കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ നാടകത്തിന്റെ പേരാണ്; എസ്എസ്എല്‍സി റിസള്‍ട്ടും സംസ്ഥാന പുരസ്‌കാരവും

  • By Aswini
Google Oneindia Malayalam News

അശ്വിനി ഗോവിന്ദ്

ആരെ സന്തോഷിപ്പിക്കാനാണ് സംസ്ഥാന പുരസ്‌കാരം എന്ന പേരില്‍ ഇങ്ങനെ ഒരു പ്രഹസനം നടത്തിയത് എന്ന് സംശയം മാത്രം ബാക്കി. ഓന്നോര്‍ക്കുക, കഴുത കരയുന്നതും ഭാഗവതരുടെ കച്ചേരിയും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. കേള്‍ക്കുന്ന കാണികള്‍ക്ക് അത് മനസ്സിലാകില്ല എന്ന് കരുതരുത്.

2014 ലെ കേരള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചപ്പോള്‍ നിവിന്‍ പോളിയുടെ തന്നെ നേരം എന്ന ചിത്രത്തിലെ ഡയലോഗാണ് ഓര്‍മ വന്നത്. നല്ല സമയ്ത്ത് നടക്കുന്നതെല്ലാം നല്ലതായിരിക്കും. അതെ, നിവിന്‍ പോളിയ്ക്കിപ്പോള്‍ നല്ല നേരമാണ്. നടക്കുന്നതെല്ലാം നല്ലത് മാത്രം. നേരം നന്നായതുകൊണ്ട് മാത്രമാണ് നിവിന്‍ പോളിയ്ക്ക് സംസ്ഥാന പുരസ്‌കാരം ലഭിച്ചതെന്ന് വിശ്വസിക്കാനേ ഇപ്പോള്‍ തത്കാലം നിര്‍വ്വാഹമുള്ളൂ.

nivin-1983

അല്ലായിരുന്നെങ്കില്‍ ആരെയൊക്കെയോ സംതൃപ്തി പെടുത്താനും സന്തോഷിപ്പിക്കാനുമുള്ള പുരസ്‌കാര പ്രഖ്യാപനമായിരുന്നു ഇതെന്ന് വിശ്വസിക്കേണ്ടി വരും. ശിരിയാണ്, അഭിനയത്തിന്റെ ഒരു പാരമ്പര്യവും ഇല്ലാതെ ഒറ്റയ്ക്ക് വെള്ളിത്തിരയില്‍ എത്തിയാണ് നിവിന്‍ പോളി ഇക്കണ്ടതെല്ലാം നേടിയത്. നിഷേധിക്കുന്നില്ല. നിവിന്‍ പോളി ഒരു മോശം നടനുമല്ല. പക്ഷെ, ഉള്ളുള്ള ഒരു കഥാപാത്രം ഇതുവരെ നിവിന്‍ പോളിയ്ക്ക് ലഭിച്ചിട്ടില്ല. തന്റെ സേഫ് സൂണില്‍ നിന്നുകൊണ്ടുള്ള കഥാപാത്രങ്ങള്‍ മാത്രമേ നിവിന്‍ അവതരിപ്പിച്ചിട്ടുള്ളൂ.

1983 എന്ന ചിത്രത്തിലെ അഭിനയം പരിഗണിച്ച് നിവിന്‍ പോളിയ്ക്ക് ഒരു പുരസ്‌കാരമൊക്കെ കൊടുക്കാവുന്നതാണ്. പക്ഷെ അതിന് മുകളില്‍ രാഘവനായി മമ്മൂട്ടിയും സുബിന്‍ ജോസഫായി ജയസൂര്യയും ഇല്ലാതിരിക്കണം. മുന്നറിയിപ്പന്റെ ക്ലൈമാക്‌സില്‍ രാഘവന്റെ ഒരു ചിരിയുണ്ട്. സിനിമ തുടങ്ങുന്നതുമുതല്‍ ഒടുക്കം വരെ പ്രേക്ഷകന് ഒരു പിടിയും കൊടുക്കാതെ, കൊട്ടകയില്‍ അവസാനം പ്രേക്ഷകന്റെ നെഞ്ചില്‍ തറിച്ച ചിരി. 'അപ്പാവെ കൊന്നു' എന്ന് പറഞ്ഞ് അങ്കൂര്‍ റാവുത്തര്‍ ചിരിച്ച ആ കൊലച്ചിരിയും ഒരോ മലയാളി പ്രേക്ഷകനെയും വേട്ടയാടുന്നു.

state-award

ജയസൂര്യ എന്ന നടന്‍ അപ്പോത്തിക്കരി എന്ന ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി ചെയ്തതിന്റെ നൂറില്‍ ഒരംശം പോലും 1983 ലെ രമേശന് വേണ്ടി നിവിന്‍ പോളി ചെയ്തു കണ്ടിട്ടില്ല. വ്യത്യസ്തത നോക്കിയാണ് പുരസ്‌കാരം നല്‍കിയതെങ്കില്‍ മമ്മൂട്ടിയുടെ മുന്നറിയിപ്പ്, വര്‍ഷം, ഫഹദ് ഫാസിലിന്റെ ഗോഡ്‌സ് ഓണ്‍ കണ്‍ട്രി, ഹരം അങ്ങനെ ഒരു നീണ്ട നിര തന്നെയുണ്ട് പറയാന്‍. ഇതൊരിക്കലും നിവിന്‍ പോളി എന്ന കലാകാരനെതിരെയല്ല, മറിച്ച് കണ്ണിന് തിമിരം ബാധിച്ച ജൂറിയെ മാത്രമേ ഉദ്ദേശിച്ചുള്ളൂ.

