച്ചിരുന്നു. പക്ഷെ സിപിഎം നേതാക്കളുടെയും തടവുകാരുടെയും എതിര്‍പ്പ് മൂലം ഇത് നടന്നില്ല. അന്ന് ഈ നീക്കം നടന്നിരുന്നുവെങ്കില്‍ ചൊവാഴ്ചത്തെ കൊലപാതകം ഒഴിവായേനേ.

ആകെയുള്ള 1,600 തടവുകാരില്‍ 650 പേര്‍ റിമാന്റ് തടവുകാരാണ്. ഇത്രയും തടവുകാരെ നിയന്ത്രിക്കാന്‍ ഇവിടെ ആകെ 87 വാര്‍ഡന്‍മാരേയുള്ളൂ. ഇതില്‍ 50 ശതമാനത്തിലധികം പേര്‍ താല്ക്കാലിക ജോലിക്കാരാണ്. അതിനാല്‍ ഇവര്‍ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ഇടപെടാറില്ല. സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ നിറഞ്ഞിരിക്കുന്നതിനാല്‍ 30 സിപിഎം തടവുകാരെ അടുത്തുള്ള ബോര്‍സ്റ്റല്‍ സ്കൂളിലാണ്പാര്‍പ്പിച്ചിരിയ്ക്കുന്നത്.

തല്ക്കാലം പ്രശ്നപരിഹാരാര്‍ത്ഥം ആര്‍എസ്എസുകാരായ 52 തടവുകാരെ പൂജപ്പുരയിലും കണ്ണൂര്‍ സബ്ജയിലിലും മാറ്റിപ്പാര്‍പ്പിച്ചിരിയ്ക്കുകയാണ്. ബോര്‍സ്റല്‍ സ്കൂളിലെ 30 സിപിഎം തടവുകാരെ മാറ്റാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ എതിര്‍ത്തപ്പോള്‍ വീണ്ടും ജയിലധികൃതര്‍ ആ ശ്രമം ഉപേക്ഷിച്ചു.

വാസ്തവത്തില്‍ ജയിലിന്റെ മുഖച്ഛായ മാറ്റാന്‍ ജയില്‍ അധികൃതരുടെ മനസ്സില്‍ പല പദ്ധതികളുമുണ്ട്. പക്ഷെ രാഷ്ട്രീക്കാരെ പേടിച്ച് അവര്‍ അത് പുറത്തുപറയുന്നില്ല. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ മുഖച്ഛായ മാറ്റണമെങ്കില്‍ രാഷ്ട്രീയക്കാരില്‍ നിന്നും ജയിലിനെ മോചിപ്പിച്ചേ തീരൂ. അതിന് കഴിഞ്ഞില്ലെങ്കില്‍ ഇതുപോലുള്ള സംഘട്ടനങ്ങളും കൊലപാതകങ്ങളും ആവര്‍ത്തിയ്ക്കും. പക്ഷെ അതിന് ആര് മുന്‍കയ്യെടുക്കും?

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X