കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയ്ഡ്സിലും ഇന്ത്യ മുന്‍പന്തിയില്‍...

  • By Staff
Google Oneindia Malayalam News

അറുപതാണ്ടിന്റെ പഴക്കമുണ്ട് നമ്മുടെ സ്വാതന്ത്ര്യത്തിന്. പക്ഷേ, കൊളോണിയല്‍ സംസ്ക്കാരത്തിന്റെ അവശിഷ്ടങ്ങള്‍ ഇനിയും മാറാന്‍ കൂട്ടാക്കാതെ നമ്മോട് ചേര്‍ന്നു കിടക്കുന്നു. ആചാരങ്ങളില്‍, വസ്ത്രങ്ങളില്‍, പാരമ്പര്യങ്ങളില്‍, ശീലങ്ങളില്‍ ഇനിയും മാറാന്‍ കൂട്ടാക്കാത്ത വൈദേശീയ സ്വാധീനത്തിന്റെ വേരുകളുണ്ട്.

വസ്ത്രധാരണമാണ് പ്രധാന ഉദാഹരണം. സേനയുടെ, നെഴ്സുമാരുടെ, എന്തിന് സ്ക്കൂള്‍ കുട്ടികളുടെ പോലും യൂണിഫോമില്‍ നിന്നും വൈദേശീയതെ തുടച്ചുമാറ്റാനായിട്ടില്ല ഈ അറുപതു വര്‍ഷം കഴിഞ്ഞിട്ടും.

വിവിധ സേനാവിഭാഗങ്ങള്‍, ജുഡീഷ്യറി, ബിസിനസ് പ്രൊഫഷണലുകള്‍, എയര്‍പോര്‍ട്ട്, ആശുപത്രികള്‍, സ്ക്കൂളുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലെല്ലാമുണ്ട് യൂണിഫോം. എല്ലാം പിന്തുടരുന്നതും വിദേശി സംസ്ക്കാരവും.

കോടതിയെന്നു കേട്ടാല്‍ ആരുടെയും മനസില്‍ പെട്ടെന്നോടിയെത്തുന്നത് ഒരു കറുത്ത ഗൗണാണ്. ഡ്രാക്കുളയുടേതു മാതിരിയൊരു കോട്ടും ധരിച്ച് വക്കീല്‍ സംഘം നടന്നു നീങ്ങുന്നത് കാണുമ്പോഴേ പേടിയാകും. ഇംഗ്ലീഷുകാരന്‍ കോടതിമുറിയില്‍ ഉപേക്ഷിച്ചു പോയത് ഇന്നും നമുക്ക് മാറ്റാനായിട്ടില്ല.

ഇന്ത്യയിലെ ബാര്‍ കൗണ്‍സില്‍ നിയമം വക്കീലന്മാര്‍ക്ക് മറ്റൊരു വേഷവും അനുവദിക്കുന്നില്ല. കറുത്ത കോട്ട്, ഗൗണ്‍, വെളളഷര്‍ട്ടും കറുത്ത പാന്റ്സും, പിന്നെ വലിയ കോളറും ബാന്റും. വാദം പറയുമ്പോള്‍ ഇത്രയും നിര്‍ബന്ധം.

വേനല്‍ക്കാലത്ത് അസഹ്യമാണ് ഈ വേഷം. കൊടും ചൂടില്‍ വിയര്‍ത്തൊലിച്ച് നില്‍ക്കുന്ന വക്കീലിന് പരവേശം കൂട്ടുന്ന വേഷം. പക്ഷേ, ശീലിച്ചു പോയതു കൊണ്ട് ആര്‍ക്കുമില്ല വൈഷമ്യം. അഥവാ ആരും പ്രകടിപ്പിക്കുന്നില്ല.

സ്ത്രീകള്‍ക്ക് കോട്ടു വേണമെന്ന് നിര്‍ബന്ധമില്ല. സാരിയോ സാല്‍വാര്‍ കമ്മീസോ ധരിക്കുന്നതില്‍ വിലക്കുമില്ല. മുഴുവനോ പകുതിയോ സ്ലീവുളള കറുത്ത ജാക്കറ്റ് ധരിച്ചാലും മതി. പുരുഷന്മാരെ അപേക്ഷിച്ച് തിരഞ്ഞെടുക്കാന്‍ കൂടുതല്‍ വേഷങ്ങളുണ്ട് സ്ത്രീകള്‍ക്ക്.

ബുദ്ധിമുട്ടുകള്‍ ഏറെ സൃഷ്ടിക്കുന്ന വേഷമാണെങ്കിലും ഇതിനൊരു മാറ്റം വരണമെന്ന അഭിപ്രായം വക്കീലന്മാര്‍ക്കില്ല.സമൂഹത്തില്‍ തങ്ങള്‍ക്ക് നിലയും വിലയും നല്‍കുന്ന വേഷത്തെ ഉപേക്ഷിക്കാന്‍ വയ്യ, ആര്‍ക്കും. വക്കീലന്മാര്‍ക്ക് വ്യക്തിത്വമുണ്ടാക്കിയത് കോട്ടും ഗൗണുമാണെന്ന് അവര്‍ ഏകസ്വരത്തില്‍ പറയും.

മറ്റൊരു വേഷം നിര്‍ദ്ദേശിക്കാനില്ലാത്തതിനാല്‍ ഇതുതന്നെ തുടരണമെന്ന് ഭൂരിപക്ഷവും പറയുന്നു.

സൈനികവൃത്തി ചെയ്യുന്നവര്‍ക്കും യൂണിഫോം തൊലിയുടെ ഭാഗമാണ്. വിശേഷാവസരങ്ങളില്‍ ധരിക്കുന്ന വ്യത്യസ്ത വേഷങ്ങളില്‍ പോലും നിഷ്ഠയുളളവരാണ് സേനാവിഭാഗങ്ങളില്‍ പണിയെടുക്കുന്നവര്‍.

