ഗുണ്ടായിസം വേണ്ടെന്ന് കോടതി..കേരളത്തിൽ ഓലയും യൂബറും നഗരങ്ങളെ കീഴടക്കുന്നു..

  • By: അനാമിക
Subscribe to Oneindia Malayalam

ഓണ്‍ലൈന്‍ ടാക്‌സി രംഗത്തെ ആഗോള ഭീമന്‍മാരായ യൂബറും ഓലയും കേരളത്തിലും പിടിമുറുക്കുകയാണ്. കൊച്ചിയിലും തിരുവനന്തപുരത്തും ഏറെ പ്രചാരം നേടിയിട്ടുള്ള ഓലയും യൂബറും കോഴിക്കോട്ടും എത്തിക്കഴിഞ്ഞു. ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കോടതിയുടെ സംരക്ഷണ വലയത്തിലാണ് ഓലയും യൂബറും റോഡുകളിലിറങ്ങുന്നത്.

കേരളത്തിലെ ഓട്ടോ-ടാക്‌സികളുടെ കഴുത്തറപ്പന്‍ ചാര്‍ജുകളേക്കാള്‍ ഭേദമാണ് എന്നുള്ളതിനാലാണ് നഗരങ്ങളില്‍ മിക്കവരും ഓലയേയും യൂബറിനേയും ആശ്രയിക്കുന്നത്. കുറഞ്ഞ നിരക്കില്‍ മെച്ചപ്പെട്ട യാത്രാ സൗകര്യം എന്നതാണ് ഓണ്‍ലൈന്‍ ടാക്‌സികളെ പ്രിയപ്പെട്ടതാക്കുന്നത്.

കാര്യങ്ങൾ കയ്യാങ്കളി വരെ

ഓലയും യൂബറും അടക്കമുള്ള ഓണ്‍ലൈന്‍ ടാക്‌സികള്‍ കേരളത്തില്‍ വ്യാപകമാവുന്നതിനെതിരെ ഓട്ടോ-ടാക്‌സി തൊഴിലാളി സംഘടനകള്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയിരുന്നത്. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല, ടാക്‌സി മേഖലയെ കുത്തകവത്കരിക്കുന്നു എന്നിങ്ങനെയായിരുന്നു ആരോപണങ്ങള്‍. പലയിടത്തും കാര്യങ്ങള്‍ കയ്യാങ്കളി വരെയെത്തുന്ന സ്ഥിതിയുണ്ടായി.

ഇത് കേരളമാണേ..

ചെന്നൈ, ബെംഗളൂരു, മുംബൈ തുടങ്ങിയ വന്‍ നഗരങ്ങളിലെല്ലാം ഓലയ്ക്കും യൂബറിനും സര്‍വ്വീസുകളുണ്ട്. എന്നാല്‍ അവിടങ്ങളിലെ സ്ഥിതിയായിരുന്നില്ല കേരളത്തിലെത്തിയപ്പോള്‍. ഓട്ടോ-ട്ാക്‌സി തൊഴിലാളികളുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാവുമെന്ന ഭീതി പലയിടത്തും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരെ കയ്യേറ്റം ചെയ്യുകയും യാത്രക്കാരെ ഇറക്കി വിടുകയും ചെയ്യുന്ന സ്ഥിതിയുണ്ടായി.

കളി കോടതിയിൽ

പ്രശ്‌നങ്ങള്‍ കൈവിട്ടപ്പോഴാണ് വിഷയം ഹൈക്കോടതിയിലെത്തിയത്. ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസുള്ള നഗരങ്ങളില്‍ ഡ്രൈവര്‍മാര്‍ നിരന്തരം ആക്രമിക്കപ്പെട്ടതോടെ അവര്‍ കോടതിയെ സമീപിച്ചു. ഡ്രൈവര്‍മാര്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടു എന്നതായിരുന്നു ഹൈക്കോടതിയിലെത്തിയ ഹര്‍ജി.

സുരക്ഷയൊരുക്കുമെന്ന് പോലീസ്

വിഷയത്തില്‍ ഹൈക്കോടതി പോലീസ് മേധാവിയുടെ വിശദീകരണം തേടി. ഓല, യൂബര്‍ അടക്കമുള്ള ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസുകള്‍ക്ക് സുരക്ഷിതമായി സര്‍വ്വീസ് നടത്താനുള്ള എല്ലാ വിധ സംവിധാനങ്ങളും ഒരുക്കുമെന്ന ഡിജിപി ലോക്‌നാഥ് ബെഹറ ഹൈക്കോടിയെ അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയതായും ഡിജിപി അറിയിച്ചു.

പിടിയിലാക്കാൻ സർക്കാർ

പിണറായി വിജയന്‍ സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വന്നപ്പോള്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് മേല്‍ സര്‍ക്കാരിന്റെ ഒരു നിയന്ത്രണം കൂടി ഉറപ്പുവരുത്താനുള്ള നീക്കങ്ങള്‍ നടത്തിയിരുന്നു. ടാക്‌സി ചാര്‍ജുകള്‍ സര്‍ക്കാര്‍ തീരുമാനിക്കുക, യാത്രക്കാര്‍ക്ക് വേണ്ടി 24 മണിക്കൂര്‍ കോള്‍ സെന്റര്‍ തുടങ്ങിയ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ട് വെച്ചു.

ഗുണങ്ങളേറെ..

സര്‍ക്കാരിന്റെയും കോടതിയുടേയും ഇടപെടല്‍ മൂലം ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസുകള്‍ കേരളത്തിലെ നഗരങ്ങളിലും പ്രശ്‌നങ്ങളില്ലാതെ ഓടാന്‍ തുടങ്ങിയിരിക്കുന്നു. കുറഞ്ഞ നിരക്ക് എന്നതിനപ്പുറം കയ്യിലിരിക്കുന്ന മൊബൈല്‍ ഫോണ്‍ വഴി എളുപ്പത്തില്‍ എവിടേക്കും യാത്ര ബുക്ക് ചെയ്യാമെന്നതും നിരക്ക് നേരത്തെ അറിയാമെന്നതുമെല്ലാം ഓണ്‍ലൈന്‍ ടാക്‌സികളുടെ ഗുണങ്ങളാണ്.

ഓല കോഴിക്കോടെത്തി

കോഴിക്കോട് നഗരത്തില്‍ അടുത്തിടെയാണ് ഓല സര്‍വ്വീസ് തുടങ്ങിയത്. മാംഗോ കാബില്‍ യാത്ര ചെയ്ത അമ്മയേയും കുഞ്ഞിനേയും റോഡിലിറക്കി വിട്ട് ഡ്രൈവറെ മര്‍ദ്ദിച്ച പാരമ്പര്യമുള്ള നഗരത്തില്‍ വലിയ പ്രചാരങ്ങളില്ലാതെയാണ് ഓലയുടെ രംഗപ്രവേശനം. നിലവില്‍ സര്‍വ്വീസ് നടത്തുന്ന ടാക്‌സികളെയും ഓണ്‍ലൈന്‍ കമ്പനികള്‍ തങ്ങളുടെ സര്‍വ്വീസിന് തെരഞ്ഞെടുക്കുന്നതിനാല്‍ വലിയ പ്രതിഷേധം ഇനി ഉയരില്ലെന്നാണ് കണക്കാക്കപ്പെടുന്നത്.

English summary
Online taxy services like ola and uber are getting popular in kerala. Kerala High Court ordered to provide security for their smooth service in the state.
Please Wait while comments are loading...