-jayasurya-in-appothicary

നടന്‍ എന്ന വിഭാഗത്തില്‍ മാത്രമല്ല, ഇനി നായികയിലേക്കെത്താം. വിവാഹം കഴിഞ്ഞ് ഫീല്‍ഡ് വിട്ടതിനുള്ള അംഗീകരാമായിട്ടാണോ നസ്‌റിയയ്ക്ക് പുരസ്‌കാരം വീട്ടില്‍ കൊണ്ടു പോയി കൊടുത്തതെന്നൊരു സന്ദേഹം. ഓം ശാന്തി ഓശാന എന്ന ചിത്രത്തിലെ അഭിനയം പരിഗണിച്ചാണ് കൊടുത്തതെന്ന് പറഞ്ഞപ്പോഴാണ് എന്റെ ബാല്യവും കൗമാരവുമെല്ലാം ഒരുമിച്ച് പകച്ചു പോയത്. പൂജ മാത്യു എന്ന കഥാപാത്രം എന്താണ് ഇതിനും മാത്രം കാണിച്ചത്. തന്റെ മനസ്സിനിണങ്ങിയ ചെറുക്കനെ കണ്ടെത്തി പ്രേമിച്ചതോ, ബൈക്കോടിച്ചതോ...അല്ല മതം നോക്കാതെ പ്രേമിച്ചതാണെന്ന് പറഞ്ഞാല്‍ ഓകെ (ഹല്ല പിന്നെ).

ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലെ നിരുപമ രാജീവ് എന്ന കഥാപാത്രത്തിന് വ്യക്തമായ സ്ഥാനവും ഉദ്ദേശവുമുണ്ടായിരുന്നു. സ്വപ്‌നങ്ങള്‍ മുരടിച്ചുപോയ അടുക്കളയിലെ സ്ത്രീകള്‍ക്ക് നിരുപമ ഒരു പ്രചോദനമാണ്. ആ കഥാപാത്രത്തെ അത്രമാത്രം തന്മയത്വത്തോടെ മഞ്ജു വാര്യര്‍ എന്ന അഭിനേത്രി ഉള്‍ക്കൊള്ളുകയും ചെയ്തു. ആലിഫ് എന്ന ചിത്രത്തിലെ ലെനയുടെ അഭിനയവുമായി ഏതെങ്കിലും തരത്തില്‍ താരതമ്യം ചെയ്യാന്‍ കഴിയുമോ ഓശാന പാടിയ പൂജയെ? ലെനയ മനപൂര്‍വ്വം തഴയുന്നത് കഴിഞ്ഞ വര്‍ഷവും കണ്ടതാണ്.

state-award

ഒരു എന്റര്‍ടൈന്‍മെന്റ് ചിത്രമെന്നതിനപ്പുറം ഓം ശാന്തി ഓശാനയിലെ കലാമൂല്യമെന്താണെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് പിടി കിട്ടുന്നില്ല. വളരെ രസകരമായ അവതരണമായിരുന്നു ചിത്രത്തിന്റേത്. പെണ്ണിന് പിന്നാലെ നടക്കുന്ന ആണ്‍ എന്ന സങ്കല്‍പത്തെ മാറ്റി, ആണിന് പിന്നെ നടക്കുന്ന ഒരു പെണ്ണ് എന്ന നിലയിലേക്ക് തിരക്കഥാകൃത്ത് മിഥുന്‍ മാനുവല്‍ മാറി ചിന്തിച്ചതിന്റെ പ്രതിഫലം. പക്ഷെ അവിടെ എവിടെയാണ് കലാമൂല്യം. ഈ ജൂറി അപ്പോത്തിക്കരിയും ഞാനും ഒന്നും കണ്ടിട്ടില്ലേ.

om-shanti-oshana

ഹൊ, അങ്ങിനെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം എല്ലാം പ്രഖ്യാപിച്ച് കഴിഞ്ഞപ്പോള്‍ വഴിയെ പോയവരെ എസ് എസ് എല്‍ സി പരീക്ഷ ജയിപ്പിച്ച സീനാണ് ഓര്‍മവന്നത്. ആരെ സന്തോഷിപ്പിക്കാനാണ് സംസ്ഥാന പുരസ്‌കാരം എന്ന പേരില്‍ ഇങ്ങനെ ഒരു പ്രഹസനം നടത്തിയത് എന്ന് സംശയം മാത്രം ബാക്കി. ഓന്നോര്‍ക്കുക, കഴുത കരയുന്നതും ഭാഗവതരുടെ കച്ചേരിയും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. കേള്‍ക്കുന്ന കാണികള്‍ക്ക് അത് മനസ്സിലാകില്ല എന്ന് കരുതരുത്.

English summary
Kerala State Award 2014: A analysis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X