യൂണിഫോമിനോട് മടുപ്പു തോന്നുന്നുവോ എന്ന ചോദ്യത്തിന് വിരമിച്ച ഒരു ആര്‍മി ഓഫീസര്‍ പറഞ്ഞ മറുപടി ഇവരുടെ പൊതുവായ മനോഭാവത്തെ സൂചിപ്പിക്കുന്നു. ചില പാരമ്പര്യങ്ങളെ ആശ്ലേഷിച്ചു കഴിഞ്ഞാല്‍ അവയില്‍ നിന്നും വിട്ടുപോരാന്‍ കഴിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

നേവിക്കാര്‍ തങ്ങളുടെ യൂണിഫോമില്‍ നിന്നും ബ്രിട്ടീഷ് പതാക മാറ്റി നമ്മുടെ പതാക വച്ചത് വെറും ആറു വര്‍ഷങ്ങള്‍ക്കു മുമ്പാണെന്നറിഞ്ഞാല്‍ അല്‍ഭുതം തോന്നരുത്. ഔപചാരികമായ ചടങ്ങുകളില്‍ ഇപ്പോഴും മൗണ്ട് ബാറ്റണ്‍ വാളും തൂക്കി നില്‍ക്കുന്നതു പോലൊരു ആചാരമുണ്ട്.

ബ്രിട്ടീഷ് ഭരണത്തിന്റെ ഓര്‍മ്മ വസ്ത്രങ്ങളില്‍ ഇന്നും സൂക്ഷിക്കുന്ന മറ്റൊരു വിഭാഗമാണ് നെഴ്സുമാര്‍. ഫ്രോക്കും തലയിലെ കിന്നരിയുമൊക്കെ ഇംഗ്ലീഷുകാരന്റെ സംഭാവന തന്നെ.

സ്റ്റാര്‍ ഹോട്ടലിലെ സവിശേഷമായ വേഷമിട്ടു വരുന്ന വിളമ്പുകാരനും സെക്യൂരിറ്റിയും പ്രകടിപ്പിക്കുന്നതും ബ്രിട്ടീഷ് ആചാരമര്യാദകളും വേഷവുമാണ്. കുശിനിക്കാരന്റെ തൊപ്പിയിലും സ്കാര്‍ഫിലും കോട്ടിലുമൊക്കെയുളളതും അവന്‍ തന്നെ. നമ്മെ ഭരിച്ച സായിപ്പ്.

കണ്ഠകൗപീനമെന്ന് പലരും കളിയാക്കിവിളിച്ച ടൈയും ഇംഗ്ലീഷ് സംസ്ക്കാരത്തിന്റെ ഭാഗം തന്നെ. സ്ക്കൂളില്‍ പിഞ്ചു കുഞ്ഞുങ്ങള്‍ വരെ കഴുത്തില്‍ ടൈ മുറുക്കിയിരിക്കുമ്പോള്‍ തെളിയുന്നത് ഇന്നും നമ്മുടെ മനസില്‍ അവശേഷിക്കുന്ന പഴയ യജമാനനോടുളള ഭക്തിയും കൂറുമാണ്.

എന്തിന് കോടതികളിലും സര്‍ക്കാര്‍ ഓഫീസുകളിലും ഫയലെഴുത്തും അപേക്ഷ നല്‍കലും വരെ രാജാവും ബ്രിട്ടീഷ് വൈസ്രോയിയും കല്‍പ്പിച്ച ഭാഷയിലാണ്. യുവര്‍ ഓണര്‍ എന്ന് ജഡ്ജിയെ വിളിക്കേണ്ടെന്ന് തീരുമാനിക്കാന്‍ നാമെടുത്തത് നീണ്ട അറുപതു വര്‍ഷങ്ങളാണ്.

ഏകത്വവും ഒരുമയും വളര്‍ത്തുന്നതിനാണ് യൂണിഫോം എന്ന് പൊതുവെ പറയാറുണ്ട്. എന്നാല്‍ നൂറ്റാണ്ടുകള്‍ നമ്മെ കീഴടക്കി ഭരിച്ച വിദേശാധിപത്യത്തോടുളള അടിമ മനോഭാവം തൂത്തെറിഞ്ഞ് നമ്മുടേതായ ഒരു സംസ്ക്കാരം കണ്ടെത്താനോ പ്രചരിപ്പിക്കാനോ സ്വാതന്ത്ര്യത്തിന്റെ അറുപതു വര്‍ഷങ്ങള്‍ നമുക്ക് പ്രയോജനപ്പെട്ടില്ല.

സ്വാതന്ത്ര്യദിനപ്പരേഡും സല്യൂട്ട് സ്വീകരിക്കലും പോലുളള അര്‍ത്ഥമില്ലാത്ത ആചാരങ്ങള്‍ ജനാധിപത്യ ഭരണക്രമത്തിലും നാം തുടരുന്നു.

ആചാരങ്ങളിലൂടെയും വസ്ത്രധാരണങ്ങളിലൂടെയും ഇന്നും വൈദേശീയാധിപത്യത്തിന്റെ നുകവും പേറി അര്‍ത്ഥശൂന്യമായ ആഘോഷങ്ങളോടെ ഒരു സ്വാതന്ത്ര്യദിനം കൂടി നാം കൊണ്ടാടി. സ്വാതന്ത്ര്യം എന്ന വാക്കിന്റെ വിലയും അര്‍ത്ഥവും ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരു ജനതയുടെ ബാലചാപല്യങ്ങളാണ് ഇവയെന്ന് നാം തിരിച്ചറിയുന്നതെന്ന്?

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X